മെഹബൂബ്

ആഘോഷങ്ങളില്ല എനിക്കെന്നിരിക്കിലും ,
ഓരോ പെരുന്നാളിനും നിന്നെ ഞാനോർക്കുന്നു.
നമുക്കൊരു ബഞ്ചല്ലേയുണ്ടായിരുന്നുള്ളു.,
തല്ലുകൊള്ളുവാൻ .
മലർന്നു കിടക്കുവാൻ ഒരാൽത്തറയായിരുന്നു.
കാണുവാനുണ്ടായിരുന്നതു്, ഒരാകാശമായിരുന്നു.
ഉടുപ്പു വാങ്ങുമ്പോൾ രണ്ടെണ്ണം വാങ്ങുമായിരുന്നില്ലേ വാപ്പച്ചി…
ഒരു നിലക്കടലപ്പൊതിയായിരുന്നു
നമുക്ക്,
അമ്പലപ്പുഴ കടപ്പുറം.
കൂട്ടംതെറ്റാതെ , ജയിംസിനും സുരാസുവിനുമൊന്നും കൊടുക്കാതെ
നീയെനിക്ക് തലങ്ങും വിലങ്ങും നിൽക്കുമായിരുന്നില്ലേ ….
തെക്കത്തെ ഷാപ്പിൽ നിന്നച്ചൻ വരുമ്പോൾ
കാരണങ്ങളില്ലാതെ തല്ലു കിട്ടുമ്പോൾ
ഉമ്മയെന്നെ പൊതിഞ്ഞു പിടിക്കുമായിരുന്നു.
നീ എന്റെ കണ്ണീരായി ഏങ്ങലടിക്കുമായിരുന്നു.
പിന്നെയെപ്പോഴാണ് നമ്മൾ “കണ്ടാലറിയാതായതു് ? ” .
നീയെവിടെയാണു് പോയി മറഞ്ഞതു് ..
ഗ്രാമത്തിലെ വഴികൾ രണ്ടായി പിളർന്നു പോയിരിയ്ക്കുന്നു..
രണ്ടു ചന്തകളിലേക്ക്,
രണ്ടു പള്ളിക്കുടങ്ങളിലേക്ക് ,
രണ്ടു കോളനികളിലേക്കു് ..
ഇപ്പോൾ എനിയ്ക്ക് നിന്നെ കാണമെന്നു തോന്നുന്നുണ്ട് .
അവളും, കഴിഞ്ഞ തുലാത്തിലു് പൊയ്ക്കളഞ്ഞുവല്ലൊ.
യാത്രയാവും മുൻപു് , ഒരിക്കൽ കൂടി
ചന്ദ്രനും ചന്ദ്രക്കലയുമില്ലാത്തയാകാശത്തിനു് താഴെ,
അനിയപ്പന്റെ സൈക്കിൾ ഷോപ്പിൽ നിന്നു് ഒരു സൈക്കിളുമെടുത്തു്,
കുഞ്ചാക്കോയുടെയൊരു സിനിമ കണ്ടു വരണം നമുക്കു് …
ശവക്കോട്ടയുടെവിടെ മറുതയും മുറിയാളനും
നമ്മുടെ തൊട്ടുപിന്നാലെ തൊട്ടു തൊട്ടില്ലാന്നു പറന്നു വരുമ്പോൾ
കൊള്ളിയാൻ മിന്നുംമ്പോലെ നമുക്കൊന്നു പേടിക്കണം.
സൈക്കിളിനെ പറപ്പിക്കണം .
നിന്റെ ഹൃദയം ഞാനും എന്റെ ഹൃദയം നീയും
കാറ്റത്തു കെട്ടു പോകേണ്ട തിരികളാണെങ്കിലും,

വെറുതെ ഒന്നടുക്കിപ്പിടിക്കണം...

You can share this post!