മാംസനിബദ്ധമാണ് ‘രോഗം’

ഇൻബോക്സിൽ
നിന്റെ പച്ചവെളിച്ചം തെളിയുമ്പോൾ
എഫ്.ബി
ഹസ്തിനപുരത്തിലെ
അസ്ത്ര പരീക്ഷാ വേദിയാവുന്നു..

ഞാൻ
ധനുർധാരിയായ
അർജുനനും

ഹർഷാരവം മുഴക്കുന്ന
പുരുഷാരത്തെയോ
കറങ്ങുന്ന യന്ത്രക്കൂട്ടിലെ
പക്ഷിയേയോ
മരത്തേയോ മണ്ണിനേയോ
ഞാൻ കാണുന്നില്ല…
എന്റെ ഒറ്റ ബാണവും
ഉന്നം പിഴയ്ക്കില്ല.
എടുക്കുമ്പോളായിരം
തൊടുക്കുമ്പോളായിരം …
തറയ്ക്കുമ്പോൾ….

കീറിമുറിച്ച നിന്റെ യുടലിൽ നിന്നാണ് ലക്ഷ്യവേധിയായ
അമ്പിന്റെ
ധ്യാനം
പരിശീലിച്ചത്..

ഓഷോയുടെ
‘ഡൈനാമിക് മെഡിറ്റേഷന് ‘
എന്റെ പാഠഭേദം
ഓൺലൈൻ
ഓഫ് ലൈൻ
സമാന്തരങ്ങളിൽ
പാളം തെറ്റാതെ വണ്ടിയോടിക്കുന്ന
സമർഥനായ ഒരു ലോക്കോ പൈലറ്റാവാൻ
പരിശീലിപ്പിക്കുന്ന
ധ്യാനം…

എത്ര പരിശീലിച്ചാലാണ്
അതിബോധത്തിലേക്ക്
വളരുകയെന്ന സന്ദേഹം പച്ചവെളിച്ചമണയുമ്പോൾ
എന്റെ പുകവണ്ടി
ജീവിതത്തിലേക്ക് പാളം തെറ്റിക്കുന്നു.

പച്ചവെളിച്ചമണഞ്ഞാൽ അനാദിയായ
ഇരുളാണ്
ഞാനുരുകിയൊലിച്ചില്ലാതായ ഇടങ്ങളിൽ
നീയുരുകിയൊലിച്ചില്ലാതായ ഇടങ്ങളിൽ
അനാദിയായ ഇരുൾ…

കുറേ കാർഡുകൾ കൊണ്ട്
ജീവിതത്തെ വ്യാഖ്യാനിക്കുന്ന കല
പഠിച്ചില്ലെങ്കിൽ
ഒരു ധ്യാനവും
നിങ്ങളെ
അതിബോധത്തിലേക്കുയർത്തില്ല…

മാംസനിബദ്ധം തന്നെ
രോഗം !

You can share this post!