മഴവില്ലുകളുടെ നിഴൽ/റഹിം പേരേപറമ്പിൽ


മറ്റെല്ലാ ആകർഷണങ്ങളും
വികർഷണങ്ങളായി,
മറ്റെല്ലാറ്റിനേയും
ഭ്രമണം ചെയ്യുന്നതവസാനിപ്പിച്ച്,
സ്വയം ഭ്രമണം നിർത്തി;

പ്രപഞ്ചശൂന്യതയിൽ
എങ്ങും തൊടാതെ
ധ്യാന ലീനയായ്
ഒരു മേദിനി!

അന്നേരം,
തന്നിൽ നിന്നും
കരകളും
കടലുകളും
താഴെ ശൂന്യതയിൽ
ഊർന്നുപോയതറിഞ്ഞില്ല,
ഋതുക്കളും
ആകാശമേഘങ്ങളും
മെല്ലെ മെല്ലെ
താഴേക്കൊഴിഞ്ഞതറിഞ്ഞില്ല.
ഭൂമിയിലെ
സകല വികാരങ്ങളും
ചിതറിത്തെറിച്ചതറിഞ്ഞില്ല.

കരച്ചിലുകൾ മാത്രം
ഇത്തിരി നേരം
തേങ്ങി തേങ്ങി
ആവിയായ്പ്പോയ്.

എല്ലാം കഴിഞ്ഞപ്പോൾ
എങ്ങും പോകാനില്ലാത്ത
ഒരനാഥജന്മം പോലെ,
എത്ര തുടച്ചിട്ടും മായാത്ത
ഓർമ്മചില്ലിലെ
നിശ്വാസം പോലെ;

പ്രപഞ്ച ദർപ്പണത്തിൽ
അവളുടെ യുഗപുരാണത്തിൻ്റെ
ഒരു നിഴൽ മാത്രം
ബാക്കിയായി! 
……………..
റഹിം പേരേപറമ്പിൽ

You can share this post!