പി.കെ.ഗോപിയുടെ വീട്ടിൽ മൊണാസ്റ്ററി ഓഫ് ലൗ,എം.കെ. ഹരികുമാറിന്റെ പ്രഭാഷണം, സ്നേഹവിരുന്ന് 

റിപ്പോർട്ട് :എൻ.രവി

എം.കെ.ഹരികുമാർ പ്രസംഗിക്കുന്നു

കോഴിക്കോട് :പ്രശസ്ത കവിയും പ്രഭാഷകനുമായ പി.കെ. ഗോപിയുടെ വീട്ടിൽ സ്നേഹവിഹാര (Monastery of Love )ത്തിൻ്റെ  ആമന്ത്രണമെന്നപോലെ കാവ്യാർച്ചനയും പ്രഭാഷണവും പുസ്തകാസ്വാദന ചർച്ചയും സംഘടിപ്പിച്ചു .

കവിയുടെയും കുടുംബത്തിൻ്റെയും  നേതൃത്വത്തിൽ മാസം തോറും സംഘടിപ്പിക്കുന്ന സ്നേഹവിരുന്നിന് ‘ഈവനിംഗ് ഓഫ് ലെറ്റേഴ്സ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഓർമ്മയുടെയും മമതയുടെയും എല്ലാ വർണങ്ങളുമുള്ള ഈ ചടങ്ങിൽ കഴിഞ്ഞദിവസം മുഖ്യാതിഥിയായി എത്തിയത് പ്രമുഖ വിമർശകനും കോളമിസ്റ്റും നോവലിസ്റ്റുമായ എം.കെ.ഹരികുമാർ. കലാസ്വാദകരും എഴുത്തുകാരുമടങ്ങുന്ന മുപ്പത്തഞ്ച് പേർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് സ്നേഹത്തിൻ്റെ ഭക്ഷണവും വിളമ്പി .

Monastery of Love യിലേക്ക്  വരാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും സാഹിത്യപ്രവർത്തനത്തിനിടയിലെ മായ്ക്കാനാവാത്ത ഓർമ്മയായി ഇതെന്നും നിലനിൽക്കുമെന്നും  മുഖ്യപ്രഭാഷണം നടത്തിയ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

നല്ലൊരു ഗാനരചയിതാവും കവിയുമായ പി.കെ. ഗോപി ഈ സ്നേഹവിഹാരസംഗമത്തിലൂടെ എഴുത്തുകാർക്കിടയിൽ ഒരു ലിറ്ററി ഫിഗർ എന്ന നിലയിലേക്ക്  ഉയർന്നിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ  ആതിഥേയത്വം സ്വീകരിക്കാനും കവിതകൾ അവതരിപ്പിക്കാനും ധാരാളം പേർ മുന്നോട്ടുവരുന്നത് ആഹ്ളാദകരമാണ്. ഇവിടെ അവതരിപ്പിക്കപ്പെട്ട പുസ്തകങ്ങളും അതിനെക്കുറിച്ചുള്ള ചർച്ചകളും സമാന്തരമായ ഒരു സാഹിത്യ സംസ്കാരത്തെ ഉൾക്കൊള്ളുകയാണ്. ഇങ്ങനെ വേണം പുസ്തകങ്ങളെ ആദരിക്കാൻ. ഇപ്പോൾ ആനുകാലികങ്ങളിൽ നിന്ന് പുസ്തകങ്ങൾ ഒഴിഞ്ഞു പോയിരിക്കുകയാണ്. കേസരി  ബാലകൃഷ്ണപിള്ളയെ പോലെയോ  കുമാരനാശാനെ പോലെയോ പുസ്തകങ്ങൾ വായിക്കുന്നവർ  പത്രാധിപസ്ഥാനത്ത് ഇല്ലാത്തതാണോ ഈ അപചയത്തിനു കാരണമെന്ന് സംശയമുണ്ട്. പുസ്തകങ്ങളുടെ ഉള്ളടക്കം സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന ഉത്തരവാദിത്വം പലരും മറന്നു പോയിരിക്കുന്നു. താൻ ഒരു വായനക്കാരനല്ല എന്നു തുറന്നു പറയാൻ ചില കഥാകൃത്തുക്കളെങ്കിലും മുന്നോട്ടു വരുകയാണ് .വാൽമീകി പുസ്തകങ്ങൾ വായിച്ചിട്ടാണോ രാമായണമെഴുതിയതെന്ന് ഒരു  കഥാകൃത്ത് പൊതുവേദിയിൽ വച്ച് ചോദിച്ചത് മറന്നിട്ടില്ല. ഇത്തരം വാക്കുകൾ എഴുത്തുകാരിൽ നിന്നു തന്നെ കേൾക്കേണ്ടി വരുന്നത് ദുരന്തമാണ് .എന്നാൽ വാത്മീകി രാമായണം എന്ന പേര് തൻ്റെ കൃതിക്ക് നൽകിയതിൽ നിന്നു തന്നെ അദ്ദേഹത്തിൻ്റെ ജ്ഞാനം വ്യക്തമാണ്. വേറെ വല്ലവരുമായിരുന്നെങ്കിൽ ‘രാവണൻ തട്ടിക്കൊണ്ടുപോയ സീതയുടെ കഥ’ എന്നായിരിക്കും പേരിടുക .ഇന്നത്തെ വായനയല്ല വാത്മീകിയുടേത്. അദ്ദേഹം തന്റെ കാലഘട്ടത്തിലെ എല്ലാ ജ്ഞാന തത്ത്വസംഹിതകളും ഹൃദിസ്ഥമാക്കുക മാത്രമല്ല ,അതെല്ലാം ഇഴ പിരിച്ചു പരിശോധിക്കുകയും ചെയ്തു.ഒരു മൂല്യാന്വേഷണത്തിനു വേണ്ടിയാണ് അത് ചെയ്തത്. എങ്ങനെയാണ് വസിഷ്ഠമുനി യോഗവാസിഷ്ഠം  എഴുതുന്നത്.ഒരാളുടെ ഭാവനാസൃഷ്ടിയല്ലത്.ജ്ഞാനത്തിന്റെയും പഠനത്തിന്റെയും ഫലമാണത്. വ്യാസൻ ഭഗവത്ഗീത എഴുതിയത് എത്രയോ വായനയ്ക്കും പഠനത്തിനും ശേഷമായിരിക്കണം. ഇപ്പോഴും ഗീതയെക്കുറിച്ചുള്ള വ്യാഖ്യാനങ്ങൾ  അവസാനിച്ചിട്ടില്ലല്ലോ – ഹരികുമാർ പറഞ്ഞു. 

പി.കെ.ഗോപി പ്രസംഗിക്കുന്നു

നാം തന്നെ സ്നേഹിക്കണം

പ്രണയം ,സ്നേഹം എന്നെല്ലാം ആളുകൾ ധാരാളമായി ഉപയോഗിക്കുന്ന കാലമാണിത്. എല്ലാവരും ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുകയാണ്. എന്നാൽ എത്ര പുസ്തകങ്ങൾ വായിച്ചാലും സ്നേഹം എന്താണെന്ന് ബോധ്യമാവുകയില്ല. അതിന് നാം തന്നെ സ്നേഹിക്കണം.  മറ്റൊരാൾ പ്രണയത്തെക്കുറിച്ച് എഴുതിയത് വായിച്ചാൽ നമുക്ക്  പ്രേമിക്കാൻ കഴിയില്ല .പ്രണയം എന്താണെന്നും മനസിലാവുകയില്ല .അതിനു നാം തന്നെ സ്നേഹിക്കണം, പ്രേമിക്കണം .

അപ്പോൾ മാത്രമേ അതിനെക്കുറിച്ച് എഴുതാനാവൂ. അതുകൊണ്ട്  അവിടെ വേറൊരു ഭാഷ ആവശ്യമായവരും. കാരണം, അത് നമ്മുടെ മാത്രം അനുഭവമാണ്. അനുഭവം സാഹിത്യമാകുന്നത് അപ്പോൾ മാത്രമാണ്. റഷ്യൻ സാഹിത്യകാരനായ ഇവാൻ തുർജനേവ് എഴുതിയ First Love എന്ന നോവൽ അത് വ്യക്തമാക്കുകയാണ്. തുർജനേവിൻ്റെ   വ്യക്തിപരമായ ഒരു പ്രണയത്തിൻ്റെ കഥയാണത് .ഇരുപത്തിയൊന്നു വയസുള്ള അതിസുന്ദരിയായ ഒരു യുവതിയെ പതിനാറ് വയസുള്ള പെട്രോയെവ്ച്ച് എന്ന കൗമാരക്കാരൻ കണ്ട് പ്രേമവിവശനാവുന്നു. അവൻ അവളിൽ തീവ്രമായി ആവേശം പൂണ്ടു. അവളുമായി പരിചയപ്പെടാനും, പിന്നീട് അത് നല്ലൊരു സ്നേഹബന്ധമായി വളരാനും അവൻ ആഗ്രഹിച്ചു. അത് സഫലവുമായി .എന്നാൽ പിന്നീടാണ് അവൻ മനസ്സിലാക്കുന്നത് ആ യുവതി തൻ്റെ പിതാവിൻ്റെ കാമുകിയായിരുന്നുവെന്ന്. അതോടെ അവൻ പിന്മാറി. കുറേക്കാലം കഴിഞ്ഞ് ,അവൻ്റെ പഠനമൊക്കെ അവസാനിച്ചു.ഒരു ദിവസം എങ്ങോട്ട് തിരിയണമെന്ന് ആലോചിച്ച് നഗരത്തിൽ നിലനിൽക്കുമ്പോൾ ഒരു സുഹൃത്തിനെ കണ്ടു. സുഹൃത്ത് അവന്റെ ആ പഴയ ‘കാമുകി’യെപ്പറ്റി പറഞ്ഞു .പെട്രോയെവ്ച്ചിൻ്റെ പിതാവിൻ്റെ മരണശേഷം അവൾ വേറൊരാളെ വിവാഹം ചെയ്തു. അവൾ അടുത്തുള്ള ഹോട്ടലിലാണ് താമസിക്കുന്നതെന്ന് സുഹൃത്തിൽ നിന്നു കേട്ട് അവൻ ആവേശഭരിതനായി അങ്ങോട്ട് ഓടിച്ചെന്നു. അപ്പോഴാണ് ഹോട്ടൽ ജീവനക്കാർ പറഞ്ഞത് അവൾ ഏതാനും ദിവസങ്ങൾക്കു മരിച്ചു പോയെന്ന്. അത് കേട്ട് മുമ്പൊരിക്കലുമുണ്ടാകാത്ത വിധം അവൻ ദുഃഖിതനായി. അവന്റെ മനസ്സിൽ പല ചിന്തകളും ഉയർന്നു വന്നു. യുവത്വത്തെ അവൻ ശപിച്ചു, പുച്ഛിച്ചു. യുവത്വം എല്ലാം മനസ്സിലാക്കുന്നുവെന്ന് അഹങ്കരിക്കുന്നു .എന്നാൽ യുവത്വം ഒരു പരാജയമാണെന്ന് അറിയുന്നത് പിന്നീടായിരിക്കും. യുവത്വം ഒരു മോഹവലയമാണ്. അത് മിഥ്യാ സങ്കല്പത്തിൽ  വിശ്വസിക്കുകയാണ് .ആ ദാരുണമായ   ഓർമ്മകളിൽ നിന്ന് രക്ഷപ്പെടാൻ അവൻ അടുത്തുതന്നെ രോഗശയ്യയിൽ കിടക്കുകയായിരുന്ന ഒരു പാവം വൃദ്ധയെ സന്ദർശിക്കാൻ പോയി. അവർക്ക് വേണ്ടി അവൻ ശുശ്രൂഷ ചെയ്തു. വൃദ്ധ ജീവിതത്തിലെ തൻ്റെ തെറ്റുകളെക്കുറിച്ചും പരാജയങ്ങളെക്കുറിച്ചും വ്യഥാ പറഞ്ഞു വിലപിച്ചുകൊണ്ടിരുന്നു. ആ വൃദ്ധയുടെ മരണം കഴിഞ്ഞയുടനെ അവൻ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുകയാണ് ചെയ്തത്. എത്രമാത്രം ആഴത്തിലാണ് തുർജനേവ് ഒരു മനുഷ്യൻ്റെ അനുഭവങ്ങളെ സമീപിക്കുന്നത് !.വെറുതെ വാക്കുകൾ നിരത്തുകയല്ല; ഒരാളുടെ മനസ്സിൽ നടക്കുന്ന പ്രകമ്പനങ്ങൾ ആഴത്തിൽ അന്വേഷിക്കുകയാണ്. ഇങ്ങനെയാണ് സാഹിത്യസൃഷ്ടി നടത്തേണ്ടത് – ഹരികുമാർ പറഞ്ഞു. 

ആര്യാ ഗോപി തൻ്റെ One Hundred Lines of Discords എന്ന കവിതാസമാഹാരം എം.കെ.ഹരികുമാറിനു സമർപ്പിക്കുന്നു. പ്രീത് ചന്ദനപ്പള്ളി ,പി.കെ.ഗോപി ,അനിൽ കെ.എം എന്നിവർ സമീപം

ആ തോഴിക്കു മുന്നിൽ പ്രണമിക്കുന്നു

എഴുതുന്നത് ഒരു ബ്രേക്ക് ഉണ്ടാക്കാനാണ്. സമൂഹത്തിന്റെ നിലവിലുള്ള ചിന്താഗതി തുടർന്നു പോകാൻ വേണ്ടി രചനയിലേർപ്പെടണമെന്നില്ല. പുതിയൊരു ദിശയിലേക്ക് വായനക്കാരനെ നയിക്കണം. കുമാരനാശാൻ്റെ ‘വീണപൂവ് ‘ അതുവരെയില്ലാതിരുന്ന ഒരു ബിംബത്തിന്റെ പ്രത്യക്ഷതയും വിവരണവുമാണ് .പൂർവ്വ മാതൃകകളിൽ നിന്ന് വഴിമാറി നടക്കുന്നത് ഇവിടെ ശരിയായി തന്നെ സംഭവിക്കുന്നു. വായനക്കാരനാകുന്നതും  ഇതുപോലൊരു വഴിമാറിനടപ്പിനു  വേണ്ടിയാണ്. പുതിയ വായന  സംഭവിക്കേണ്ടതുണ്ട്. പലരും സ്ഥാപിച്ച ആഖ്യാനതത്ത്വങ്ങളെ, നിഗമനങ്ങളെ നാം അതേപടി ചുമക്കേണ്ടതില്ല. വായനക്കാരനും ഒരു ബ്രേക്ക് സൃഷ്ടിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. ‘വീണപൂവി’ലെ പൂവ് ഒരു കാമുകിയല്ല ,വെറും പൂവ് മാത്രമാണെന്നും ഒരു പൂവായിരിക്കാനുള്ള പൂവിൻ്റെ  അവകാശത്തെ – അനന്യതയെ -ആർക്കും അപഹരിക്കാനാകില്ലെന്നും ഞാൻ തെളിയിച്ചത് എൻ്റെ ‘വീണപൂവ് കാവ്യങ്ങൾക്കു മുമ്പേ’ എന്ന കൃതിയിലൂടെയാണ്. പരമ്പരാഗത നിരീക്ഷണങ്ങൾ ഒരു വായനക്കാരന് ഭാരമാണ്. ഇതുപോലെതന്നെയാണ് ‘കരുണ’യെ ക്കുറിച്ചുള്ള വ്യവസ്ഥാപിത വായനയുടെ അപകടങ്ങളും.കരചരണങ്ങളറ്റ് ചുടുകാട്ടിൽ കിടക്കുന്ന വാസവദത്തയെ ഉപഗുപ്തൻ  സന്ദർശിച്ചു മോക്ഷം നൽകി എന്ന പാഠം ഞാൻ നിരാകരിക്കുകയാണ്. അത് താങ്ങാനാവില്ല .വാസവദത്ത സ്നേഹം കൊണ്ടു വിളിച്ചപ്പോൾ ഒന്നു പോയി കാണാൻ വിസമ്മതിച്ച വ്യക്തിയാണ് ഉപഗുപ്തൻ. അദ്ദേഹം മുൻവിധിയുള്ള ആളായിരുന്നു. ആ സ്ത്രീയുടെ പതനം പൂർത്തിയായി കഴിഞ്ഞപ്പോൾ പോയി കണ്ടത് ശരിയായില്ല .ഒരു സ്ത്രീയും ആ കൂടിക്കാഴ്ച ഇഷ്ടപ്പെടില്ല. ആവശ്യപ്പെട്ടപ്പോൾ പോകാതെ ആവശ്യമില്ലാത്തപ്പോൾ പോയിരിക്കുന്നു!. വാസവദത്തയെ ചുടുകാട്ടിൽ പരിചരിക്കുന്ന തൊഴി  മനുഷ്യത്വത്തിന്റെ പ്രതീകമാണ് .മലയാളസാഹിത്യത്തിന് വേണ്ടി അവൾക്കു മുമ്പിൽ ഞാൻ പ്രണമിക്കുകയാണ്. ഈ പ്രവൃത്തി ചെയ്ത ഉപഗുപ്തനെ ,നാളിതുവരെ, പ്രകീർത്തിക്കുകയാണ് മലയാളസാഹിത്യത്തിലെ വിമർശകരും മറ്റു പണ്ഡിതന്മാരും ചെയ്തത്. ഞാനിത് അംഗീകരിക്കുന്നില്ല. എൻ്റെ അഭിപ്രായത്തിൽ ഉപഗുപ്തനെതിരെ  ആശാൻ നടത്തിയ ഒരു ഒളിപ്പോരാക്രമണമാണിത്. വ്യവസ്ഥാപിതമായ മതങ്ങളുടെ പ്രചാരകർക്ക് ,പുരോഹിത വർഗത്തിനു ഇങ്ങനെയേ മനുഷ്യരെ കാണാനൊക്കൂ .നമ്മൾ എവിടെയും അന്യവത്ക്കരിക്കപ്പെട്ടിരിക്കയാണല്ലോ. അതുകൊണ്ട് അവർ അകലം പാലിക്കുന്നു. അവരെ ഇതിൻ്റെ പേരിൽ വിമർശിക്കുകയാണ് ആശാൻ ചെയ്തത്. എന്നാൽ പ്രത്യക്ഷത്തിൽ ആ വിമർശനമില്ല. ഇതാണ് എൻ്റെ വായന -ഹരികുമാർ പറഞ്ഞു. 

എം.കെ.ഹരികുമാറിനെ അയൽവേദി പ്രസിഡൻ്റ് വി.ടി. വേലായുധൻ പൊന്നാട അണിയിക്കുന്നു 

നമ്മളിൽ നിന്നു ആവിർഭവിക്കുന്ന പ്രളയം 

ഏത് തത്ത്വചിന്തയും മനുഷ്യനെ അന്യവത്ക്കരിക്കപ്പെട്ട ജീവിയായിട്ടാണ് കാണുന്നതെന്ന് ഫ്രഞ്ച് നാടകകൃത്ത് യൂജിൻ അയനെസ്കോ പറഞ്ഞത് ശ്രദ്ധേയമാണ്. നമ്മുടെ ജനനത്തിൽ തന്നെ ഒരു ചതി സംഭവിച്ചിരിക്കുന്നു. പ്രവൃത്തികളാണ് മുന്നിലുള്ളത്, പൊരുളറിയില്ല. ജീവിതം തന്നെ കെണിയിലാണെന്ന മാക്സിം  ഗോർക്കിയുടെ ചിന്തയും ഇതിനോട് ചേർത്തുവച്ച് കാണാവുന്നതാണ്.ജീവിതത്തെ നശ്വരത വന്ന് വിഴുങ്ങുകയാണ്. നമ്മൾ അനശ്വരരല്ല. നമ്മെയൊന്നും ആരും ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല. പതിനായിരക്കണക്കിനു കവികളിൽ മൂന്നോ നാലോ പേരെയാണ് ആളുകൾ ഓർക്കുന്നത്.വിസ്മൃതിയാണ് പ്രകൃതിയുടെ കാതൽ. 2018 ൽ വന്നത് ഭൗതികപ്രളയമാണ്. എന്നാൽ മറ്റൊരു പ്രളയമുണ്ട് .അത് നമ്മളിൽ തന്നെയുള്ള ജരാനരയും രോഗങ്ങളുമാണ്. അത് ഓരോ മനുഷ്യനെയും കാത്തിരിക്കുന്നു. യുവത്വത്തിൽ നമുക്ക് ആ പ്രളയ ഭീഷണിയില്ല .എന്നാൽ പ്രായമാകുന്തോറും ആ ഓർമ്മകൾ നഷ്ടപ്പെടുന്നു. ശാരീരികമായ അവശതകൾ കൂടി വരുന്നു. നമ്മിൽ നിന്ന് ആവിർഭവിക്കുന്ന ആ പ്രളയത്തിലാണ് നമ്മുടെ വിധി. അവിടെ നമ്മെ മൂടുന്നത് അന്ധകാരമാണ് .ചുറ്റിനും ഇരുട്ട് പരക്കുമ്പോൾ വെളിച്ചത്തിനുവേണ്ടി നാലുപാടും അലയേണ്ടി വരും. കുമാരനാശാൻ ഉപനിഷത് ദർശനവും ബുദ്ധദർശനവും മറ്റും ഉപയോഗിച്ചത് വെളിച്ചത്തിന്റെ ഒരു കണികയ്ക്ക് വേണ്ടിയുള്ള തിരച്ചിലിൻ്റെ ഭാഗമായാണ്. നോവൽ എന്ന സാഹിത്യരൂപം എപ്പോഴും നവമായിരിക്കാനാണ് ആഹ്വാനം ചെയ്യുന്നത്. ഉറൂബ് ,തകഴി തുടങ്ങിയവരുടെ നോവൽ സങ്കല്പം ഇനി ആവശ്യമില്ല .അത് അവർ ഉപയോഗിച്ചതാണ്. ഓരോ നോവലിസ്റ്റും ഓരോ പുതിയ രൂപം സൃഷ്ടിക്കാൻ ശ്രമിക്കണം. എങ്കിലേ അത് നോവലാകൂ .ആ വാക്കിൻ്റെ അർത്ഥം തന്നെ അതാണ്. ഞാൻ പുതിയ രൂപത്തിൽ പരീക്ഷണം നടത്തുകയാണ് ചെയ്തത് ,ജലഛായ ,ശ്രീനാരായണായ ,വാൻഗോഗിന് എന്നീ നോവലുകളിലൂടെ. ‘ശ്രീനാരായണായ’ വായിച്ച് പി.കെ.ഗോപി സാർ അത്ഭുതത്തോടെയാണ് സംസാരിച്ചത്. അദ്ദേഹം ഒരു കുറിപ്പ് അയച്ചു തന്നു.  ഗോപിസാർ മികച്ച ഒരു വായനക്കാരനാണെന്ന് അന്നാണ് എനിക്ക് മനസ്സിലായത് .അദ്ദേഹം വാക്കുകൾക്കിടയിലെ ആത്മീയമായ നിശ്ശബ്ദതകൾ പോലും വായിക്കും. ആത്മീയമായ സൂചനകൾ പിടിച്ചെടുക്കും. സാഹിത്യസൃഷ്ടി ജീവിതത്തിൻ്റെ അറിയപ്പെടാത്ത രഹസ്യങ്ങൾ കണ്ടെത്താൻ സഹായിക്കണം. ആത്മീയമായ ഒരു പുനരുത്ഥാനമാണ് സാഹിത്യത്തിലൂടെ ഉണ്ടാകേണ്ടത്. സാഹിത്യത്തിന്റെ ആത്മീയതയാണത്. ഇന്ത്യൻ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ഇനി എഴുത്തുകാർ എഴുതേണ്ടതെന്നാണ് എൻ്റെ  അഭിപ്രായം. പാശ്ചാത്യനോവലുകളിലെ നായകസങ്കല്പം യുവാക്കളെ വഴിതെറ്റിക്കുകയാണ് ചെയ്യുന്നത് .എം.മുകുന്ദൻ്റെ ‘ദൽഹി ‘യിലെ അരവിന്ദനെ പോലെ ഒന്നിലും  അർത്ഥം കണ്ടെത്താനാവാതെ ശൂന്യതയെ അഭിമുഖീകരിച്ച ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. മുകുന്ദൻ്റെ നോവൽ വായിച്ച ശേഷമാണ് അവൻ നിലപാടെടുത്തത്. അവൻ സ്വന്തം ജീവിതത്തെ തൃണവൽഗണിച്ചു. ഒന്നും സമ്പാദിച്ചിട്ടില്ല. ഉള്ളതൊക്കെ കളയുകയും ചെയ്തു. എല്ലാത്തിലും പൊങ്ങുതടി പോലെ ഒഴികി .ഇപ്പോൾ അലയുകയാണ്. 

ഇതല്ല സാഹിത്യത്തിൻ്റെ മഹത്തായ  ആത്മീയത .മനുഷ്യനു നഷ്ടപ്പെട്ട ജീവിതത്തെ തിരികെപ്പിടിക്കാനുള്ള സൗന്ദര്യബോധവും ദർശനവും കൃതികളിലുണ്ടാകണം. അമേരിക്ക എന്ന രാജ്യത്തിൻ്റെ വലിപ്പത്തിനനുസരിച്ച് അവർക്ക് സ്വന്തമായി ഒരു തത്ത്വശസ്ത്രവുമില്ല. അമെരിക്കൻ പ്രകൃതിസ്നേഹി എമേഴ്സണും മറ്റും ഇന്ത്യയിലെ തത്ത്വചിന്തയുടെ തണലിൽ നിന്നാണ് വളർന്നത്. അമെരിക്കയിലെ എഴുത്തുകാർ നോബൽസമ്മാനത്തിനു അർഹരല്ലെന്ന് പ്രഖ്യാപിച്ചത് നോബൽ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന വ്യക്തിയാണ്. റഷ്യക്കാണെങ്കിൽ ടോൾസ്റ്റോയ് ,ദസ്തയെവ്സ്കി ,തുർജനേവ് ,ഗോഗോൾ, ഗുർജിഫ് തുടങ്ങിയവരുടെ ചിന്തകളുണ്ട്. എന്നാൽ ടോൾസ്റ്റോയ് ഗാന്ധിജിക്ക് ഉപദേശിച്ച അഹിംസ ഇന്ത്യയുടേതാണ്.  കൊട്ടാരം വിട്ട് ഭിക്ഷയെടുക്കാൻ പോയ ബുദ്ധന്റെ ആത്മീയതയേക്കാൾ മഹത്തായത് ലോകത്ത് ഒരിടത്തുമില്ല. ഹെർമ്മൻ ഹെസ്സെയുടെ ‘സിദ്ധാർത്ഥ’ എന്ന നോവൽ അത് സ്ഫുടീകരിക്കുന്നു.’സിദ്ധാർത്ഥ’യിലെ പ്രധാന കഥാപാത്രം നദിക്കരയിൽ വച്ച് വെള്ളം ഒഴുകി വരുന്നതിന്റെ ശബ്ദം കേട്ട് അത് ഓങ്കാരമാണെന്ന് തിരിച്ചറിയുകയാണ്. ഇത് ഇന്ത്യയിലെ ഒരെഴുത്തുകാരൻ എഴുതേണ്ടതാണ്. എന്തുകൊണ്ടാണ് ഇന്ത്യൻ എഴുത്തുകാർക്ക് ഇത്  തോന്നാതെ പോയത് ? ഭൂമി കുഴിച്ചാൽ വെള്ളത്തിൻ്റെ ഒരു ചാൽ കാണാം.  അതുപോലെ പ്രബുദ്ധതയുടെ ചാൽ നമ്മുടെ വ്യവഹാരജീവിതത്തിൻ്റെ അടിയിലൂടെ ഒഴുകുന്നുണ്ട്.പ്രബുദ്ധരുടെ പാതയാണത്.നമ്മൾ അവിടേക്ക് എത്തിച്ചേരണം.ഒരു നോവൽ നിലവിലുള്ള ജീവിതാനുഭവങ്ങളെ പുതുക്കുകയോ അട്ടിമരിക്കുകയോ ചെയ്യണം. സർക്കാരിനെയോ നഗരസഭയെയോ മലയാളം സർവകലാശാലയെയോ  ആരോഗ്യവകുപ്പിനെയോ താങ്ങി നിർത്തേണ്ട യാതൊരു ഉത്തരവാദിത്വവും നോവലിനില്ല. സർക്കാർ സാഹിത്യകാരന്മാർക്ക് പുരസ്കാരം കിട്ടുന്നത് സ്വാഭാവികമാണ്. സർക്കാരിൻ്റെ പക്കൽ നോവലുമായി ചെന്നാൽ ഉടനെ തന്നെ പുരസ്കാരം പ്രഖ്യാപിക്കപ്പെടും. എന്നാൽ അതിൽ എന്താണ് ശേഷിക്കുന്നത്? ഹരികുമാർ ചോദിച്ചു.

ഈവനിംഗ് ഓഫ് ലെറ്റേഴ്സിൽ പങ്കെടുത്തവർ

രവിവർമ്മ തമ്പുരാന്റെ ‘ഇരുമുടി’ എന്ന നോവലിനെക്കുറിച്ച് കെ. ജി. രഘുനാഥും പ്രീത് ചന്ദനപ്പള്ളിയുടെ ‘ഗെമാറ’ എന്ന നോവലിനെക്കുറിച്ച്  എ.എസ്.ഹരീന്ദ്രനാഥും സംസാരിച്ചു.പ്രദീപ് രാമനാട്ടുകര, രഘുനാഥ് കുളത്തൂർ, എം.എ. ബഷീർ, ഡോ.ബാബുരാജ് നല്ലൂരങ്ങാടി ,ജയശങ്കർ കിളിയൻകണ്ടി എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു. പ്രീത് ചന്ദനപ്പള്ളി ,വിജയകുമാർ പൂതേരി എന്നിവർ സംസാരിച്ചു. 

You can share this post!