പശുക്കൾക്ക്‌ മതമില്ല

ജോസ്‌ പാഴൂക്കാരൻ
”പശുവിനെയും അതിന്റെ കുട്ടിയെയും കെട്ടിയ മുറികടന്നുവേണമായിരുന്നു മുന്നോട്ട്‌ പോകാൻ. പിന്നെയുള്ള രണ്ടുമുറികളിലൊന്ന്‌ അടുക്കളയും മറ്റൊന്ന്‌ കിടപ്പ്‌ മുറിയുമാണ്‌. അതിൽ നാല്‌ അംഗങ്ങളാണ്‌ താമസിക്കുക.. ചാണകവും മൂത്രവും കൂടിക്കുഴഞ്ഞ വല്ലാത്ത ദുർഗന്ധം ശ്വാസം മുട്ടിച്ചു. വലിയ സിമന്റ്‌ പാത്രത്തിനുള്ളിൽ കച്ചി നുറുക്കി കാലിത്തീറ്റയും കൂട്ടിക്കുഴച്ച്‌ ഒരു സ്ത്രീ അതിനെ തീറ്റിക്കുന്നു. ഈ വൃത്തിഹീനമായ അന്തരീക്ഷത്തിൽ കൊതുകുകടിയും കൊണ്ട്‌ ഈ മനുഷ്യരെങ്ങനാണ്‌ ജീവിക്കുക എന്ന്‌ നമുക്ക്‌ തോന്നും. പക്ഷെ പശുവില്ലാത്ത വീട്‌ നരകമെന്നാണ്‌ ഇവർ പറയുക”
പശുക്കൾക്ക്‌ സ്വർഗ്ഗമാണ്‌ ഉത്തരേന്ത്യയിൽ. പശുക്കൾക്ക്‌ മതമില്ല പത്യേകിച്ച്‌ ബീഹാറിൽ. പാഴ്ഭൂമി ധാരാളമുള്ളതിനാൽ കന്നുകാലിക്കൂട്ടങ്ങളിവിടെ റോഡിലും, പറമ്പിലും എപ്പോഴുമുണ്ടാകും. പശു ഇവിടെ മനുഷ്യരെ തീറ്റിപ്പോറ്റുന്ന ദൈവിക മൃഗമാണ്‌. എത്രയെത്ര തരം വിഭവങ്ങളാണ്‌ അവ മനുഷ്യരുടെ തീൻമേശയിൽ ദിനവും വയ്ക്കുക. പാല്‌, തൈര്‌, വെണ്ണ,ബട്ടർ.ചീസ്‌…..ഓർത്താൽ ഒത്തിരിയുണ്ട്‌. ഒരു തരത്തിലും പരിഭവങ്ങളില്ലാത്ത ഈ അരുമമൃഗത്തെക്കുറിച്ചുള്ള ഓർമ്മകളാണ്‌ ഇതിന്റെ പരിപാലന വൈകാരികതയ്ക്ക്‌ കാരണമെന്നതിൽ സംശയമില്ല. പകളുമുഴുവൻ ഇതിനെ പരിചരിക്കുന്നവരാണ്‌ അധികവും. കിസർസറായിലെ തെരുവുകൾക്ക്‌ ചാണകത്തിന്റെ ഗന്ധമാണ്‌. വീടുകൾക്ക്‌ പശുവിന്റെയും. വീട്ടുഭിത്തികളിൽ ഗോയിട്ട (ചാണകം) വട്ടത്തിൽ എറിഞ്ഞു പിടിപ്പിച്ച്‌ വച്ചിരിക്കുന്ന കാഴ്ചയാണ്‌ എവിടെയും. അവ ഉണക്കിക്കത്തിക്കുന്ന രസവിദ്യ എനർജി പ്രോട്ടക്ഷന്‌ എത്രയോ ആശ്വാസമാണ്‌. ഗോയിട്ട കുട്ടയിൽ ചുമന്ന്‌ വിൽക്കാൻ പോകുന്ന സ്ത്രീകൾ ചിലപ്പോൾ നല്ല കാഴ്ച്ചയാണ്‌.
പശുക്കളിവിടെ വീടുകളിലെ ഒരംഗത്തെപ്പോലാണ്‌. വാടകയ്ക്ക്‌ താമസിക്കുന്ന ഒറ്റമുറിക്കൂരകളിൽപ്പോലും പശുക്കൾക്ക്‌ മാത്രമായി തിരിച്ചഭാഗമുണ്ട്‌. പ്രത്യേകിച്ച്‌ ഹൈന്ദവർക്ക്‌. അതിനിവിടെ മതമില്ല. എല്ലാ മതവിഭാഗക്കാരും ഇതിനെ പരിപാലിക്കുന്നുണ്ട്‌. ബീഹാറിൽ ഇതൊരു പടികൂടി മുന്നിലാണ്‌. ചില മനുഷ്യർക്കിവിടെ പശു ആരാധനാമൂർത്തിയാണ്‌. ചിലർക്ക്‌ വീടിന്‌ അലങ്കാരമാണ്‌, ആനന്ദമാണ്‌, ആരാധനയാണ്‌, ഐശ്വര്യത്തിന്റെ പ്രതീകമാണ്‌. പല വീടുകളിലും നമ്മെ പോർട്ടിക്കോയിൽ എതിരേൽക്കുന്നത്‌ പശുക്കളാണ്‌. അതിനെ കടന്നുവേണം വീടിനുള്ളിലേക്ക്‌ പ്രവേശിക്കുവാൻ. ആതിഥേയർക്ക്‌ ദുസ്സഹമായ ഗന്ധമനുഭവപ്പെടുമെന്ന തരിമ്പും ഭാവമൊന്നും ഇവർക്കില്ല. കാരണമിത്‌ ജീവിതചര്യയായിക്കഴിഞ്ഞു. പശു മനുഷ്യരക്ഷയ്ക്ക്‌ ആരോഗ്യദായകമായ ഭക്ഷണം നൽകുന്ന കാമധേനു എന്നാണ്‌ വിശ്വാസം. പാലില്ലാത്ത ചായ ഇവർ കഴിക്കില്ല. പാലിൽ വെള്ളം ചേർത്ത്‌ ചായ ഉണ്ടാക്കുകയില്ല. അൽപം മതി. ഉള്ളത്‌ മൃഷ്ടാന്നമായിരിക്കും.
പരമ്പരാഗത വിശ്വാസമെന്നതിലു പരി എല്ലാത്തരത്തിലും ഇത്‌ ലാഭകരമാണ്‌ ഒരു കുടുംബത്തിന്റെ രക്ഷക്ക്‌…. വളർത്താൻ സ്ഥലമില്ല, ഭൂമിയില്ല, ചുറ്റുപാടില്ല എന്നതൊന്നും ഇവർക്ക്‌ പ്രശ്നമല്ല. വീടിനുള്ളിൽ തന്നെ ഒരു മുറി പശുക്കൾക്കായി മിക്കവരും ഒരുക്കുന്നു. കാരണം ഒരു പശു വീടിനെ മുഴുവൻ സംരക്ഷിക്കുന്ന ദൈവിക മൃഗമാണ്‌. വേദിക്‌ കാലഘട്ടം മുതലിങ്ങോട്ട്‌ ഹൈന്ദവസംസ്കാരത്തിന്റെ ഭാഗമാണ്‌ പശുപരിപാലനം. ഇൻഡസ്‌ നദീതീരത്തെ സമൃദ്ധമായ പശുപരിപാലനത്തെക്കുറിച്ച്‌ ഇന്നും ചരിത്ര പുസ്തകങ്ങളിൽ പറയുന്നുണ്ട്‌. ഇവിടെ വാടകയ്ക്ക്‌ താമസിക്കുന്ന ഒന്നു രണ്ടു വീടുകളിൽ പോകേണ്ടി വന്നപ്പോൾ അദ്ഭുതം തോന്നി.
പശുവിനെയും അതിന്റെ കുട്ടിയെയും കെട്ടിയ മുറികടന്നുവേണമായിരുന്നു മുന്നോട്ട്‌ പോകാൻ. പിന്നെയുള്ള രണ്ടുമുറികളിലൊന്ന്‌ അടുക്കളയും മറ്റൊന്ന്‌ കിടപ്പ്‌ മുറിയുമാണ്‌. അതിൽ നാല്‌ അംഗങ്ങളാണ്‌ താമസിക്കുക.. ചാണകവും മൂത്രവും കൂടിക്കുഴഞ്ഞ വല്ലാത്ത ദുർഗന്ധം ശ്വാസം മുട്ടിച്ചു. വലിയ സിമന്റ്‌ പാത്രത്തിനുള്ളിൽ കച്ചി നുറുക്കി കാലിത്തീറ്റയും കൂട്ടിക്കുഴച്ച്‌ ഒരു സ്ത്രീ അതിനെ തീറ്റിക്കുന്നു. ഈ വൃത്തിഹീനമായ അന്തരീക്ഷത്തിൽ കൊതുകുകടിയും കൊണ്ട്‌ ഈ മനുഷ്യരെങ്ങനാണ്‌ ജീവിക്കുക എന്ന്‌ നമുക്ക്‌ തോന്നും. പക്ഷെ പശുവില്ലാത്ത വീട്‌ നരകമെന്നാണ്‌ ഇവർ പറയുക. പാലിനായി പശു വളർത്താതെ  പാല്‌ വാങ്ങിയാൽ പോരെയെന്ന്‌  ചോദിച്ചു. അപ്പോൾ അഞ്ജന എന്ന സ്ത്രീ പറഞ്ഞു… “പശു ഞങ്ങൾക്ക്‌ ആഹാരം തരുന്ന മൃഗമാണ്‌, പരമ്പരാഗതമായി പശുക്കൾ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു. ഇത്‌ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമാണ്‌. ഇതിനു ഭക്ഷണം കൊടുത്തിട്ടേ ഞങ്ങൾ വല്ലതും കഴിക്കാറുള്ളൂ…ഞങ്ങളിവിടെ വാടകക്കാരാണ്‌….പുറത്ത്‌ കെട്ടാനുള്ള സ്ഥലമില്ല. കെട്ടിയാൽ തന്നെ കള്ളൻമാർ അതിനെ അഴിച്ച്‌ കൊണ്ടുപോകും.”
വീടിനുള്ളിലെ പശു ദുർഗന്ധം അവർക്ക്‌ സുഗന്ധമാണ്‌..ഇത്തരത്തിൽ നൂറുകണക്കിന്‌ കുടുസുമുറികളും താമസക്കാരുമുള്ള കൊച്ച്‌ ടൗണാണിത്‌. മിക്കവർക്കും പശുക്കളുണ്ട്‌. രാവിലെ ചിലരതിനെ അഴിച്ച്‌ വിടും. അത്‌ ടൗണിലൂടെ നടന്ന്‌ വൈകുന്നേരമായാൽ തന്നെ തിരികെയെത്തും. വാഹനങ്ങളെയും മനുഷ്യരെയും അതു ശല്യപ്പെടുത്തുമെന്നതൊന്നും പ്രശ്നമേയല്ല. അതിനെ ഉപദ്രവിക്കില്ലെന്ന വിശ്വാസമാണിതിന്‌ കാരണം. അതിവർക്ക്‌ വിശുദ്ധ മൃഗമാണ്‌… അമ്മയാണ്‌, മാതൃദേവതയാണ്‌… ഭൂമിയുടെ നിലനിൽപ്പാണ്‌……….എന്നൊക്കെ അവർ കരുതുന്നു. അതിനെ ഉപദ്രവിച്ചാൽ കൊടും പാപമെന്നാണ്‌ വിശ്വാസം. അതിനെ കൊല്ലുന്നത്‌ സ്വന്തം അമ്മയെ കൊല്ലുന്നതിനു തുല്യവും. നമ്മൾ മലയാളികൾ ചെയ്യുന്നതുപോലെ മാംസത്തിനുവേണ്ടി കന്നുകാലികളെ വിൽക്കാറില്ല, കൊല്ലാറുമില്ല.ഗോമാംസം തിന്നുന്നവരെ നരഭോജികളായിട്ടാണ്‌ ഇവിടെ ചിലർ കാണുന്നത്‌.ഗോമാംസഭോജകർ എന്നു കേൾക്കുമ്പോഴേ കുട്ടികൾ ഛർദ്ദിക്കാൻ തുടങ്ങും. അത്രക്കും ഈ വിശുദ്ധമൃഗമിവിടെ ഒരു ജനതയുടെ വൈകാരികതയിൽ ദൈവികഭാവം പകർന്നു കഴിഞ്ഞു. സർക്കാരും നുറുകണക്കിനു ട്രസ്റ്റകളും പ്രായമായ കന്നുകാലികളെ പരിപാലിക്കുന്ന ഓൾഡേജ്‌ ഹോമുകൾ പലസ്ഥലത്തുമുണ്ട്‌. ഗയയിലെ മൊഫ്യൂസൽ ബസ്സ്‌ സ്റ്റാൻഡിൽ  ബസ്സല്ല ഉള്ളത്‌ , കൂടുതലും തടിച്ചുകൊഴുത്ത കന്നുകാലികളാണ്‌. അവയുടെ ചാണകവും മൂത്രവും ചവിട്ടിവേണം ബസ്സു കയറാൻ. ആളുകൾ അപൂർവ്വമായേ ബസ്സിൽ കയറാറുള്ളൂ. നഗരം മുഴുവൻ ഓട്ടോറിക്ഷയാണ്‌. കന്നുപരിപാലനം ഇങ്ങനെ ബല്ലും ബ്രേക്കുമില്ലാതെ പോകുന്ന കാഴ്ച സാധാരണമാണിവിടെ. ചാകുന്നതിനെ ഗംഗയിൽകൊണ്ടൊഴുക്കും, അല്ലെങ്കിൽ ഫൽഗുനദിയിൽ ഒഴുക്കും. ഇതൊന്നും ജലം മലിനമാക്കുമെന്ന വിശ്വാസം ഇവർക്കില്ല.  പരമ്പരാഗതമായി ശീലിച്ചുപോന്ന സംസ്കാരമായതുകൊണ്ട്‌, ഇത്‌ മാറ്റാനുള്ള ബോധവത്ക്കരണപരിപാടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകാറില്ല.
ഇത്തരത്തിൽ വൃദ്ധപശുക്കൾ ഇന്ത്യ മുഴുവൻ വ്യാപിക്കുകയാണ്‌. പരമാവധി സംരക്ഷിക്കപ്പെടുന്നു. അല്ലാത്തവ അമ്പലങ്ങളിലും തെരുവുകളിലും അലഞ്ഞുതിരിയുന്നു.  മലയാളികൾ ഇവിടെ വന്ന്‌ വൃദ്ധ പശുക്കളെ ചില വീടുകളിൽ സ്വന്തം അമ്മയെപ്പോലെ സംരക്ഷിക്കുന്ന കാഴ്ച കാണണം. അതു കണ്ണുനിറക്കും.ബി.എസ്‌ ശർമ്മയെന്ന റിട്ടയേർഡ്‌ മാസ്റ്റർ പറയുന്നു: ” ഇതിന്റെ ചെറുപ്പകാലത്ത്‌ ഇതിനാവുന്നതിലും കൂടുതൽ പാലും അതിന്റെ ഉത്പ്പന്നങ്ങളും തന്നു…..അത്‌ ഞങ്ങടെ കുഞ്ഞുങ്ങളെ സംരക്ഷിച്ചു…. അതു കുടിച്ച്‌ ഞങ്ങൾ വിദ്യ അഭ്യസിച്ചു.  അപൂർവ്വമായേ ആശുപത്രികളിൽ പോകേണ്ടി വന്നിട്ടുള്ളൂ…..മാത്രമല്ല ചാണകം തന്നു. അതു ഞങ്ങടെ അടുപ്പുകളെ കത്തിച്ചു. നിലമുഴുതു തന്നു. അതു ഞങ്ങടെ കൃഷിസ്ഥലങ്ങളെ സമൃദ്ധമാക്കി… ഇവൾ ഭൂമിദേവിയാണ്‌…. ഇനി ഇതിനെ എങ്ങനാണ്‌ ഉപേക്ഷിക്കുക ? കൊല്ലാൻ കൊടുക്കുക” ? കൊല്ലുന്നതിലും ഭേദം ആത്മഹത്യ എന്ന്‌ കരുതുന്നവരാണിവർ.
ശംഭുബായുടെ വീടുകണ്ടു. പുറത്ത്‌ സ്ഥലമുണ്ടായിട്ടും വീടിന്റെ ഒരു മുറി പശുവിനു വേണ്ടി മാറ്റി വച്ചിരിക്കുന്നു. ചോദിച്ചപ്പോൾ പറഞ്ഞു:” അച്ഛനമ്മമാരുടെ കാലം തൊട്ടേ ഇതിവിടെയുണ്ട്‌. കന്നുകുട്ടി പരാധീനങ്ങളായിട്ട്‌, ഞങ്ങൾക്കിത്‌ പാലുതരുന്ന അമ്മയാണ്‌,ദേവിയാണ്‌, മൂർത്തിയാണ്‌. കുടുംബാംഗങ്ങളെ സംരക്ഷിക്കുന്ന ദൈവമാണ്‌.”
ഇതിവർക്ക്‌ മൃഗമല്ല. ദേവിയാണ്‌, അമ്മയാണ്‌, പ്രകൃതിയാണ്‌. ലോകത്തെല്ലായിടത്തും പശുക്കളുണ്ട്‌. ആകെയുള്ളതിന്റെ മുപ്പത്തിമൂന്ന്‌ ശതമാനം ഇൻഡ്യയിലാണ്‌. മഹാഭാരത കഥകളിലും രാമായണത്തിലും പശുക്കളെ പരിപാലിക്കുന്നതും, വാഹനമാക്കുന്നതുമായ കഥകൾ ധാരാളമുണ്ട്‌. അതുകൊണ്ട്‌ തന്നെ പശു അടക്കമുള്ള എല്ലാ ജീവജാലങ്ങൾക്കുമിവിടെ ബഹുമാന്യതയുണ്ട്‌. അവയെ തുരത്താനോ, ഉപദ്രവിക്കാനോ ആരുമിവിടെ മുതിരാറില്ല. ഈ ജനതയെ സംബന്ധിച്ച്‌ ജീവജാലങ്ങളെല്ലാം ആരാധനമൂർത്തികളാണ്‌. അതുകൊണ്ട്‌ തന്നെ അതിനെ സംരക്ഷിക്കുന്നതും പോറ്റുന്നതും ഇവർ ജീവിതചര്യയായി കൊണ്ടുനടക്കുന്നു.
ഇവയുടെ കാലടിപ്പാടുകൾ പോലും ആരാധിക്കുന്നവരുണ്ട്‌. ചിലർ ചാണകം കൊണ്ട്‌ ദൈവങ്ങളെ ഉണ്ടാക്കിവക്കാറുണ്ട്‌. അത്‌ നേർച്ചയാണ്‌. ഉത്സവദിനങ്ങളിൽ ചിലരതിനെ മുല്ലപ്പൂമാല ചൂടിച്ച്‌ കൊണ്ടു നടക്കും. അത്‌ കാണുന്ന ചിലർ നാണയം എറിഞ്ഞുകൊടുക്കും. അതും നേർച്ചയാണ്‌. ചിലരതിനെ വെള്ളിയാഭരണങ്ങൾ അണിയിക്കും. മുത്തുമാല ചുറ്റി വേങ്കലമണികെട്ടും. ചില പ്രത്യേക ദിവസങ്ങളിൽ ഭക്തർ പശുവിന്റെ ചാണകവും മൂത്രവുമൊക്കെ ദേഹമാസകലം പുരട്ടി വികാരവിവശരാകും.
ചിലപ്പോൾ തോന്നിയേക്കാം മനുഷ്യരേക്കാളും വിലയിവിടെ പശുക്കൾക്കാണെന്ന്‌. അങ്ങനെ തന്നെയാണ്‌. പ്രശസ്ത മനുഷ്യസ്നേഹി മാൾവിൻ ഹാരീസ്‌ പറയുന്നു, ക്രിസ്ത്യാനികൾക്ക്‌ ആട്‌ ദൈവികം എന്നതുപോലെയാണ്‌ ഹിന്ദുക്കൾക്കിവിടെ പശു.
ബ്രാഹ്മണർ പശുപരിപാലനം കാണുന്നത്‌ ദൈവികദാനമായിട്ടാണ്‌.
പശുക്കളെ ചുറ്റിപ്പറ്റി അനേകം വിശ്വാസങ്ങളും നിലവിലുണ്ട്‌. അതിലൊന്ന്‌ 86 അവതാരങ്ങൾ പിശാചുക്കളെ ഭസ്മീകരിക്കാൻ പശുക്കളുടെ ആത്മാവായി മാറിയെന്നതാണ്‌. പിന്നെ അത്‌ മനുഷ്യനായി മാറുന്നു. പശുവിനെ കൊല്ലുന്നതിലൂടെ അതിന്റെ ആത്മാവ്‌ വീണ്ടും ചെകുത്താനായി മാറുമെന്നാണ്‌ വിശ്വാസം…
ചിലർ മരണസമയത്ത്‌ അതിന്റെ വാലു പിടിക്കാനായി മത്സരിക്കും.
അതായത്‌ വാലു പിടിക്കുന്നവർ മരിക്കുന്ന സമയത്ത്‌ അവരുടെ ആത്മാവിനെ സ്വർഗ്ഗത്തിലേക്ക്‌ പശു ഏറ്റെടുക്കുമെന്ന്‌….
ഇന്ത്യയിൽ പശുവുമായി ബന്ധപ്പെട്ട ധാരാളം ആഘോഷങ്ങളുണ്ട്‌. അതിലൊന്നാണ്‌ തമിഴ്‌ നാട്ടിലെ പൊങ്കൽ. മൂന്നാം ദിവസം ഇവരുടെ മാട്ടുപൊങ്കലിൽ കന്നുകാലികളുടെ കൊമ്പിലും മറ്റും പെയിന്റടിച്ച്‌ ശരീരം മുഴുവൻ അലങ്കരിക്കുന്നത്‌ വലിയ ഉത്സവമാണ്‌. പൊങ്കലിന്‌ നേപ്പാളിലെ നഗരത്തിലൂടെയുള്ള ജൈത്രയാത്ര മരിച്ചു പോയ അവരുടെ കുടുംബങ്ങളെ കുറിച്ചുള്ള ഓർമ്മയാണ്‌. പിന്നെ ഗോവർദ്ധൻപൂജ. ദീപാവലിക്ക്‌ മുമ്പ്‌ നടത്തുന്ന ഈ പൂജ ചാണക പൂജയാണ്‌. ശിവരാത്രി പൂജയുമുണ്ട്‌. ശിവന്റെ വാഹനമായ നന്ദിയുമായി ബന്ധപ്പെടുത്തിയുള്ള ആഘോഷമാണിത്‌.
ഏതു വിധമായാലും ഈ വിശുദ്ധ മൃഗം മനുഷ്യർക്ക്‌ ദേവിയാണ്‌. അവരുടെ നിഷ്ക്കളങ്കതയുടെ, സൗമൃതയുടെ പര്യായമാണിത്‌. സഹനത്തിന്റെ, അർപ്പണബോധത്തിന്റെ, നിലനിൽപ്പിന്റെ, മാതൃത്വത്തിന്റെ, ആരോഗ്യസംരക്ഷണത്തിന്റെ , കൂട്ടായ്മയുടെ പ്രതീകം. ഇതെല്ലാം കൂടിച്ചേരുമ്പോഴാണ്‌ മനുഷ്യൻ മനുഷ്യനാകുന്നതെന്ന്‌ ബീഹാറികൾ പറയും. ഈ അറിവിലൂടെ പശു മാനവരാശിക്കുള്ള മഹത്തായ സമ്മാനമാണെന്നാണ്‌ വിശ്വാസം.
പശുപരിപാലനം ഹൈന്ദവ ജനതയുടെ സംസ്കാരത്തിന്റെ ഭാഗമായിരിക്കാം. അല്ലെങ്കിൽ അവരുടെ വിശ്വാസത്തിന്റേത്‌. പ്രായമായതിനെയും ചനവറ്റിയതിനെയും മാംസത്തിനായി കൊല്ലുന്നത്‌ ബീഹാറികൾക്ക്‌ അംഗീകരിക്കാനാവുന്നില്ല. കന്നുകാലികളുടെ ഇറച്ചിതിന്നുന്ന മലയാളികളെ അവർ അകറ്റിനിർത്തുന്നു. സ്കൂളുകളിൽ ജോലികൊടുക്കില്ല. അത്തരം സ്കൂളുകളിലേക്ക്‌ കുട്ടികളെ അയയ്ക്കില്ല. പക്ഷെ പശുവിനെ വെറുതെ വിട്ട്‌ മനുഷ്യനെകൊല്ലുന്നതിൽ ബീഹാറിലെ ജന്മികൾക്ക്‌ ഒരു മടിയുമില്ലെന്നതാണ്‌ സത്യം. ബീഹാറിലെ പശുക്കൾക്ക്‌ മതമില്ല. അവർ എല്ലാവരുടെയും വഴികാട്ടിയാണ്‌.

You can share this post!