തീവണ്ടി അമ്മ

ട്രെയിൻ ഇന്നും ലേറ്റാണ് .
എത്തേണ്ട സമയം കഴിഞ്ഞ് ഇപ്പോൾ ഒരു മണിക്കൂർ ആവുന്നു .
പകൽ കറുത്തു തുടങ്ങിയിരിക്കുന്നു .
യാത്രക്കാർ അക്ഷമരാണ് .
പ്ലാറ്റ്ഫോമിലൂടെ അങ്ങോട്ടും ,ഇങ്ങോട്ടും വെറുതെ നടന്ന് എനിക്ക് മതിയായി .
ചിലർ ബാക്കി ഉറക്കം തീർക്കുന്നു .
ഇടക്കിടെ വാച്ചിലെക്കും പിന്നെ പാളത്തിന്റെ അറ്റത്തേക്കും നോക്കിയിരിക്കുകയാണ് മറ്റു ചിലർ .
ഇതൊന്നും പ്രശ്നമല്ലാത്ത കുറെ പേരും .
ഇതാണ് സ്റ്റേഷനിലെ ഇപ്പോഴത്തെ കാഴ്ച .
വണ്ടി ഉടൻ എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചുകൊണ്ടേയിരിക്കുകയാണ് റെയിൽവേ ക്കാർ .
അങ്ങനെ
ഇതാ പ്രതീക്ഷ സഫലമായി .
വണ്ടി എത്തി .
ഒരു പരക്കംപാച്ചിൽ ആയിരുന്നു പിന്നെ .
സീറ്റ് കിട്ടി .
മറ്റൊരു  പ്രതീക്ഷയിലേക്ക് വണ്ടി നീങ്ങി .
ഒന്നും ചുറ്റും നോക്കി ഞാൻ .
പിന്നെ
ഹെഡ് ഫോൺ എടുത്ത് ചെവികളിലേക്ക് കയറ്റിവച്ചു .
പങ്കജ് ഉദാസിന്റ പഴയ ഗസലുകൾ ഉണ്ട് .
കിട്ടിയിട്ട് ദിവസം രണ്ട് കഴിഞ്ഞു .
പക്ഷെ കേൾക്കാൻ സ്വസ്ഥത കിട്ടിയില്ല .
ആഴ്ച അവസാനത്തിന്റെ തിരക്ക് തന്നെ .
സെയിൽസ് സ്റ്റേറ്റ്മെന്റ് ,വീക്കിലി റിപ്പോർട്ട് ,പുതിയ ടാർജറ്റ് എല്ലാം റെഡിയാക്കേണ്ട സമയം .എല്ലാം കഴിഞ്ഞു .
ഇനി കേട്ട തുടങ്ങാം ഗസൽ.
മൊബൈൽ റെഡിയാക്കുമ്പോഴാണ് അടുത്തിരിക്കുന്ന ആളെ ഞാൻ ശ്രദ്ധിച്ചത് .
അവർ ഒന്ന് ചിരിച്ചു .
ഞാനും .
അവരുടെ വാട്ട്സ്ആപ്പിലേക്ക് നിറയെ മെസേജുകൾ വരുന്നു .
ബാഗിൽ എന്തോ തിരഞ്ഞ് നിരാശയായ ഒരു മുഖമാണവർക്കിപ്പോൾ .
ബുദ്ധിമുട്ടില്ലങ്കിൽ ആ ഹെഡ് സെറ്റ് ഒന്നു തരുവോ – നിരാശയിൽ നിന്നും മുഖം ആവശ്യകതയിലേക്ക് മാറിക്കൊണ്ടായിരുന്നു അവരുടെ ചോദ്യം .
 ഞാൻ ഒന്ന് മൗനത്തിലായി.
സോറി, ബുദ്ധിമുട്ടാണെങ്കിൽ വേണ്ട – അവരുടെ ഭാവം വല്ലാതെ മാറി .
ഞാൻ ഹെഡ് സെറ്റ് എടുത്ത് അവർക്ക് നൽകി .
ഞാൻ ജീന .കയർ ബോർഡിൽ വർക്ക് ചെയ്യുന്നു .ഓഫീസിൽ നിന്നിറങ്ങുന്ന സമയത്ത് ഹെഡ് സെറ്റ് എടുക്കാൻ മറന്നു പോയി .അവർ ഒറ്റ ശ്വാസത്തിൽ പറഞ്ഞു .
പാട്ടുകേൾക്കാനാണോ – ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
അല്ല ,മക്കൾ വാട്ട്സ്ആപ്പിലുണ്ട് .ഹോം വർക്ക് ചെയ്യുകയാണവർ .സംശയങ്ങൾ ചോദിക്കുന്നു . മറുപടി ശരിക്കും അൽഭുതപ്പെടുത്തി .
ഇങ്ങനെയാണോ പഠിപ്പിക്കുന്നത് ഞാനാ അൽഭുതത്തെ അടക്കിക്കൊണ്ട് ചോദിച്ചു .
ഉം ,അല്ലാതെന്ത് ചെയ്യാൻ .
ഹസ്ബന്റ് പോലീസിലാ ,വീട്ടിലെത്തൽ പല സമയത്താ. ജോലിക്കാരിയാ പിന്നെ .
ഒരു കണക്കിന് ഈ യാത്ര എനിക്ക് ആശ്വാസമാ അവർക്ക് വേണ്ടി കുറെ സമയം കിട്ടും .
വീടെത്തുമ്പോഴേക്കും  അവരുറങ്ങിക്കാണും .
രാവിലെ അവർ ഉണരും മുൻപേ പോരും .
ശബ്ദങ്ങളും ,ചിഹ്നങ്ങളും ആണ ഞങ്ങളെ പരസ്പരം ഉറപ്പിക്കക്കുന്നത് .ഞായറാഴ്ചയാണ് ഞങ്ങടെ ദിവസം. ചിരിച്ചുകൊണ്ടാണ്  അവർ പറഞ്ഞ് .
പക്ഷേ ആ ചിരിക്ക് ഒരു നൈർമ്മല്യക്കുറവ് നല്ലോണം ഉണ്ടായിരുന്നു .
വീട് ? എന്റെ ചോദ്യത്തിൽ സഹതാപത്തിന്റെ രസം ചേർന്നിരുന്നു .
കരമന .
ദിവസവും എറണാകുളം ടു കരമന ഷട്ടിൽ സർവ്വീസാണ് ഞാൻ – അവരിപ്പോഴും ചിരിച്ചു കൊണ്ടാണ് മറുപടി  പറഞ്ഞത് .
ഇങ്ങനെ ചിരിക്കാൻ കഴിയുന്നതെങ്ങനെയാണെന്ന് എനിക്ക് പിടി തരാത്ത ഒരു ചോദ്യം തന്നെയായിരുന്നു .
ഞാനൊന്നും ചോദിച്ചില്ല .
അവരെ മക്കൾക്കൊപ്പം വിട്ടു .
വണ്ടി ഏറെ ദൂരം പിന്നിട്ട് തിരുവനന്തപുരത്തെത്തി .
നന്ദി പറഞ്ഞ് ഹെഡ് ഫോൺ തിരികെ തന്ന് അവർ വേഗത്തിൽ സ്റ്റേഷന് പുറത്തേക്ക് നടന്നു .
പുറത്ത്
ഒരു ഓട്ടോക്കാരുമായി വാടക ഉറപ്പാക്കുമ്പോൾ എന്റെ തൊട്ടടുത്ത് ഒരു സ്കൂട്ടർ വന്നു നിന്നു .
ഞാൻ തിരിഞ്ഞ് ഹെൽമറ്റിനുള്ളിലേക്ക് നോക്കി .
അതെ അവർ തന്നെ .
ജീന .
കണ്ണുകൾ ഒന്ന് അടച്ചു തുറന്ന് പിന്നെ ഒന്നു കൂടി ചിരിച്ചു കൊണ്ട് ഇടത്തോട്ടേക്ക് തിരിഞ്ഞു പോയി .
ഞാൻ
ഓട്ടോയിൽ വലത്തോട്ടും.
. . . . . ………………………….
അച്ചുവിന് അമ്മ തീവണ്ടിയാണ് ,ആർച്ചക്ക് ഞായറാഴ്ചയും .
ജീനക്ക് അവരാണ് സ്വർഗ്ഗം .
ഇന്ന് ഞായറാഴ്ച .
ആ സ്വർഗ്ഗത്തിലേക്ക് ഒന്ന് നോക്കൂ .
ഇളം ഓറഞ്ച് നിറമുള്ള ചുവരുകൾക്കിടയിലെ ചുവപ്പും ,വെള്ളയും നിറമുള്ള ഷീറ്റ് വിരിച്ച കിടക്കിൽ ആണ് അവരിപ്പോൾ .
അപ്പുറത്തു നിന്നും ,ഇപ്പുറത്തു നിന്നും ഉള്ള ചെറിയ കൈകൾക്ക് ഇടയിലാണ്  ജീന .
രണ്ടു ചെറിയ  കാലുകളും ഉണ്ട് അവളുടെ മുകളിൽ .
 പെട്ടെന്ന് ഉണർന്ന്  വൃത്താകൃതിയിലെ ക്ലോക്കിലേക്ക് നോക്കി .
എട്ട് മണിയാവുന്നു .
എണീക്കാനുള്ള അവളുടെ ശ്രമത്തെ ഇരു വശത്തു നിന്നുള്ള കൈകളും ,കാലുകളും ചെറുത്തു .
കൈകളുടെ ഒന്നുകൂടി അവളിലേക്കമർന്നു.
രണ്ടു മുഖങ്ങൾ അവൾക്കരികിലേക്കെത്തി .
ജീന വീണ്ടും ശ്രമിച്ചില്ല .
കുറെ നേരം കൂടി ഒരേ കിടപ്പ് .
കോളിംഗ്’ ബെല്ലിന്റെ ശബ്ദം .
വീണ്ടും
വീണ്ടും .
അവൾ പതുക്കെ ശരീരത്തെ സ്വതന്ത്രമാക്കി പുറത്തേക്കിറങ്ങി .
ബെല്ലടിച്ച ആൾ പോയിരിക്കുന്നു .
അടുക്കളയിൽ ചെന്ന് ഒന്നെ എന്ന് എണ്ണി തുടങ്ങി .
ആറാം ക്ലാസ്സുകാരി അച്ചുവും ,പിന്നാലെ നാലാം ക്ലാസ്സുകാരി ആർച്ചയും ആടിയാടി എത്തി .
രണ്ടു സ്റ്റുളുകളിൽ ഇരിപ്പുറച്ചു .
പല്ലുതേക്കുവാൻ പറഞ്ഞത് അവർ കേട്ടതേയില്ല .അമ്മ ചെയ്തു കൊടുക്കണമെന്ന്  അച്ചു വാണ് ആദ്യം പറഞ്ഞത് ,പുറകെ ആർച്ചയും .
തിരികെ എത്തിയപ്പോൾ ഒരുമിച്ചു ചോദ്യം വന്നു –
ഇന്നെന്താ അമ്മേ കഴിക്കാൻ ?
എന്താവാം ജീനയുടെ മറുചോദ്യമായിരുന്നു മറുപടി .
ദോശ  കൈകളുയർത്തി ഒരേ സ്വരത്തിൽ അച്ചുവും ,ആർച്ചയും .
ഇഡലി ബോറായി തുടങ്ങി – ആർച്ചയുടെ പരാതി .
ശരിയാ ,രാവിലത്തെ ഓട്ടത്തിനിടയിൽ വേഗം ഉണ്ടാക്കുവാൻ പറ്റുന്ന സാധനം .കഴിച്ചവർക്ക് മടുത്തു കാണും. അവൾക്കേ അത് മടുത്തിരിക്കുന്നു – ജീനക്ക് ജാള്യത തോന്നി .
ദോശയുണ്ടാക്കാൻ സഹായികളായി രണ്ടു പേര് ജീനയുടെ ഇരുവശങ്ങളിൽ റെഡിയായി .
ഇടക്ക് അവർക്കായിരുന്നു അവസരം .
അച്ചുവിന്റെ ദോശ ഇന്ത്യയുടെയും ,ആർച്ചയുടേത് ശ്രീലങ്കയുടെയും ഭൂപടങ്ങൾ പോലെയായിരുന്നു .
ജീന ഉണ്ടാക്കിയ ദോശ അവർ ചൂടോടെ കഴിച്ചു. അവർ ഉണ്ടാക്കിയതിനെ അമ്മയുടെ വായിൽ വച്ചു കൊടുക്കുവാൻ അച്ചുവും ,ആർച്ചയും മത്സരിച്ചു .
കുളി കഴിഞ്ഞ് കൺമഷി എഴുതുമ്പോഴാണ് പായസം വേണമെന്ന് ആർച്ചപറഞ്ഞത് .
പാൽപ്പായസം മതി എന്ന് അവളെ പിന്തുണച്ചു കൊണ്ട് അച്ചു .
അവർ രണ്ടു പേരുമായിരുന്നു പിന്നെ ജീനയുടെ കൈകൾ .
നല്ല രസം ണ്ട്ന്ന് -അമ്മ വാരിക്കൊടുത്ത ഭക്ഷണം മുഴുവൻ കഴിഞ്ഞ് പായസം  കഴിക്കുമ്പോൾ ആർച്ച ഉറക്കെപ്പറഞ്ഞു .
ബാക്കി ചൂടിനെ വകവെക്കാതെയാണ് അവൾ കഴിക്കുന്നത് .
അമ്മ ഉണ്ടാക്കിയതുകൊണ്ടാ ഇത്രേം രസം എന്ന് അനുജത്തിയെ ചേർത്ത് പിടിച്ച് അച്ചു പറഞ്ഞപ്പോൾ ഒരു നിമിഷം ജീനയുടെ കണ്ണൊന്ന് അടഞ്ഞു .
ഇത്തിരി കണ്ണീർ വന്നോന്ന് അവൾക്ക് സംശയം .
അവൾ രണ്ടു പേരെയും മാറി മാറി നോക്കി .
ഒരു ചിരി വരുത്താൻ ശ്രമിച്ചു .
പുതിയ മിസ് വന്നതും ,നല്ലോണം മുടിയുള്ള സുന്ദരി മിസ് ആദ്യ ദിവസം വന്നപ്പോ മിഠായി തന്നതും അച്ചു ഡ്രോയിംഗ് റൂമിലെ വെറും നിലത്ത് കിടക്കുമ്പോൾ അമ്മയോടു പറഞ്ഞു .
സാന്ദ്ര ജോണും ,ശ്രീനന്ദനും ദിവസവും അവളുടെ കളർ  പെൻസിലുകൾ എടുക്കുന്നതായിരുന്നു ആർച്ചയുടെ പരാതി . എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോഴാണ് ഇപ്രാവശ്യത്തെ ആന്വൽ ഡേക്ക് അമ്മ എന്തായാലും വരണമെന്ന നിർബന്ധം അച്ചുവും ,ആർച്ചയും ജീനക്ക് മുന്നിൽ വെച്ചത്.
എല്ലാ പ്രാവശ്യവും വരാം ന്ന് പറഞ്ഞ് പറ്റിക്കും .
ഇത്തവണ എല്ലാവർക്കും കാണിച്ചു കൊടുക്കണം ഞങ്ങടെ സുന്ദരി അമ്മയെ പറഞ്ഞു തീരും മുൻപേ രണ്ടു പേരും ജീനയുടെ മുകളിലേക്ക് കേറിയതുകൊണ്ട് മറുപടിക്ക് അവൾക്ക് ബുദ്ധിമുട്ടേണ്ടി വന്നതേയില്ല .
പിന്നെ അവളുടെ മേലെ മറിഞ്ഞു കളിക്കുകയായിരുന്നു രണ്ടു പേരും .
കളി കഴിഞ്ഞ് അച്ചുവിനൊപ്പം പസിൽ കളിക്കുവാനും ,ആർച്ചയുടെ ചിത്രങ്ങൾ നിറം കൊടുക്കുവാനും ജീന പിശുക്കു കാണിച്ചതേയില്ല .
അന്തി വീഴുന്നതിന് തൊട്ടു മുൻപെ ജ്യൂസ് കോർണറിലെ സ്പെ‌ഷ്യൽ അവിൽ മിൽക്ക് കഴിച്ച് ഫുട്പാത്തിലൂടെ കൈകോർത്ത് പിടിച്ച് കുറെ നടന്നു .
ഒടുവിൽ മലയാളീസ്  ഹോട്ടലിലെ തലശ്ശേരി ബിരിയാണി കഴിച്ച് പുറത്തേക്കിറങ്ങുമ്പോൾ ഒരു തീവണ്ടി  സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുകയായിരുന്നു .
അച്ചുവും
ആർച്ചയും
ആ തീവണ്ടിയെ നോക്കി കൈവീശി .
പിന്നെ
അമ്മയിലേക്ക് കണ്ണും നട്ട് ഇരുന്നു .
സിബിൻ ഹരിദാസ്

You can share this post!