ചിലരങ്ങനെയാണ്/പി.എൻ രാജേഷ്കുമാർ

ചിലരങ്ങനെയാണ്,
അവർക്ക് നല്കാൻ നമ്മുടെ ജീവിതത്തിൽ
പ്രത്യേക പദവികൾ കാണില്ല!
അച്ഛൻ , അമ്മ, ഗുരു,
സഹോദരങ്ങൾ, സുഹൃത്ത്
ഭർത്താവ്, ഭാര്യ,
കാമുകൻ, കാമുകി….
അങ്ങനെ ഒന്നുമൊന്നുമല്ലാത്തവർ…

എന്നാലവർ നമ്മളെ
ചുട്ടുപൊള്ളുന്ന മണൽപരപ്പുകളിൽനിന്നും
പൂത്തുനില്ക്കുന്ന
ഗുൽമോഹർച്ചുവടുകളിലേക്ക് കൊണ്ടുപോകും!
വറ്റിവരണ്ട പുഴയിറമ്പുകളിൽനിന്നും
അവരായിരിക്കും നമ്മളെ
ചുവന്നുതുടുത്ത സന്ധ്യകളുടെ
കടൽതീരത്തേയ്ക്കാനയിയ്ക്കുന്നത്!
അവരാണ് നമുക്ക്
അമാവാസികളുടെ
പേടിപ്പൊത്തുകളിൽനിന്നും
നിലാമുറ്റത്തെ
നിശാഗന്ധികൾക്കരികിലേയ്ക്കുള്ള വഴിയൊരുക്കുന്നത്!

അങ്ങനെയങ്ങനെ…
അവരുടെ കൈപിടിച്ചാവും
നമ്മൾ മഴയുടെ പാട്ടുകേൾക്കുന്നതും
മഞ്ഞിന്റെ കുളിരണിയുന്നതും
ഇളവെയിലിന്റെ
ചൂടറിയുന്നതും….
ശ്വാസത്തിലലിഞ്ഞുചേർന്ന
അവരെ നാം
എന്താണ് വിളിക്കേണ്ടത് ?

പി.എൻ രാജേഷ്കുമാർ

You can share this post!