ചിത്രപതംഗമേ …/കെ.ജി.ശ്രീകുമാർ 

നാനാവർണ്ണങ്ങൾ മനോജ്ഞമായി
സമ്മേളിച്ചിരിക്കുന്നതിനാൽ
നിന്നെ സൗന്ദര്യമായി എന്റെ
കണ്ണുകൾ അടയാളപ്പെടുത്തുന്നു.
നിന്റെ നേത്രങ്ങൾ എവ്വിധമെന്നെ
രേഖപ്പെടുത്തുന്നു എന്നറിയില്ല;
കാണുന്നുണ്ടോ എന്നു പോലും.

എന്റെ ശ്വാസനിശ്വാസങ്ങൾ
നിന്നെ അലോസരപ്പെടുത്തുന്നുണ്ടാം.
ദീർഘ ദുരിതവും തരുന്നുണ്ടാം.
നിന്റെ പ്രാർത്ഥനകൾ ഞാൻ അറിയുന്നു;
അവയെല്ലാം ശോഷിച്ച വീചികളായി
ധരയിൽ പതിക്കുന്നതായും.
നീ കരുതും പോലൊരു
വിധാതാവല്ല ഞാൻ.
ശ്വാസനിശ്വാസങ്ങൾ നിലച്ചാൽ നിപതിക്കുന്നൊരു
ദുർബ്ബല തനുവാണെന്റേതും.

 നമ്മൾ സമരാണ്.
ചില അദൃശ്യ നിശ്വാസങ്ങൾ
എന്നെയും തപിപ്പിക്കുന്നു.
വിധിയെ പഴിച്ച് വിധി നിർണ്ണേതാവിനെ ഭജിക്കും
ശുഭകാംക്ഷിയാണ് ഞാനും .
നമ്മുടെ പഴികളെല്ലാം ഒലിച്ച്
കടലിന് ലവണവും
പ്രാർത്ഥന കളെല്ലാം അടിഞ്ഞ് ഭൂവൽക്കത്തിന്
ലാവണ്യവുമേകുന്നുണ്ടാം.

You can share this post!