ഗ്രന്ഥാലയത്തിലെ ശശാങ്കൻ/ശശിധരൻ നമ്പ്യാർ തൃക്കാരിയൂർ


ശശാങ്കൻ ഉച്ചമയക്കത്തിലായിരുന്നു. കഴിഞ്ഞ ഒരുവർഷത്തിലേറെയായി മയക്കമാണ് കൂട്ട്.ഇപ്പോഴത്തെ ജോലി മിക്കവാറും ഇതുതന്നെ.ഉച്ച,പുലരി, അന്തി അങ്ങിനെ പ്രത്യേകിച്ച് സമയമൊന്നും നോക്കേണ്ടതില്ല.

നഗരത്തിലെ പ്രധാന ഗ്രന്ഥാലയത്തിന്റെ ചുമതലയാണ് ശശാങ്കന്. അടുത്തൂൺ പറ്റാൻ അധികദൂരമില്ല. ശശാങ്കൻ ഒരക്ഷര വിരോധിയൊന്നുമല്ല. മാത്രമല്ല വർഷങ്ങളായുള്ള ഒരു പ്രണയം തന്നെ കക്ഷിയ്ക്ക് അക്ഷരങ്ങളോടുണ്ട്‌.പലവട്ടം പ്രണയിച്ച് പ്രിയമായതെങ്കിലും ഇപ്പോൾ അല്പനേരത്തെ സല്ലാപത്തോടെ ഒരാലസ്യം ശശാങ്കനെ ബാധിക്കുകയും പിന്നാലെ മയക്കം വന്ന് പുണരുകയും ചെയ്യുക പതിവാണ്.

രണ്ടാമൂഴത്തിന്റെ അവസാന അധ്യായം മൂക്കിന്റെ മുന്നിൽ തുറന്നിരിപ്പുണ്ട്. ചൂണ്ടുവിരൽ അടയാളങ്ങളെ വിദഗ്ധമായി ഒളിപ്പിച്ച് അവകാശികൾ നാല് മൂലയ്ക്കും കാവലിരിക്കുന്നുണ്ട്.മൂന്ന്,നാല്, അഞ്ച്, ഊഴങ്ങളൊക്കെ ഒന്നെഴുതാൻ ശശാങ്കൻ ഒന്ന് ശ്രമിച്ചതാണ്.എം ടിയ്ക്ക് തിരക്കായതോണ്ട് അനുവാദം ചോദിച്ചില്ല.അതിപ്പോ പതിവൊന്നും ഇല്ലല്ലോന്ന് ഒരു സമാധാനം സ്വയം കണ്ടെത്തുകയും ചെയ്തു.

ടാഗോറും,ഷെല്ലിയും,ഷേക്സ്പീയറും എന്നുവേണ്ട ആശാനും, വള്ളത്തോളും, വത്മീകിയും, വ്യാസനും തുടങ്ങി അധുനാധുന മാധ്യമകേസരികൾവരെയുള്ള തൂലിക തൊട്ടവരെയൊക്കെ തൊട്ടുകൂട്ടി ഒരു പദ്ധതി. പക്ഷേ എംറ്റി വേറെ എംപ്റ്റി വേറെ എന്ന് ബോധോദയം ഉണ്ടായപ്പോൾ എഴുത്തോലയെ കന്യകയായിത്തന്നെ വെറുതെ വിട്ടു.

കടലോളം വായന കടുകോളം എഴുത്ത് (രജിസ്റ്ററിൽ ചേർക്കേണ്ടവ മാത്രം)എന്ന ആപ്തവാക്യത്തെ സധൂകരിക്കും വിധം ഔദ്യോഗിക ജീവിതത്തിലെ സത്യസന്ധത, ആത്മാർത്ഥത സർവോപരി സമാധാനം എല്ലാം ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാസേവകനായി ശശാങ്കൻന്റെ ജീവിതം തുടരുന്ന അവസരത്തിൽ ഗ്രന്ധാലയത്തിലെ അന്തരീക്ഷം ഒരു പൊട്ടിത്തെറിയിലേയ്ക്ക് മാറുകയായിരുന്നു.

സഹവർതിത്വത്തിലും സാഹോദര്യത്തിലും അലമാരകളിൽ വസിച്ചിരുന്ന ഗ്രന്ഥങ്ങൾക്കിടയിൽ വിടവുകൾ പ്രത്യക്ഷപ്പെടുന്നത് ശശാങ്കന്റെ ദൃഷ്ടിയിൽ പെട്ടിരുന്നില്ല.

പൗരാണിക ഗ്രന്ഥങ്ങളിൽ നിന്നും ചരിത്രപുസ്തകങ്ങളിൽനിന്നും മതഗ്രന്ഥങ്ങളിൽനിന്നുംമറ്റും ചിലതാളുകൾ അപ്രത്യക്ഷമാവുകയാണ് ആദ്യം സംഭവിച്ചത്.
പ്രധമദൃഷ്ട്യാ ശശാങ്കന്റെ ശ്രദ്ധയിൽ പെടാത്ത ഒരു സംഭവമായിരുന്നു.ഇത്.
നഷ്ടപ്പെട്ട താളുകൾക്ക് പകരം കൂട്ടിച്ചേർക്കലുകൾ ഉണ്ടായതും ഒരു കാരണമായിരുന്നു.

കൂട്ടിച്ചേർക്കലുകൾ സ്വതന്ത്ര രചനകളായി അലമാരകളിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമം തുടങ്ങിയതോടെ അലമാരകൾ സംഘർഷ ഭരിതമാവുകയും പുസ്തകങ്ങൾ പലതും പുറത്തെറിയപ്പെടുകയും ചിലത് അഗ്നിക്കിരയാവുകയും ഉണ്ടായപ്പോൾ തന്റെ ഔദ്യോഗിക ജീവിതത്തിന്റെ സുരക്ഷപോലും അപകടത്തിലാകുമെന്ന് ശശാങ്കൻ അറിഞ്ഞു.

പലതട്ടുകളിലേയ്ക്ക് പലരെയും മാറ്റിവയ്ക്കുകയും ഇടയിൽ നിരുപദ്രവികൾ എന്ന് തോന്നിച്ച കഥകൾ, കവിതകൾ, കാർട്ടൂണുകൾ സാരോപദേശസംഹിതകൾ എന്നിവയ്ക്ക് സ്ഥാനം കൊടുക്കുക എന്നിങ്ങനെ സൗമ്യമായ നടപടികൾ കൊണ്ട് സമാധാനാന്തരീക്ഷം ഉണ്ടാക്കുന്നതിനാണ് ശശാങ്കൻ ആദ്യം ശ്രമിച്ചത്.

പക്ഷേ ശശാങ്കന് വെല്ലുവിളിയുയർത്തിക്കൊണ്ട് കലാപം അടുത്ത അലമാരകളിലേയ്ക്കും പടരുകയായിരുന്നു.ജീവശാസ്ത്രം, ജന്തുശാസ്ത്രം, ഭൂമിശാസ്ത്രം,തത്വശാസ്ത്രം, ലിംഗശാസ്ത്രം, ഭാഷാശാസ്ത്രം, എല്ലാം തങ്ങളുടേതായ അലമാരകൾക്കും സ്വന്തം മുറികൾക്കും വേണ്ടി വാദിക്കുകയും തെളിവുകൾ ഉണ്ടാക്കുകയും ചെയ്തുകൊണ്ടിരുന്നു.

പരസ്പര ഉടമ്പടികളാൽ പ്രത്യേകം അലമാരകളും തട്ടുകളും നിർമിച്ച് തത്കാലിക പരിഹാരം കണ്ടെത്തിയെങ്കിലും
വൈകാതെ തട്ടുകളിൽ നിന്നും അലമാരയിലേയ്ക്കും അവിടെനിന്നും മുറികളിലേയ്ക്കും അധിപത്യം ഉറപ്പിക്കാനുള്ള അവകാശമായി അത്‌ മാറി.

കൃതാർത്ഥതയോടെ വിരമിക്കാനുള്ള ആഗ്രഹം ശശാങ്കന് ഉപേക്ഷിക്കേണ്ടിവരും എന്ന് സംശയിക്കേണ്ടുന്ന അവസ്ഥ.
കലഹം സായുധകലാപത്തിലേയ്ക്ക് മാറിയത് പെട്ടെന്നായിരുന്നു.പുറചട്ടകളിൽ കാണുന്നതല്ല ഉള്ളടക്കം എന്ന് ശശാങ്കൻ സംശയിച്ചുതുടങ്ങി.ഉള്ളടക്കം നോക്കിയുള്ള തരം തിരിവും ഉള്ളിലൊളിപ്പിച്ച വികൃതാക്ഷരങ്ങളും ശശാങ്കന്റെ ഉറക്കം കെടുത്തി.കലാപം പല ശേഖരങ്ങളും അഗ്നിക്കിരയാക്കിക്കൊണ്ടിരുന്നു. പല പുസ്തകങ്ങളും അലമാരകൾ തന്നെയും ഗ്രന്ഥശാലയിൽ നിന്ന് നിശ്ശേഷം അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.

കടുത്ത നടപടികളിലേയ്ക്ക് പോകാതെ പറ്റില്ലെന്ന അവസ്ഥയിൽ ഏകാക്ഷരങ്ങളിൽ ഏകാശയങ്ങൾ എഴുതിയവയെ തിരഞ്ഞുപിടിച്ച് ഓരോ മുറികളിൽ അടുക്കി. പഴുതുകൾ അടച്ച് പൂട്ടി മുദ്രവയ്ക്കുകയും. ചെയ്തു.

ശേഷം വിശാലമായ നടുത്തളത്തിൽ നിർദോഷികളെ നിരത്തിവച്ചു. അടുത്ത വായനക്കാരന് വാതിൽ തുറന്നിട്ട്‌ ശശാങ്കൻ തന്റെ അവസാന ഹാജരും ഒപ്പുവച്ചു.

സൗഹൃദം സ്നേഹം സഹവർതിത്വം എന്നിങ്ങനെ പല അധ്യായങ്ങളുള്ള പല ഭാഷയിലുള്ള പുസ്തകങ്ങൾ നിരന്നിരിക്കുന്ന
ഗ്രന്ഥശാലയുടെ താക്കോൽ പുതിയ ചുമതലക്കാരനെ ഏൽപ്പിക്കുമ്പോൾ ശശാങ്കൻ പറഞ്ഞു. “പൂട്ടിയ മുറികൾ തുറക്കേണ്ട. ഇരുൾ അവിടെ ഒതുങ്ങട്ടെ….
കലഹങ്ങൾ അവിടെ ഉറങ്ങട്ടെ…..”

ശശാങ്കൻ പടിയിറങ്ങുമ്പോൾ പിന്നിൽ
അക്ഷരങ്ങളുടെ പിൻവിളി ഉയരുന്നുണ്ടായിരുന്നു.

You can share this post!