കരക്കാരുടെ കടത്തുവഞ്ചി

പണ്ടു  ഞാനും നീയും കൂടി
പാതിരാത്തണുപ്പിൽ
ആഴമേറിയ പുഴ കടന്നിട്ടുണ്ട്‌.
ഇപ്പോൾ പുഴ
എന്നെയും നിന്നെയും കടന്നു
അക്കരയ്ക്ക്‌ പോയിരിക്കുന്നു.
ആത്മവഞ്ചിയുടെ മുദ്രാവാക്യം
ആഴിയെത്തും മുമ്പേ
ആവിയായിപ്പോയതിനാൽ
പുഴകളെ വിശ്വസിച്ച്‌
എങ്ങും പോകാൻ വയ്യ
ദേശാന്തരങ്ങളിൽ തോണിപ്പാട്ടു കേട്ട
തെങ്ങോലകളുടെ വംശം
മുടിഞ്ഞു പോയതിനാൽ
ഓർമ്മയുടെ തീരങ്ങൾ
രോമാഞ്ചം കൊള്ളാൻ
കൊള്ളക്കൂട്ടങ്ങൾ
അനുവദിക്കുകയില്ല.
ഇലപ്പച്ചയിൽ
പ്രണയവീടു വച്ച
കുളക്കോഴികളുടെ തൂവൽ
പുഴയുടെ ജഡത്തോടൊപ്പം
പുരാതനമായ കല്ലറയിൽ
അടക്കം ചെയ്തിരിക്കുന്നു.
കാട്ടുമലയുടെ ഗർഭത്തിൽ
കഴുത്തുമുറിച്ചെറിഞ്ഞ
കമിതാക്കളുടെ സ്വപ്നങ്ങൾക്ക്‌
വിലാപയാത്രവിധിച്ച്‌
കാറ്റ്‌ തെക്കോട്ടോ വടക്കോട്ടോ
പോയതെന്നാർക്കറിയാം?!
ഇനിയിപ്പോൾ കടത്തുവഞ്ചി
വെട്ടിക്കീറി പങ്കിട്ടെടുത്ത
കരക്കാരുടെ ക്രൗരം സഹിച്ച്‌
അക്കരയിക്കരെ നിൽക്കുമ്പോൾ…
പൊട്ടിത്തെറിച്ചവരുടെ പട്ടികയിൽ
നീയും ഞാനും പുഴയും !!

You can share this post!