കമ്പോള സംസ്കാരത്തിന്റെ സ്വാധീനങ്ങൾ/അപർണ

ഉപഭോഗ സംസ്കാരത്തിന്റെ ഒരു മികച്ച ഉൽപ്പന്നമായി മനുഷ്യൻ മാറിയിരിക്കുന്ന ഒരു സമൂഹത്തിലാണ് നാമിന്ന് ജീവിക്കുന്നത്. എങ്ങനെ ജീവിക്കണം, എന്ത് ഉടുക്കണം,എന്ത് കഴിക്കണം എന്നു തുടങ്ങി ജനനം മുതൽ മരണം വരെ ഉള്ള കാര്യങ്ങൾ കൃത്യമായി ഒരു ചട്ടക്കൂടുണ്ടാക്കി അതിൽ എഴുതിവെയ്ക്കപെട്ടിരിക്കുന്നു.നാമറിയാതെ തന്നെ ഒരു പുത്തൻ സംസ്കാരം നമ്മെ അദൃശ്യ
കരങ്ങളാൽ നിയന്ത്രിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ, എന്നുമുതലാണ് ഇത് നമ്മെ നയിക്കാൻ ആരംഭിച്ചത് ? എങ്ങനെയാണ് നമ്മൾ ഇതിനെല്ലാം അടിമകളാകുന്നത്?






മനുഷ്യൻ എന്നും നിയന്ത്രണങ്ങളിൽ ജീവിച്ചിരുന്നവരാണ്. അത് ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല നീണ്ട വർഷങ്ങളുടെ ചരിത്രം ഉണ്ട് ഈ നിയന്ത്രണങ്ങൾക്ക്. ബഹുഭൂരിപക്ഷം വരുന്ന സമൂഹം ഒരു ചെറിയ കൂട്ടരെ ഭയന്ന് അവരിറക്കിയ നിയമങ്ങൾക്കു മുന്നിൽ മൗനികളായി ജീവിക്കേണ്ടി വന്ന ഫ്യൂഡൽ കാലഘട്ടം.അന്ന് ജാതി എന്നൊരു ബോധരൂപമാണ് അവിടെ പ്രവർത്തിച്ചിരുന്നത്. ജാതി നിർമിച്ച ഒരു അതിർത്തിക്ക് കീഴിൽ ആയിരുന്നു അന്ന് മനുഷ്യൻ.പിന്നീട് അതിനു ശേഷം വന്ന ബ്രിട്ടീഷ് ഭരണകാലത്ത് ആദ്യ കാലഘട്ടത്തിൽ ഉണ്ടായിരുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു തലം ആയിരുന്നു.ഇവിടെ ആയുധങ്ങളും നിയമങ്ങളും ശക്തമായ എതിർപ്പുകളും കലാപങ്ങളും ഈ കൊളോണിയൽ വാഴ്ചയ്‌ക്കെതിരെ ഉയർന്നു വന്നിരുന്നു.എന്നാൽ പിന്നീട് ഇരുപതാം നൂറ്റാണ്ടിനു ശേഷം ഇത്തരം അന്തരീക്ഷങ്ങളിൽ വലിയ തോതിൽ മാറ്റം വന്നു.നമ്മുടെ മുഖഛായ തന്നെ ഈ കാലഘട്ടമായപ്പോഴേക്കും മാറി. ചിന്താഗതികളിൽ മാറ്റമുണ്ടായി. എല്ലാ കെട്ടുപാടുകളിൽ നിന്നും നാം നൂതനമായ സ്വതന്ത്ര ലോകത്ത് എത്തി.അവിടെ എല്ലാവരും ഒരേ നിയമങ്ങൾ അനുസരിച്ചു ജീവിക്കുന്നു.സമത്വത്തെയും സ്വാതന്ത്രത്തെയും പറ്റി വാചാലരാകുന്നു. അവ ലഭ്യമാകാതിരുന്നാൽ ശബ്ദമുയർത്തുന്നു.വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങൾ തിരിച്ചറിയുന്നു.ഓരോ മനുഷ്യനും തന്റെതായ ഒരു ഇടം കണ്ടെത്തുന്നു.വ്യക്തിക്ക് പ്രാധാന്യം കൊടുക്കുന്നു.എല്ലാ മേഖലകളും
പുതിയ ലോകത്തെ സ്വീകരിക്കുന്നു.എന്നാൽ, എത്രയെല്ലാം സ്വതന്ത്രൻ എന്ന് പറഞ്ഞാലും നമ്മൾ ഇന്നും ചില ശക്തികേന്ദ്രങ്ങളാൽ ഭരിക്കപ്പെടുന്നുണ്ട്.ഇവിടെ ആദ്യത്തെ അവസ്ഥകൾ പോലെ ആയുധങ്ങളോ നീണ്ട സമരങ്ങളോ ഇല്ല നിയമങ്ങൾ ഇല്ല നിയന്ത്രണങ്ങൾ ഇല്ല. ഒരു കമ്പോള സംസ്കാരം ആണ് നമ്മെ അദൃശ്യമായി ഭരിക്കുന്നത്.

                        മൂലധനകേന്ദ്രീകൃതമായ ഒരു സാമൂഹ്യസ്ഥിതിയാണിത്.ചരക്കുകകളോ സേവനങ്ങളോ വിവരങ്ങളോ വാങ്ങുന്നതിനോ വിൽക്കുന്നതിനോ വേണ്ടി സജ്ജീകരിക്കപ്പെട്ട പ്രത്യേക ഇടമാണ് കമ്പോളം എന്ന് പൊതുവിൽ നിവർചിക്കാം അവിടെ വ്യക്തിക്കോ കുടുംബത്തിനോ ഒന്നും അല്ല പ്രാധാന്യം മറിച്ച് മൂലധനത്തിനു മാത്രമാണ്.മനുഷ്യൻ തീർത്തും ഈ അധികാരകേന്ദ്രത്തിന്റെ അടിമകളായി മാറിയിരിക്കുന്നു.കമ്പനികൾ ഉപഭോക്താവിനെ തങ്ങളുടെ ഉത്പന്നത്തിലേക്ക് ആകർഷിപ്പിക്കുന്നത്തിനായി പുതിയ പുതിയ മുദ്രാവാക്യങ്ങളും പരസ്യങ്ങളും ഇളവുകളും എല്ലാം അവതരിപ്പിക്കുന്നു. ഈ ആകർഷണ വലയത്തിൽ സ്വയം അറിയാതെ അകപ്പെട്ട് പോകുകയാണ് ഇന്നിന്റെ മനുഷ്യൻ. അവന്റെ അധ്വാനത്തെയും സമയത്തെയും ജീവിതത്തെയും മുഴുവനായും ഈ രീതികൾ കവർന്നിരിക്കുന്നു. ഇന്ന് മനുഷ്യന് സ്വന്തമായ താല്പര്യങ്ങൾ ഇല്ല മറിച്ച് സമൂഹത്തിന്റെ താല്പര്യമാണ് അവന്റെ താല്പര്യങ്ങൾ.സ്വതന്ത്രമായ ഇഷ്ടങ്ങളെ മനുഷ്യൻ മറന്നിരിക്കുന്നു.നിർമ്മാതാക്കളായ ഒരു കൂട്ടം ജനങ്ങളാൽ നിർവചിക്കപ്പെട്ടിരിക്കുന്നു നമ്മൾ.ഒപ്പം തന്നെ അവർ അബോധമനസ്സിൽ പല തരത്തിലുള്ള പുതു സങ്കല്പങ്ങൾ വളർത്തിയെടുക്കുകയും ചെയ്യുന്നു. ഉപഭോക്താവിന്റെ ഇഷ്ടങ്ങൾക്കനുഗുണമായി പ്രവർത്തിക്കുന്നു എന്ന മുദ്രാവാക്യത്തിൽ കീഴിൽ ഓരോ കമ്പനികളും സ്വന്തം ലാഭം മുന്നിൽ കണ്ടുകൊണ്ടിരിക്കുന്നു. അതനുസരിച്ചു ഉൽപ്പന്നത്തിന്റെ വിറ്റഴിക്കൽ മാത്രമാകുന്നു അവരുടെ ലക്ഷ്യം,അല്ലാതെ ഉപഭോക്താവിന്റെ നന്മയല്ല.ഓരോ സങ്കല്പത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ന് ജനങ്ങൾ സഞ്ചരിക്കുന്നത്.ഒരു കുട്ടിയുടെ ജനനം മുതലോ അല്ലെങ്കിൽ അതിനു മുന്നേ തന്നെയോ ഈ സങ്കല്പങ്ങൾ പ്രവർത്തിച്ചു തുടങ്ങുന്നു.ബേബി ഷവർ, മോം ടു ബി തുടങ്ങി ഗർഭകാലം മുതൽ ഓരോ പാക്കേജുകളിൽ നിന്ന് പുതിയ ചടങ്ങുകളിൽ നിന്ന് പിന്നീടങ്ങോട്ട് ഒരു കുട്ടിയുടെ ആധുനിക മാതൃക രൂപം തന്നെ അവർ നിർമ്മിച്ചു വച്ചിരിക്കുകയാണ്.ശേഷം അവ പൂർത്തീകരിക്കാനായാണ്  മാതാപിതാക്കൾ ശ്രമിക്കുന്നത്.കുട്ടി ഉയരം വെയ്ക്കാൻ ഈ ഉൽപ്പന്നം നൽകണം, ബുദ്ധി വളർച്ചയ്ക്ക് ഈ ഉൽപ്പന്നം നൽകണം,ഒരു സ്കൂളിൽ കുട്ടി എന്നാൽ ഇങ്ങനെ ആയിരിക്കണം വിദ്യാഭ്യാസ രീതി എന്നാൽ ഇപ്രകാരം ആയിരിക്കണം. വസ്ത്രധാരണം ഇങ്ങനെ ആയിരിക്കണം എന്നു തുടങ്ങി ആദ്യം മാതാപിതാക്കളിലും പിന്നീട് ആ കുട്ടിയിലും ശക്തമായ സ്വാധീനശക്തിയായി ഈ വിപണികൾ മാറുന്നു. സങ്കല്പ നിർമ്മിതിയാണ് ഇവിടെ.ഒരിക്കലും ഉപഭോക്താവ് സംതൃപ്തി വരിക്കുന്നില്ല. മറിച്ചു അവന്റെ ആശകൾ വളർന്നു കൊണ്ടിരിക്കുകയാണ് ,അന്ത്യമില്ലാതെ .


പരസ്യമാധ്യമങ്ങൾ ഈ മേഖലയിൽ ചെലുത്തുന്ന സ്വാധീനശക്തി ചെറുതല്ല. ഓരോ മനുഷ്യനെയും ആകർഷണത്തിന്റെ ചൂണ്ടയിൽ കൊളുത്തുന്നതിനായുള്ള പുതിയ പുതിയ ചിന്തകളിലാണവർ.അതിനായി മനുഷ്യരിൽ സ്വാധീനം ചെലുത്താൻ പ്രാപ്തരായവരെ മുതലാളിത്തം തിരഞ്ഞു കണ്ടെത്തുന്നു.അത് അഭിനേതാക്കളോ,കായികതാരങ്ങളോ,ഗായകരോ ആരുമാവാം.ഇവിടെ ജനങ്ങൾ ആ വ്യക്തികളിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തെ, സ്നേഹത്തെ ആരാധനയെ എല്ലാം ചൂഷണം ചെയ്യപ്പെടുകയാണ്.അവരുടെ സ്വാധീനശക്തിയെ വില്പനച്ചരക്കാക്കി ലാഭം ഉണ്ടാക്കുകയാണ്.ഈ ആരാധനയിൽ നിൽക്കുമ്പോൾ ഒരിക്കലും അവർ പറയുന്നത് ഉൽപ്പന്നത്തിന്റെ വിൽപ്പനയ്ക്കായി വേണ്ടി മാത്രമാണെന്ന് വിശ്വസിക്കാൻ കാഴ്ച്ചക്കാർക്ക് സാധിക്കില്ല. പത്രമാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും എല്ലാ പഴുതുകളിലൂടെയും പുതിയ ആകർഷകത്വത്തിന്റെ ആശയങ്ങളുടെ നിറവിൽ പുതിയ ഓരോ പരസ്യങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.ഉത്സവങ്ങളും ആഘോഷ ദിനങ്ങളും കഴിഞ്ഞ വർഷത്തെക്കാൾ  എങ്ങനെ വ്യത്യസ്തമാക്കണം എന്ന് അവർ ചിന്തിക്കുന്നു. അത് പുതിയ ഒരു ഉല്പന്നത്തെ പരിചയപ്പെടുത്തി കൊണ്ടോ, ഉൽപ്പന്നത്തിൽ ആകർഷകമായ ഇളവുകൾ വരുത്തി കൊണ്ടോ,വ്യത്യസ്തമായ ഒരു ആഘോഷ രീതി അവതരിപ്പിച്ചു കൊണ്ടോ ആകാം.ഇവിടെ കമ്പനികൾ കാണുന്നത് തങ്ങളുടെ വിപണിയുടെ മൂല്യം വർദ്ധിപ്പിക്കുക എന്നത് മാത്രമാണ്.കേവലം അറിയിപ്പുകൾ മാത്രമായി മുന്നിലേക്ക് കടന്നു വരുന്ന പരസ്യങ്ങൾ ശക്തമായ സാംസ്കാരിക ഇടപെടൽ നടത്തുന്നുണ്ട്. കച്ചവടത്തിന്റെ അനന്ത സാധ്യതകൾ ആകർഷകത്വത്തിന്റെ നിറങ്ങൾ അണിഞ്ഞു വിളംബരം നടത്തുമ്പോൾ, പരിഷ്കൃത സമൂഹത്തിന്റെ മുഖം മൂടികൾ നമ്മൾ സ്വയം എടുത്തണിയുന്നു. അത്തരം ഒരു സാമൂഹികസ്ഥിതി ആവശ്യമേറിയ ഒന്നാണെന്നു തെറ്റിദ്ധരിക്കുന്നു. പുതുമ നിറഞ്ഞ വസ്ത്രധാരണ ശൈലിയും വിലയേറിയ വീട്ടുപകരണങ്ങളും വാഹനങ്ങളും അന്തസ്സിന്റെ ചിഹ്നനങ്ങളായി കയറി വരുന്നു. ഈ പ്രവണത ഒരാളിൽ നിന്ന് ആരംഭിച്ചു ഒരു സമൂഹത്തിന്റെ പ്രവണതയാക്കി മാറ്റുന്നു വിപണികൾ. പരസ്യമാധ്യമങ്ങളിലെ ജീവിതശൈലി മനുഷ്യന്റെ പ്രലോഭനപരത വർദ്ധിപ്പിക്കുന്നു

ജനങ്ങളുടെ ഇപ്പോഴത്തെ അഭിരുചികൾ എന്താണെന്ന് “മാർക്കറ്റിങ് റിസേർച്ച്” ലൂടെ തിരിച്ചറിയുകയും വിപണികളുടെ അളവിനത്ര മാർക്കറ്റിങ് ഇല്ലെങ്കിൽ അവിടെ അതിനത്യാവശമായ ക്യാമ്പയിനുകളും പരസ്യപ്രചാരണവും ഓഫറുകളും ഉണ്ടാക്കുന്നു.അത്തരത്തിൽ വിപുലമായി വന്നതാണ് അക്ഷയ തൃതിയ, വലെന്റൈൻസ്ഡേ തുടങ്ങി പുതിയ ദിനങ്ങൾ. ഇവയെല്ലാം നിർമ്മിക്കപ്പെടുന്നവയാണ്.
ഇതെല്ലാം കാണുന്ന മനുഷ്യന്റെ ഉള്ളിൽ അറിയാതെ രൂപപ്പെട്ട് വരുന്ന ഒരു സ്വപ്ന ജീവിത ശൈലി ഉണ്ട്. അതിലേക്കു എത്തിപ്പെടുത്തുന്നതിനു വേണ്ടി ഉള്ള സഞ്ചാരങ്ങൾ മാത്രമായി മാറുന്നു ഇന്ന് പൗരസമൂഹം.

യാഥാർഥ്യങ്ങളെ തിരസ്‌ക്കരിക്കുന്ന ദൃശ്യമാധ്യമങ്ങളുടെ ഭാവനാ ലോകത്ത് ഓരോ വ്യക്തികളും തങ്ങളുടെ താല്പര്യങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന തങ്ങളുടെ ഇടങ്ങൾ കണ്ടെത്തുന്നു. പൊതു സദസ്സുകളിൽ നിന്നും അവനവനിലേക്ക് ചുരുങ്ങി പോകുകയും സ്വന്തം അഭിരുചികൾക്കും താല്പര്യങ്ങൾക്കും അടിസ്ഥാനത്തിൽ തന്റെ ചുറ്റുപാടുകളിൽ വിരാജിക്കുകയും ചെയ്യുന്നു. സാമൂഹ്യ പ്രതിബദ്ധതയ്ക്കപ്പുറം ‘സ്വന്തം’ എന്നും ‘ഞാൻ’ എന്നും ഉള്ള രീതി വളരുന്നു.ഒരു വ്യക്തിയിൽ രൂപം കൊള്ളുന്ന പ്രത്യയശാസ്ത്രം അഥവാ ഐഡിയോളജി അയാളുടെ സ്വേച്ഛാപരമായ തിരഞ്ഞെടുപ്പല്ല. ബഹുജനമാധ്യമങ്ങളുടെ(mass media) സ്വാധീനത്തില്‍നിന്നു രൂപം കൊള്ളുന്നതാണത്. ഒരാൾ തന്റെ ഇച്ഛകളെയും കാഴ്ചപ്പാടുകളെയും ആവശ്യങ്ങളെയും രൂപപ്പെടുത്തുന്നത് ബോധപൂർവമല്ല .ഐഡിയോളജി ഇന്ന് രൂപപ്പെടുത്തുന്നത് മാധ്യമങ്ങളാണ്. ഒരു കമ്പോളസംസ്കാരത്തിൽ ഒരു ഉപഭോക്താവിന്റെ തെരഞ്ഞെടുപ്പുകളെയും ആവശ്യങ്ങളെപ്പോലും രൂപപ്പെടുത്തന്നത് കമ്പോളം തന്നെയാണെന്ന് അർത്ഥം .എഡ്വേർഡ് ഹെർമനും നോം ചോംസ്‌കിയും ചേർന്നെഴുതിയ സമ്മതികളുടെ നിർമ്മിതി (Manufacturing Consent: The Political Economy of the Mass Media) എന്ന പുസ്തകത്തില്‍ പട്ടാളകാർക്കശ്യമുള്ള ഭരണകൂടത്തിന്റെ സാന്നിധ്യം ഇല്ലാതെതന്നെ പൗരസമൂഹത്തെ അനുസരണയുള്ളവരും എന്തിനും സമ്മതം മൂളുന്നവരും ചോദ്യംചെയ്യാൻ‍ വിമുഖതയുള്ളവരുമാക്കി മാറ്റാൻ‍ കോർപറേറ്റ് സ്പോൺസേർഡ് കച്ചവട താത്പര്യ മാധ്യമങ്ങളിലൂടെ എങ്ങനെ സാധിക്കുന്നു എന്നു വിശദീകരിക്കുന്നുണ്ട്.
അഭിരുചികളും ജീവിതവീക്ഷണവുമെല്ലാം ചേര്‍ന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതില്‍ ബഹുജനമാധ്യമങ്ങള്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ സമൂഹമാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളുടെ ഉള്ളടക്കം ശരിയായി വിശകലനം ചെയ്യാന്‍ അഞ്ച് “”ഫില്‍ട്ടറുകളിലൂടെ” കടന്നുപോകണമെന്ന് ഹെര്‍മനും ചോംസ്‌കിയും വാദിക്കുന്നു. അവ യഥാക്രമം 1. ഉടമസ്ഥാവകാശം (ownership) (വാര്‍ത്ത നല്‍കുന്ന സ്ഥാപനത്തിന്റെ ഉടമ ആരാണ്?), 2.ധനസഹായം (funding) (വാര്‍ത്ത നല്‍കുന്ന സ്ഥാപനത്തിന് സാമ്പത്തിക സഹായം ചെയ്യുന്നതാരാണ്?), 3. പക്ഷപാതം (bias) (ആരുടെ പക്ഷമാണ് വാര്‍ത്ത പറയുന്നത്?), 4. രൂക്ഷ വിമര്‍ശനം (flak) (ഏത് ഗ്രൂപ്പുകളാണ് വാര്‍ത്തയ്ക്കെതിരെ പക്ഷപാതിത്വം ആരോപിക്കുന്നത്?), 5. മാനദണ്ഡങ്ങള്‍ (norms) (മാധ്യമപ്രവര്‍ത്തകര്‍ പങ്കിടുന്ന പൊതുവിശ്വാസപ്രമാണങ്ങള്‍ എന്തൊക്കെ?) എന്നിങ്ങനെയാണ്. മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളെയും വിവിധ അവതരണങ്ങളെയും ഈ ഫില്‍റ്ററുകളിലൂടെ വിശകലനവിധേയമാക്കി വേണം സ്വികരിക്കേണ്ടത്. പക്ഷേ അത്തരം ഒരു അപഗ്രഥനശേഷി വൈകാരിക അസുന്തലനം അനുഭവിക്കുന്ന ഉപഭോക്താവിനുണ്ടാവില്ല.
ഉപഭോഗസംസ്കാരത്തെ ഇരു കൈകളാലും സ്വീകരിച്ച ഒരു സമൂഹമാണ് നമ്മുടേത്. ഇവിടെ ന്യൂനപക്ഷത്തിനു മാത്രം പ്രാപ്യമായ ഒരു സാമൂഹ്യ ശൈലി വിപണികൾ അവതരിപ്പിക്കുമ്പോൾ അവരെ മാതൃകയാക്കി ഇത് കേവലം കച്ചവട തന്ത്രങ്ങൾ ആണെന്ന് മനസ്സിലാക്കാതെ ജനങ്ങൾ ആവശ്യമില്ലാതെ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നു. അമിതമായി പണം ചിലവാക്കുന്ന ഒരു ത്വര അപകടമായ വിധത്തിൽ രൂപപ്പെട്ട് വരുന്നുണ്ട്. സൗന്ദര്യവർദ്ധക വസ്തുക്കൾക്കും, സ്വർണം,ആഹാരം, മൊബൈൽ തുടങ്ങിയവയ്ക്കു വേണ്ടി ഒരു കൊല്ലത്തിൽ മലയാളികൾ ചിലവാക്കുന്ന പണത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ അത്ഭുതപ്പെടുത്തുന്നതാണ്.
ആവശ്യം,അത്യാവശ്യം,അനാവശ്യം എന്നതിൽ അവസാനത്തേതിൽ ആണ് നാമിന്നു നിൽക്കുന്നത്.പാരമ്പര്യ ജീവിതാവസ്ഥകളിൽ നിന്ന് ഏറെ വിദൂരത്താണ് ഇത്. ഷോപ്പിംഗ് ഒരു നൂതന സംസ്കാരമായും, രാത്രി പാർട്ടികൾ, ഹോട്ടൽ എന്നിവ വിനോദത്തിനുള്ള ഉപാധി ആയും വിവാഹം ധനസ്ഥിതി പ്രദർശിപ്പിക്കാനുള്ള വേദിയായും,വീടുനിർമ്മാണം ജീവിത നിലവാരം അളക്കുന്ന അളവുകോൽ ആയും മാറിയിരിക്കുന്നു.അനാവശ്യമായി പണം ഒഴുക്കുകയാണ് ഇന്ന്. ഇവിടെ ആരും തന്നെ ആവശ്യം എന്നതിനെ പരിഗണിക്കുന്നില്ല.ആകർഷകത്വം തോന്നുന്നതെന്തും ചെയ്തു തീർക്കുന്ന ‘ഒനിയോമാനിയ’ എന്ന രീതി വളർന്നു വരികയാണ്.ഇതിന്റെ ഫലമായി പണത്തിന്റെ വിനിമയവും അത്യാവശ്യത്തിന്റെയും അനാവശ്യത്തിന്റെയും അതിർവരമ്പുകളും മനുഷ്യൻ അറിയാതെ പോകുന്നു.
അനുകരണമാണ് മറ്റൊരു രീതി. എന്തിനെയും അനുകരിക്കുക എന്ന ചിന്താഗതി ഇന്ന് നിലനിൽക്കുന്നുണ്ട്.എല്ലാം ട്രെൻഡുകൾ ആണ്. കൂടുതലും പശ്ചാത്യ ജീവിതശൈലികൾക്ക് ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ട് നമ്മൾ.യഥാർത്ഥ ജീവിതം എന്നാൽ അത്തരം ജീവിതാവസ്ഥകൾ ആണെന്നും അതെല്ലാം ഉണ്ടങ്കിലേ സമൂഹത്തിൽ വിലയുണ്ടാകു എന്നുമുള്ള സങ്കല്പങ്ങൾ വളർന്നു വന്നിട്ടുണ്ട്. ജനങ്ങളുടെ ജീവിത രീതികളും,സൗന്ദര്യ സങ്കല്പങ്ങളും,വസ്ത്രധാരണവും,ഭക്ഷണവും വാഹന താല്പര്യങ്ങളും ഗൃഹാനിർമ്മാണങ്ങളും ആഘോഷങ്ങളുടെ രീതികളും എല്ലാം ഏറെ മാറിയിരിക്കുന്നു.ത്വക്കിന്റെ നിറം വെളുപ്പ് എന്ന സൗന്ദര്യ സങ്കല്പം ഉയർന്നു വന്നു.എന്തിനെയും കച്ചവടവൽക്കരിക്കുന്ന ഈ സമൂഹം ആ ചിന്തയെയും ഒരു കച്ചവട തന്ത്രമായി ഉപയോഗിക്കുന്നു.വെളുക്കുന്നതിനും സൗന്ദര്യം വർധിപ്പിക്കുന്നതിനു വേണ്ടിയുള്ള ശാസ്ത്രക്രിയകളും ഇന്ന് വലിയ ലാഭം ഉണ്ടാക്കുന്ന മേഖലയാണ്.അതുപോലെ തന്നെ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും.ഗൾഫ് പണത്തിന്റെ ഒഴുക്ക് സൃഷ്ടിച്ച ശൈലി ഇത്തരം രീതികളെ ശക്തമാക്കുന്നതായിരുന്നു.
സിനിമകളുടെയും സിനിമാതാരങ്ങളുടെ ജീവിതങ്ങളുടെയും സ്വാധീനം ഈ മേഖലയിൽ വളരെ ഉയർന്നതാണ്. സാധ്യമാകാത്ത ജീവിതാവസ്ഥകൾ സുന്ദരമാക്കി നല്ല ഫ്രെയിമുകളിൽ അവതരിപ്പിക്കുന്ന സിനിമകളും മറ്റും ജനങ്ങളുടെ സ്വപ്നങ്ങളുടെ നിറങ്ങൾ വർധിപ്പിക്കുന്നു. അത്തരം ലോകങ്ങളാണ് വലുതെന്നുള്ള ചിന്തകൾ ഉണർത്തുകയും ചെയ്യുന്നു.അവ അനുകരിക്കാൻ വേണ്ടി നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇത്തരം മാറ്റങ്ങൾ എല്ലാം തന്നെ മനുഷ്യനിൽ വിപരീത ഫലം ഉണ്ടാക്കുന്ന പോലെ തന്നെ പ്രകൃതിയിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്.പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം.പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉള്ള കയ്യേറ്റം. കെട്ടിട സമുച്ചയങ്ങളുടെയും വിനോദ കേന്ദ്രങ്ങളുടെയും നിർമ്മാണം എല്ലാം പരിസ്ഥിതിയെ വലിയ തോതിൽ ബാധിക്കുന്നുണ്ട്.
ഇതെല്ലാം തന്നെ വ്യക്തിപരമായ അവസ്ഥയിൽ നിന്ന് പ്രത്യക്ഷപ്പെടുന്നവയല്ല.ഇന്നത്തെ കാലത്തെ മനുഷ്യന്റെ പ്രശ്നമായി കാണേണ്ടവയുമല്ല ഏറെ കാലത്തെ പ്രവർത്തനത്തിന്റെ ഫലമാണ് ഇന്നത്തെ മനുഷ്യന്റെ ഈ രീതികൾ എല്ലാം തന്നെ.ഇതിനെല്ലാം പിന്നിൽ ശക്തമായ രാഷ്ട്രീയം നിലനിൽക്കുന്നുണ്ട്.ഒന്നും സമൂഹത്തിനു പുറത്തു നിൽക്കുന്നില്ല.എല്ലാം ഒരു സാമൂഹ്യ നിർമ്മിതി ആണ്.സമൂഹത്തിനകത്തു തന്നെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.നാം അറിയാതെ നമുക്കു ചുറ്റും പ്രവർത്തിക്കുന്ന ഒരു അധികാരമാണ് ബലാൽക്കാരമായി ഈ പ്രവണതകളിലേക്ക് നമ്മെ ഇറക്കി വിടുന്നത്.


അത്തരത്തിൽ നോക്കുകയാണെങ്കിൽ യഥാർത്ഥത്തിൽ തിയോഡർ അഡോണയുടെ വാദം പോലെ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് ഒരു സംസ്കാര വ്യവസായം ആണ്.മുതലാളിത്തം നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാൽ മാത്രമേ ശരിയായ ജീവിതം നയിക്കാൻ സാധ്യമാകുകയുള്ളു എന്നുള്ള അവസ്ഥ വന്നിരിക്കുന്നു ഇപ്പോൾ.ഒപ്പം വസ്തുക്കൾ വാങ്ങുക എന്നതിൽ കവിഞ്ഞു വാങ്ങിപ്പിക്കുക എന്നതാകുന്നു ഉപഭോഗസംസ്കാരത്തിന്റെ നയം.ആയതുകൊണ്ട് തന്നെ ഇന്നത്തെ മനുഷ്യന് മേൽ പറഞ്ഞ പ്രകാരം പണത്തിന്റെ വിനിമയം എങ്ങനെ എന്ന് അറിയാതെ വരുന്നു. അതുകൊണ്ട് വരവിനെക്കാൾ വലിയ ചിലവാണ് ഉണ്ടാകുന്നത്. ഇതൊരു കെണി ആണെന്നും വിപണന തന്ത്രം മാത്രം ആണെന്നും അത് വരുത്തി വെയ്ക്കുന്ന അപകടങ്ങളെന്തെന്നും ജനങ്ങൾ ഒട്ടും ബോധവാന്മാരാകുന്നില്ല. ചാനലുകളും കമ്പനികളും റേറ്റിംഗ് വർദ്ധിപ്പിക്കുന്നതിനു വേണ്ടി മനുഷ്യന്റെ ശരീരത്തെയും വിശ്വാസത്തേയും എല്ലാം ചൂഷണം ചെയ്യുന്നുണ്ട്. സോപ്പ്,വസ്ത്രം,സ്പോർട്സ് എന്നിവയിൽ സ്ത്രീ ശരീരം ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. അതുപോലെ സ്പോൺസർഡ് പ്രോഗ്രാമുകളിൽ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും എല്ലാം ചോദ്യം ചെയ്യപ്പെടുകയും അതിലൂടെ വർദ്ധിച്ച ലാഭ കച്ചവടം ഉണ്ടാക്കി എടുക്കുകയും ചെയ്യുന്നുണ്ട്. ഇതൊന്നും ആലോചിക്കാതെ ഈ ജീവിതാവസ്ഥകളിൽ അഭിരമിക്കുകയാണ് എല്ലാവരും ചെയ്യുന്നത്. തങ്ങൾ ഇതുവരെ അനുവർത്തിച്ചു പോന്നിരുന്ന പാരമ്പര്യങ്ങളിൽ നിന്നും പരമ്പരാഗത ശൈലികളിൽ നിന്നും തീർത്തും വ്യതിചലിച്ചു കൊണ്ടാണ് ഇന്ന് സഞ്ചരിക്കുന്നത്. അനുകരണത്തിന്റെ ഭാഗമായി ബാഹ്യലോകത്ത് കാണുന്നത് സ്വജീവിതത്തിൽ സ്വായത്തമാക്കാൻ ഉള്ള പ്രവണത മനുഷ്യനിൽ ഉത്തേജിപ്പിക്കപ്പെടുന്നു.അതിലുപരിയായി ഭൂമിയിലെ ജീവിതങ്ങൾക്കപ്പുറം അന്യഗ്രഹങ്ങളിലുള്ള വാസവും മനുഷ്യൻ സഫലീകരിച്ചു തുടങ്ങിയിരിക്കുന്നു.അവയുടെ അനന്തര ഫലങ്ങൾ ആണ് ഇന്നു കാണുന്ന മനുഷ്യനും ജീവിതവും.ഇവയുടെ തിക്തഫലങ്ങൾ ആരും തന്നെ അറിയാൻ ശ്രമിക്കുന്നില്ല. ഇത്തരം ഒരു സമൂഹത്തെ വാർത്തെടുക്കുക എന്നതു തന്നെയാണ് മുതലാളിത്തതിന്റെ ആവശ്യകത. ഇതിലൂടെ ജനങ്ങൾ അവരുടെ അസ്ഥിത്വത്തെ മറന്നു പോകുന്നു. ഒരു സാധാരണ മനുഷ്യനു ജീവിക്കാൻ ആവശ്യമായ എല്ലാ ഘടകങ്ങളെയും അവൻ വിസ്മരിക്കുന്നു.അതിനാൽ തന്നെ ഇന്നത്തെ മനുഷ്യൻ ഈ കമ്പോള സംസ്കാരത്തിന്റെ ഒരു ഉത്തമ ഉൽപ്പന്നമായി മാറുകയും ചെയ്യുന്നു.

You can share this post!