ഒരു വേളയെങ്കിലും

ചേർക്കാം മനസിൽ മയിൽപ്പീലിത്തുണ്ടു പോൽ
ചേലാർന്ന ചന്ദനപ്പൂവൊത്ത പൊൻമുഖം
ചുരുൾമുടിത്തുമ്പിൽ തുളസി കതിർച്ചൂടും
വാസന്ത വനജ്യോത്സനയെന്ന പോലെ

ചിന്നിച്ചിതറുന്ന വെൺമണി മുത്തു പോൽ
പൊട്ടിച്ചിരിക്കുന്ന കൗമാര കൗതുകം
മിഴിത്തുമ്പിൽ കതിരിടും കുസൃതിയാലിന്നെന്റെ
മനസ്സിൻ്റെ ഉമ്മറം ദീപ്തമാക്കി

മരുപ്പച്ചയായെൻ്റെ മണൽക്കാട്ടിലെങ്ങോ
മഞ്ജുളഹാസം വിടർത്തിടുന്നോൾ
കണ്ണുനീർത്തുള്ളിയിൽ മാരിവിൽ ചന്തമായ്
കളമൊഴി കളിവാക്കു ചൊല്ലി നിൽക്കും

മുത്തുപോൽ ചിതറുമാ പരിഭവം പെയ്യവേ
മനം മഞ്ഞായലിഞ്ഞു ഞാനിരിക്കും
ഒരു കൊച്ചു ചുംബനം നിറുകയിൽ ചാർത്തിനിൻ കൊലുസിൻ്റെ കൊഞ്ചൽ അകന്നു പോയി

പിന്നെ ഞാൻ കണ്ടില്ല ഇടവഴിയിലൊന്നുമേ  ഞൊറിയിട്ട നിന്നുടെ പാവാടച്ചേലുകൾ
പിന്നെ ഞാൻ കേട്ടില്ല പ്രണയിനി നിന്നുടെ പരിഭവം കലമ്പുമാ കരിവളച്ചൊല്ലുകൾ

കുണുങ്ങി ചിരിച്ചു ചിരിച്ചന്നു കൊഞ്ചിയ കുപ്പിവളപ്പൊട്ടിൻ ചന്തം മറന്നീല
ഒരു കൊച്ചു കവിതയായ്  നീപിറന്നോമലേ
കർക്കടക രാവിൻ്റെ മഴമൊഴി കലമ്പിലും

ഓരോ വസന്തവും ഓർമ്മകൾ തന്നുപോം
ദാവണി പൂക്കളിൻ വർണ്ണമേളങ്ങളും
ഓരോരോ ശൈത്യവും കുളിരോർമ്മ പെയ്യും
ഓമനച്ചുണ്ടിനാൽ നീ തന്ന ചുംബനം

കാലങ്ങളേറെ കഴിഞ്ഞിട്ടുമേതേതോ
കനവിൻ്റെ കനിവുകൾ തേടിയെൻ കണ്ണുകൾ
വരുമെന്ന് ചൊല്ലി പിരിഞ്ഞെങ്കിലല്ലയോ
കാത്തിരിപ്പിനേതോ സുഖമെഴും നൊമ്പരം

എങ്കിലുമേതോ നാട്ടിടവഴി കാഴ്ചയിൽ
മിന്നിമറയുമാ ചേലതൻ ഭംഗിയും
പിന്നെ നിൻ പാദം പുണർന്നേറെ കൊഞ്ചുമാ
വെള്ളി കൊലുസിൻ്റെ മിന്നുന്ന ചന്തവും

ഒരു വേളയെങ്കിലും കാണാതെ വയ്യനിൻ
പൂനിലാ പുഞ്ചിരി വഴിയുന്ന പൊൻ മുഖം
ഒരു മാത്രയെങ്കിലും  കാണാൻ കൊതിക്കുന്നു
ചേലാർന്ന ചന്ദനപ്പൂവൊത്ത നിൻമുഖം.

You can share this post!