എന്ന് സ്വന്തം…………

മരച്ചുവടുകളിൽനിന്നുമവർ
ബീച്ചുകളിലേക്കും പാർക്കുബഞ്ചുകളിലേക്കുമെത്തിയത്
വർഷങ്ങൾകൊണ്ടായിരുന്നു…
എന്നാലവിടെനിന്നും
സ്പർശനയന്ത്രത്തിന്റെ
അതിവേഗസംവേദനതലങ്ങളിലേക്കെത്തുവാൻ
അധികകാലമെടുത്തില്ല.

പരസ്പര , മാലംബന –
ഉദ്ദീപനങ്ങളായിമാറിയ
അവരുടെ വിരലഗ്രങ്ങൾകൊണ്ട്
സഞ്ചാരീ , വ്യഭിചാരീഭാവങ്ങൾകടന്ന്
എത്രവേഗമാണവർ
ഡിജിറ്റൽ രസനിക്ഷ്പത്തിയിലെത്തിയത് !

ഡേറ്റാപാക്കേജുകളുടെ
കാലാവധിയ്ക്കനുസരിച്ച്
ശിശിര – വസന്തങ്ങൾ
പുന:ക്രമീകരിക്കപ്പെട്ടു…
സംയോഗ- വിയോഗാദികൾ
നിർണ്ണയിച്ചിരുന്നത്
സിഗ്നൽടവറുകളും
ഓൺലൈൻ , സ്വിച്ചോഫ്മോഡുകളുമായിരുന്നു….

എങ്കിലും
മറന്നുവച്ച മയിൽപ്പീലിപോലെയിപ്പോഴും
പഴയ പുസ്തകത്താളുകൾക്കിടയിലെവിടെയോ
ഒരു തുണ്ടുകടലാസിരുപ്പുണ്ടായിരുന്നു ,
ഒളിച്ചിരുന്നുവായിക്കാനോടിയെത്തുന്ന
നഷ്ടകൗമാരത്തെയുംകാത്ത്……….

 

You can share this post!