ഋതു സംക്രമം -11


.അല്ല അമ്മുക്കുട്ടിയെങ്ങാടാ ഇത്ര രാവിലെ ,കാപ്പി പോലും കുടിക്കാതെ മുത്തശി അകത്തു നിന്നും വിളിച്ചു ചോദിച്ചു .

മുത്തശ്ശി ഞാൻ ഐ എ എസ് കോച്ചിങ് സെന്ററിൽ ചേരാൻ പോവുകയാ . ഇപ്പ പുറപ്പെട്ടാലെ അങ്ങോട്ടേക്കുള്ള ബസ് തരാവുള്ളൂ. . കാപ്പി ഞാൻ ഏതെങ്കിലും ഹോട്ടലിൽ നിന്നുംകഴിച്ചോളാം . ”താൻ വിളിച്ചു പറഞ്ഞു . അത് കേട്ട് വല്ലാത്ത ഒരു ഭാവത്തോടെ മുത്തശ്ശി ഓടിയെത്തി .

അതൊന്നും വേണ്ടാട്ടോ. ഇവിടെ എല്ലാം കാലായിട്ടുണ്ട് . കുട്ടി കഴിച്ചിട്ടു പോയാൽ മതി” . പിന്നെ തർക്കിക്കാൻ നിന്നില്ല . വേഗം ഡൈനിങ്ങ് റൂമിലേക്ക് ചെന്ന് അവിടെ മുത്തശ്ശി വിളമ്പി വച്ചിരുന്ന ദോശയും ചായയും കഴിച്ചു . കൈ കഴുകാനായി എഴുന്നേറ്റപ്പോൾ മുത്തശ്ശി ചോദിച്ചു .

അല്ല നിനക്ക് വിനുവിനെക്കൂട്ടി പോയാൽപ്പോരായിരുന്നോ അമ്മൂ . അന്നത്തെപ്പോലെ സിനിമകാണാനൊന്നും പോവണ്ടാന്ന് വച്ചാൽപ്പോരേ ” . മുത്തശ്ശിയുടെ ജിജ്ഞാസ കലർന്ന ചോദ്യം കേട്ട് പറഞ്ഞു .

അല്ല മുത്തശ്ശി . വിനുവിനിന്നു ക്ലാസ്സുണ്ട് ഞാനായിട്ടെന്തിനാ അവന്റെ ക്ലാസ് മുടക്കുന്നത് .”എന്നാൽ ശരി . നേരം ഇരുട്ടും മുമ്പ് വേഗം വരണെ കുട്ടി ..അധികം താമസിക്കേണ്ട. ”

സത്യത്തിൽ ഒറ്റയ്ക്ക് ഇത്ര ദൂരംതന്നെ വിടുന്നത് മുത്തശ്ശിക്കത്ര ഇഷ്ടമുണ്ടായിരുന്നില്ല. . അവിവാഹിതയായഒരു പെൺകുട്ടി ഇക്കാലത്തു രാത്രിയിലും മറ്റും ഇത്രദൂരം ഒറ്റയ്ക്ക് യാത്ര ചെയ്തു വരുന്നത് അംഗീകരിക്കാൻ അവർക്കു കഴിഞ്ഞിരുന്നില്ല. . ദിവസവും കേൾക്കുന്ന പത്ര വാർത്തകളും അവരെ വല്ലാതെ ഭയാകുലയാക്കിയിരുന്നു . അച്ഛനമ്മമാരെപ്പിരിഞ്ഞു തങ്ങളുടെ കൂടെ കഴിയുന്ന പേരക്കുട്ടിയുടെ ചുമതല മുഴുവൻ തനിക്കാണെന്ന ബോധവും മുത്തശ്ശിക്കുണ്ടായിരുന്നു. . മുത്തശ്ശിയുടെ വാക്കുകൾ കേട്ട് പറഞ്ഞു .

മുത്തശ്ശി എന്തിനാ പേടിക്കുന്നത് . ഞാൻ യു കെയിലും ഗൾഫിലുമൊക്കെ ജീവിച്ച പെൺകുട്ടിയാണ് . എനിക്കെവിടെയും ഒറ്റയ്ക്ക് സഞ്ചരിക്കാൻ കഴിയും. പിന്നെ കേരളത്തിൽ ഇന്ന് നിത്യവുമെന്നോണം സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും ഞാൻ ബോധവതിയാണ് മുത്തശ്ശി ”. അത് പറയുമ്പോൾ സ്വന്തം അനുഭവങ്ങൾ ഓർമവന്നു . .എങ്കിലും മുത്തശ്ശിയോട് അത് മറച്ചു വച്ച് പറഞ്ഞു.

എല്ലാം ആദ്യം കാണുകയുംകേൾക്കുകയും ചെയ്തപ്പോൾ ഞാനൊന്നു പതറി . എന്നാലിന്നിപ്പോൾ ഞാൻ മനോധൈര്യം വീണ്ടെടുത്തു കഴിഞ്ഞു . മുത്തശ്ശി നോക്കിക്കോളൂ . ഞാൻ ഐ എ എസ് പാസ്സായി വന്നാൽ ഇവിടെ കേരളത്തിൽ ജോലി നോക്കും . എനിക്കിവിടെ സ്ത്രീകളെ പുനരുദ്ധരിക്കേണ്ടതുണ്ട് . അവരെ ധൈര്യശാലികളാക്കി സ്വയം പ്രതിരോധം പരിശീലിപ്പിക്കും . അങ്ങിനെയുള്ള ഞാൻ സ്വയം പേടിച്ചാലോ . എനിക്കറിയാം മുത്തശ്ശി എന്നെ സംരക്ഷിക്കാൻ . അതോർത്തു മുത്തശ്ശി പേടിക്കേണ്ട. ”

.ആവേശം തുടിച്ചു നിന്ന തന്റെ സംസാരം കേട്ട് മുത്തശ്ശി അത്ഭുതം കൂറി .നാളെ ഐ എ എസ് പാസ്സായി വന്നാൽ ഇവൾക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുമെന്ന് മുത്തശ്ശിഊഹിച്ചു

ശരി .. മോളെ പോയ് വരൂ .ഇപ്പോൾ മുത്തശ്ശിക്ക് എല്ലാം മനസ്സിലായി ”. മുത്തശ്ശി ശിരസ്സുനുകർന്നു തന്നെ യാത്രയാക്കി . താൻ മുത്തശ്ശിയുടെ കാലിൽ തൊട്ടു വന്ദിച്ചു . പിന്നെ വേഗം ബസ്‌സ്റ്റോപ്പിലേക്കു നടന്നു .

ഇഴഞ്ഞു നീങ്ങിയ സമയത്തിനൊടുവിൽ ബസ് വന്നെത്തി . വിവിധ ആവശ്യങ്ങൾക്കായി ടൗണിലേക്ക് പുറപ്പെട്ട നിരവധി ആൾക്കാർ ബസ്സിൽ തിങ്ങി നിറഞ്ഞിരുന്നു . അവരിൽ ഒരാളായി കമ്പിയിൽ പിടിച്ചു നിന്നു . .യുകെയിലും ഗൾഫിലുമൊക്കെ മെട്രോയിലും ബസ്സിലുമൊക്കെ യാത്ര ചെയ്തു ശീലമുണ്ടെങ്കിലും ഇത് അതിലൊക്കെ ബുദ്ധിമുട്ടേറിയതാണെന്നു മനസ്സിലായി . പിന്നിൽ നിന്നുള്ള ചില പുരുഷന്മാരുടെ ശല്യമാണ് അസഹനീയമായി തോന്നിയത് . തന്നെ മുട്ടിയുരുമ്മിയ ഒരു മധ്യവയസ്കനോട് അല്പം മാറിനിൽക്കാൻ ആവശ്യപ്പെട്ടു . എന്നാൽ അയാൾ ഗൗനിക്കാതെ ശല്യം തുടർന്നപ്പോൾ തനിക്കു പ്രതികരിക്കേണ്ടി വന്നു . തിരിഞ്ഞു നിന്ന്അയാളുടെ ചെകിടത്തിട്ട് ഒന്ന് കൊടുത്തു . സ്ത്രീകൾ പലരും ഒന്നുമറിയാത്തമട്ടിൽ നിന്നു . യാത്രക്ക്കാരിൽ ചിലർ അർത്ഥഗർഭമായി അന്യോന്യം നോക്കി ചിരിച്ചു , ഇവളുടെ തന്റേടം കണ്ടില്ലേ എന്ന മട്ടിൽ . ചിലർ മാത്രം തന്നെ അഭിനന്ദനപൂർവം നോക്കി . മധ്യവയസ്ക്കൻ ഇതിനകം തിരക്കിനിടയിലെവിടെയോ മുങ്ങിക്കഴിഞ്ഞിരുന്നു. . കണ്ടക്ടർ മന്ദസ്മിതത്തോടെ പിറുപിറുക്കുന്നതു കേട്ടു . ”ഇവളാര് ?..ഐ പി എസ്സ് കാരിയോഎന്ന് . അപ്പോൾ സ്വയം അത്ഭുതപ്പെടുകയായിരുന്നു . തനിക്കെവിടുന്നാണ് ഇത്ര ധൈര്യം ലഭിച്ചതെന്ന്.!. ..

..എന്നാൽ ആ ബസിനുള്ളിലുള്ളവരുടെ പ്രതികരണം കണ്ടപ്പോൾ ഒന്ന് മനസ്സിലായി . ഇത്തരത്തിൽ പ്രതികരണമില്ലാത്ത ഒരു സമൂഹത്തിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതിൽ അത്ഭുതമില്ലെന്ന് . സ്ത്രീ മിക്കവാറും ഇവിടെ ഒറ്റപ്പെടുകയാണെന്നും .. പ്രതികരിക്കാൻ അവകാശമില്ലാത്തതുപോലെ അവൾ വല്ലാതെ നിശ്ശബ്ദയാകുന്നു .

അടിച്ചമർത്തപ്പെട്ട ഒരു വിഭാഗത്തിന്റെ നിശബ്ദത . അത് ഭീതിജനകമായ ഒരു ഭാവിയെയാണ് സൂചിപ്പിക്കുന്നത് . പെണ്ണിനെതിരെ എന്ത് ചെയ്യാനും മടിയില്ലാത്ത കുറ്റവാളികൾപെരുകുന്ന ഒരു സമൂഹം . അതായിരിക്കും ഇതിന്റെ അനന്തരഫലം . വല്ലാത്ത ഒരു മാനസികാവസ്ഥയിലാണ് ടൗണിൽ ബസിറങ്ങിയത് . ആരോടൊക്കെയൊ അമർഷം ഉള്ളിൽരൂപം കൊണ്ടിരുന്നു . എങ്കിലും അതിനെയൊക്കെ നിയന്ത്രിച്ചു നടന്നു . ഓട്ടോ സ്റ്റാന്റിൽ എത്തിയപ്പോൾ ഒരോട്ടോ പിടിച്ചു കോച്ചിങ് സെന്ററിലേക്ക് പുറപ്പെട്ടു . ഓട്ടോ ഓടിച്ചിരുന്ന പ്രായം ചെന്ന ഓട്ടോഡ്രൈവർ തന്നോട് കുശലാന്വേഷണങ്ങൾ നടത്തി . കോച്ചിങ് സെന്റെറിനെപ്പറ്റി അയാൾ പുകഴ്ത്തി സംസാരിച്ചു . അവിടെ പഠിച്ചവർ പലർക്കും ഇതിനുമുമ്പ് ഐ എ എസ് കിട്ടിയുണ്ടെന്ന് അയാൾ പറഞ്ഞു . പിന്നെ തന്റെ മകൾമികച്ച രീതിയിൽ ഡിഗ്രി പാസായിട്ടുണ്ടെന്നും അവൾക്കും ഐ എ എസ് എടുക്കണമെന്ന് ആഗ്രഹമുണ്ടെന്നും , പക്ഷേ കയ്യിൽപണമില്ലാത്തതുകൊണ്ടാണ് കോച്ചിങ് സെന്റെറിലൊന്നും ചേർക്കാത്തതെന്നും അയാൾ പറഞ്ഞു . തുടർന്നങ്ങോട്ട് മകളെ അവളുടെ ആഗ്രഹമനുസ്സരിച്ചു പഠിപ്പിക്കാൻ കഴിയാത്ത ഒരച്ഛന്റെ വിഷമം കണ്ടു താൻ പറഞ്ഞു .

അമ്മാവൻ മകളെ പഠിപ്പിക്കാനുള്ള ഏർപ്പാടൊക്കെ ചെയ്തോളൂ .സാമ്പത്തികത്തെപ്പറ്റിയൊന്നും ചിന്തിക്കേണ്ട . അതൊക്കെ ഞാൻ ചെയ്തോളാം” . തന്റെവാക്കുകൾ കേട്ട് അയാൾ അത്ഭുത പരതന്ത്രനായി.

കുഞ്ഞേ ഒരു പരിചയമില്ലാത്ത എന്നെയും മകളെയും സഹായിക്കാൻ കുഞ്ഞു ഒരുക്കമാണെന്നോ . വളരെ വലിയ മനസ്സാണ് കുഞ്ഞിന്റേതു . ദൈവം കുഞ്ഞിനെ അനുഗ്രഹിക്കും

ശിവൻ കുട്ടി എന്ന് സ്വയം പരിചയപ്പെടുത്തിയ ആ വൃദ്ധന്റെ നയനങ്ങൾ നിറഞ്ഞൊഴുകി .അതുകണ്ടു അയാളുടെ അടുത്തെത്തി ആ കൈകൾ കൂട്ടിപിടിച്ചു പറഞ്ഞു . ”അമ്മാവൻ ഒന്നുകൊണ്ടും വിഷമിക്കേണ്ട ഞാൻ നോക്കിക്കോളാം അവളുടെ കാര്യങ്ങൾ ..എനിക്കമ്മാവന്റെ ഫോൺ നമ്പർ തന്നാൽ മതി” .

ശിവൻ കുട്ടി നന്ദിയോടെ ഫോൺ നമ്പർ നൽകി.തന്റെ മുന്നിൽ നിൽക്കുന്നത് ഒരു ദൈവദൂതികയാണെന്നയാൾക്കു തോന്നി .

അയാളോട് യാത്ര പറഞ്ഞു റോഡിനപ്പുറത്തുള്ള കോച്ചിങ് സെന്ററിലേക്ക്‌ നടന്നു . കോച്ചിങ് സെന്ററിന് മുമ്പിൽ എഴുതി വച്ചിരിക്കുന്ന ബോർഡ് വായിച്ചു . ‘നളന്ദാ കോച്ചിങ് സെന്റർ‘. പഴയ ഒരു ഇരുനിലക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആ കോച്ചിങ് സെന്ററിന് മുന്നിൽ ഏതാനും വിദ്യാർഥികൾ കൂടി നിൽപ്പുണ്ടായിരുന്നു . മുന്നോട്ടു നടന്നു ഓഫീസ് റൂം എന്ന് എഴുതി വച്ചിരിക്കുന്നിടത്തെത്തി . ഹാഫ് ഡോർ തുറന്ന് അകത്തുചെന്ന അവളെ സ്വാഗതം ചെയ്തത് മനീഷാണ് .

ഹലോ പ്രിയ .ഇത്ര പെട്ടെന്ന് വന്നെത്തിയോ? ഇന്നലെ വിളിക്കുമ്പോൾ ഇന്ന് വരുമെന്ന് പറഞ്ഞിരുന്നില്ലല്ലോ .?..”മനീഷ് ചോദിച്ചു .

അല്ല ഇനിയും സമയം കളയേണ്ടെന്നു തോന്നി . ഇപ്പോൾ തന്നെ വൈകിയിരിക്കുന്നു . പഠിക്കാൻ ധാരാളം ഉണ്ടല്ലോ .’

എങ്കിൽ വരൂ നമുക്ക് ഫോർമാലിറ്റീസ് എല്ലാം പൂർത്തിയാക്കാം .എന്നിട്ട് നേരെ ക്ലാസ്സിലേക്കു പോകാം ..ഡിഗ്രി സർട്ടിഫിക്കറ്റും മറ്റും കൈയ്യിലുണ്ടല്ലോ .. .”മനീഷ് ചോദിച്ചു .

തന്റെ സർട്ടിഫിക്കറ്റെല്ലാം കാണിച്ചു . മനീഷ് ഓഫിസിലെമറ്റ് നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ച് തന്നെയും കൊണ്ട് ക്ലാസിലെത്തി . ക്ലാസ്സിൽ നിറയെ കുട്ടികളുണ്ടായിരുന്നു . ഒരധ്യാപകൻ അപ്പോൾ ക്ലാസ്സെടുക്കുന്നുണ്ടായിരുന്നു. . ക്ലാസ്സ് നല്ല രസകരമായി തോന്നി . അധ്യാപകർ പറയുന്നത് സശ്രദ്ധം കേട്ട് കഴിഞ്ഞപ്പോൾ നല്ല ആത്മവിശ്വാസം തോന്നി ,താനീ മത്സരപ്പരീക്ഷയിൽ വിജയം നേടുമെന്ന് . ഇടക്കു ക്ലാസ്സെടുക്കാനെത്തിയ മനീഷും ആത്മവിശ്വാസം കൂട്ടി . ഞങ്ങൾ ക്ലാസ്സിൽ, ഫ്രിണ്ട്ഷിപ്പൊക്കെ മറന്നു ഗുരുവും ശിഷ്യയുമായി..

ക്ലാസ് കഴിഞ്ഞിറങ്ങുമ്പോൾ മനീഷ് പറഞ്ഞു തനിക്കെന്തു സംശയമുണ്ടെങ്കിലും എന്നോട് ചോദിച്ചോളൂ . ..ഞാൻ പറഞ്ഞു തരാം . ”അതുകേട്ടപ്പോൾ സന്തോഷം തോന്നി മനീഷിന്റ ഫോൺ നമ്പർ വാങ്ങി , ബസ്റ്റോപ്പിലെത്തുമ്പോൾ നേരം സന്ധ്യയോടടുത്തിരുന്നു . ഇനി തറവാട്ടിലെത്തുമ്പോൾ ഏഴുമണിയെങ്കിലുമാകും .ഹോസ്റ്റൽ സൗകര്യത്തെക്കുറിച്ചു മനീഷിനോടാരായണമെന്നു കരുതിയിരുന്നുവെങ്കിലും മറന്നുപോയല്ലോ എന്ന് മനസ്സിൽ വിചാരിച്ചു.. ബസ് കാത്തു നില്കുമ്പോൾമനീഷുമവിടെയെത്തി . . ”വീക്കെൻഡ് ആയതിനാൽ ഞാനും നാട്ടിലേക്ക് വരുന്നുണ്ട് . നമുക്കൊരുമിച്ചു പോകാം”. മനീഷിന്റെ വാക്കുകൾ ആഹ്ലാദിപ്പിച്ചു .

മനീഷ് സാറിന്റെ വീട്ടിൽ ആരൊക്കെയുണ്ട് ? ”. താൻ അന്വേഷിച്ചു . .

അമ്മയും .ഡിഗ്രിയ്ക്ക് പഠിക്കുന്ന ഒരനുജത്തിയുമുണ്ട് . അച്ഛൻ നേരത്തെ മരിച്ചു .” സംസാരിച്ചു നിൽക്കുമ്പോൾ ബസ് വന്നു . ഞങ്ങൾ ബസ്സിൽ അടുത്തടുത്തിരിക്കുന്നതു നാട്ടുകാരിൽ ചിലർ കണ്ടു കമന്റടിച്ചു .

കൈതാരത്തെ കൂട്ടിയല്ലേ അത് . ?..കണ്ടില്ലേ .നാട്ടിൽ വന്നയുടനെ ബോയ് ഫ്രണ്ടിനെ അന്വേഷിച്ചു കണ്ടെത്തി . വിദേശത്തു വളർന്നതിന്റെ ഗുണം ….”. അപ്പോൾ മറ്റൊരാൾ ചോദിച്ചു .”അതീ വാര്യത്തെ പയ്യനെത്തന്നെ വേണമായിരുന്നോ ? . അവളുടെ കൂട്ടത്തിലൊരുത്തനായാൽ പോരായിരുന്നോ ?”.

ഇപ്പോഴത്തെ പിള്ളേർക്ക് ജാതിയും മതവുമൊന്നും ഇല്ലന്നെ . ഇനി ഒരു പക്ഷേ അവര് തമ്മില് കല്യാണം കഴിച്ചൂന്നായിരിക്കും നമ്മൾ കേക്കണത് . ”മറ്റൊരാൾ പറഞ്ഞു . അവരുടെ സംഭാഷണം തുടർന്നപ്പോൾ ഇതൊന്നുമറിയാതെ ഞങ്ങൾ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിച്ച് യാത്ര തുടർന്നു

തുടരും

 

You can share this post!