ഋതുസംക്രമം -35

Part- 35 

അമ്മ അച്ഛനോടും തന്റെ ആശങ്കകൾ പങ്കുവക്കുന്നത് താൻ മുറിയിലിരുന്ന് കേട്ടു . അപ്പോൾ ,അച്ഛൻ മറുപടി പറഞ്ഞതിങ്ങനെയാണ് .

അവളോടിപ്പോൾ വിവാഹക്കാര്യമൊന്നും സംസാരിക്കേണ്ട ദേവികേ . അവൾ പഠിച്ച് ഐ എ എസ്സ് എടുത്തുകഴിയുമ്പോൾ നമുക്കവളെ മനുവിനെക്കൊണ്ട് തന്നെവിവാഹം കഴിപ്പിക്കാം . അവൻ എന്തുകൊണ്ടും അവൾക്കു ചേർന്ന പയ്യൻ തന്നെയാണ് . ജാതി പ്രശ്നം മാത്രമേ അതിനു തടസ്സമായി വരുന്നുള്ളൂ . ഒടുവിൽ അവന്റെ അമ്മയും അതിനു സമ്മതിക്കുമെന്നു തന്നെയാണ് എന്റെ വിശ്വാസ്സം . ”

അതൊരു വലിയ തടസ്സം തന്നെയല്ലേ മാധവേട്ടാ . വാരസ്യാരും അവരുടെ ബന്ധുക്കളുമൊക്കെ ഈ വിവാഹത്തിന് എതിരാകും എന്ന് മനസ്സിലായില്ലേ ”. അമ്മ കൂടുതൽ കൂടുതൽ വാദമുഖങ്ങളുന്നയിച്ചു .

അതെ അത് ശരിയാണ് . അതവരുടെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലായി . എങ്കിലും മനീഷിനു ധൈര്യമുണ്ടെങ്കിൽ എല്ലാ തടസ്സങ്ങളെയും മറികടക്കാൻ പറ്റും അവനൊരണാണെങ്കില് അതിനു മുതിരുക തന്നെ ചെയ്യും

.”അത് നടക്കുമെന്ന് എനിക്ക് തോന്നണില്ല മാധവേട്ടാ .കാരണം ഈ ജാതീം മതോമൊക്കെ മനുഷ്യൻ കൂടുതൽ കൂടുതൽ മുറുക്കിപ്പിടിക്കണ കാലമാണിത് . എന്തൊക്കെ ഔന്നത്യം പ്രസംഗിച്ചാലും ഇതൊന്നും ഉപേക്ഷിക്കാൻ ആരെക്കൊണ്ടും ആവുമെന്ന് തോന്നണില്ല .”

ഏതായാലും നമുക്കല്പം കാത്തിരിക്കാം . ആ ചെക്കന് നമ്മുടെ പ്രിയമോളെ കൂടിയേ തീരുവെങ്കിൽ അവൻ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നെത്തും

.’ ”പക്ഷെ അതുവരെ നമുക്ക് കാത്തിരിക്കാനാവുമോ മാധവേട്ടാ .പ്രിയമോൾക്കു വയസ്സ് കൂടി വരികയല്ലേ ? പെങ്കുട്ട്യോൾക്ക് ഒരു പ്രായം കഴിഞ്ഞാൽ പിന്നെ പയ്യനെ കിട്ടാണ്ടാവും. അതോർക്കണം നമ്മള് . ”

നീ ഇങ്ങനെവാശി പിടിക്കാതെ ദേവികേ . ആദ്യം അവള് ഐ എ എസ് എടുക്കട്ടേ . അതിനുള്ള എല്ലാ സപ്പോർട്ടും നമുക്ക് കൊടുക്കാം . അതുകഴിഞ്ഞു മതി ഒരു വിവാഹത്തെപ്പറ്റി ആലോചിക്കാൻ . ”.അമ്മയുടെ വാദമുഖങ്ങളെ ഖണ്ഡിച്ചു കൊണ്ട് അച്ഛൻ ഉറപ്പിച്ചു പറഞ്ഞതോടെ അമ്മക്ക് മിണ്ടാട്ടമില്ലാതെ ആയി .

അതോടെ തന്റെ വിവാഹമെന്ന സ്വപ്നം അമ്മക്ക് ഉപേക്ഷിക്കേണ്ടി വന്നു . പിന്നീട് അല്പം കഴിഞ്ഞു അമ്മ തൻറെ മുറിയിലേക്ക് വന്നുവെങ്കിലും താൻ ഏകാഗ്രതയോടെ പഠിക്കുന്നത് കണ്ടു മടങ്ങിപ്പോയി .

പിറ്റേന്ന് ഗൾഫിലേക്ക് പോകാൻ നേരം മുത്തശ്ശി നിറകണ്ണുകളോടെ അച്ഛന്റെ സമീപം ചെന്നു ചോദിച്ചു

ഇനി നിങ്ങളെ എന്നാ കാണുക ?… . ഇത്തവണയും അധികദിവസോന്നും നിന്നില്ല്യാലോ ?…”

അച്ഛൻ മുത്തശ്ശിയുടെ കൈകൾ കവർന്നു . ആ കണ്ണുകൾ തുടച്ചുകൊടുത്തുകൊണ്ടു പറഞ്ഞു .

ഇനി വരുമ്പോൾ നോക്കാമമ്മേ . അപ്പോൾ നമുക്ക് പ്രിയ മോളുടെ വിവാഹോം നടത്തണം . അമ്മ ആരോഗ്യം നോക്കണം . എന്നാലല്ലേ പ്രിയയുടെയും രഞ്ജുവിന്റെയുമൊക്കെ വിവാഹത്തിന് ഓടിനടക്കാനാവുകയുള്ളൂ . ”

എല്ലാം ഈശ്വരേച്ഛപോലെ നടക്കും . മൂത്തന്നൂർ ഭഗവതി കാക്കട്ടെ” . അങ്ങിനെ പറഞ്ഞു കൊണ്ട് മുത്തശ്ശി അൽപനേരം കണ്ണടച്ചു പ്രാർത്ഥിച്ചു . അതിനു ശേഷം അച്ഛനുമമ്മയും രഞ്ജുവും കൂടി മുത്തശ്ശന്റെ അടുത്തു ചെന്ന് യാത്ര ചോദിച്ചു . അപ്പോൾ മുത്തശ്ശൻ നിറകണ്ണുകളോടെ പറഞ്ഞു .

ഇനി നിങ്ങൾ വരുമ്പോൾ ഈ വൃദ്ധൻ ഉണ്ടാകുമോന്നാർക്കറിയാം . വീഴാറായ പടുവൃക്ഷമായിക്കഴിഞ്ഞു . ഇനി ഒരു കാറ്റടിച്ചാൽ മതി എല്ലാം തീരാൻ . അതിനു മുമ്പ് നിങ്ങളെയൊക്കെ കാണാൻ കഴിഞ്ഞൂലോ. ഇനി അമ്മുവിന്റെയും രഞ്ജുമോളുടെയും കല്യാണം കൂടി കാണണമെന്നുണ്ട് . അതിനു ദൈവം അനുവദിക്കുമോ ആവോ ..”

അതുകേട്ട് അച്ഛൻ മുത്തശ്ശന്റെ അടുത്തിരുന്നു കൈകൾ കവർന്നു കൊണ്ട് പറഞ്ഞു .”എല്ലാ ആഗ്രഹവും നടക്കും അച്ഛാ . അച്ഛൻ ഒന്നുമോർത്തു മനസ്സ് വിഷമിപ്പിക്കാതിരുന്നാൽ മതി . മരുന്നൊക്കെ കൃത്യമായി കഴിക്കുകയും കുഴമ്പും തൈലോമൊക്കെ പുരട്ടുകയും വേണം . അപ്പോഴച്ഛന് എഴുന്നേറ്റു നടക്കാൻ പറ്റും . ഞാൻ ഡോക്ടറോട് ഇടക്കൊക്കെ വന്നു നോക്കാൻ പറയാം .

എഴുന്നേറ്റു നടക്കലൊന്നും ഇനി ഉണ്ടാവില്ല കുട്ടീ ..എല്ലാം ആഗ്രഹിക്കാമെന്നു മാത്രം . …ഏതായാലും നിങ്ങൾ പോയി വരൂ . യാത്രയൊക്കെ സുഖമാവട്ടെ . രഞ്ചു മോളിങ്ങടത്ത് വരൂ . മുത്തശ്ശൻഅനുഗ്രഹിക്കട്ടെ …”

നന്നായി വരും നല്ലോണം ശ്രദ്ധിച്ചു പഠിച്ചോളൂ . ചേച്ചിയെപ്പോലെ മിടുക്കിയാവണം . ..”

അതുകേട്ട് രഞ്ചു പറഞ്ഞു . ”ചേച്ചിയെപ്പോലെ ഐ എ എസ് കാരിയാവാനൊന്നുംഞാനില്ല മുത്തശാ .എനിക്കാഗ്രഹം അമേരിക്കയിൽ പോയി എം എസ് എടുക്കാനാണ്

നിന്റെ ആഗ്രഹങ്ങളൊക്കെ നടക്കട്ടെ മോളെ. നിങ്ങൾക്കൊക്കെ വേണ്ടി മുത്തശ്ശനിവിടെയിരുന്നു പ്രാർത്ഥിച്ചോളാം ”.

അങ്ങിനെ പറഞ്ഞു അവളുടെ തല കുനിച്ചു ആ നെറ്റിയിലൊരു മുത്തം നൽകി . മുത്തശ്ശന്റെ കൈയ്യിലൊരു മറുമുത്തം നൽകി രഞ്ചു അച്ഛനമ്മമാരുടെ അടുത്തേക്ക് ചെന്നു . എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു . എല്ലാവരെയും നോക്കി മൂകമായി യാത്രാമൊഴി ചൊല്ലിക്കൊണ്ടു അച്ഛനുംഅമ്മയും രഞ്ജുവും മുത്തശ്ശന്റെ മുറിക്കു പുറത്തു കടന്നു . അയ്യപ്പനമ്മാവന്റെ സമീപം ചെന്ന് അച്ഛൻ ഏതാനും നോട്ടുകെട്ടുകൾ നീട്ടിക്കൊണ്ടു പറഞ്ഞു

.”അച്ഛന്റെ മരുന്നിനും തൈലത്തിനും കുഴമ്പിനും മറ്റുമുള്ള പണമാണിത് . ഇനിയും ആവശ്യമുണ്ടെങ്കിൽ,അയച്ചുതരാം . അയ്യപ്പൻ ചേട്ടന്റെ സ്വന്തം ആവശ്യത്തിനുള്ള പണവും ഇതിൽ നിന്നുമെടുക്കാം . ”

അതുകേട്ട് അയ്യപ്പനമ്മാവൻ നിറകണ്ണുകളോടെ പറഞ്ഞു .

ഈ അയ്യപ്പന് എന്ത് ആവശ്യം കുഞ്ഞേ . എല്ലാം ഇവിടം കൊണ്ട് കഴിഞ്ഞു പോകുന്നുണ്ട് . പിന്നെ വല്ലപ്പോഴും നാട്ടിൽ പോകണമെന്ന് തോന്നിയാൽ മാത്രം ഇതിൽ നിന്നും വല്ലതും എടുക്കും . അവിടെ അയ്യപ്പനെ കാത്തിരിക്കാനാരും ഇല്ല . എങ്കിലും കല്യാണം കഴിപ്പിച്ചയച്ച ഒരു മകളുണ്ടല്ലോ . അവളേം രണ്ടു പിള്ളാരേം കാണാൻ ഇടക്കൊന്നു പോണം . അത്ര മാത്രമേ ഈ അയ്യപ്പൻ ചേട്ടനാഗ്രഹമുള്ളൂ

അപ്പോൾ അച്ഛൻ സഹതാപത്തോടെ ചോദിച്ചു .

അയ്യപ്പൻ ചേട്ടന്റെ ഭാര്യ ..ഭാര്യ ജീവിച്ചിരിപ്പില്ലേ ?…”

ഭാര്യ മരിച്ചുപോയിട്ട് നാലഞ്ചു വർഷമാകുന്നു കുഞ്ഞേ . കിഡ്നിക്ക് അസുഖമായിട്ടു കിടപ്പിലായിരുന്നു . പിന്നെ കിഡ്‌നി മാറ്റിവയ്ക്കാനൊന്നും പണമില്ലാത്തതുകൊണ്ടു അവളങ്ങു പോയി . ഇപ്പം അയ്യപ്പനൊറ്റക്കാ അതുകൊണ്ടാണല്ലോ ഈ പണിക്കു വന്നത് . ”

ഓ അയ്യപ്പൻ ചേട്ടന്റെ വിവരങ്ങളൊന്നും ഇതുവരെ ചോദിച്ചറിയാൻ കഴിഞ്ഞിരുന്നില്ല . ഏതായാലും ഇപ്പഴെല്ലാംഅറിഞ്ഞൂലോ ഇനി എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിച്ചറിയിച്ചാൽ മതി ഞാൻ പണമയച്ചുതരാം . ഇവിടെ അച്ഛന്റെ കാര്യത്തിന് ഒരു കുറവും ഉണ്ടാകരുത്

ഒരു കുറവും ഉണ്ടാവുകയില്ല കുഞ്ഞേ . പിന്നെ ഈ അയ്യപ്പൻ ചേട്ടന് ഈ വീടും വീട്ടുകാരുമല്ലേ എല്ലാം ഇവിടുള്ളോരുടെ കാര്യമെല്ലാം ഈ അയ്യപ്പൻ ചേട്ടൻ ഭംഗിയായി നോക്കിക്കോളാം കുഞ്ഞേ …”

അതുമതി അയ്യപ്പൻ ചേട്ടാ . അപ്പോൾ ഞങ്ങളിറങ്ങുകയാണ് കാർത്തികച്ചേച്ചി ..ഒന്നുമോർത്തു വിഷമിക്കരുത് ആരോഗ്യം നോക്കണം ”. അച്ഛന്റെ വാക്കുകൾ കേട്ട് കാർത്തിക വല്യമ്മ വികാരാധീനയായി .

നിങ്ങളുടെയെല്ലാം സ്നേഹമാണ് എന്നെ ഇപ്പോഴും ജീവിപ്പിക്കുന്നത് മാധവാ . അല്ലെങ്കിൽ എന്നെ ഞാൻ ജീവൻ വെടിഞ്ഞേനെ . ഈ പാഴ് ജന്മം കൊണ്ട് നിങ്ങൾക്കാർക്കും ഒരുപകാരവുമില്ലെന്ന് എനിക്കറിയാം ..”’

അങ്ങിനെ പറയരുത് . കാർത്തികച്ചേച്ചിയെ ഞങ്ങൾക്കെല്ലാവർക്കും വേണം പ്രതേകിച്ചു അമ്മക്ക് . അമ്മയുടെ ആരോഗ്യം കൂടി ശ്രദ്ധിക്കേണ്ടത് കാർത്തികച്ചേച്ചിയാണ്” .

അമ്മയും മുത്തശ്ശിയേയും കാർത്തിക വല്യമ്മയെയും കെട്ടിപ്പിടിച്ചു യാത്ര പറയുമ്പോൾ വികാരാധീനയായിരുന്നു . മുത്തശ്ശി അമ്മയുടെ കണ്ണുകൾ തുടച്ച് യാത്രാമംഗളങ്ങൾ നേർന്നു.

അപകടത്തിൽനിന്നും ദേവികയെ ദൈവം കാത്തു . ഇനി ആരോഗ്യവതിയായി ദീർഘ നാൾ ജീവിക്കട്ടെ” .

അപ്പോൾ രണ്ഞു മുത്തശ്ശിയുടെ അടുത്തെത്തി പറഞ്ഞു .” എന്നെയും മുത്തശ്ശി അനുഗ്രഹിക്കണം .എങ്ങിനെയും ഡിഗ്രി കഴിഞ്ഞു അമേരിക്കയിലേക്ക് കടക്കണമെന്നാണെനിക്ക് . അത് പ്രിയേച്ചിയെ കടത്തി വെട്ടി ഒരു കല്യാണത്തിൽ കൂടിയായാലും വേണ്ടില്ല എന്നാണെനിക്കിപ്പോൾ തോന്നുന്നത് ”.

രഞ്ചുവിന്റെ കളി തമാശകൾ ദുഖത്തിന്റെ ആവരണത്തിനു അല്പം അയവു വരുത്തി ഏറ്റവും ഒടുവിലായി ഗിരിജചിറ്റയോടും കുടുംബത്തോടും യാത്ര പറഞ്ഞു .. വിനുവിനോട് നല്ലവണ്ണം പഠിച്ചു ഡിഗ്രി എടുക്കണമെന്നാവശ്യപ്പെട്ട അച്ഛനും അവന്റെ കണ്ണുകളിലെ വിഷാദഛായ ശ്രദ്ധിക്കാതെ ഇരുന്നില്ല . അവനെ വേദനിപ്പിക്കുന്നതെന്താണെന്നു അറിയാൻ ആഗ്രഹമണ്ടായിരുന്നുവെങ്കിലും ഗൾഫിൽ ചെന്ന ശേഷം സാവധാനം ചോദിച്ചറിയാമെന്നു കരുതി ., മിണ്ടാതിരുന്നു

നീ പഠിച്ചു നല്ലൊരു അഡ്വക്കേറ്റ് ആയി എന്നറിഞ്ഞാൽ മാത്രമേ എനിക്ക് സമാധാനമാവുകയുള്ളൂ. ബാക്കി എല്ലാ ചിന്തകളും മാറ്റി വച്ച് അതിൽ ശ്രദ്ധിച്ചോളൂ . …പിന്നെ ഈ വീട്ടിൽ എല്ലാവരുടെയും കാര്യം നോക്കേണ്ട കടമകൂടി നിനക്കുണ്ട് , കാരണം ഈ വീട്ടിലിപ്പോൾ ഒരാൺ തുണ നീയാണ് പണ്ടത്തെപ്പോലെ വേണ്ടാത്ത വഴക്കിനൊന്നും പോകാതെ നല്ല ചെറുപ്പക്കാരനാകാൻ ശ്രമിക്കണം . ..”

ഞാൻ അങ്ങിനെ തന്നെയാണ് അമ്മാവാ ഇപ്പോൾ ജീവിക്കുന്നത് എന്റെ ലക്‌ഷ്യം പഠനം മാത്രമാണ് .ഞാനും പ്രിയേച്ചിയും ഉയർന്ന നിലയിൽപാസ്സാകുക തന്നെ ചെയ്യും അല്ലെ പ്രിയേച്ചി” . അവൻ അല്പം മാറി നിറകണ്ണുകളോടെ നിന്നിരുന്ന തന്നോട് ചോദിച്ചു . അപ്പോഴാണ് എല്ലാവരും തന്നെ ശ്രദ്ധിക്കുന്നത് . തനിക്ക് ആത്‌മവിശ്വാസം പകരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഓർത്തിട്ടാകാം അച്ഛൻ അടുത്തെത്തി .

പ്രിയമോൾഒന്നുമോർത്തു വിഷമിക്കരുത് .നിന്റെ കൂടെ ഞങ്ങളെല്ലാമുണ്ടാകും ഇപ്പോൾ നിന്റെ കർത്തവ്യം പഠിച്ചു ഐ എ എസ്ഉയർന്നനിലയിൽപാസ്സാകുക എന്നതാണ് . അത് കഴിഞ്ഞു മനുവിനെ നേടിത്തരുന്ന കാര്യം ഈ അച്ഛനേറ്റു . ”

അച്ഛന്റെ വാക്കുകൾ തന്റെ മുഖത്ത് ഓജസ്സ് വിരിയിച്ചു . വിഷമമെല്ലാം മറന്നു പഴയ ഊർജസ്വലയായ പെൺകുട്ടിയായി . മുൻപത്തെപ്പോലെ അച്ഛന് വീണ്ടും വാഗ്ദാനം നൽകി . .

എനിക്കറിയാമഛാ എന്റെ കർത്തവ്യത്തെക്കുറിച്ച്. എന്ത് നടന്നാലും അതെന്റെ പഠനത്തെ ബാധിക്കുകയില്ലെന്ന്‌ ഞാനച്ഛന് ഉറപ്പു തരുന്നു” .

എന്റെ വാക്കുകൾ എന്നെയോർത്തു ഉൽക്കണ്ഠാകുലരായ എല്ലാവരുടെയും മനസ്സിൽ ആശ്വാസം വിരിയിച്ചു . പുറത്തപ്പോൾ ഇളം വെയിൽ പരന്നുകഴിഞ്ഞിരുന്നു . പ്രകൃതിയും പ്രസന്നമായ പുഞ്ചിരിയോടെ അവരെ യാത്രയാക്കുകയാണെന്നു തോന്നി . കാറിൽ കയറും മുമ്പ് എല്ലാവരും ഒരിക്കൽക്കൂടി പരസ്പരം കെട്ടിപ്പിടിച്ചു. . എന്റെ മനസ്സപ്പോൾ മിക്കവാറും തിരയൊഴിഞ്ഞ കടൽപോലെ പ്രശാന്തമായിരുന്നു . അവരെ പിരിയുന്നതോർത്തു ഒരു നേരിയ കുഞ്ഞലമാത്രം മനസ്സിന്റെ കോണിൽ എവിടെയോ അപ്പോഴും തിരയടിച്ചു കൊണ്ടിരുന്നു .

പിറ്റേന്ന് ഓണാവധി കഴിഞ്ഞു കോച്ചിങ് ക്ലാസ്സിൽ എത്തേണ്ടതിനാൽ നേരത്തെ തന്നെ ഹോസ്റ്റലിലേക്ക് പുറപ്പെട്ടു . താനെത്തുന്ന വിവരം മനുവേട്ടനെ വിളിച്ചറിയിക്കാൻ ശ്രമിച്ചുവെങ്കിലും മനുവേട്ടൻ ഫോണെടുത്തില്ല . പിന്നെ മുത്തശ്ശനോടും മുത്തശ്ശിയോടും കാർത്തിക വല്യമ്മയോടും വിനുവിനോടും യാത്ര ചോദിച്ചു കാറിൽകയറി. . പോരാൻനേരം മുത്തശ്ശി തന്നെ ചേർത്ത് നിർത്തി പറഞ്ഞു . എന്റെ കുട്ടി ഒന്നുമോർത്തു വിഷമിക്കരുത് . അല്പം കാലതാമസമുണ്ടാകുമെങ്കിലും എല്ലാം മംഗളമായി വരുമെന്ന് ഈ മുത്തശ്ശിയുടെ മനസ്സ് പറയുന്നു . മനസ്സിരുത്തി മൂത്തന്നൂർ ദേവിയെ പ്രാർത്ഥിച്ചോളൂ . മുത്തശ്ശിയും അമ്മൂന് വേണ്ടി പ്രാർത്ഥിക്കണ് ണ്ട് .”

ആ വാക്കുകൾ ആത്മബലം കൂട്ടുവാനുപകരിച്ചു . ബസ്സിൽ യാത്ര ചെയ്യുമ്പോൾ മനസ്സ് മനുവേട്ടന്റെ അടുത്തായിരുന്നു . എന്തായിരിക്കും മനുവേട്ടൻ ഫോണെടുക്കാത്തത് . ഒരുപക്ഷെ എന്തെങ്കിലും അസുഖം?.. . പുതുതായെടുത്ത വാടക വീട്ടിൽ മനുവേട്ടൻ ഒറ്റക്കാണെന്ന ചിന്തയും മനസ്സിനെ അലട്ടി . അമ്മയെ കൊണ്ടുവന്നു നിർത്തിയെങ്കിലും പട്ടണത്തിലെ താമസം ഇഷ്ടപ്പെടാതെ അവർ മടങ്ങിപ്പോയി . ഉണ്ണിമായ അവധിയായതു കാരണം വീട്ടിലെത്തിയതും അവർ ഒരു കാരണമായിക്കണ്ടു .

എത്രയും പെട്ടെന്ന് മനുവേട്ടനെ കാണണമെന്നുള്ള ചിന്തയിൽ മനസ്സ് ഉഴറി .

കോച്ചിങ് ക്ലാസ്സിനടുത്തുള്ള സ്റ്റോപ്പിൽ ബസ്സിറങ്ങി വേഗം നടന്നു .

മനസ്സപ്പോൾ പതിവില്ലാത്ത വിധം അസുഖകരമായി തുടിക്കുന്നുണ്ടായിരുന്നു . ഏതോ അപ്രതീക്ഷിത വാർത്ത തന്നെ കാത്തിരിക്കുന്നതായി തോന്നി .

 

You can share this post!