ഋതുസംക്രമം -28

 

 

തന്റെ മ്ലാനമുഖം കണ്ടിട്ടാകാം മുത്തശ്ശി പറഞ്ഞു .

അല്ലാ ..അമ്മുക്കുട്ടി ആകെ വിഷമിക്കേം പേടിക്കേം ചെയ്തൂന്ന് തോന്നണല്ലോ .അയ്യപ്പൻ കൂട്ടിനുണ്ടായത് നന്നായി അല്ലെ ?… എന്താ ഇത്ര വൈകിയത് .”

മുത്തശ്ശിയുടെ സ്വരം തന്നെ മൗഢ്യത്തിൽ നിന്നും ഉണർത്തി . വഴിയിലുണ്ടായ  സംഭവമൊന്നും  മുത്തശ്ശിയെ അറിയിക്കേണ്ടെന്നു താൻ അയ്യപ്പനമ്മാവനോട് ആംഗ്യംകാണിച്ചു .

ബസ് കിട്ടാൻ വൈകി മുത്തശ്ശി ” . മുത്തശ്ശിയുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു .

ഇത്രേം വൈകാതെ നേര  എത്താൻ നോക്കിക്കോളൂ. അമ്മൂ . ങ്ങാ ഏതായാലും വേഗം മേൽക്കഴുകി വന്നോളൂ . കാപ്പിയെടുത്തു വച്ചിട്ടുണ്ട് . ”

തന്നെ ചേർത്തു നിർത്തി തലയിൽ തലോടി , മുത്തശ്ശിവാത്സല്യത്തോടെ പറഞ്ഞു .

ഒരാഴ്ചക്കുള്ളിൽ അമ്മൂ ഒരുപാട് ക്ഷീണിച്ചു . ഇനി രണ്ടു ദിവസം ഇവിടെ നിന്ന് നല്ല ആഹാരോക്കെ കഴിച്ച് മിടുക്കിയായിട്ടു എന്റെ കുട്ടി അങ്ങട് പോയാൽമതി ”.

ശരി മുത്തശ്ശി . മുത്തശ്ശിടെ അമ്മൂനും ഇപ്പഴാ സമാധാനായത് .അങ്ങിനെപറഞ്ഞുമുത്തശ്ശിയെ  കെട്ടിപിടിച്ചു .      അപ്പോൾഎന്തെന്നില്ലാത്ത ആശ്വാസം തോന്നി .മുത്തശ്ശിയുടെ ആലിംഗനത്തിൽ നിന്നും മുക്തയായി  മുന്നോട്ടു നടക്കുമ്പോൾ  അയ്യപ്പനമ്മാവൻ പറയുന്നത് കേട്ടു .

ഒരു പാവംകൊച്ചാ ശാരദേച്ചി ഇത് . വലിയ ഐ എ എസ് കാരിയൊക്കെ ആകേണ്ട ആൾക്ക് ഇത്രയൊന്നും പോരാ തന്റേടം .”

തിരിഞ്ഞു നോക്കുമ്പോൾ വാത്സല്യം വഴിയുന്ന മുഖവുമായി തന്നെതന്നെ നോക്കിനിൽക്കുന്ന മുത്തശ്ശിയെ ആണ് കാണാൻ കഴിഞ്ഞത്

മുറിക്കകത്തെത്തി മേൽക്കഴുകിക്കഴിഞ്ഞപ്പോൾ ഉത്സാഹമെല്ലാം വീണ്ടെടുത്തിരുന്നു . പിന്നീട് വേഗം ഡ്രസ്സ് മാറി ഊണുമുറിയിലെത്തി . അവിടെ ചിന്താവിഷ്ടയായി മ്ലാനവദനയായി ഇരിക്കുന്ന മുത്തശിയെ കണ്ടു . .

എന്താ മുത്തശ്ശി വിഷമിച്ചിരിക്കുന്നതു. ?” തന്റെ ചോദ്യം കേട്ട് മുത്തശ്ശി ചിന്തയിൽ നിന്നുണർന്ന് ഞെട്ടിപ്പിടഞ്ഞു  നോക്കി.

എന്താണ് മുത്തശ്ശിയെ അലട്ടുന്ന പ്രശ്നം . എന്നോട് പറയൂ മുത്തശ്ശി

അരികിലിരുന്ന്  നിർബന്ധിച്ചപ്പോൾ മുത്തശ്ശി നിറകണ്ണുകളോടെ പറയാൻ തുടങ്ങി

. ”എന്റെ വിനൂന് . എന്തുപറ്റിയെന്ന് അറിയില്ല കുഞ്ഞേ . ഇത്രയും ദിവസം അവൻ എന്റെ അടുത്തുന്നു മാറി നിന്നിട്ടില്ല . ഇനി അവനു വല്ല അസുഖോ മറ്റോ ഗിരിജയാണെങ്കിൽ ഒന്നുമെന്നെ വിളിച്ചറിയിക്കണില്ല . ……”

മുത്തശ്ശിയുടെ പെട്ടെന്നുള്ള ഭാവമാറ്റം തന്നെ വിഷമിപ്പിച്ചു . മുത്തശിയെ മുമ്പൊരിക്കലും ഇത്ര ദുഖി:തയായി കണ്ടിട്ടില്ല . വിനുവിന് സംഭവിച്ചതൊന്നും പാവം മുത്തശ്ശി അറിഞ്ഞിട്ടില്ലല്ലോ എന്നോർത്തു . പേരക്കുട്ടികളെ ഇത്രയധികം സ്നേഹിക്കുന്ന മുത്തശ്ശി വിനുവിന് സംഭവിച്ചതൊക്കെ അപ്പോഴപ്പോൾ അറിഞ്ഞിരുന്നുവെങ്കിൽ ഇപ്പോൾ എഴുന്നേറ്റു നടക്കുമായിരുന്നില്ലല്ലോ എന്നും ചിന്തിച്ചു . പക്ഷെ വിനു രക്ഷപ്പെട്ട സ്ഥിതിക്ക് എല്ലാം മുത്തശ്ശിയെ അറിയിക്കണമെന്നു തോന്നി . അടുത്തിരുന്നു മുത്തശ്ശിയെ മെല്ലെ തഴുകിക്കൊണ്ടു പറഞ്ഞു .

ഞാൻ ഒരു കാര്യംപറഞ്ഞാൽ മുത്തശി വിഷമിക്കരുത് . നമ്മുടെ വിനുക്കുട്ടൻ ഒരു ആക്സിഡന്റ് പറ്റി കഷ്ടിച്ച് രക്ഷപ്പെട്ടതെ ഉള്ളൂ . അവനിപ്പോൾ സുഖമായി ഗിരിജ ചിറ്റയുടെ വീട്ടിലുണ്ട് . ”

ആക്‌സിഡന്റോ . എന്നിട്ട് നിങ്ങളാരുമെന്നെ അറിയിക്കാതിരുന്നതെന്താണ് .” മുത്തശ്ശി ഒട്ടൊരു ആന്തലോടെ അന്വേഷിച്ചു . അപ്പോൾ നടന്ന കാര്യങ്ങളെല്ലാം വിസ്തരിച്ചു പറഞ്ഞു . വിനുവിന് കുത്തേറ്റു മരണാസന്നനായ കാര്യം പറഞ്ഞപ്പോൾ മുത്തശ്ശി നെഞ്ചത്ത് കൈ വച്ച് വിലപിക്കാൻ തുടങ്ങി .

എന്റെ വിനുക്കുട്ടന് ഇത്ര വലിയ ആപത്തുണ്ടായിട്ട് ഞാൻ ഒന്നുമറിഞ്ഞില്ലല്ലോ ഈശ്വരന്മാരെ ”’

മുത്തശ്ശിയുടെ കരച്ചിലും വിലാപവും കണ്ട് അമ്പരപ്പോടെ പറഞ്ഞു .

മുത്തശ്ശി ഇങ്ങനെ വിഷമിക്കുമെന്നു അറിയാവുന്നതു കൊണ്ടാണ് ഞങ്ങൾ മുത്തശ്ശിയിൽ നിന്നും എല്ലാം മറച്ചു വച്ചത്.  ഇന്നിപ്പോൾ വിനു സുഖമായിട്ടിരിക്കുന്നു മുത്തശ്ശി. അവൻ വലിയൊരു ആപത്തിൽ നിന്നുമാണ് രക്ഷപ്പെട്ടത് . .ഗിരിജചിറ്റയുടെയും മറ്റുപലരുടെയും പ്രാർത്ഥന അവനോടൊപ്പം ഉണ്ടായിരുന്നു . മുത്തശ്ശിയും ഒന്നുമറിയാതെയാണെങ്കിലും അവനു വേണ്ടി പ്രാർത്ഥിച്ചിരുന്നുവല്ലോ . ”

ശരിയാണ് മോളെ . കഴിഞ്ഞ കുറെ ദിവസങ്ങളായി എന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരാധി നിറഞ്ഞിരുന്നു . നിങ്ങൾ രണ്ടുപേരെയും ഓർത്തായിരുന്നു ആധി കൂടുതൽ . ഇന്ന് അമ്മൂനെ കണ്ടപ്പോൾ അത് കുറെയൊക്കെ മാറി . പിന്നെ അത് വിനുക്കുട്ടനെക്കുറിച്ചായി . അതാണ് നിന്നോട് ഞാൻ എന്റെ വിഷമം പറഞ്ഞത് . ” മുത്തശ്ശി കണ്ണുതുടച്ചു . ‘ ‘ ”ഞാൻ പറഞ്ഞില്ലേ മുത്തശ്ശി , അവനെക്കുറിച്ചു ഒരാധിയും വേണ്ടെന്നു . ഇപ്പോൾ കുറച്ചുദിവസത്തെ പൂർണ വിശ്രമം അവനാവശ്യമുണ്ട് . ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞാൽ അവൻ മുത്തശ്ശിയുടെ അടുത്തേക്ക് ഓടി വരും. ഇനി ഒരു സന്തോഷവാർത്തമാനം കേട്ട് കഴിയുമ്പോൾ മുത്തശ്ശിയുടെ എല്ലാ വിഷമവും പമ്പ കടക്കും . ”

അതെന്താ അമ്മൂ അത്ര നല്ല വർത്തമാനം ?. വേഗം പറയൂ ”.

ഈ ഓണത്തിന് അച്ഛനുമമ്മയും രെഞ്ചുവും ഇവിടെയെത്തും …

ഓണത്തിനോ . അതിനിനി കുറച്ചുദിവസ്സങ്ങളല്ലേ ഉള്ളൂ അമ്മൂ. ഓണത്തിനിടക്ക് നിന്റെ പിറന്നാളും പിന്നെ മുത്തശ്ശ ന്റെ നവതിയും വരികയല്ലേ

. ”അതെ മുത്തശ്ശി . മുത്തശ്ശന്റെ നവതി ഇത്തവണ നമുക്ക് ആഘോഷമായി കൊണ്ടാടണം .” . അതുപറഞ്ഞപ്പോളോർത്തു . ഇത്തവണ മനുവേട്ടനെയും കുടുംബത്തെയും വിളിക്കണം. . അക്കാര്യം അല്പം ആശങ്കയോടെ സൂചിപ്പിച്ചപ്പോൾ മുത്തശ്ശിപറഞ്ഞു .

അതിനെന്താഅമ്മൂ ……ശ്രീദേവിവാരസ്യാരുമായുള്ള ബന്ധം ഇന്നൊ ഇന്നലെയോ തുടങ്ങിയതല്ല . അച്യുതവാര്യരുള്ളപ്പോൾ തുടങ്ങിയതാ ആ ബന്ധം . ഇവിടത്തെ മുത്തശ്ശനും അദ്ദേഹവും നല്ല സുഹൃത്തുക്കളായിരുന്നു. . മേലാളർ, കീഴാളർ എന്നുള്ള വിടവ് അവർക്കിടയിലുണ്ടായിരുന്നില്ല . അവരെ വിളിക്കുന്നതിൽ എനിക്ക് സന്തോഷേ  ഉള്ളൂ . ”

അത് കേട്ടതോടെ മനസ്സു നിറഞ്ഞു . ഇനി അച്ഛനുമമ്മക്കും മുത്തശ്ശനുമൊന്നും ഇക്കാര്യത്തിൽ എതിർപ്പുണ്ടാകുമെന്നു തോന്നുന്നില്ല . ഒരു പഴയ സൗഹൃദം പുതുക്കൽ കൂടി ആകുമത് . പെട്ടെന്ന് തോന്നിയ ആഹ്ലാദത്തിൽ മുത്തശ്ശിയെ കെട്ടിപിടിച്ചു പറഞ്ഞു .

ഇത്തവണ എനിക്ക് പത്തുദിവസത്തെ ലീവുണ്ട് . അപ്പോൾ പിന്നെ എല്ലാവരുമായി ചേർന്ന് കേമമായിത്തന്നെ നമുക്ക് ഓണമാഘോഷിക്കാം  ”. 

  ”എന്റെ അമ്മു അടുത്തുള്ളപ്പോൾ എനിക്കെന്നും ഓണമല്ലേ” അങ്ങിനെപറഞ്ഞു മുത്തശ്ശി ചിരിച്ചു . നിലാവുപോലെയുള്ള ആപുഞ്ചിരി! ….. അതോടെ മനസ്സിൽ നിറഞ്ഞിരുന്ന വൈക്ലബ്യമെല്ലാം ഓടിമറഞ്ഞു . വരാനിരിക്കുന്ന ദിനങ്ങളെ ഓർത്തു മനസ്സിൽ ഉണർവും ആഹ്ലാദവും നിറഞ്ഞു കവിഞ്ഞു . പക്ഷെ അടുത്ത നിമിഷം മനസ്സിലെ സന്തോഷത്തെ ഊതിക്കെടുത്തിക്കൊണ്ടു മുത്തശ്ശിയുടെ വാക്കുകളെത്തി

‘ ”എനിക്കറിയാം അമ്മൂന്റെ മനസ്സിലെന്താണെന്നു . അത് പക്ഷെ നടക്കുമോന്നു മുത്തശ്ശിക്കും സംശയമുണ്ട് മോളെ . നീ ആ ആഗ്രഹമുപേക്ഷിക്കുന്നതാണ് നന്ന് . ”

അതുകേട്ടപ്പോൾഅറിയാതെ കണ്ണുകൾ നിറഞ്ഞു. . എങ്കിലും പെട്ടെന്ന് സ്വയം നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു .

അയ്യേ ഈ മുത്തശ്ശിക്കെന്താ ഞാൻ അതൊന്നുമല്ല മുത്തശ്ശി ചിന്തിച്ചത് . അച്ഛനുമമ്മയും വരുമ്പോൾ എന്റെ ക്ലാസ് കുറെ കട്ട് ചെയ്യേണ്ടി വരുമല്ലോ എന്നോ ർത്തതാ

വിദഗ്ദ്ധമായി കള്ളം പറയുമ്പോൾ അല്പം കുറ്റബോധം തോന്നാതെ ഇരുന്നില്ല എങ്കിലും മുത്തശ്ശിയുടെ സന്തോഷം കെടുത്തണ്ടല്ലോയെന്നു കരുതി , സന്തോഷം നടിച്ച് പറഞ്ഞു

വരൂ മുത്തശ്ശി , എന്തെങ്കിലും കഴിക്കാൻ തരൂ ..ഒരാനയെ തിന്നുവാനുള്ള വിശപ്പുണ്ട് . ”

മുത്തശ്ശി അപ്പോൾ പുഞ്ചിരിച്ചു കൊണ്ട് തന്നോടൊപ്പം നടന്നു .

ഹോ ഇപ്പോഴെങ്കിലും മുത്തശ്ശി ചിരിച്ചു കണ്ടല്ലോ . ഈ പ്രായത്തിലും മുത്തശ്ശിയുടെ ചിരി കാണാൻ എന്ത് ഭംഗിയാണെന്നോ താൻ മുത്തശിയെ മുഖസ്തുതി കൊണ്ട് മൂടി

. ”ഉം വേണ്ട ..വേണ്ട എന്നെ സ്തുതിച്ചു വീഴ്ത്താനൊന്നും നോക്കേണ്ട ”. മുത്തശ്ശി തന്നെ കളിയാക്കി . താൻ അത് വെറുതെ പറഞ്ഞതല്ലായിരുന്നു നിലാവുദിച്ച രാത്രിയിൽ മുല്ലപ്പൂ വിടർന്നു പരിമളം പരത്തുന്നതുപോലെ മനോഹരമായിരുന്നു ശാരദ മുത്തശിയുടെ ചിരി. ആ ചിരി ഒരിക്കലും മായരുതെന്നു താനാഗ്രഹിച്ചു .

അങ്ങിനെ സന്തോഷഭരിതമായ ആ ദിനങ്ങൾ ഓടിയെത്തി .തിരുവോണത്തിന് മൂന്നു നാലു ദിനങ്ങൾ മുന്നേ അച്ഛനുമമ്മയും രഞ്ജുവും നെടുമ്പാശ്ശേരിയിൽ ഫ്ലൈറ്റ് ഇറങ്ങി. . ഒരു ടാക്സി പിടിച്ചു അവർ കൈതാരത്തെത്തി. . കാർ പടിക്കലെത്തിയ ഉടനെ താനോടിച്ചെന്നു. . കാറിൽ നിന്നുമിറങ്ങുന്നവരെ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു .ദേവികയുടെ കണ്ണുകളും നിറഞ്ഞു

”. എത്ര നാളായി നിന്നെ കണ്ടിട്ട് . നീയങ്ങു ക്ഷീണിച്ചു പോയല്ലോ മോളെ

അവൾ പഠിച്ചു പഠിച്ചു ക്ഷീണിച്ചതായിരിക്കും ദേവികേ , സാരമില്ല ഐ എ എസ് കിട്ടിക്കഴിയുമ്പോളവളുടെ ക്ഷീണമെല്ലാം പമ്പ കടക്കും അല്ലെ മോളെമാധവന്റെ ചോദ്യവും പറച്ചിലും കേട്ടിട്ട് എല്ലാവർക്കും ചിരി വന്നു . അച്ഛനെ കെട്ടിപിടിച്ചു പറഞ്ഞു .

അച്ഛനും വല്ലാതെ ക്ഷീണിച്ചു . എന്റെ അച്ഛനേയുംഅമ്മയെയും രഞ്ചുവിനെയുമൊക്കെ കണ്ടിട്ട് ഒരുപാട് നാളായതു പോലെ

. ” പ്രിയേച്ചി വീട്ടിൽ നിന്നും പോന്നതില്പിന്നെ ഒരു രസവുമുണ്ടായിരുന്നില്ല . വീടുറങ്ങിയത് പോലെ . ”രഞ്ജുവിന്റെ വാക്കുകൾ കേട്ട് പ്രിയ അവളെയും ആലിംഗനം ചെയ്തു .

നീയും ഒരുപാട്ക്ഷീണിച്ചതു പോലെ .നിന്റെ തടിയൊക്കെ എവിടെപ്പോയി മോളെ ..”

എന്തെങ്കിലുമൊക്കെ തമാശ പറയാനും പൊട്ടിച്ചിരിക്കാനും ഇഷ്ടമുള്ള ആഹാരം തട്ടിപ്പറിച്ചു തിന്ന് വഴക്കിടാനുമൊക്കെ പ്രിയേച്ചിയുള്ളപ്പോൾ എന്ത് രസായിരുന്നു . എനിക്കിപ്പോ ഒറ്റക്കിരുന്നു ഒന്നും കഴിക്കാൻ തോന്നാറില്ല . അതാ ക്ഷീണിച്ചു പോയത്” .

അത് കേട്ട് എല്ലാവരും ചിരിച്ചു . മുറ്റത്തു നിന്നും ചിരിയുംവർത്തമാനവും കേട്ട് മുത്തശ്ശി ഓടിവന്നു

അല്ല , എല്ലാരും എത്തീല്ലോ . എത്ര നാളായി എല്ലാരേയും കണ്ടിട്ട് ”. മുത്തശ്ശി സന്തോഷഭരിതയായി ചോദിച്ചുകൊണ്ട് പൂമുഖത്തെത്തി .

അല്ല അമ്മയും വല്ലാണ്ടങ്ങിട് ക്ഷീണിച്ചുവല്ലോ . ഇവള് അമ്മയെ ഒരുപാട് പാടുപെടുത്തണുണ്ടെന്നു തോന്നണു മാധവൻ ചോദിച്ചു

ഇവളെടുത്തുള്ളത് കൊണ്ടു എനിക്ക് സന്തോഷേ ഉള്ളൂ മാധവ. ഞാൻ അല്പം കൂടി വണ്ണം വച്ചൂന്നാ ഇപ്പൊ എനിക്ക് തോന്നാറുള്ളത് ദേവിക ഏതായാലും വണ്ണം വച്ചൂട്ടോ.. ഇവിടന്നുപോകുമ്പോൾ എത്ര ക്ഷീണിച്ചിരുന്നതാ രണ്ഞു മോൾ പക്ഷെ ക്ഷീണിച്ചുപോയി . പഠിത്തത്തിന്റെ ആയിരിക്കും അല്ലെ ? ഇവിടെ പ്രിയയും അതുതന്നെയാ ക്ഷീണിക്കാൻ കാരണം . പിന്നെ അങ്ങോട്ടുമിങ്ങോട്ടുമുള്ള അലച്ചിലും . ഇവിടെ വരുമ്പോൾ ഞാൻ വല്ലതും നിർബന്ധിച്ച് കഴിപ്പിക്കും പിന്നീട് ഹോസ്റ്റലിലേക്ക് പോയി വരുമ്പോൾ വീണ്ടും പഴയ പടി ആയിരിക്കുന്നത് കാണാം. . എന്താ ചെയ്ക ?”

.മത്തശ്ശി അങ്ങിനെ പറഞ്ഞു പ്രിയയെ നോക്കി . അപ്പോൾ മാധവൻ ചിരിച്ചു കൊണ്ട് പറഞ്ഞു .

ഇവൾ ഐ എ എസ് ഒന്നെടുത്തോട്ടെ അമ്മെ .. എന്നിട്ട് വേണം നല്ലൊരു ചെക്കനെ കണ്ടു പിടിച്ചു നമുക്കിവളെ കെട്ടിക്കാൻ . അപ്പൊ ഇവള് തന്നത്താൻ ആരോഗ്യം നോക്കാൻ പഠിച്ചോളും മാധവന്റെ വാക്കുകൾ കേട്ട് എല്ലാവരും ചിരിച്ചു . ”

അങ്ങിനെ കുശലാന്വേഷണങ്ങളും പൊട്ടിച്ചിരികളും കൊണ്ട് അന്തരീക്ഷം മുഖരിതമായി . . വളരെ നാളുകൾക്കു ശേഷം വീടുണർന്നതു പോലെ . പക്ഷെ അല്പനേരത്തേക്കു നീണ്ടു നിന്ന ആ സന്തോഷം കാർത്തികവല്യമ്മ വന്നതോടെ ഇല്ലാതെയായി .

കാർത്തികേച്ചി പഴയതു പോലെ തന്നെയുണ്ട് . ഒട്ടും നന്നായില്ലാട്ടോ. . പഴയതിനേക്കാൾ വയസ്സും തോന്നിക്കണുണ്ട് ”’അമ്മ വാതിൽക്കൽ നിന്ന കാർത്തിക വല്യമ്മയുടെ അടുത്തെത്തി പറഞ്ഞു . അതുകേട്ട് മുത്തശി പറഞ്ഞു .

വേണ്ടാട്ടോ ദേവികെ അവളോട്‌ അങ്ങിനെയൊന്നും പറയണ്ട . പിന്നെ അതുമതി ഇന്ന് മുഴുവൻ കരഞ്ഞോണ്ടിരിക്കാൻ

പെട്ടെന്ന് എല്ലാവരുടെയും മുഖം മ്ലാനമായി . അമ്മ കാർത്തിക വല്യമ്മയുടെ സമീപമെത്തി പറഞ്ഞു .

സോറി കാർത്തികേച്ചി . ഞാൻ ഒന്നും ഓർത്തു പറഞ്ഞതല്ല . കാർത്തികേച്ചി എന്നെ തെറ്റിദ്ധരിക്കരുത് . ”

എനിക്കെന്തു തെറ്റുധാരണ കുട്ടി . അങ്ങിനെയൊന്നും എനിക്ക് തോന്നീട്ടില്ല ..എല്ലാം എന്റെ വിധി. അല്ലാതെ ഞാൻ ആരെയും പഴിക്കണില്ല . ഇല്ലെങ്കിൽ ഒരു കുഞ്ഞിക്കാലെങ്കിലും ദൈവം എന്നെ കാണിക്കുമായിരുന്നില്ലേ . ഒക്കെക്കും ഒരു യോഗം വേണം കുട്ടി ..അത്രേ ഞാൻ വിചാരിച്ചുള്ളൂ നിറഞ്ഞ കണ്ണുകൾ തുടച്ചു മുഖത്ത് പ്രസന്ന ഭാവം വരുത്തി വല്യമ്മ പറഞ്ഞു .

കാർത്തികേച്ചിയുടെ മക്കളല്ലേ ഇവരെല്ലാം . പ്രിയയെ ഞങ്ങളിവിടെ നിർത്തിയിരിക്കുന്നത് കാർത്തികേച്ചിക്കും കൂടി വേണ്ടീട്ടല്ലേ . കാർത്തികേച്ചി പഴയതെല്ലാംമറന്നു സന്തോഷായിട്ടിരിക്കണം . അതായിരിക്കും അമ്മയ്ക്കും അച്ഛനും സന്തോഷം . ”

അമ്മ വല്യമ്മയുടെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊടുത്തു .പിന്നെ പെട്ടെന്ന് അകത്തേക്ക് നോക്കി പറഞ്ഞു . ”അല്ല അച്ഛനെ കണ്ടില്ലല്ലോ വരൂ നമുക്കച്ഛന്റെ അടുത്തേക്ക് പോകാം .”

 

You can share this post!