അമ്മയുടെ അർത്ഥമറിഞ്ഞ കുട്ടി/കല്ലൂർ ഈശ്വരൻ പോറ്റി

നാലുനാളത്തെ ഔദ്യോഗിക ടൂർ കഴിഞ്ഞുള്ള മടക്കം. കവലയിൽ നിറുത്തിയ ബസ്സ്, പുക ചുരത്തി ഒരിരമ്പലോടെ മുന്നോട്ട് നീങ്ങി. ബസ്സിൽ നിന്നിറങ്ങിയ ശിവദാസൻ ബാഗും തോളിലിട്ട് നടന്ന് തുടങ്ങി. രാവിലത്തെ തണുപ്പ് വൃക്ഷത്തണലിൽ ഇപ്പോഴും തങ്ങി നില്പുണ്ട്. വെയിലിന് അല്പം ചൂടു കൂടിയെങ്കിലും ഇടയ്ക്കിടക്ക് പൊടി പാറിച്ച് വരുന്ന കാറ്റിന് ഇളം തണുപ്പുണ്ട്.

റോഡിൽ നിന്നും വീട്ടിലേക്കുള്ള വഴിയിലേയ്ക്കിറങ്ങി ശിവദാസൻ പതിയെ നടന്നു.

“നീയ്യ് വരുന്ന വഴിയാ, എന്തേ ഇന്ന് നേരത്തെ പോന്നു “

വഴിയിൽ പശുവിനെ തീറ്റിക്കൊണ്ട് പരമു മാമൻ.
ശിവദാസൻ്റെ മുഖത്ത് ഒരു ക്ഷീണിച്ച ചിരി വിടർന്നു.’

” ഓഫീസ് ആവശ്യത്തിന് ഒരു യാത്ര പോയിരുന്നു “
പശുക്കയറ് കയ്യൊന്ന് മാറ്റിപ്പിടിച്ച് പരമു മാമൻ വെറ്റിലക്കറ പുരണ്ട പല്ല് കാട്ടി ചിരിച്ചു.

“നിൻ്റെ ഇപ്പഴത്തെ പെണ്ണെങ്ങനാ?
ആദ്യത്തെ പെങ്കൊച്ച് സ്നേഹോളളവളാ യിരുന്നു.എൻ്റെ തല വെട്ടം കണ്ടാ മതി ഒരു ചായ റെഡി”

ശിവദാസൻ ഭവ്യതയോടെ ചിരിച്ചു.

“രണ്ടാമത് കൊണ്ട് വന്നോളുടെ പേരെന്താ”

“അവടെ പേര് രമ”

അധികം നിൽക്കാതെ ശിവദാസൻ നടന്നു നീങ്ങി.

ആദ്യ ഭാര്യയെക്കുറിച്ച് ഇങ്ങനെ ആരെങ്കിലുമൊക്കെ നല്ല വാക്ക് പറഞ്ഞു കേക്കുമ്പം അയാളുടെ മനസ്സിനുള്ളിൽ ഒരാനന്ദം കിനിയും. അവളെ അറിയുന്ന എല്ലാവർക്കും നല്ലതേ പറയാനുള്ളു.

അവൾ മറഞ്ഞിട്ട് ഒരു വർഷത്തിലേറെ ആയെങ്കിലും കഴിഞ്ഞു പോയ സന്തോഷ പ്രദമായ നാളുകൾ പുഷ്പ സുഗന്ധമായി ഓർമ്മകളിൽ നിറഞ്ഞു നില്പുണ്ട്.

ഒരാളിൻ്റെ വരുമാനമേയുള്ളുവെന്ന ബോധ്യം അവൾക്കുണ്ടായിരുന്നു. തൻ്റെയും മോൻ്റേയും കാര്യത്തിൽ എന്തൊരു കരുതലായിരുന്നു. യാന്ത്രികമായി കാലുകൾ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പൊഴും ശിവദാസൻ ആദ്യ ഭാര്യ ചാന്ദിനിയുടെ മാസ്മരിക വലയത്തിലായി.
തുന്നൽപ്പണിയിലൂടെ ചെറിയ വരുമാനം അവൾ കണ്ടെത്തിയിരുന്നു.

“ഈ നാട്ടുമ്പുറത്ത് ആരാ തുന്നാൻ കൊണ്ടുവരിക, ശിവേട്ടാ ഒരു പശൂനെ വാങ്ങിയാലോ “

ശിവദാസൻ തടസ്സം പറഞ്ഞു:
“അതൊന്നും വേണ്ട മോളേ….. ഇപ്പൊ നീ ചെയ്യുന്നതൊക്കെ തന്നെ ധാരാളം “

“ശിവേട്ടൻ ഓഫീസിലും മോൻ സ്കൂളിലും പൊയ്ക്കഴിഞ്ഞാൽ പിന്നെ ബോറടിക്കും, അതോണ്ടാ “

അവളുടെ നിർബ്ബന്ധ പ്രകാരമാണ് ഒരു പശുവിനെ വാങ്ങിയത്.
സർക്കാർ പണിക്കാരനായ തനിക്ക് നിശ്ചിത സമയം ജോലി ചെയ്താൽ മതി. ഒഴിവു ദിനങ്ങളുണ്ട്.കൂടാതെ, വേണ്ടിവന്നാൽ അവധിയുമെടുക്കാം.

ചാന്ദിനിക്ക് പൊതു ഒഴിവുകൾ ബാധകമായിരുന്നില്ല. പകലന്തിയോളം പണിതന്നെ. അതിലവൾ പ്രത്യേക ആനന്ദം കണ്ടെത്തിയിരുന്നു. തുടർന്നനുഭവിക്കാൻ ഭാഗ്യമില്ലാതെ പോയി. അയാളുടെ കണ്ണ് നിറഞ്ഞു.

ചാന്ദിനി പോയിട്ട് ആറുമാസം കഴിഞ്ഞപ്പോൾ മുതൽ രണ്ടാം വിവാഹത്തിന് ബന്ധുക്കളും സുഹൃത്തുക്കളും നിർബ്ബന്ധിച്ചു തുടങ്ങി.
അകന്നാണ് താമസമെങ്കിലും മൂത്ത ചേട്ടൻ വീട്ടിൽ വന്നപ്പോൾ ഉപദേശിച്ചിട്ടു പോയി,

” വീട്ടുകാര്യമൊക്കെ തകിടം മറിഞ്ഞില്ലേ ശിവാ,
മോൻ തീരെ ചെറിയ കുട്ടിയും. ഒരു വിവാഹം കൂടിയേ തീരു. ആരും നിന്നെ പഴിക്കില്ല.”

മനസ്സില്ലാ മനസ്സോടെ രണ്ടാം കെട്ടുകാരനായി.
ജീവിതത്തിൻ്റെ ത്രില്ല് തന്നെ നഷ്ടമായ പോലെ.

അയാൾ ഗേറ്റിൻ്റെ ഒരു പാളി തുറന്ന് അകത്ത് കയറി. തിരിഞ്ഞ് ഗേറ്റടച്ച ശേഷം ഒരു നിമിഷം നിന്നു.
ഗേറ്റ് തുറന്ന ശബ്ദം കേട്ട് മകൻ ഓടി വന്ന് കയ്യിൽ തൂങ്ങുമെന്ന് അയാൾക്കറിയാം .പിന്നെ ഓരോ വിശേഷങ്ങൾ,വാതോരാതെ പറഞ്ഞു കൊണ്ട് തന്നെയും വലിച്ചുകൊണ്ട് വീടിനകത്തേക്ക് ഓടും
ഇന്നതുണ്ടായില്ല. അയാൾക്കത്ഭുതമായി. ഇവനിതെവിടെപ്പോയി. ശിവദാസൻ ചുറ്റിനും നോക്കി….

അയാളുടെ അമ്പരപ്പു മാറി. ചുണ്ടിൽ വാത്സ്യല്യമൂറുന്ന ചിരി പടർന്നു.
പേരമരച്ചോട്ടിൽ അവനിരിപ്പുണ്ട്.മുഖം കണ്ടാലറിയാം, ഒരുഷാറില്ലാത്ത പോലെ.

അയാൾ വേഗം അവനടുത്തേക്ക് നടന്നു. അവൻ എഴുന്നേറ്റു.
അവനേയും ചേർത്തു പിടിച്ച് വീടിനുള്ളിലേക്ക് നടന്നു.

“എന്താ മോനേ ഒരു വല്ലായ്മ പോലെ, “
നെറ്റിയിലും നെഞ്ചിലുമൊക്കെ കൈ വച്ചു നോക്കി: “ഏയ് ഒന്നുല്ലാല്ലോ”
അവൻ്റെ മുഖം വിടർന്നു.
” പുതിയമ്മയെന്ത്യേ”
അവൻ കൈ മലർത്തിക്കാണിച്ചു.
രമയുമായുള്ള കല്യാണം കഴിഞ്ഞിട്ട് നാലഞ്ചു മാസമെ ആയിട്ടുള്ളു.
രണ്ടു മൂന്ന് ദിവസത്തെ തൻ്റെ അഭാവത്തിൽ അവൻ രമയോട് കൂടുതൽ ഇണങ്ങിയുട്ടു ണ്ടാവുമെന്ന് അയാൾ കരുതി.

പുറത്തെ സംസാരം കേട്ടിട്ടാകണം രമ അവർക്കിടയിലേക്കു വന്നു

” ബാഗ് ഇങ്ങ് തന്നോളൂ, “

ശിവദാസൻ്റെ തോളിലെ ബാഗ് ഊരി വാങ്ങുന്നതിനിടയിൽ അവൾ ചോദിച്ചു.

” ഒരു ചായ എടുക്കട്ടെ”

“ചായ ആവാം, അതിന് മുമ്പ് ഒന്ന് കുളിക്കണം”

ബാഗ് ഡ്രായിംഗ് റൂമിൽ കൊണ്ട് വച്ചിട്ട് രമ കിച്ചണിലേക്ക് പോയി.

ശിവദാസൻ മകനേയും കൂട്ടി കിടപ്പുമുറിയിലേക്കും നടന്നു.

യാത്രാ വേഷം മാറി ലുങ്കി ധരിക്കുമ്പൊഴും അയാളുടെ ശ്രദ്ധ മകനിലായിരുന്നു.

പന്ത്രണ്ട് വയസ്സ് കഴിഞ്ഞു അവന്, പലതും മനസ്സിലാക്കാനുള്ള ബുദ്ധിയുറച്ചിട്ടുണ്ട്:

“മോനേ ശ്രീക്കുട്ടാ ! അച്ഛനൊരു കാര്യം ചോദിക്കട്ടെ, മോൻ്റമ്മ മോന് ഒത്തിരി കാര്യങ്ങൾ പറഞ്ഞു തരുമായിരുന്നു അല്ലേ.പക്ഷെ മോനെ ഇട്ടേച്ച് പോയി.
അതോണ്ടല്ലേ മറ്റൊരമ്മയെ കൊണ്ടുവന്നത്. “

അയാൾ പുഞ്ചിരിയോടെ മകനെചേർത്തു പിടിച്ചു.

“മോൻ്റമ്മയും പുതിയ അമ്മയും തമ്മിൽ ഒരു വ്യത്യസമുണ്ടോ, ഇല്ല.”

” അച്ഛനറിയോ, എൻ്റെമ്മ ഒത്തിരി കള്ളം പറഞ്ഞിട്ടുണ്ട്. “

അയാൾ ചിരിച്ചു.:

” ആണോ, എന്തൊക്കെ നുണകളാ അമ്മ പറഞ്ഞിട്ടുള്ളത് കേൾക്കട്ടെ!”

” അത്, ഇപ്പൊ ഞാൻ പറയാം, ഞാൻ അഞ്ചാം ക്ലാസ്സിലായിരുന്നില്ലേ, അന്ന് റ്റി വി റിമോട്ടിന് വാശി പിടിച്ച് കരയും. അമ്മ പറയും ദുർവാശി പിടിച്ച് കരഞ്ഞാ പിച്ചക്കാരന് കൊടുക്കമെന്ന് .പിന്നേം ഞാൻ നിലത്തിരുന്ന് കരയും അപ്പൊ അമ്മ ഓടി വന്നെടുക്കും ,
ഞാൻ വെറുതെ പറഞ്ഞതല്ലേ അമ്മേടെ കുട്ടനെ ഒരു പിച്ചക്കാരനും കൊടുക്കൂല്ല എന്നും പറഞ്ഞ് കുറെ ഉമ്മ തരും ,പിന്നെ റിമോട്ടും കൈയിൽ വച്ചു തരും “

അയാൾ പൊട്ടിച്ചിരിച്ചു :”കൊള്ളാല്ലോ!
ഇനീം വേറെയും കള്ളങ്ങള് പറഞ്ഞിട്ടുണ്ടോ നിൻ്റെ മ്മ”.

” മുമ്പൊരു ദെവസം അമ്മേടെ മൊബേല് തന്നില്ല. ഞാൻവാശിക്ക് കപ്പ് താഴെ എറിഞ്ഞ്, അത് പൊട്ടി, അമ്മ ദേഷ്യത്തിൽ പറഞ്ഞു വാശിക്കുട്ടന് ഇന്ന് രാത്രീല് ചോറ് തരൂല്ല. ഒറ്റക്ക് ഇരുട്ടുമുറീല് കിടത്തുമെന്ന് .”

“എന്നിട്ടോ “

“രാത്രീല് അമ്മ ചോറ് ഉരുട്ടി തന്നു. പിന്നീട് എൻ്റടുത്ത് കിടന്ന് ഒറങ്ങാൻ പാട്ടു പാടി തന്നു.”

അയാൾ ഉദ്വേഗത്തോടെ ചോദിച്ചു:

“അപ്പൊ പുതിയ അമ്മ എന്തൊക്കെ കള്ളം പറഞ്ഞു, കേക്കട്ടെ”

അവൻ അല്പം സങ്കോചത്തോടെ പറഞ്ഞു.:
“പുതിയമ്മ കള്ളം പറയാറില്ല.”

” ആണോ, അപ്പൊ പുതിയമ്മ എന്താ മോനോട് പറഞ്ഞത് ”

” അത്, ഇന്നലെ , ആ പൂവിൻ്റെ പടോള്ള പുതിയ പ്ലേറ്റില്ലേ, എൻ്റെ കയ്യീന്ന് വീണ് പൊട്ടി “

അവൻ്റെ മുഖം വല്ലാതെ ചുവന്നു.

“പുതിയമ്മ പറഞ്ഞു പ്ലേറ്റ് പൊട്ടിച്ച നിനക്ക് ഇവിടെ ചോറില്ലെന്ന് “

അവൻ പൊട്ടിക്കരഞ്ഞു, :” ഞാനിതുവരെ ഒന്നും കഴിച്ചില്ല ച്ഛാ…. “

എന്തു പറയണമെന്നറിയാതെ ശിവദാസൻ സ്തംബ്ധനായിപ്പോയി. അയാൾ മകൻ കാണാതെ കണ്ണു തുടച്ചു.

“നമുക്കിന്ന് ഒരുമിച്ച് ഊണ് കഴിക്കാം, പുതിയമ്മക്ക് ഇന്ന് ചോറ് കൊടുക്കണ്ട.”

അയാൾ ബാഗിൽ നിന്നും ബിസ്ക്കറ്റും ചോക്ലേറ്റും, പുറത്തെടുത്തു.യാത്രയ്ക്കിടയിൽ എപ്പൊഴോ കഴിച്ച് ബാക്കി വന്ന രണ്ടു നേന്ത്രപ്പഴവും ബാഗിൻ ഉണ്ടായിരുന്നു.. പഴം രണ്ടും അവൻ തിന്നുന്നതും നോക്കി തെല്ല് ആശ്വാസത്തോടെ അയാളിരുന്നു. :
” ഇതാ, ഇനി മോൻ പോയി കളിക്ക് ,”

ശിവദാസൻ ഒരു ചെറിയ ടോയ് ബുൾഡോസർ ശ്രീകുട്ടൻ്റെ കയ്യിൽ വച്ചു കൊടുത്തു.

ബിസ്ക്കറ്റ് കടിച്ച് നിന്ന്, പുതിയ കളിപ്പാട്ടവുമായി ശ്രീകുട്ടൻ മുറ്റത്തേക്കോടി.

You can share this post!