സ്വപ്നങ്ങളുടെ തെരുവുവീഥികൾ/റഹിം പേരേപറമ്പിൽ


അമാവാസി രാവിൽ
ജനല തുറന്നിട്ട്
ഇരുട്ട് പെയ്യുന്ന
ഓർക്കെസ്ട്ര കേട്ട്
കിടക്കുമ്പോൾ,
കാപ്പിപ്പൂവിന്റെ
സൗര ഗന്ധമുള്ള
ഒരു മേഘം വന്ന്
എന്നെ എടുത്തുയർത്തി
മടിയിൽ വെച്ചു.

മേഘാങ്കണത്തിരുന്ന്
നോക്കുമ്പോൾ
ഭൂമി;
ഇരുട്ടിന്റെ
ഒരു കൊഴുക്കട്ട!

ആകാശത്തെ ഞാൻ
കൈ നീട്ടീ
ഭൂമിയെ എടുത്ത്
ഒന്ന് മണപ്പിച്ചു;
കണ്ണീരിന്റെ ഉപ്പുമണം!

ആരേലും
അറിയുന്നതിനു മുമ്പ്
വേഗം
ഭൂമിയെ ഞാൻ
എടുത്തോടത്തു വച്ചു.
ഹൗ! സമാധാനം….

പിന്നെ
ആകാശത്തിരുന്ന്
അതിനു മുകളിലെ
ആകാശത്തേക്ക് നോക്കി.
എന്നിട്ട്
രണ്ടാം നിഴലായ
മൊബൈലിൽ
ഇങ്ങനെ കുറിച്ചു;

” ആകാശത്തെ
നക്ഷത്രക്കുത്തുകൾ
യോജിപ്പിച്ചാൽ
ദൈവത്തിന്റെ
ചിത്രം കാണാം!”

അപ്പോത്തന്നെ
സാഹിത്യ ഗ്രൂപ്പിൽ
പോസ്റ്റി!

പിറ്റേന്ന്
ഗ്രൂപ്പ് നോക്കി;
മുറതെറ്റാതെ
ലൈക്കുകളും
കമൻറുകളും.

ആരൊക്കെ
വായിച്ചെന്നറിയാൻ
ഇൻഫോ നോക്കി;
ഇരവിലെ പാരിജാതം
അരുണയാമത്തിലെ
മഞ്ഞുതുള്ളി,
ഭൂപാളം മൂളുന്ന
കുടമുല്ല ,
പതിനൊന്നു മണിയിലെ
താരാട്ടു വെയിൽ,
പുളി മാങ്ങ രുചിക്കുന്ന
നട്ടുച്ച,
പിടി പോയ മദ്ധ്യാഹ്നത്തിലെ
അരിവാൾ ചന്ദ്രൻ ,
സായാഹ്ന ഗീതി
നാല് മണിപ്പൂവ്,
ഞാവൽ സന്ധ്യകൾ ……
ലിസ്റ്റ്
അങ്ങനെ പോകുന്നു.

അപ്പോൾ
ലൈക്കിയവരുടെയും
കമൻറിയവരുടെയും
പേര് കണ്ടില്ലല്ലോ
ഇൻഫോയിൽ…….

“ഒന്ന് പോ മാഷേ!
തുഴ,വെളളത്തെ
പുറകോട്ട്
തള്ളാറേയുള്ളൂ,
മുങ്ങാംകുഴിയിട്ട്
നീന്തി തുടിക്കാറില്ല !”
വേനൽമഴയ്ക്ക്
വഴികാട്ടുന്ന കാറ്റ്
ഉച്ചത്തിൽ പറഞ്ഞ്
ധൃതിയിൽ
എന്നെ കടന്നങ്ങ് പോയി..

…………………

You can share this post!