ചുട്ടുകൊന്നിട്ടു സ്മാരകംകെട്ടിയാൽ
കിട്ടുമോ കൈ,വിട്ടജന്മങ്ങളെ
ഒട്ടുമില്ലാ മനുഷ്യത്വമിന്നിതാ
വറ്റിയോ ധർമ്മബോധവും മർത്ത്യന്
ഉന്നതങ്ങളിൽ സ്വാധീനമുള്ളവർ
തെന്നിമാറുന്നു കുറ്റവിമുക്തരായ്
ഇന്നുപെണ്ണിന്നതില്ലാസുരക്ഷയും
ഇന്നുമില്ലൊരു തുല്യസ്വാതന്ത്ര്യവും
എന്നുമാണിന്നടിമയായ് വാഴുവാൻ
പെണ്ണുപോയാലശുദ്ധമാം ക്ഷേത്രവും
ഭോഗവസ്തുവായ്ക്കാണുന്നുപെണ്ണിനെ
കോന്നിടാം ‘കാര്യമെല്ലാം’കഴിഞ്ഞിടിൽ
പ്രേമമെന്നുശല്യം ചെയ്തു ചെല്ലുവോർക്കാ-
സിഡും കൂർത്തകത്തിയുമായുധം
കിട്ടിയില്ലെങ്കിലൊട്ടും മടിയാതെ
തച്ചുടക്കുന്നു പെണ്മയെ നിഷ്ഠുരം
നീതിയാണു നടപ്പിലാകേണ്ടതും
ഏതുകൈകളാലാകിലും നിശ്ചയം
നീതിവൈകിയാൽ നീതി നിഷേധമാം
പേടിയില്ലാർക്കുമിന്നീ വ്യവസ്ഥിതി
കാശു ,സ്വാധീനമുണ്ടെങ്കിലാർക്കുമേ
പീഡനം ദിനചര്യയുമാക്കിടാം
മാറ്റുവിൻ ചട്ടമെല്ലാം തിരുത്തിടാൻ
നേരമായിതാ,യില്ലെങ്കിൽ നാട്ടുകാർ
ഏറ്റെടുക്കും നടത്തിപ്പു നീതിതൻ
കോട്ടകൊത്തളങ്ങൾ തച്ചുടച്ചിടും