തൃശൂർ നഗരാതിർത്തിയിലെ പോലീസ് സ്റ്റേഷനിൽ കോൺസ്റ്റബിൾമാരായ
പ്രതാപനും ,രാവുണ്ണിയും പതിവു സ്വൈര സല്ലാപങ്ങൾക്കിടയിലാണ് ആ വിശേഷം പങ്കുവച്ചത്
” ഇത്തവണ ഓണത്തിന് നമ്മുടെ ക്ലബ്ബിന്റെ ആഭിമുഖ്യത്തില് പുലികളി ഉണ്ടത്രെ. ”
“ഉവ്വുവ്വ്.നല്ല കേമായിരിക്കും …… നമ്മുടെ ഇടിയൻ സാറ് വേട്ടക്കാരനായി ഉണ്ടത്രെ. ”
” അപ്പോപ്പിന്നെ കേമാവും ….പുള്ളിക്കാരൻ പുലികളിയുടെ ആശാനാ …..”
കോവിഡിനോടനുബന്ധിച്ച് നാട്ടിൽ നിന്നും പുലികളി ഒഴിഞ്ഞു പോയിട്ട് രണ്ടു വർഷമാകുന്നു. ഇത്തവണ പോലീസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിലാണ് പുലികളി നടത്തുന്നത്. നിരവധി പോലീസുകാർ പുലിയുടെ വേഷമണിഞ്ഞ്, നാട്ടിലെ സ്വരാജ് റൗണ്ടിൽ പുലികളിക്കാൻ എത്തുന്നുണ്ട്.എല്ലാത്തിനും നേതൃത്വം നൽകുന്നത് ഇൻസ്പെക്ടർ ഇടിയൻ വാസു ആണ് . വാസുവും കൂട്ടരും ഒഴിവുനേരങ്ങളിൽ കടുത്ത പരിശീലനത്തിലേർപ്പെട്ടു.
” നമുക്കിത്തവണ പുലികളി കേമാക്കണം. ഇത്തവണ ട്രോഫി മ്മടെ ടീം തന്നെ നേടണം ട്ടോ ഗഡിയേ “
അതു കേട്ട് പരിശീലനത്തിലേർപ്പെട്ടിരുന്ന വർ തലകുലുക്കി. എല്ലാം കണ്ടുംകേട്ടും അല്പം അകലെ കള്ളൻ ആന്റണി നിന്നിരുന്നു.അവൻജയിലിൽ നിന്നും വിമുക്തനായിട്ട് അധിക കാലമായിട്ടില്ല. ഇടിയൻ വാസുവിന് അവനേയും അവന് ഇടിയൻ വാസുവിനേയും നല്ലവണ്ണം അറിയാം. കാരണം ഇടിയൻ വാസു അവനെ ഇടിച്ചിടിച്ച് ഒരു പരുവത്തി ലാക്കിയിരിക്കയാണ്. ഓരോ ഇടി കൊള്ളുമ്പോഴും ആന്റണിയോർക്കും .
ഇത്രയും ഇടികൊള്ളാൻ താൻ ചെയ്ത തെറ്റെന്താണ്. ഒരു സാധാരണ പോക്കറ്റടിക്കാരൻ മാത്രമല്ലേ താൻ ….എന്നിട്ടും വലിയ വലിയ കുറ്റങ്ങൾ ചെയ്തവർക്കും കൊലപാതകികൾക്കും കിട്ടുന്നതിനേക്കാൾ കൂടുതൽ ഇടി തനിക്ക് കിട്ടുന്നുണ്ട്. ഇതിനു കാരണമെന്തായിരിക്കുമെന്ന് ആലോചിച്ചിട്ട് ആദ്യമൊന്നും ആന്റണിക്ക് ഒരു എത്തുംപിടിയും കിട്ടിയില്ല. എന്നാൽ ഒരു ദിവസം ഇടിയൻ വാസു അവനോട് പറഞ്ഞു.
“എടാ ..ഞാനീ ഇടിയൊക്കെ തരുന്നത് എന്റെ കൈത്തരിപ്പു തീർക്കാനും ,നീ നന്നാവാനുമാണ്. ഇവിടെന്നറങ്ങിയാ ലുടനെ നീ അടുത്ത പോക്കറ്റടിക്ക് പോകൂലേ. ഇന്നത്തോടെ അത് നിർത്തിക്കോണം. “
“ഏമാനേ… വിശപ്പു വരുമ്പോ ഞാനതൊന്നും ഓർക്കുകേല. ബസ്സില് യാത്ര ചെയ്യുമ്പള്അറിയാതെ പോക്കറ്റടിച്ചു പോകും ….”
“ങാ എന്നാലിനിയതു വേണ്ട …. നീയ് മര്യാദക്ക് ജീവിച്ചോണം … ഇല്ലെങ്കി ഇതുപോലെഇഞ്ചപ്പരുവമായി എണീറ്റു നടക്കാൻ പറ്റാണ്ടാവുംട്ടോടാ. ”
“ശരി ഏമാനേ…. ”
ആന്റണി തല കുലുക്കി .ജയിൽ മോചിതനായപ്പോൾ അവൻ സാധാരണ രീതിയിൽ നടക്കുവാൻ വിഷമിച്ചു.എല്ലു നുറുങ്ങുന്ന വേദനയോടെ പ്രാഞ്ചിപ്രാഞ്ചി അവൻ വീട്ടിലേക്ക് നടന്നു.കയ്യിൽ പണമില്ലാതിരുന്നതു കൊണ്ട് അവന് അന്ന് ബസ്സിൽ യാത്ര ചെയ്യാനും സാധിച്ചില്ല.
അവന്റെ കയ്യിൽ ഉണ്ടായിരുന്ന പണമെല്ലാം ഇടിയൻവാസു കൈക്കലാക്കിയിരുന്നു. ഒരു വിധം നടന്ന് അവൻ വീടെത്തുക യായിരുന്നു. ശേഷംദിനങ്ങളിൽ മേലാസകലം നീരുവന്ന്എഴുന്നേറ്റു നടക്കാനും പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനും എല്ലാം അവൻ വല്ലാതെ ബുദ്ധിമുട്ടി. അപ്പോഴെല്ലാം അവന് ഇടിയൻ വാസുവിനോട് പക തോന്നി. വീട്ടിലെത്തിയ അവനെ ഭാര്യ പരിചരിച്ചു.
“ഇനി നിങ്ങൾ പോക്കറ്റടിക്കാൻ പോകരുത് “
ഭാര്യ മേഴ്സി അയാളുടെ ശോച്യാവസ്ഥ കണ്ട് കാലുപിടിച്ച് യാചിച്ചു.
“ഇല്ല …..ഇനി ഞാൻ പോവുകയില്ല. നീയാണെ സത്യം. “
അയാൾ ഭാര്യയുടെ കണ്ണീരിനു മുന്നിൽ ഉറപ്പു നൽകി.
എന്നാൽ നാലു വയസ്സുള്ള മകന് വിട്ടുമാറാത്ത പനിയും ചുമയും ആയി കിടപ്പിലായതു കണ്ട് അവന്റെ ഹൃദയം നൊന്തു. മകനെ ആശുപത്രിയിൽ കൊണ്ടുപോകുവാനുള്ള പണത്തിനായി അയാൾ പലരോടും യാചിച്ചു. എന്നാൽ പോക്കറ്റടിക്കാരനായ അയാൾക്ക് പണം നൽകാൻ ആ നാട്ടുകാരാരും മുതിർന്നില്ല. കാരണം അയാളെ അറസ്റ്റു ചെയ്യുമ്പോൾ ആ വിവരം ഇടിയൻ, പത്ര മാദ്ധ്യമങ്ങൾക്കെല്ലാം നൽകിയിരുന്നു. അവനെ സൂക്ഷിക്കണം എന്ന അറിയിപ്പും അതിൽ ഉണ്ടായിരുന്നു.
പനി മൂർഛിച്ച് ഏകമകൻ മരണത്തോടടുക്കുന്നതു കണ്ട് ആന്റണി നടുങ്ങി . അവൻ
മകനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഡോക്ടർ മകനെ ചികിത്സിക്കുവാൻ തയ്യാറായില്ല. മുൻകൂറായി പണം അടക്കാതെ അവിടെ ആരേയും ചികിത്സിക്കുകയില്ല. മകന്റെ നില അനുനിമിഷം മോശമാകുന്നതു കണ്ട് അവശതക്കിടയിലും കൂലിവേല ചെയ്താണെങ്കിലും മകനെ രക്ഷിക്കുവാൻ ഉള്ള പണം ഉണ്ടാക്കുവാൻ ആന്റണി തയ്യാറായി .എന്നാൽ ആ നാട്ടിൽ ആരും അവന് തൊഴിൽ നൽകുവാൻ തയ്യാറല്ലായിരുന്നു. എല്ലാവരും അവനെ കള്ളനായിക്കണ്ടു.
.ഇന്നിപ്പോൾ അവൻ പോലീസ് ക്ലബ്ബിനടുത്ത് എത്തിയത് ഇൻസ്പെകടറോടുതന്നെ അല്പം പണം കടം തരുമോ എന്ന് ചോദിക്കാനാണ്.
എന്നാൽ ഭയം മൂലം അവനതിന് കഴിഞ്ഞില്ല.
പുലികളി പരിശീലിക്കുന്നവരിൽ നിന്നും അല്പം അകലം പാലിച്ച് അവൻ നിന്നു . ദൂരേ നിന്നും അവനെ വീക്ഷിച്ച ഇൻസ്പെക്ടർ വാസു അവനെ ഒന്നു നോക്കിയിട്ട് മുഖം തിരിച്ചു കളഞ്ഞു.അതു കണ്ട് അവന്റെ ഹൃദയം തകർന്നു. എങ്ങനെയും അയാളുടെ പക്കൽ നിന്നും പണം വാങ്ങണം. മകനെ രക്ഷിക്കണം.അയാൾ തീരുമാനിച്ചു. അതിനുള്ള വഴി ആലോചിച്ചുനില്ക്കെ ഇൻസ്പെക്ടർ അവനെ കൈകാട്ടി വിളിച്ചു
“എടാ …. നീ ജയിലീന്നെറങ്ങീട്ടും ഇവിടൊക്കെ ചുറ്റിപ്പറ്റി നില്ക്കുന്നതെ ന്തിനാ ? നിനക്കിനീം ജയിലീ കെടക്കണോ?
” അയ്യോ ..വേണ്ടാമാനേ….ഞാനിപ്പോ വന്നത് ഏമാൻ അല്പം പണം കടം തര്വോ എന്ന് ചോദിക്കാനാ …..എന്റെ കയ്യീന്ന് മേടിച്ചെടുത്ത പണായാലും മതി.”
“എന്തുട്ടാടാ നീ പറയണത്….. പോയി വല്ല പണിയും നോക്ക് ഗഡിയേ .കള്ളൻ പണം കടം ചോദിക്കാൻ വന്നിരിക്ക്യാണ്. എന്റെ കയ്യീന്ന് ഇനിം നല്ലത് കിട്ടണ്ടെങ്കില് നീ വേഗം പൊയ്ക്കോ ഇവിടുന്ന് .”
” അയ്യോ അങ്ങനെ പറയല്ലേമാനെ .എന്റെ കുഞ്ഞ് മരിക്കാൻ കിടക്ക്വാണ്. അവനെ ചികിത്സിക്കണേല് ആശൂത്രീല് പണം കെട്ടണം ഏമാനെ ”
” നീ പോയി കെട്ടെടാ ….എന്റടുത്ത് വന്ന് ചോദിക്കണതെന്തിനാ നീയ് .ഹും അവൻ വന്നിരിക്ക്ണു കാശ് ചോദിക്കാൻ …..
അവന്റെ പണം തിരികെ വേണംത്രെ തരാടാ നിനക്ക് ഞാൻ….നീ അടുത്തു വാ..”
പുലികളിയുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്നതിനിടയിൽ ഇടിയൻ വാസു കൈമുഷ്ടി ചുരുട്ടുന്നതു കണ്ട് ആന്റണി നിസ്സഹായനായി തിരിഞ്ഞു നടന്നു. അയാളുടെ ഉള്ള് നിരാശയുടെ പൊടിപടലത്താൽ മൂടി. വഴിയിൽ കണ്ട കുരിശു പള്ളിയുടെ മുറ്റത്ത് അല്പനേരം അയാൾ നിന്നു . ആ കണ്ണുകൾ കന്യാമാതാവിന്റെ കരുണാദ്രമായ വദനത്തിൽ തങ്ങിനിന്നു .
“മാതാവേ … അടിയൻ വിശപ്പു കൊണ്ട് ചെറിയ ചില മോഷണങ്ങൾ ചെയ്തിട്ടുണ്ട്. ഇനി അടിയനതു ചെയ്യില്ല .അവിടുന്ന് എല്ലാം ക്ഷമിച്ച്എന്റെ കുഞ്ഞിനെ രക്ഷിക്കണെ….”
അയാൾ മെഴുകുതിരി കത്തിച്ച് മുട്ടുകുത്തി നിന്ന് കരളുരുകി പ്രാർത്ഥിച്ചു. അപ്പോഴേക്കും ഏതാനും പേർ ഓടി എത്തി. ” ഇതാ നിൽക്കണു.. കള്ളൻ ആന്റണി …. പിടിയവനെ ……”
പിറകേ പാഞ്ഞെത്തുന്ന ആളുകളെക്കണ്ട് അവൻതിരിഞ്ഞോടി
ആശുപത്രിയിൽ തിരികെ എത്തിയ അയാൾ കേട്ടത് ഭാര്യയുടെ അലമുറയാണ്. അവിടെ സ്ട്രക്ചറിൽ വെള്ളത്തുണിയാൽ മൂടപ്പെട്ട കുഞ്ഞിന്റെ ശരീരം അയാൾ ഒരു നോക്കു കണ്ടു. തന്റെ കുഞ്ഞ് മരിച്ചിരിക്കുന്നു .ആ യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാനാവാതെ അയാൾ ഉറക്കെക്കരഞ്ഞു. മറ്റു നിവൃത്തിയില്ലാതെ കുഞ്ഞിന്റെ ശരീരം തന്റെ വീട്ടുമുറ്റത്ത് സ്വന്തംകൈ കൊണ്ട് അയാൾ കുഴിച്ചുമൂടി.
ആയിടക്കാണ് കാട്ടിൽ നിന്നും പുലിയിറങ്ങിയ വാർത്ത നാട്ടിൽ പ്രചരിച്ചത്. നാട്ടിലാണെങ്കിൽ ഓണവുംപുലികളിയുമൊക്കെ കൊണ്ടു പിടിച്ച് കൊണ്ടാടുന്ന കാലവും. ആളുകൾക്കിടയിൽ പല വിധ അഭ്യൂഹങ്ങൾ പരന്നു. ചിലർ ശരിക്കുള്ള പുലിയെ ഭയപ്പെട്ടപ്പോൾ മറ്റു ചിലർ അത് ഓണക്കാലത്ത് നാട്ടിലിറങ്ങിയ മനുഷ്യപ്പുലിയായിരിക്കുമെന്ന് കരുതി ആശ്വസിച്ചു.
കുഞ്ഞുമരിച്ച്ഏതാനും ദിനങ്ങൾ കഴിഞ്ഞ് ആന്റണി പോലീസ് ക്ലബ്ബിലെത്തി
. “ഏമാനെ , എന്റെ കുഞ്ഞ് മരിച്ചു പോയി .ഇനി എനിക്ക് പണത്തിന്റെ ആവശ്യമില്ല. എങ്കിലും എന്റെ ഭാര്യയുടെ ആഗ്രഹം പോലെ ഇനി മോഷ്ടിക്കാതെ തൊഴിൽ ചെയ്തു ജീവിക്കണമെന്നുണ്ട്. അതിന് ഏമാൻ സഹായിക്കണം. “
ആന്റണിയുടെ വാക്കുകൾ കേട്ട് ഇടിയൻ വാസു മനം മാറിയതുപോലെപറഞ്ഞു
“ശരി ശരി…അതാണ് നിന്റെ ആഗ്രഹമെങ്കിൽ നിന്നെ ഞാൻ സഹായിയ്ക്കാം ….. നീ നുമ്മളെ സഹായി ച്ചോണ്ട് ഇവിടങ്ങ്ട് കൂടിക്കോടാ. .”
“അയ്യോ ഏമാനേ കള്ളനായ ഞാൻ …… പോലീസുകാരോടൊപ്പമോ ….”
“നമ്മുക്ക് നോക്കാമെടാ ഗഡിയേ…നീ ധൈര്യായിട്ട് കൂടിക്കോ ……”. ഇൻസ്പെക്ടർ ധൈര്യം നൽകി.
അന്നു മുതൽ അയാൾ ഓരോരുത്തർക്കും വേണ്ട സഹായങ്ങൾ ചെയ്തു കൊണ്ട് അവിടെത്തന്നെ കൂടി. പുലികളിയുടെ തലേന്ന് ഇനാമൽ പെയിന്റ് മണ്ണെണ്ണ ചേർത്ത് അരച്ചെടുത്തു. പിറ്റേന്ന് വെളുപ്പിനെ എഴുന്നേറ്റ് , പോലീസുകാരെ മഞ്ഞയും കറുപ്പും കലർന്ന നിറങ്ങളടിച്ച് മെയ്യെഴുതിക്കാനും പുലിയുടെ പൊയ്മുഖം അണിയിക്കാനും മറ്റുള്ളവർക്കൊപ്പം അവനും കൂടി .
ഇടിയൻവാസു വേട്ടക്കാരന്റെ വേഷത്തിൽ മേലാസകലംകറുപ്പു ചായം പൂശി.അങ്ങനെ ഉച്ചക്കു ശേഷം അരമണി കെട്ടിയ പുള്ളിപ്പുലികളും , വരയൻ പുലികളും ഓരോ പുലിക്കൂടു പോലുള്ള വാഹനത്തിൽ കയറി നഗരത്തിലേക്ക് പുറപ്പെട്ടു.ഒന്ന് രണ്ട് സ്ഥലത്ത് ചെറിയ സംഘങ്ങളായി പുലികളി നടത്തിയ ശേഷം നടുവിലാൽ ഗണപതിക്ക് തേങ്ങയുടച്ച് പ്രാർത്ഥിച്ചു .പിന്നീട് സ്വരാജ് റൗണ്ടിലെ സമ്മേളന സ്ഥലത്തെത്തി. അവിടെ നാടിന്റെ നാനാഭാഗത്തു നിന്നും ധാരാളം പുലിവേഷധാരികൾ സംഘമായി എത്തിച്ചേർന്നിരുന്നു. പുലികളി ആരംഭിക്കുന്നതായുള്ളഅനൗൺസ്മെന്റ് മുഴങ്ങിക്കേട്ട് ജനങ്ങൾ ആവേശഭരി തരായി. ഇടിയൻ വാസുവും സംഘവും , ആസുരവാദ്യങ്ങളായ തകിൽ, ഉടുക്ക് , വീക്ക്ചെണ്ട,
എന്നിവയുടെ അകമ്പടിയോടെ പ്രത്യേകരീതിയിൽ താളം ചവിട്ടി ഘോഷയാത്രക്കൊപ്പം നീങ്ങി. വേട്ടക്കാരനായ ഇടിയൻ വാസു ഇടക്ക് പുലികൾക്കു മേൽ തോക്കു ചൂണ്ടുന്നതായി ഭാവിച്ചു. മറ്റുള്ളവരും തങ്ങളുടെ താളമൊപ്പിച്ചുള്ള നൃത്താഭിനയം തകർത്തു.
“.ഇത്തവണ ട്രോഫി ഇവർക്കു തന്നെ .”ജനങ്ങൾ പരസ്പരം അഭിപ്രായം പറഞ്ഞു. അവർആവേശഭരിതരായി കൈയ്യടിച്ചു. പുലികളെക്കണ്ട്പേടിച്ചരണ്ട ചില കുഞ്ഞുങ്ങൾ മാത്രം ആർത്തുകരഞ്ഞു. ചെണ്ടമേളത്തിന്റെ ആരോഹണത്തിനിടയിൽ ഒരു പുലി ആവേശം മൂത്ത് ഇടിയന്റെ മേൽ ചാടി വീണു. അവൻ ഇടിയനെ തള്ളിയിട്ട് കടിക്കാനും മാന്താനും തുടങ്ങി. മൂർച്ചയുള്ള എന്തോ ഒന്ന് ഇടിയന്റെ ശരീരത്തിൽ ആഴ്ന്നിറങ്ങി. ചോരയിൽ കുളിച്ച ഇടിയന്റെ നിലവിളികേട്ട് എല്ലാവരും നിശ്ചലരായി.
“എന്റെ ജീവിതം നശിപ്പിച്ചതിനുള്ള പകരം വീട്ടലാണെടാ ഇത് … നീയിനി ആരേയും ഇങ്ങനെ ദ്രോഹിക്കരുത് ….”
അങ്ങനെ മനസ്സിൽപറഞ്ഞു കൊണ്ട് പുലിയുടെ പൊയ്മുഖമണിഞ്ഞ ഒരു മനുഷ്യപ്പുലി ഇടിയന്റെ ശരീരത്തിൽ നിന്നും എഴുന്നേറ്റ് മുന്നോട്ടോടി. അപ്പോൾ മൈക്കിലൂടെ ഇടിയന്റെ സംഘത്തിന് അച്ചടക്ക ലംഘനത്തിന്മേൽ ട്രോഫി നഷ്ടപ്പെട്ടതായും മറ്റൊരു സംഘത്തെ വിജയിയായും പ്രഖ്യാപിക്കുന്നുണ്ടായിരുന്നു
ആളുകൾ കുറെ ദൂരം കാട്ടിലെപുലിയെ പിന്തുടർന്നെങ്കിലും പിന്നീട് എങ്ങും കാണാഞ്ഞ് പിന്തിരിഞ്ഞു
തന്നെപിന്തുടരുന്ന ആളുകൾക്കിടയിൽ നിന്ന് കുതറിയോടിയ പുലി കുറ്റിക്കാട്ടിൽ ആരും കാണാതെ ഒളിച്ചിരുന്നു. കൈകളിൽ നിന്നും ഒലിച്ചിറങ്ങിയ ചോര അവന്റെ ശരീരത്തിലും പുരണ്ടിരുന്നു.തന്റെ ശത്രുവിന്റെ ചോര ….. തന്റെ ജീവിതം ഇല്ലാതാക്കിയത് ഇവൻ മാത്രമാണ് … അവനുള്ള ശിക്ഷ താൻ നൽകിയിരിക്കുന്നു. ഇനി തനിക്ക് മന:സമാധാനത്തോടെ ജീവിക്കാം.പുലിവേഷധാരിയായ തന്നെ ആരും തിരിച്ചറിഞ്ഞിട്ടില്ല. അല്ലെങ്കിൽ ശേഷിച്ച കാലം ജയിലിൽ കഴിയേണ്ടി വന്നാലും സാരമില്ല. നാളത്തെ പത്രവാർത്തയെക്കുറിച്ച് അവനപ്പോളാർത്തു.
” പുലികളിവേട്ടക്കാരനെ നാട്ടിലിറങ്ങിയ പുലി ആക്രമിച്ച് കൊന്നിരിക്കുന്നു. ”
ഭ്രാന്തമായ ആവേശത്തോടെ അവൻ ഇരുട്ടിൽ കൈകൾ പൊക്കി ആർത്തട്ടഹസിച്ചു ചിരിച്ചു. അപ്പോൾ അങ്ങു ദൂരെ ഒരു ആംബുലൻസിന്റെ സൈറൺ ഉയർന്നു മുഴങ്ങുന്നുണ്ടായിരുന്നു.