കുട്ടിക്കാലത്ത് കുസൃതി കാട്ടിയപ്പോൾ
അച്ഛന്റെ കൈയിലെ വലിയ വടി ശിക്ഷകന്റെ രൂപത്തിലാദ്യമായി എന്റെ മുന്നിലെത്തി
പിന്നീട്
സ്കൂളിൽ കണക്ക് പരീക്ഷയിൽ തോറ്റതിന്
നാണു മാഷ്
കൈയിൽ കരുതിയ
മറ്റൊരു വലിയവടിയുമായി
വന്നെന്നെയാശ്വസിപ്പിച്ചു.
വടിയും വിദ്യയുമന്ന്
പ്രണയത്തിലായിരുന്നു
വളർന്നു വലുതായപ്പോൾ.
വടികൾ
ലാത്തികളായും
കുറുവടികളായും
എന്നെയന്വേഷിച്ചെത്തി
ഒടുവിൽ
വയസ്സായി
നടക്കാൻ വയ്യാതായപ്പോൾ
അറ്റം വളഞ്ഞ
ഏതോ ഒരു വടി
ഊന്നു വടിയായി
വീണ്ടുമെന്റെ മുന്നിലെത്തി..