രാത്രിയിലെ_ഭൂപടം

……………
ഇരുട്ടു കനത്തപ്പോൾ വേരുകൾ വളർന്നു തൂങ്ങിയൂയലുകളായ
മരച്ചോട്ടിലവർ മാറാടുന്ന
പാമ്പുകളെപ്പോലെ കെട്ടിപ്പിണഞ്ഞഴിഞ്ഞൂർന്നു
വീണു.
രാത്രിയുടെ കൈകൾക്ക്
കനം വച്ചപ്പോളതിന്റെ
ഗാഢാലിംഗനങ്ങളിവർ
ഞെരിഞ്ഞ് പിടഞ്ഞമർന്നു.

രാവിന്റെ
വഴിയിറമ്പുകളിലരിച്ചെത്തുന്ന
നീലിച്ചരണ്ട വെളിച്ചത്തിൽ
അവനു മുൻപിലൊരു
ഭൂപടം
വിടർത്തപ്പെട്ടു.
നാവികനെയോ
വൈമാനികനെയോ
പോലെ അന്വേഷണ കൗതുകം
സിരകളിൽ പതഞ്ഞു
തുളുമ്പിയപ്പോൾ അവനാ
ഭൂപടത്തിലെ ചുളിവുകളെ
വിടർത്തുകയും വീണ്ടും വീണ്ടും ചുളിവുകളെ സൃഷ്ടിക്കുകയും ചെയ്തു
കൊണ്ടിരുന്നു.

ഭൂപടത്തിൽ തെളിഞ്ഞു കണ്ട കരിങ്കൂവളപ്പൂക്കളിൽ
കനലെരിയാത്ത അടുപ്പുകൾ
നീറിപ്പുകയുകയും അതിനുള്ളിൽ ഉറവക്കണ്ണുകൾ
പൊട്ടിയൊഴുകുകയും
ചെയ്തു.

ഭൂപടത്തിൽ കണ്ട വിളഞ്ഞു
കിടക്കുന്ന ഗോതമ്പു പാടങ്ങളിൽ, ഭ്രംശതാഴ്വരകളിൽ,
ഗിരികന്ദരങ്ങളിൽ അധരമുദ്ര
ചാർത്തി താല്ക്കാലികമായതെങ്കിലും തന്റെ ഉടമസ്ഥാവകാശത്തെ
അലേഖനം ചെയ്തു.

അന്ധകാര ഇടനാഴികളിൽ
തപ്പി തടത്ത് കന്മദപ്പൂക്കളെ അടർത്തിയെടുത്തെപ്പോഴോ
ഉറക്കത്തിലാഴ്ന്നു.
ഫലക ചലനങ്ങളിൽ ഭയന്നവൾ
ഇരുട്ടിന്റെ കമ്പളത്തെ വാരിപ്പുതച്ച് പലായനത്തിനൊരുങ്ങി.

ഭൂപടം പകർന്നു
കൊടുത്ത വിജ്ഞാനശകലങ്ങുടെ
വില വിയർത്തു മുഷിഞ്ഞ നൂറിന്റെ നോട്ടുകളായവ
ഈർപ്പമേറിയ
മലയിടുക്കളിൽ വിശ്രമിച്ചു.

You can share this post!