മെറ്റമോർഫോസിസ്

അടുക്കളക്കറക്കൊഴുപ്പിൽ പൊതിഞ്ഞ മേലുടുപ്പ്,
ഒരു പോസ്റ്റ് മോഡേൺ ചിത്രം.
അഴുക്കിലെ ചന്തവുമായന്തി വരെയങ്ങനെ,
കാച്ചെണ്ണ മണമുതിർത്ത പൂ ചിരിച്ച മുടി
മഴക്കാലം മറക്കാൻ കിളിയൊരുക്കിയ ചകിരിക്കൂട്.
കൗതുകക്കടലായിരുന്ന ഇരുൾ മിഴികൾ
മഷിയൊഴിഞ്ഞ, തിരയിളക്കമറ്റ ചാവുകടൽ.
കണ്ണാടി കാമിച്ച കിനാകൗമാരം,
ഇലപ്പെയ്ത്തിലമർന്നടിഞ്ഞ ദ്രവിച്ച നിലം.
മണവുംമിനുസവും മറന്ന മുടിയിഴകൾ
തണുത്തുറഞ്ഞ നരനൂലിഴകൾ,
ശല്കങ്ങളടരുന്ന പടുവൃക്ഷമേനി
വിളവെടുപ്പു കഴിഞ്ഞ വരണ്ട പാടം.
ചുവരിലെ ഓർമ്മ ചിത്രത്തിൽ
വെള്ളിമീനുകൾ മെനഞ്ഞ പുതുരൂപങ്ങൾ.
രാ മണം ചുരത്തിയ പിച്ചകങ്ങൾ, അഴുകിയമർന്ന ചതുപ്പുനിലങ്ങൾ.
മിഴിയുണർവ്വായ കുളിർക്കാഴ്ചകൾ
അസ്തമിച്ചടങ്ങിയ ശ്യാമ തീരം.
അടുക്കളക്കറയിൽ വിരിഞ്ഞ ചിത്രങ്ങൾ
ജീവൻ വച്ചമേലുടുപ്പ് ചിതലു തിന്നുന്നു.
അഴുക്കിലെ ചന്തവുമായന്ത്യം വരെയങ്ങനെ.

You can share this post!