മധുപൗർണമിയും മലർമഞ്ജരിയും
മടിയിൽ വളർത്തിയ മലയാളം,
മലയും, പുഴയും മഴവിൽക്കലയും
അഴകിൽപ്പോറ്റിയ മലയാളം
കനകനിലാവിൻ കൈതപ്പൂങ്കുല
മുടിയിൽച്ചൂടിയ മലയാളം
ആതിരരാവുകളമ്പിളിയൂഞ്ഞാ-
ലാട്ടിയുറക്കിയ മലയാളം
പൊന്നിൻചിങ്ങപ്പൂക്കളമുറ്റം
കണികണ്ടുണരും മലയാളം
നിളയുടെ കുളിരും കേളീ കലയും
പുളകം ചാർത്തിയ മലയാളം
കിളിമൊഴി പാടിപ്പാടിയുണർത്തിയ
കളമൊഴി, കതിർമൊഴി മലയാളം.