മയിൽപ്പീലി

പുസ്തകത്താളിലെൻ ബാല്യമൊളിപ്പിച്ച
വിസ്മയപ്പീലിയിതളിലൊന്നിൽ വിരിയുന്നൊരു പീലിക്കുഞ്ഞിനായ് കാത്തു ഞാൻ കൗതുകമോലുമെൻ ഭാവനയിൽ
ഏറെപ്പഴകിയോരോർമ്മകളിൽ
ഏഴഴകാർന്നൊരു ചിത്രങ്ങളിൽ
എഴുതാൻ മറന്നൊരു ഗീതങ്ങളിൽ
മാനത്തെ മാരിവിൽ ചന്തങ്ങളിൽ
ഞാൻ നടക്കുന്നതിനൊപ്പം നടക്കുന്ന
മാനത്തെയമ്പിളി എന്റേതു മാത്രമായ്
ഞാനൊന്നു നോക്കവെ കണ്ണുചിമ്മുന്നോരു വാനിലെ താരക നൃത്തങ്ങളിൽ
ഓരോന്നിലും ഇതൾ നീർത്തും പുതുമകൾ
തേടി മിഴിയുമെൻ സ്വപ്നങ്ങളും.
വർണ്ണക്കടലാസു ചുറ്റിയ മിഠായി
അറിയാ മധുരത്തിനാഴമേറ്റേ
എത്ര കൊതിനീരതുള്ളിലിറക്കിയെൻ
മോഹ ദാഹങ്ങൾ തൻ ചെപ്പിലായി
മാനത്തു മുട്ടേ പറക്കുന്ന പട്ടമെൻ
സ്വന്തമായെങ്കിലെന്നെത്ര വട്ടം
മുങ്ങാംകുഴികളിലാഴമളക്കുന്ന
മത്സരം  കണ്ടു കുളക്കടവിൽ
മണ്ണപ്പം ചുട്ടും മാമ്പൂക്കറി വച്ചും
തമ്മിലൂട്ടുന്ന മരച്ചുവട്ടിൽവെള്ളക്ക
കുത്തിയോരീർക്കിലിക്കുഞ്ഞുങ്ങൾ
മക്കളായ് കൂടെ കിടന്നുറങ്ങി.
കളിയായ് തുടങ്ങീയ ജീവിതം തന്നെയും
കളിയായ് മാറിയ കാലമൊന്നിൽ
ഒരു മയിൽപ്പീലിയായ് ശേഷിപ്പതാക്കാലം
ഓർമ്മയാം പുസ്തകത്താളുകളിൽ .

You can share this post!