മനുഷ്യൻ മതത്തോട് ചെയ്തത്

മതങ്ങളോട് മനുഷ്യൻ അനുവർത്തിക്കുന്ന നിഷേധാത്മക സമീപനത്തിന്, അതിന്റെ ഉൽഭവത്തോളം പഴക്കമുണ്ട്. ആദ്ധ്യാത്മിക ദർശനങ്ങൾ ജൻമം നൽകിയ മതം, ഉദാത്തമായ ശാന്തിയും , സഹവർത്തിത്വവും നിറഞ്ഞ ജീവിതം എങ്ങിനെ സാദ്ധ്യമാക്കാമെന്ന് അന്വേഷിക്കുന്നു. തുടക്കം മുതലേ ഇതിന്റെ ഭൌതിക സാദ്ധ്യതകളെ കുറിച്ച് തന്നെയാണ് ഒരു വിഭാഗം ആളുകൾ ചിന്തിച്ചു തുടങ്ങിയത്.

അധികാരത്തിനും ധനസമ്പാദനത്തിനും , അദ്ധ്വാനമില്ലാത്ത സുഖഭോഗ ജീവിതത്തിനും ഇതിനെ എങ്ങിനെ ഉപയോഗപ്പെടുത്താമെന്ന് ചിന്തിച്ച് ആളുകൾ അതിനനുസരിച്ച് വേദ ഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കാനും പുനർ നിർമ്മിക്കാനും ശ്രമമാരംഭിച്ചു. ആദ്ധ്യാത്മിക ആചാര്യൻമാർ അഥവാ പ്രവാചകൻമാർ , ഇവരുടെ ഭാഷയും മറ്റും സാധാരണ മനുഷ്യന് അപ്രാപ്യമാണെന്നോർക്കണം. ഇതറിയാതെ ഇതിന് ഒത്താശയുമായി പുരോഹിതത്വം രംഗപ്രവേശം ചെയ്തു. തൽഫലമായി നല്ല മനുഷ്യരിൽ നിന്നും മതം അകലാൻ തുടങ്ങി. ചിന്താശേഷിയുള്ളവർ മതത്തെ തെറ്റിദ്ധരിച്ച് ആക്ഷേപിച്ചു.

ചരിത്രം മതവിശ്വാസവുമായി ബന്ധപ്പെട്ട കൂട്ടക്കൊലകൾ കൊണ്ടു നിറഞ്ഞു. നിരപരാധികളുടെ ചോരകൊണ്ടു കറ പുരണ്ട , ചരിത്ര സംഭവങ്ങൾ, ഈ പവിത്ര ദർശനങ്ങളെ , പേടിസ്സ്വപ്നങ്ങളാക്കി മാറ്റി. മതം അതിന്റെ ദൌത്യത്തിൽ നിന്നും മാറി നടന്നു. ഒരു ചെറു ന്യൂനപക്ഷം രാഷ്ട്രീയമായ , അധികാര സ്ഥാപനങ്ങൾക്കു വേണ്ടി ബഹുഭൂരിപക്ഷം ജനങ്ങളെ ബന്ദികളാക്കി വില പേശി. മതം മനുഷ്യനെ നേർവഴിക്കു നടത്തി എന്നു പറയുന്നതിനേക്കാൾ, എനിക്കിഷ്ടം, മതത്തെ മനുഷ്യൻ വഴി തെറ്റിച്ചു കളഞ്ഞു എന്നു പറയുന്നതാണ്.

You can share this post!