എനിക്കു കാണാം
നിൻ്റെ നക്ഷത്രക്കണ്ണുകളിൽ
നിഴലിക്കുന്ന
നമുക്കിടയിലെ കടൽ.
ചില നേരങ്ങളിൽ
ഇളകാത്ത ഓളങ്ങളുടെ മടിയിൽ
തലചായ്ക്കുമത്.
മറ്റു ചിലപ്പോൾ
കരയിലേക്കു കയറിവന്ന്
മുറുകെ കെട്ടിപ്പുണരുന്ന
തിരമാലക്കൈകളായി മാറും.
വേറെ ചിലപ്പോൾ
കവിളിൽ അന്തിച്ചുവപ്പുമായി വന്ന്
നാണത്തിൽ
രാത്രിയുടെ വാതിൽമറവിലൊളിക്കും.
രണ്ടാളുയരത്തിൽ ഒതുങ്ങാത്ത
അളവിൻ്റെ ആഴത്തിൽ പൂത്തുലയുന്ന
സ്വപ്നങ്ങളിൽ
നമ്മളിന്നും ചെറുമീനുകളായി തുഴയുന്നു.
മണ്ണും മരങ്ങളും മണിസൗധങ്ങളും
ലോകാവസാനത്തിലേക്ക്
യാത്ര പോകുമ്പോഴും
നിൻ്റെ കണ്ണുകളിലെ കടൽ
വറ്റാതെ സൂര്യനെ ചുംബിച്ചു കൊണ്ടേയിരിക്കും.