നിലവിളികളും ചരിത്രമെഴുതും.

തുറക്കാനാഞ്ഞതാണ്
വായ്
പിടിമുറുക്കത്തിലടഞ്ഞതും
നാവിൻതുമ്പ് കടിച്ചുതിർത്ത
ഒരു നോവുതുണ്ട്
നിലത്തുരുളുന്നു.

അടക്കിയിറുക്കിയ
പിഞ്ചുമേനി
ഒന്നുയർന്നുതാണ്
നിലവിളിശ്വാസം!
ഉടഞ്ഞ തരിവളകൾ
പൊട്ടിച്ചത്
ഭയത്തിന്റെ
ഭീമൻ പൊയ്ച്ചിരികൾ…
കുഞ്ഞുടുപ്പിന്റെ
കീറൽ കരച്ചിൽ…

ഇളം കവിളുകളിൽ
നഖപ്പോറലുകൾ
നീറ്റിച്ചത്
ചോരച്ചുണ്ടുകളിലാഴ്ന്ന
ദന്തമുനകളെ
തുപ്പിത്തെറിപ്പിക്കാനെന്നോണം
പ്രാണന്റെ വിചിത്രമായ
പ്രാക്കുവിളി…

പിളർത്തിക്കീറിയ
കുഞ്ഞുകാലുകൾക്കിടയിലൂടെ
അവസാനത്തെയലർച്ച!

മരക്കൊമ്പിലാടിയ
പെൺബാല്യങ്ങൾ
തുറിച്ചു നോക്കുന്നുണ്ട്
ചരിത്രവരയായി
മുഴച്ചു നിൽക്കുന്ന
ഒരു നിലവിളിക്കഥയിൽ…

You can share this post!