ഞാനുറങ്ങട്ടെ….

ഞാനുറങ്ങട്ടെ
ഞാനുറങ്ങിയാലെന്നെ
വിളിച്ചുണർത്തരുത്
ഉണർന്നാലെന്റെ
സ്വപ്നങ്ങൾക്ക്
നിറച്ചാർത്തണിയിക്കാൻ നിനക്ക് കഴിയുമോ?
എന്റെ മനസ്സിലെരിയുന്ന
നെരിപ്പോടിനെ അണയ്ക്കാൻ ഹിമകണങ്ങളെ പൊഴിക്കാനാകുമോ ?
അഭിശപ്ത ചിന്തകളുടെ
കുത്തൊഴുക്കിൽ നിന്നെന്റെ ഹൃദയത്തിനല്പം ശാന്തി പകരാനാകുമോ?
എന്റെ കണ്ണിൽ
ആളുന്ന
സംഭ്രമജ്വാലയണച്ച് അവിടെ
പ്രതീക്ഷയുടെ ഒരു ചെറുനാളം കൊളുത്താനാകുമോ..?
പരിരംഭണത്തിന്റെ
കുളിർ കൈകളാൽ ചേർത്തണച്ച്
എന്റെ നിറുകയിൽ സാന്ത്വനത്തിന്റെ ചുംബനം പകരുമെങ്കിൽ…
നിന്നിലേക്കെന്നെയണച്ചുനിർത്തി
എന്റെ സ്പന്ദനങ്ങളെ നിന്റെ ഹൃദയതാളത്തോടു ചേർത്തു വയ്ക്കുമെങ്കിൽ..
മാത്രം ..
നീയെന്നെ ഉണർത്തുക
   അല്ലെങ്കിൽ ഞാൻ സുഷുപ്തിയിൽ
ആഴ്ന്നു പോകട്ടെ…
അവിടെ
നാടുണ്ട് നഗരമുണ്ട്
കാടുണ്ട് മലയുണ്ട്
കാട്ടാറുണ്ട് ആഴിയുണ്ട് അലയുണ്ട്
അവിടെ എനിക്ക് ചുറ്റും നീയുണ്ട് എന്നുള്ളിലും നിന്നുള്ളിലും വറ്റാത്ത പ്രണയവുമുണ്ട്
നിനക്കും എനിക്കും
ചിരിയുണ്ട്
സ്വപ്നമുണ്ട്
നമ്മുക്കു ചുറ്റും മഴയുണ്ട്
പൂക്കളുണ്ട്
ശലഭങ്ങളുണ്ട്
കിളികളും
അവ പാടുംപാട്ടുമുണ്ട്…
എവിടെയും നീ നിറയും
എനിക്കു ചുറ്റിലും നീ നിറയും
എന്നിൽ നീ നിറയും
എന്നിൽ നീ തുളുമ്പും..
അതിനാൽ
എന്നെ ഉണർത്തരുത്
എന്നെ ഉണർത്തരുത്.

You can share this post!