കൂടണയാത്ത വേഴാമ്പൽ/ടി. പി .എസ് .മുട്ടപ്പിള്ളിഭ്രാന്തമായ ചിന്തകൾ
അക്ഷര നദിയിലെ
പുളിനങ്ങളെ തലോടുമ്പോൾ
വാക്കുകളുടെ സാഗരം
കവിതകളായ് ഒഴുകുന്നു

ഏതോ കിനാവിൽ
വിരിയുന്ന മോഹത്തിൻ
ആനന്ദലഹരിയിൽ
അലക്ഷ്യമായ്അലയുന്ന
മനസ്സിന്റെ കോലായിൽ
തെളിയുന്ന ശരറാന്തൽ
വെളിച്ചത്തിൽ
നിഴലനക്കം കണ്ട്
എത്തിനോക്കി
പ്രതീക്ഷയുടെ, വെള്ള
നന്തിയാർവട്ടങ്ങൾ
മൊട്ടിട്ടുനിൽക്കുന്നു

പെയ്തോഴിയാൻ
വെമ്പുന്ന
മഴമേഘങ്ങളെ തഴുകുന്ന
കുളിർകാറ്റിൻ
പരിലാളനം പോൽ
ഹൃദയത്തിൽ സൂക്ഷിച്ച മയിൽപ്പീലിത്തുണ്ടുകൾ
വെഞ്ചാമരം വീശുന്നു

നീ കോറിയിട്ടു പോയ വഴിത്താരയിൽ
നടന്നകന്ന കാൽപ്പാടുകൾ
തേടി അലയുന്ന യാത്രതൻവീഥിയിൽ
നീലശംഖുപുഷ്പങ്ങൾ
മഞ്ഞമന്ദാരപ്പൂക്കളോട് പ്രണയിക്കുന്നു

സന്ധ്യക്ക്കൂടണയാത്ത ഇണയെ തേടുന്ന വേഴാമ്പലിന്റെ
ദീനമാം രോദനം കേട്ട്
സന്ധ്യതൻ പുഞ്ചിരി മാഞ്ഞുപോയ്
സായന്തനത്തിന്
ചമയങ്ങളോരുക്കാതെ
സൂര്യനും കാർമേഘ പുതപ്പിലോളിച്ചു .

You can share this post!