ദേവി/മിനിത സൈബു

നേരംകെട്ട നേരത്താണ് ശ്രീകോവിൽ നട പെട്ടെന്നു മലർക്കെ തുറന്നത്, സ്വതവേ ശാന്തശീലയായ് കാണപ്പെടാറുള്ള ദേവി, ആ നേരം പക്ഷേ ക്ഷിപ്രകോപത്താൽ ജ്വലിക്കുന്നുണ്ടായിരുന്നു…

തന്റെ ഇരുവശത്തേയും കൈകളിൽ ശാന്തരായി ഉറങ്ങിയിരുന്ന ആയുധങ്ങളെ, ഒറ്റ നോക്കിനാൽ വജ്രം പോലെ തിളക്കം കൂട്ടി അവൾ ഇരുട്ടിലേയ്ക്ക് ഇറങ്ങി നടന്നു…

ലക്ഷ്യം, തന്നെ വിളിച്ച് ഇടതടവില്ലാതെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന, ഭക്തയായ ഒരുവളുടെ അടുത്തേയ്ക്കു തന്നെയായിരുന്നു…

ഭക്ത തന്റെ പതിയുടെ വഴിവിട്ട സഞ്ചാരത്തിൽ മനംനൊന്ത് മനമുരുകി വിളിച്ചപ്പോൾ, വിളി കേൾക്കാതിരിക്കാനാകാതെ രുദ്രയായ് ക്ഷണനേരം കൊണ്ടു മാറിയതായിരുന്നു ദേവി…

അയാളെ കണ്ടപാടെ, ഒറ്റനിമിഷം കൊണ്ടു തീർക്കുവാൻ തക്കവിധം കത്തിജ്വലിച്ച കോപാഗ്നി കണ്ട് ഭക്ത ഒരു നിമിഷം നടുങ്ങിയാ കാൽക്കൽ വീണു, “അമ്മേ മഹാമായേ പൊറുക്കണം, നേർവഴി നയിച്ചാൽ മതി, ഇല്ലായ്മ ആക്കരുതവനെ” എന്നു കേണപേക്ഷിച്ചു…

ദേവീകോപം അവനിൽ പതിയാതിരിക്കാൻ, താൻ ഓമനിച്ചു വളർത്തുന്ന ആടുകളിലൊന്നിനെ മുന്നിലെത്തിച്ചു കൊണ്ടവൾ താണുവണങ്ങി…

ഒറ്റവെട്ടിന് ആ ആട്ടിൻതലയറുത്ത്, ദേവി തന്റെ ഇടതുകൈയ്ക്ക് അതൊരു അലങ്കാരമാക്കി മാറ്റി…

ദേഷ്യം ഒന്നടങ്ങിയ നേരം ആ ചോരയിൽ വിരൽ മുക്കി അവന്റെ നെറ്റിയിൽ അഭിഷേകം ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു, “ഇനിയുമിവളുടെ കണ്ണുനീരൊന്നു നിൻ കാരണത്താൽ പൊടിഞ്ഞു കണ്ടാൽ ഭസ്മമാക്കും ഞാൻ നിന്നെ, ശിവന്റെ പാതിയായ പാർവ്വതിയാണു ഞാൻ, തന്റെ പാതിയിൽ ജന്മം തീരാൻ ആഗ്രഹിക്കുന്ന നിന്റെ പത്നിക്ക് ഏറെ പ്രിയപ്പെട്ടവൾ”…

പേടിച്ചരണ്ടു കൈകൂപ്പി നിന്നു പോയ അയാളെ, തന്റെ കടക്കണ്ണിലെ അഗ്നിയാൽ ദഹിപ്പിക്കുന്ന ഒരു നോട്ടമെറിഞ്ഞ്, ദേവി തിരികെ നടന്നു…

ശ്രീകോവിൽ നട കടക്കും വരേയ്ക്കും കോപം ജ്വലിച്ചിരുന്ന ആ ദേവീമുഖം, പൂർവ്വസ്ഥാനത്ത് സ്വയം പ്രതിഷ്ഠയായി മാറിയ നേരം, അതു വരെ കാണാത്തൊരു ദിവ്യചൈതന്യത്താൽ തുടിക്കുന്നുണ്ടായിരുന്നു…

You can share this post!