സ്വപ്നം/മുരളി കുളപ്പുള്ളി

         

.നേരം നല്ല പോലെ ഇരുട്ടിയിരിയ്ക്കുന്നു. രാജമ്മ അടുക്കളയിൽ അത്താഴം ഉണ്ടാക്കുന്ന തിരക്കിലാണ്. അവർഅപ്പുവിന് കഴിയ്ക്കാനായി മുരിങ്ങയില ഉപ്പേരി ഉണ്ടാക്കുകയാണ്. അപ്പുവിന് മുരിങ്ങയില ഉപ്പേരി കിട്ടിയാൽ മറ്റു കറികളൊന്നും അവന് നിർബന്ധമില്ല.
പാചകത്തിരക്കിനിടയിലും രാജമ്മയുടെ ഇരു ചെവികളും അച്ഛൻ കിടക്കുന്ന മുറിയിലേയ്ക്ക് തുറന്നു പിടിച്ചിരിയ്ക്കയാണ്.

. അച്ഛന് കുറച്ചു നാളായി അസുഖം കൂടുതലാണ്. എങ്കിലും
ഓർമ്മയ്ക്കൊന്നും ഒരു കുറവുമില്ല. എപ്പോഴും ചെറിയച്ഛനെക്കുറിച്ചും, തന്റെ ഭർത്താവ് ഗോപി ഏട്ടനെക്കുറിച്ചുമൊക്കെ അന്വേഷിയ്ക്കാറുണ്ട്.. അച്ഛനെ ചികിൽസിയ്ക്കുന്ന ഡോ : വസന്ത് പറഞ്ഞത്, ‘”പ്രായം ഒരുപാടായില്ലേ , ഇനി ഒന്നും ചെയ്യാനില്ല” എന്നാണ്. അറിയിയ്ക്കേണ്ടവരെയൊക്കെ അറിയിച്ചോളാനാണ് അവർ പറഞ്ഞിട്ടുള്ളത്. താൻ ആരെ അറിയിയ്ക്കാനാണ്. ആകെ വേണ്ടപ്പെട്ടവരായിട്ടുള്ളത് ചെറിയച്ഛൻ മാത്രമാണ്. അവർ ദൂരെ മദ്രാസിലാണ് താമസം. പിന്നെ അറിയ്ക്കാനുള്ളത് തന്റെ ഭർത്താവിനെയാണ്. അവർ ലീവ് കഴിഞ്ഞ് തിരികെ ഗൾഫിൽ പോയിട്ട് രണ്ട് മാസമാകുന്നതേയുള്ളൂ.

. അപ്പു പൂമുഖത്തിരുന്ന് പുസ്തകം വായിയ്ക്കുകയാണ്.
രാജമ്മ അടുക്കളയിൽ പാത്രങ്ങൾ ഒതുക്കി വെയ്ക്കുന്ന തിരക്കിലാണ്. ആ സമയത്താണ് തെക്കേ തൊടിയിലെ കരിമ്പനക്കുട്ടത്തിലെങ്ങു നിന്നോ കാലൻ കോഴിയുടെ കൂവൽ
കേട്ടത്. അതിന്റെ ഒച്ചയിൽ രാജമ്മയുടെ ഉള്ളൊന്നു പിടച്ചു. അവർ ചുവരിലെ സ്റ്റാന്റിൽ വച്ചിരുന്ന റേഡിയോ സ്വിച്ച് ഓൺ
ചെയ്ത്, ശബ്ദം ഉച്ചത്തിലാക്കി. അകത്ത് കിടക്കുന്ന അച്ഛൻ കാലൻ കോഴിയുടെ കൂവൽ കേൾക്കാതിരിയ്ക്കട്ടെ എന്ന് കരുതിയാണവർ അങ്ങനെ ചെയ്തത്. പിന്നീട് വീതനയിൽ
തീനാക്കാനായ് വച്ചിരുന്ന ഒരു ഇരുമ്പുതുണ്ടെടുത്ത് അടുപ്പി
ലെ തീയിലേയ്ക്കിട്ടു. അങ്ങനെ ചെയ്താൽ ഇരുമ്പ് ചൂടു പിടിയ്ക്കുന്നതിനുസരിച്ച് കാലൻകോഴിയുടെ കാൽ പൊള്ളുമെന്നും, അത് പെട്ടെന്ന്‌ തന്നെ അവിടെ നിന്നും പറന്നു പോകുമെന്നുമാണ് മുത്തശ്ശി പറഞ്ഞു തന്നിട്ടുള്ളത്. ആദ്യമൊക്കെ തനിയ്ക്കത് പഴങ്കഥയായാണ് തോന്നിയത്. പിന്നീടത് ഒരു നാൾ മുത്തശ്ശി തന്നെ ചെയ്തു കാണിയ്ക്കുകയുമുണ്ടായി. അപ്പോഴാണ് തനിയ്ക്കും അത് ബോധ്യമായത്.

. പൂമുഖത്തു നിന്നും അപ്പു മുത്തശ്ശൻ കിടക്കുന്ന മുറിയിൽ
വന്നു നോക്കിയതിനുശേഷം അമ്മയുടെ അടുത്തേയ്ക്ക് ധൃതി വെച്ചോടി. “അമ്മേ കാലൻകോഴി കൂവുന്നതു കേട്ടില്ലേ,..
എനിക്ക് പേടിയാവുന്നുണ്ടമ്മേ”…

അപ്പു അമ്മയുടെ സാരിത്തുമ്പിൽ മുറുകെ പിടിച്ച് ചേർന്നു

നിന്നു.

” അപ്പു പേടിയ്ക്കണ്ട, അത് ഇപ്പോ പറന്ന് പൊയ്ക്കോളും.
വാ….നമുക്ക് ചോറ് ഉണ്ണാം,അപ്പുവിന് അമ്മ മുരിങ്ങയില
ഉപ്പേരി ഉണ്ടാക്കിയിട്ടുണ്ട്. വേഗം കൈ കഴുകി വാ”…

അവർ അപ്പുവിന്റെതോളിൽ തട്ടി സമാധാനിപ്പിച്ചു.

അവർ ഭക്ഷണം കഴിച്ച്,പാത്രങ്ങൾ ഒതുക്കി വെച്ച് അച്ഛൻ
കിടക്കുന്ന മുറിയിലെത്തി.

. അച്ഛൻ നല്ല ഉറക്കത്തിലാണ്. “വേണ്ട , ഇപ്പൊ വിളിക്കേണ്ട,
അപ്പൂ മുത്തശ്ശൻ ഉറങ്ങട്ടെ “.അവർ അച്ഛന്റെ ദേഹത്തു നിന്നും
ഊർന്നിറങ്ങിയ പുതപ്പെടുത്ത് അവരെ നല്ലപോലെപുതപ്പിച്ചു .

“വാ അപ്പൂ,നമുക്ക് കിടക്കാം”.

. അവർ അപ്പുവിനെയും കൂട്ടി അവർ കിടക്കാറുളള മുറിയിൽ
ചെന്നു. ഉറങ്ങാനായി അവർലൈറ്റ് അണയ്ക്കാൻ
ശ്രമിച്ചപ്പോൾ അവൻ വേണ്ടെന്ന് ശഠിച്ചു. കാലൻകോഴി പറന്നുപോയിട്ട് ഒട്ടു നേരം ആയെങ്കിലും, അത് അപ്പുവിന്റെ കാതിൽ വന്ന് ഇപ്പോഴും പൂവ്വ്വാ..പൂവ്വ്വാ .എന്ന് പറയുന്നതായി തോന്നി. അവൻ പുതപ്പിനുള്ളിൽ കണ്ണുകൾ ഇറുകെ അടച്ച് അമ്മെകെട്ടിപ്പിടിച്ച് കിടന്നു.

പുറത്തെ മഴയുടെ ആരവം മുറിയിൽ കേൾക്കാമായിരുന്നു.
തണുത്ത കാറ്റ് മുകളിലെ എയർ ഹോളിലൂടെ മുറിയിൽ
പരന്നു. കാറ്റടിച്ച് കറണ്ടു പോകുമോ എന്നായിരുന്നു രാജമ്മയ്ക്ക് പേടി.

. അപ്പു ഉറങ്ങി, ഏറെ നേരമായിട്ടും രാജമ്മയ്ക്ക് ഉറക്കം വന്നില്ല. അവർ അപ്പുവിന്റെ കൈകൾ തന്റെ ദേഹത്തു നിന്നും
പതുക്കെ മാറ്റി തിരിഞ്ഞു കിടന്നു. കാലൻകോഴിയുടെ കൂവൽ
അവരെയും വല്ലാതെ അസ്വസ്തയാക്കിയിരുന്നു.

 മുത്തശ്ശി പറയാറുണ്ട് കാലൻകോഴി കൂവിയാൽ  അവിടെ 

ഏഴ് ദിവസത്തിനകം ആരെങ്കിലും മരണപ്പെടുമെന്ന് !
ആദ്യമൊക്കെ തനിയ്ക്കത് തമാശയായിട്ടാണു തോന്നിയത്. മുത്തശ്ശി മരിയ്ക്കുന്നതിന് നാല് ദിവസം മുന്നെ തെക്ക് ഭാഗത്തെ പനമുകളിൽ നിന്നും കാലൻകോഴി കൂവിയത് ഇപ്പോഴും ഓർക്കുന്നു. അത് തന്റെ കാതുകളിൽ ഇപ്പോഴും അലയടിയ്ക്കുന്നതായി തോന്നാറുണ്ട്. സമയങ്ങൾ നീണ്ട ഗതകാല ഓർമ്മകളുടെ നനവാർന്ന കൈകൾ അവരുടെ കൺപോളകളെ മെല്ലെ തഴുകി ഉറക്കിക്കൊണ്ടിരുന്നു.

. അപ്പു ഓടി കിതച്ചെത്തി രാജമ്മയോട് പറഞ്ഞു. “അമ്മേ
മുത്തശ്ശൻ അനങ്ങുന്നില്ല, വിളിച്ചാൽ മിണ്ടുന്നുമില്ലമ്മേ” അതു
കേട്ട മാത്രയിൽ രാജമ്മ ഓടി അച്ഛന്റെ മുറിയിലെത്തി. അച്ഛൻ
മലർന്നു കിടക്കുകയാണ് . അവർ അവരെ കുലുക്കി
ഉണർത്താൻ ശ്രമിച്ചു. ഒരു അനക്കവുമില്ല, അപ്പു പറഞ്ഞത് ശരിയാണ് . അവർ വിരലുകൾ അച്ഛന്റെ മൂക്കിനടുത്ത് ചേർത്തു വച്ച് ശ്വസിയ്ക്കുന്നുണ്ടോ എന്ന് പരിശോധിച്ചു. ഇല്ല , അച്ഛൻ തങ്ങളെ വിട്ടു പോയിരിയ്ക്കുന്നു. അവർ ഓടിച്ചെന്ന് കുറച്ചു വെള്ളമെടുത്ത് അച്ഛന്റെ ചുണ്ടിലൊറ്റിച്ചു. അത് വായുടെ ഒരുഭാഗത്തു കൂടെ തലയിണയിലേയ്ക്കൊഴുകി വീണു.

. രാജമ്മയുടെ കരച്ചിൽ കേട്ടാണ് അടുത്ത വീട്ടിലുള്ളവർ
ഓടിയെത്തിയത്. വിവരമറിഞ്ഞ് അല്പ നേരത്തിനകം തന്നെ
നിരവധിയാളുകൾ അവിടെയെത്തിത്തുടങ്ങി. അല്പനേരം
കഴിഞ്ഞ് വേണ്ടപ്പെട്ടവർ ചേർന്ന് മൃതദേഹം ഹാളിലേയ്ക്കെടുത്തു കിടത്തി, നിലവിളക്കു കൊളുത്തി ,
നാളികേരവുമുടച്ച്, കിണ്ടിയിൽ വെള്ളമെടുത്ത് ,നാഴി, ഇടങ്ങഴി നിറച്ചുവെച്ച്, ചന്ദനത്തിരിയും കത്തിച്ചു വെച്ചു.നിലവിളക്കിലെ തിരി കത്തുമ്പോഴുളള എണ്ണയുടെ മണവും, ചന്ദനത്തിരിയുടെ സുഗന്ധവും ഹാളിലെങ്ങും പടർന്നു.നിലവിളക്കിലെ തിരിനാളം മറ്റാരെയോ വരവേൽക്കാനെന്നപോലെ, വായുവിൽ നൃത്തമാടിക്കൊണ്ട് തെളിഞ്ഞ് കത്തുകയാണ്.

. ചന്ദനത്തിരിയുടെ ഗന്ധം രാജമ്മയുടെ മൂക്കിലേയ്ക്ക് തുള
ച്ചു കയറി. അത് അവരുടെ മനസ്സിനെ ഒരു മരണവീടെന്ന
തിരിച്ചറിവിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അവർ അച്ഛന്റെ കാൽക്കലിരുന്ന് ചിന്തിയ്ക്കയായിരുന്നു.

. അല്ലെങ്കിലും ഇപ്പോൾ ഇവിടെ ഈ തളം കെട്ടി നിൽക്കുന്ന ഈ മൂകതയ്ക്ക് കാരണം, അന്ധനായ മരണത്തിൻ കയ്യിലെ മൂർച്ചയേറിയ വാളല്ലേ . കാഴ്ചയില്ലാതെ അത് വഴി തെറ്റി പറന്നിറങ്ങിയത് തന്റെ വീട്ടിലെ തണൽ വൃക്ഷത്തിൻമേലല്ലേ ! അതിന്റെ മൂർച്ചയേറിയ വാളിനാൽ കൊയ്തെടുത്തത്
ആ തണൽ വൃക്ഷവുമല്ലേ ! ഇവിടെ വെളുത്ത തുണിയാൽ
മൂടിക്കിടത്തിയിരിയ്ക്കുന്നത് ആ ചേതനയറ്റ ശരീരവും.

. അപ്പു കരഞ്ഞു തളർന്ന് അമ്മയുടെദേഹത്ത്ചാരിക്കിട
ക്കുകകയാണ്. മുറ്റം നിറയെ ആളുകൾ നിറഞ്ഞു കഴിഞ്ഞു.
അവർ പതുക്കെ അച്ഛനെക്കുറിച്ചുള്ള ഗതകാല ഓർമ്മകൾ പരസ്പരം പങ്കുവെയ്ക്കുകയാണ്. അവരെല്ലാവരും
തന്റെ അച്ഛനെ അന്ത്യയാത്രയയപ്പിനായി വന്നു ചേർന്നവരാണ്.

. തെക്കേ തൊടിയിൽ നിന്നും ശവസംസ്ക്കാരത്തിനായുള്ള
മാവിന്റെ വിറക് വെട്ടിക്കീറുന്ന ശബ്ദം ഹാളിൽ മുഴങ്ങി
കേൾക്കുന്നുണ്ട്. മുത്തശ്ശി നട്ടുനനച്ച മാവായിരുന്നു അത്. തന്റെ കുട്ടിക്കാലത്ത് കൂട്ടുകാരോടൊത്ത് ആ മാവിൻ ചുവട്ടിൽ എത്ര അവധി ദിനങ്ങളിൽ ഞങ്ങൾ അവിടെ കളിവീടൊരുക്കിയിരി യ്ക്കുന്നു ! ആ മാവിന്റെ താഴെയുള്ള വലിയൊരു കൊമ്പിൽ അച്ഛൻ ഞങ്ങളെ
തിരുവാതിരക്കാലത്ത് ഊഞ്ഞാലു കെട്ടി ആട്ടുമായിരുന്നു. ഇനി അതെല്ലാം നീറുന്ന ഓർമ്മകൾ മാത്രമായി അവശേഷിയ്ക്കുകയാണ്. ഇന്നിതാ ഞങ്ങളെ ഊഞ്ഞാലാട്ടിയ ആ സ്നേഹ കരങ്ങൾക്കൊപ്പം മാവുവൃക്ഷവും ഒന്നിച്ച് എരിഞ്ഞുതീരാൻ ഒരുങ്ങിയിരിയ്ക്കയാണ്.

“ഇനി ശവം എടുക്കുന്നവരൊക്കെ മുങ്ങി കുളിച്ചു വര്വാ”…

. രാഘവമ്മാവന്റെ ശബ്ദം കേട്ടാണ് രാജമ്മ ഓർമ്മകളിൽ
നിന്നുമുണർന്നത്. തന്റെ അമ്മയുടെ വകയിലുള്ള ഒരു
ജ്യേഷ്ഠനാണ് രാഘവമ്മാവൻ. നാട്ടിലെ മിയ്ക്ക ചടങ്ങുകൾക്കും
രാഘവനമ്മാവനാണ് മുന്നിലുണ്ടാവുക. അമ്മയുടെ മരണശേഷം ഈ അമ്മാവനാണ് വീട്ടു കാര്യങ്ങളിലെല്ലാം എന്നും ഞങ്ങൾക്ക് സഹായമായിട്ടുള്ളത്.

. രാഘവമ്മാവന്റെ ഒച്ചയോടെ അവിടം മൗനം മുറിഞ്ഞു. എല്ലാവരും അവിടവിടെയായി ഓടി നടന്ന്
ശവസംസ്ക്കാരത്തിനുള്ള ഒരുക്കങ്ങളിൽ വ്യാപൃതരായി. അല്പനേരത്തിനു ശേഷം കർമ്മങ്ങൾ ചെയ്യാനുള്ളവരെല്ലാം മുങ്ങിക്കുളിച്ചെത്തി. ശവമെടുക്കാനുള്ള അവസാന ചടങ്ങുകൾ നടക്കുകയാണ്.

” വെള്ളം കൊടുക്കാനുള്ളോരൊക്കെ, വേഗം കൊടുക്ക്വാ”

. അമ്മാവന്റെ ശബ്ദം മുററത്ത് വീണ്ടും മുഴങ്ങി. രാജമ്മ
മുറ്റത്തിറങ്ങി അച്ഛന്റെ കാൽക്കൽ വെച്ചിരുന്ന കിണ്ടിയിൽ നിന്നും
അല്പം വെളളമെടുത്ത് മൂടിക്കിടത്തിയ അച്ഛന്റെ ദേഹത്ത്
സമർപ്പിച്ച് നമസ്ക്കരിച്ച് എഴുന്നേറ്റു . ഇനി അച്ഛന്റെ മുഖം
ഓർമ്മകളിൽ മാത്രമായിരിയ്ക്കും.
മുറ്റത്തേയ്ക്കെടുക്കുമ്പോൾ അവസാനമായി കണ്ട അച്ഛന്റെ മുഖം വീണ്ടും ഓർമ്മയിൽ തെളിഞ്ഞുവന്നു. ആ നിമിഷം അവർ അറിയാതെ വിങ്ങിപ്പൊട്ടുകയായിരുന്നു. സങ്കടം താങ്ങാനാവാതെ അവർ അച്ഛാ ..അച്ഛാ …എന്ന് ഉറക്കെ കരഞ്ഞു കൊണ്ട് അച്ഛന്റെ കാൽക്കലേയ്ക്ക് തളർന്ന് വീണു.

. ആരോ ഉറക്കെ കരയുന്ന ശബ്ദം കേട്ടാണ് അപ്പു ഞെട്ടി
ഉണർത്തത്. അവൻ അമ്മെ കുലുക്കി ഉണർത്താൻ ശ്രമിച്ചു.
അപ്പോഴും രാജമ്മ കിടക്കയിൽ കിടന്ന്
തേങ്ങിക്കരയുകയായിരുന്നു. അപ്പു കുലുക്കി വിളിച്ചപ്പോൾ അവർ പെട്ടെന്ന് എണീറ്റിരുന്നു. ചുറ്റിലും പരിഭ്രമമോടെ നോക്കികൊണ്ടിരുന്നു. പെട്ടെന്ന് അവർ അച്ഛനെവിടെ എന്ന് ചോദിച്ചു കൊണ്ട് കട്ടിലിൽ നിന്ന് എണീറ്റ് അച്ഛൻ കിടക്കുന്ന മുറിയിലേയ്ക്കോടി. എന്താണ് സംഭവിച്ചെതെന്നറിയാതെ അപ്പുവും അമ്മയുടെ പിറക ഓടുകയായിരുന്നു.അവൻ അമ്മെ പിടിച്ചു നിർത്താനായ് ശ്രമിച്ചു.അപ്പോഴേയ്ക്കും അവർ അച്ഛൻ കിടക്കുന്ന മുറിയിലെത്തിയിരുന്നു.

. മുറിയിലെ സീറോ ബൾബിന്റെ മങ്ങിയ വെളിച്ചത്തിൽ അച്ഛൻ ഉറങ്ങിടക്കുന്നത് രാജമ്മ കണ്ടു. അപ്പു മുറിയിലെ ലൈറ്റ്തെളിയിച്ചു. അച്ഛൻ നല്ല ഉറക്കത്തിലാണ്,രാജമ്മ അപ്പോഴാണ് സ്വപ്നത്തിൽ നിന്നും തീർത്തും മുക്തയായത്.

. താൻ കണ്ടതെല്ലാം ഒരു സ്വപ്നമായിരുന്നോ ! രാജമ്മയ്ക്ക് അത് വിശ്വസിയ്ക്കാനാവാതെ അച്ഛനെ കുലുക്കി
ഉണർത്താൻ ശ്രമിച്ചു. അയാൾ കണ്ണു തുറക്കാതെ വശംമാറി തിരിഞ്ഞു കിടന്നു. അപ്പോഴാണ് രാജമ്മയ്ക്ക് തെല്ല് ആശ്വാസമായത്. അല്പനേരം രണ്ടു പേരും അവിടെ നിന്നശേഷം,അച്ഛന്റെ മുറിയിലെ ലൈറ്റണച്ച് ഹാളിൽ വന്ന് ഒരു നെടുവീർപ്പോടെ ക്ളോക്കിലേയ്ക്ക് നോക്കി. നേരം വെളുക്കാനായെങ്കിലും അവർ കിടക്കാനായ് വീണ്ടും മുറിയിലേയ്ക്ക് തന്നെ നടന്നു.

. തൊടിയിലെ മരച്ചില്ലകളിൽ നിന്നും ഒറ്റി വീഴുന്ന
മഴത്തുള്ളികളുടെ താളങ്ങൾ മുറിയ്ക്കകത്ത് കേൾക്കുന്നുണ്ടായിരുന്നു. അത് കുറച്ച് മുന്നെ തിമിർത്തു പെയ്ത വലിയ മഴയുടെ വിട വാങ്ങലിലെ അവശേഷിച്ച മിഴിനീർ തുള്ളികളായിരിയ്ക്കാമെന്ന് അവർ സങ്കൽപ്പിച്ചു.

. ഒരു ദു:സ്വപ്നത്തിന്റെ നീർച്ചുഴിയിൽ നിന്നും കരകയറിയ
ആശ്വാസത്തോടെ അവർ മെല്ലെ ഡൈനിങ്ങ് ഹാളിലേയ്ക്ക്
നടന്നു. മേശപ്പുറത്തെ ജഗ്ഗിൽ നിന്നും കുറച്ചു വെള്ളമെടുത്തു
കുടിച്ച് അപ്പുവിനേയും കൂട്ടി കട്ടിലിൽ ചെന്നിരുന്നു.
രാത്രിയുടെ നിശബ്ദതയിൽ ദൂരെ എങ്ങു നിന്നോ ഒരു കാലൻകോഴിയുടെ നേർത്ത ശബ്ദം കേൾക്കാമായിരുന്നു. അവർ അപ്പുവിനെ പുണർന്ന് ഒരു പുതപ്പിനുളളിൽ മൂടിപ്പുതച്ചു കിടന്നു.

. തൊടിയിലെ വാഴയിലകളിൽ ഇടവിട്ട് വീഴുന്ന
വെള്ളത്തുള്ളികളുടെ പതികാലത്തിലെ താളത്തിനൊത്ത് അവർ അപ്പുവിന്റെ മുതുകിൽ പതുക്കെ തട്ടിക്കൊണ്ട് ഉറക്കത്തിന്റെ വഴിയിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു.
.

You can share this post!