കാൻസറിനെക്കുറിച്ച് അറിയേണ്ടതെല്ലാംപ്രശസ്ത കാൻസർ ചികിൽസകനും
സ്നേഹത്തണൽ ചികിൽസാ പദ്ധതിയുടെ ഉപജ്ഞാതാവുമായ ഡോ സികെ മോഹനൻ നായർ സംസാരിക്കുന്നു.
”കാൻസർ വന്ന ഒരാളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത്
ദോഷകരമാണോ ?
ഒരിക്കലും അല്ല. കാൻസർ പകരുന്ന രോഗമല്ലല്ലോ. അതിനാൽ ലൈംഗികബന്ധത്തെ ഒട്ടും ഭയക്കേണ്ട. മറിച്ച് ആരോഗ്യകരമായ ലൈംഗികബന്ധം സ്ത്രീപുരുഷബന്ധത്തെ കൂടുതൽ ഊഷ്മളമാക്കാൻ സഹായിക്കും.”
കാൻസർ സമൂഹം വളരെ ഭീതിയോടെ കാണുന്ന മാരകരോഗം. കഴിഞ്ഞ വർഷം ആഗോളതലത്തിൽ നൂറ്റിനാൽപ്പത്തി രണ്ടുലക്ഷം പേർക്കാണ് കാൻസർ ബാധിച്ചതു. 82 ലക്ഷം പേർ മരണത്തിന് കീഴടങ്ങി. 2017 ൽ നമ്മുടെ രാജ്യത്ത് ഏകദേശം 11 ലക്ഷത്തോളം പേർക്ക് കാൻസർ വന്നതാണ് കണക്ക്. കേരളത്തിൽ മാത്രം 60,000 പേർ പുതുതായി അർബുദരോഗികളായി. 35 ശതമാനം കാൻസറുകളും വരാതിരിക്കുവാൻ മുൻകരുതലുകളെടുക്കാനാവും. മൂന്നിലൊന്ന് കാൻസറുകളും നേരത്തേയുള്ള രോഗനിർണ്ണയത്തിൽ കൂടിയും ശരിയായ ചികിത്സയിലൂടെയും, പൂർണ്ണമായും ഭേദമാക്കുവാൻ സാധിക്കും. കാൻസറിനെക്കുറിച്ചുള്ള നമ്മുടെ സംശയങ്ങൾക്ക് പരിധിയില്ല.
എന്താണ് കാൻസർ?
കോടിക്കണക്കിന് കോശങ്ങളുടെ സംഘാതമാണ് മനുഷ്യശരീരം. ഈ കോശങ്ങളുടെ ഉത്ഭവം ഒരു മാതൃകോശത്തിൽ നിന്നാണ്. ആദ്യം വിഭജിച്ച് രണ്ട് പുത്രികോശങ്ങൾക്ക് ജന്മം കൊടുക്കുന്നു. അവ വീണ്ടും വീണ്ടും വിഭജിച്ച് ഉണ്ടാകുന്ന കോടാനുകോടി കോശങ്ങൾ ആരോഗ്യപൂർണ്ണമായ ജീവിതത്തിന് ആവശ്യമാണ്. ഈ പ്രക്രിയയ്ക്കിടയിൽ കോശങ്ങൾ നശിക്കുകയും പുതിയവ ഉണ്ടാവുകയും ചെയ്യുന്നു. ഈ അനുസ്യൂതവിഭജനപ്രക്രിയ കൃത്യമായ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരിക്കും നടക്കുന്നത്. കോശമർമ്മത്തുള്ള ഡി.എൻ.എ (ഡീ-ഓക്സിറൈബോ ന്യൂക്ലിക് ആസിഡ്) യിൽ സ്ഥിതിചെയ്യുന്ന ജീനുകൾക്കാണ് ഇതിന്റെ മേൽനോട്ടം. എന്നാൽ ഈ ജീനുകളുടെ പ്രവർത്തനത്തിന് വിഘാതം സംഭവിച്ചാൽ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച് പെരുകുകയും ചെയ്യാം. ഇങ്ങനെ ഉണ്ടാകുന്ന അസാധാരണകോശങ്ങൾ പ്രധാനമായും രണ്ടു രീതിയിൽ പ്രത്യക്ഷപ്പെടാം.
1) അപകടകരമല്ലാത്ത മുഴകൾ
2) അപകടകാരികളായ മുഴകൾ (മാലിംഗ്നന്റ് മുഴകൾ)
അഥവാ കാൻസർ
കല്ലിച്ച മുഴകൾ ശസ്ത്രക്രിയയിൽക്കൂടി പൂർണ്ണമായും എടുത്തു മാറ്റിയാൽ പിന്നെ രണ്ടാമത് വരാറില്ല. കൂടാതെ ശരീരത്തിന്റെ മറ്റു ഭാഗത്തേക്ക് വ്യാപിക്കാറുമില്ല. ചുരുക്കത്തിൽ, ഇത് ആരോഗ്യത്തിന് ഒരു ഭീഷണിയല്ല (ഉദാ:കൊഴുപ്പ് അടിഞ്ഞുകൂടി ഉണ്ടാകുന്ന ലൈപ്പോവാ എന്നാൽ, കാൻസർ മുഴകളിലെ കോശങ്ങൾ അടുത്ത ദിശയിലേക്ക് പടർന്നുപിടിക്കുകയും ശരീരത്തിന്റെ മറ്റു ഭാഗത്തേക്ക് വ്യാപിക്കുകയും ചെയ്യാം. ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ ഈ രീതിയിലുള്ള വളർച്ചകൾ ജീവനുതന്നെ ഭീഷണിയാവാം. (ഉദാ: സ്തനത്തിലുണ്ടാവുന്ന ചില മുഴകൾ) ഈ രണ്ടു രീതിയിലുള്ള വളർച്ചകൾക്കിടയിൽ മറ്റൊരു അവസ്ഥാവിശേഷം കാണാറുണ്ട്. ചികിത്സിക്കാതിരുന്നാൽ. ചില രീതിയിലുള്ള കല്ലിച്ച ട്യൂമറുകൾ കുറേ നാളുകൾക്കുശേഷം കാൻസർ മുഴകളായി രൂപാന്തരപ്പെടാറുണ്ട്. ഇതിനെ ‘പ്രീ മാലിംഗ്നന്റ് മുഴകൾ’ എന്നു വിളിക്കാം.
(ഉദാ:പുകയില ഉപയോഗിക്കുന്നവരിൽ വായിൽ ആദ്യം ഉണ്ടാവുന്ന വെളുത്ത പാടുകൾ; ചിലയിനം മറുകുകൾ)
ആർക്കാണ് കാൻസർ വരാൻ സാധ്യത ഉള്ളത് ?
സ്ത്രീ,പുരുഷ, പ്രായഭേദമെന്യേ ആർക്കും കാൻസർ വരാം. എന്നാൽ, ചിലർക്ക് അപകടസാധ്യത കൂടുതലുണ്ട്. അവർ ആരാണെന്ന് നോക്കാം.
- തെറ്റായ ജീവിതശൈലി പിൻതുടരുന്നവർ
- -പുകയില, മദ്യം, തെറ്റായ ഭക്ഷണരീതി
- -വ്യായാമരഹിത ജീവിതം
- -അന്യരുമായുള്ള ലൈംഗിക പങ്കാളിത്തം
- -അമിതവണ്ണവും ദുർമേദസ്സും
- -ശുചിത്വമില്ലായ്മ
- അണുബാധയ്ക്ക് വിധേയമാകുന്നവർ
- -ഹ്യൂമൻ പാപ്പിധാവറ്റവയറസ്
- -ഹെപ്പറ്റൈറ്റിസ് ബി-സിയും വൈറസുകൾ
- ചിലയിനം രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്നവർ
- അന്തരീക്ഷ മലിനീകരണത്തിന് വിധേയമാകുന്നവർ
- കാൻസർ പാരമ്പര്യമുള്ളവർ
ഒരു കുടുംബത്തിൽ അടുത്ത ബന്ധമുള്ളവർ (ഉദാ:അമ്മ, മക്കൾ, അമ്മൂമ്മ) മൂന്നോ, മൂന്നിൽ കൂടുതലോ പേർക്ക് ഒരേ രീതിയിലുള്ള കാൻസർ ഉണ്ടെങ്കിൽ, മറ്റു കുടുംബാംഗങ്ങൾക്കും വരാനുള്ള സാധ്യത കൂടുതലാണ്.
എന്നാൽ മേൽപറഞ്ഞ അപകടസാധ്യതയുള്ളവർക്കെല്ലാം കാൻസർ വരണമെന്നില്ല. വരാനുള്ള സാധ്യത കൂടാം എന്നു മാത്രമേ പറയാനാകൂ.
3) എങ്ങനെയാണ് ഈ രോഗം വരുന്നത് ?
കാൻസർ ഒരു ജനിതകരോഗം ആണ്. നമ്മുടെ ഓരോ കോശത്തിലും 25,000 ത്തിൽപരം ജീനുകൾ ഉണ്ട്.
ഉദാ: ചില ജീനുകൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ നിയന്ത്രണത്തിലായിരിക്കും ———–
അതുപോലെ തന്നെ ; കോശവിഭജനത്തെ നിയന്ത്രിക്കുന്ന ജീനുകളും കോശത്തിലുണ്ട്. മൂന്നു രീതിയിലുള്ള ജീനുകളാണ് പ്രധാനമായും കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നത്.
1) പ്രോട്ടോ ഓങ്കോജീൻ
-കോശവിഭജനം നേരായ രീതിയിൽ നടത്തുന്നു
2) ട്യൂമർ പ്രതിരോധ ജീൻ
-തെറ്റായ കോശവിഭജനത്തെ പ്രതിരോധിക്കുന്നു.
3) റിപ്പയർ ജീൻ
-കേടുപറ്റിയ ജീനിനെ ശരിയാക്കും
(ഉദാ: പുകയില, മദ്യം, രാസവസ്തു) കാൻസർ പ്രേരിത വസ്തുക്കളുടെ പ്രവർത്തനത്തിൽ കൂടി, പ്രോട്ടോഓങ്കോജീൻ ആയി മാറുന്ന അനിയന്ത്രിതമായ കോശവിഭജനത്തിൽ കലാശിക്കുന്നു.
അതുപോലെ തന്നെ ക്ഷതം വന്ന ട്യൂമർ പ്രതിരോധ ജീനും കോശവിഭജനത്തെ തടുത്തുനിർത്തുവാൻ കഴിയാതെ, ഒരു നോക്കുകുത്തിയായി മാറുന്ന അവസ്ഥയും സാധാരണമാണ്. കേടുപാടുകൾ വന്ന ജീനുകളെ ശരിയാക്കേണ്ട, റിപ്പയർ ജീനുകൾക്ക് കുഴപ്പം വന്നാൽ, എല്ലാ സുരക്ഷാപ്രവർത്തനങ്ങളും താളം തെറ്റാം.
ചുരുക്കത്തിൽ മേൽപ്പറഞ്ഞ രീതിയിലുള്ള ജീനുകളുടെ പ്രവർത്തനങ്ങളിൽ വരുന്ന പ്രശ്നങ്ങളാണു അടിസ്ഥാനപരമായി കാൻസറിന് തുടക്കം. വളരെ ലളിതമായി തോന്നാമെങ്കിലും, എണ്ണമറ്റ മറ്റു തന്മാത്രകളുടെയും മറ്റു അനുബന്ധ ജീനുകളുടെയും ഏറെ സങ്കീർണ്ണമായ പ്രവർത്തനങ്ങൾ കാൻസറിന് ഉണ്ടെന്ന് ഓർക്കണം.
4) എപ്പോൾ രോഗം കണ്ടെത്താം ?
ഇന്ത്യയിൽ സാധാരണയായി കാണുന്ന മിക്ക കാൻസറുകളും നേരത്തെ കണ്ടുപിടിക്കാൻ സാധിക്കും.
വികസ്വര, അവികസ്വരരാജ്യങ്ങളിലും രോഗനിർണ്ണയം പൊതുവേ വളരെ വൈകിയാണ് നടക്കുന്നത്. ഇത് ചികിത്സാഫലത്തെ ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
ഡോക്ടർ ചെയ്യുന്ന വിദഗ്ധമായ പരിശോധന, ശാരീരിക പരിശോധനകൾ, മാവോഗ്രാം, പാപ്പ് ടെസ്റ്റ്, എൻഡോസ്കോപ്പി ചില രക്തപരിശോധനകൾ തുടങ്ങിയ പല മാർഗ്ഗങ്ങളിലും കൂടി ഇത് സാധിക്കും. ഉദാ: സ്തനാർബുദം, ഗർഭാശയകാൻസർ, കുടൽ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ, വായിലെ അർബുദം.
5) കാൻസറിന് മാനസിക പ്രശ്നങ്ങൾ കാരണമാണോ ?
മാനസികമായ പിരിമുറുക്കങ്ങൾ മറ്റു പലരോഗങ്ങൾക്കും കാരണമാവുമെങ്കിലും കാൻസറിന് നേരിട്ട് ബന്ധമുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല.
6) കാൻസർ ശരീരത്തിൽ പ്രവർത്തനം തുടങ്ങിയാൽ രോഗി അറിയണമെന്നുണ്ടോ ?
കാൻസറിന്റെ ആരംഭദശയിൽ രോഗി അറിയണമെന്നില്ല. കോശങ്ങൾ വളർന്ന് ശരീരത്തിന്റെ ഏതെങ്കിലും രീതിയിലുള്ള പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമ്പോഴോ, ശരീരഘടനയിൽ പ്രത്യക്ഷമായ മാറ്റങ്ങൾ സംഭവിക്കുമ്പോഴോ ആണ് രോഗം ശ്രദ്ധിക്കപ്പെടുന്നത്.
എന്നാൽ ബാഹ്യമായുള്ള ശരീരഭാഗങ്ങളി (ഉദാ: ത്വക്ക്, വായ്) ലുണ്ടാവുന്ന മാറ്റങ്ങൾ വലിയ രോഗലക്ഷണങ്ങളൊന്നും കാണാതെ തന്നെ രോഗിയുടെ നിരീക്ഷണത്തിൽ വരാൻ സാധ്യത കൂടുതലാണ്.
7) എപ്പോഴാണ് ഒരാൾ കാൻസറിന് കീഴ്പ്പെട്ടു എന്നറിയുന്നത് ?
അന്തിമദശയിലുള്ള രോഗം, വളരെ പ്രാധാന്യമുള്ള അവയവങ്ങളിലേക്ക് (ഉദാ: ശ്വാസകോശം, കരൾ, തലച്ചോർ) വ്യാപിക്കുമ്പോൾ ചികിത്സ പലപ്പോഴും വിചാരിക്കുന്ന ഫലം നൽകണമെന്നില്ല. രോഗിക്ക് കഠിനമായ ക്ഷീണം, വേദന, വിശപ്പില്ലായ്മ, വിളർച്ച, ചലനശേഷി കുറയുക, ശരീരഭാരത്തിൽ വരുന്ന ഗണ്യമായ കുറവ് തുടങ്ങിയ രോഗലക്ഷണങ്ങൾ ഇത് ഉറപ്പാക്കും.
8) കാൻസറിന്റെ കാരണങ്ങൾ ?
ഭൂരിപക്ഷം കാൻസറുകളും തെറ്റായ ജീവിതശൈലി കൊണ്ട് ഉണ്ടാകുന്നതാണ്. അവ ഏതെന്ന് നോക്കാം.
ഇൻഡ്യയിൽ ഉണ്ടാകുന്ന 40 ശതമാനം കാൻസറുകളും പുകയിലയുടെ ഏതെങ്കിലും ഉപയോഗം (പുകവലി, മുറുക്ക്, പൊടിവലി) മൂലമാണ്.
ശ്വാസകോശം, വായ്, തൊണ്ട, അന്നനാളം, മൂത്രാശയം തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകളുടെ പ്രധാന കാരണം പുകയില തന്നെയാണ്.
കേരളത്തിൽ ഉണ്ടാവുന്ന അഞ്ച് ശതമാനം കാൻസറും മദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. തെറ്റായ ഭക്ഷണരീതി പല ക്യാൻസറുകൾക്കും തുടക്കം കുറിക്കുന്നു.
രോഗാണുബാധ (ഹ്യൂമൻ പാപ്പി ലോവറ്റവൈറസ്, ഹെപ്പറ്റൈറ്റിസ് ബി വൈറസുകൾ, ഗർഭാശയഗളം, തൊണ്ട, കരൾ എന്നീ അവയവങ്ങളിലെ കാൻസറിന് കാരണമാവുന്നു.
വ്യായാമക്കുറവ്, അമിതവണ്ണം, ദുർമേദസ്സ്, അന്തരീക്ഷ മലിനീകരണം, റേഡിയേഷൻ, രാസവസ്തുക്കൾ, പാരമ്പര്യമായി മാതാപിതാക്കളിൽ നിന്നും കിട്ടുന്ന വികളത (മ്യൂട്ടേഷൻ) ഉള്ള ജീനുകൾ തുടങ്ങിയ ഘടകങ്ങളും കാൻസറുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.
ബുദ്ധിപൂർവ്വമായ ജീവിത രീതി വളരെ ചെറുപ്പത്തിൽ തന്നെ സ്വീകരിക്കുക വഴി, കാൻസറിനെ ഒരു പരിധിവരെ തടഞ്ഞുനിർത്തുവാൻ ഓരോ വ്യക്തിക്കും കഴിയും.
9) കാൻസർ പകരുമോ ?
കാൻസർ പകരുന്നതായി ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
എന്നാൽ ഈ രോഗം പകരും എന്നുള്ള വിശ്വാസം സമൂഹത്തിൽ പ്രബലമാണ്. ഇതു മൂലം, രോഗിക്ക് അർഹമായ പരിചരണം കിട്ടാതെ പോകാറുണ്ട്. ചിലപ്പോൾ രോഗികൾ തന്നെയും, ഒറ്റപ്പെട്ടു കഴിയാൻ ആഗ്രഹിക്കാറുമുണ്ട്.
10) കാൻസർ ഏതെല്ലാം അവയവത്തെയാണ് ബാധിക്കുന്നത് ?
ഏത് അവയവത്തെയും അർബുദം ബാധിക്കാം. എന്നാൽ ചില ശരീരഭാഗങ്ങളെ ഈ രോഗം ബാധിക്കാറില്ല. ഉദാ: മുടി, പല്ല്, കണ്ണിലെ ലെൻസ്, നഖം ഇവയിൽ കാര്യമായ കോശവിഭജനം ഇല്ലാത്തത്താവാം അതിനു കാരണം. വളരെ ചുരുക്കമായേ ഹൃദയത്തിൽ കാൻസർ ആദ്യമായി വരാറുള്ളൂ. എന്നാൽ മറ്റു ഭാഗങ്ങളിൽ നിന്നും കാൻസർ ഹൃദയത്തിലേക്ക് വരുവാനുള്ള സാധ്യത ഉണ്ട്.
11)കാൻസറിന് പൊതുലക്ഷണങ്ങൾ ഉണ്ടോ ?
എല്ലാ കാൻസറിന്റെയും ആരംഭദശയിൽ, പൊതു ലക്ഷണങ്ങൾ ഇല്ല എന്നുപറയാം.
ഏതു ഭാഗത്താണോ കാൻസർ വരുന്നത്, അതനുസരിച്ചാവും രോഗലക്ഷണങ്ങൾ. ഉദാ: വരണ്ട ചുമയും രക്തം കലർന്ന കഫം തുപ്പലും മറ്റും പുകവലിക്കുന്നവരിൽ ശ്വാസകോശത്തിലെ അർബുദത്തിന്റേതാകാം. ആഹാരം ഇറക്കാനുള്ള വിഷമം അന്നനാളത്തിലെ കാൻസർ കൊണ്ട് ഉണ്ടാകാം.
മുഴയും വ്രണങ്ങളും മറ്റും ആയിട്ടാണ് പൊതുവെ കാൻസർ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ മജ്ജയെ ബാധിക്കുന്ന രക്താർബുദവും മറ്റും വേറെ രോഗലക്ഷണങ്ങളാവാം(വിളർച്ച, രക്തസ്രാവം, എല്ലുവേദന, പനി) രോഗിയിൽ ഉണ്ടാകുന്നത്.
എന്നാൽ ഏതു കാൻസറും അന്തിമദശയിലേക്ക് അടുക്കുമ്പോൾ ക്ഷീണവും തളർച്ചയും ചിലപ്പോൾ വേദനയും മറ്റ് ശാരീരിക വിഷമങ്ങളും പൊതുവെ ഉണ്ടാകാം.
12)മുറിവുകൾ കാൻസറായി മാറുമോ?
സാധാരണയായി ഉണ്ടാകുന്ന മുറിവുകൾ കാൻസറായി പരിണമിക്കാറില്ല. എന്നാൽ പല്ലുകൾ സ്ഥിരമായി ഉരസുന്നത് കൊണ്ട് ഉണ്ടാവുന്ന കവളിലേയോ, നാക്കിലേയോ മുറിവുകൾ തക്കസമയത്ത് ചികിത്സിച്ചില്ലെങ്കിൽ കാലക്രമേണ കാൻസർ ആവാം.
13)സൂര്യപ്രകാശത്തിൽ നിന്നും രോഗം ഉണ്ടാകുമോ ?
ഉണ്ടാകാം. സൂര്യപ്രകാശത്തിലുള്ള അൾട്രാവയലറ്റ് റേഡിയേഷനാണ് വില്ലൻ. രാവിലെ പത്തുതൊട്ട് വൈകിട്ട് മൂന്നു വരെയുള്ള സൂര്യപ്രകാശത്തിലാണ് ഇവ കൂടുതലായും കാണുന്നത്. ഇത് വളരെ നാളുകൾ ത്വക്കിൽ പതിയുക വഴി, കാൻസർ ഉണ്ടാകാം. എന്നാൽ ഇവയെ തടുത്തു നിർത്തുവാനുള്ള പ്രത്യേക കോശങ്ങൾ (മെലനോ സൈറ്റ്) നമ്മുടെ ചർമ്മത്തിൽ ഉള്ളതിനാൽ നമ്മൾ കുറേയൊക്കെ സുരക്ഷിതരാണ്. എന്നാൽ ഈ കോശങ്ങൾ കുറവുള്ള വെളുത്ത തൊലിക്കാരിൽ ത്വക്ക് കാൻസർ കൂടുതലാണ്. ധ്രുവപ്രദേശങ്ങളിലും മറ്റും അൾട്രാവയലറ്റ് റേഡിയേഷൻ കൂടുതലുള്ളതിനാൽ അവിടെയുള്ളവർക്ക് തൊലിപ്പുറത്തുള്ള കാൻസറിന് സാധ്യതയേറെയാണ്.
14)ഏത് തരം ഭക്ഷണമാണ് രോഗത്തിന് കാരണം?
ആരോഗ്യ പൂർണ്ണമായ ജീവിതത്തിനുവേണ്ടത് നല്ല ഭക്ഷണരീതിയാണ്. എന്നാൽ കഴിഞ്ഞ ദശകങ്ങളിൽ, നമ്മുടെ പാരമ്പര്യ ഭക്ഷണരീതി പുതിയ ഭക്ഷണ സംസ്ക്കാരത്തിനിടയാക്കി. ഇതാണ് കാൻസറിനെ ക്ഷണിച്ചു വരുത്തുന്നത്.
ചുവന്ന മാംസവും സംസ്കരിച്ച മാംസവും
ചുവന്ന മാംസ (ഉദാ: ബീഫ്, പന്നി, ആട്, പശു)ങ്ങളിലുള്ള കാൻസർ പ്രേരിത വസ്തുക്കൾ (ഉദാ: ഹീം, നൈട്രേറ്റ്) ആരോഗ്യത്തിന് ഹാനികരമാണ്. സംസ്കരിച്ച മാംസങ്ങളും (ഉദാ: ഹാം, ബേക്കൺ, സോസേജ്) കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മാംസം ഉയർന്ന ഊഷ്മാവിൽ പാചകം ചെയ്താൽ (ഗ്രില്ലിംഗ്, ബാർബിക്കുവിങ്ങ്) കാൻസർ പ്രേരിത വസ്തുക്കൾ ഉൾപ്പാദിപ്പിക്കപ്പെടും.
കൊഴുപ്പ്
പൂരിത കൊഴുപ്പുകളും ട്രാൻസ്ഫാറ്റും കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതായി പല പഠനങ്ങളും തെളിയിക്കുന്നു. കൂടാതെ നാരു കുറഞ്ഞ ഭക്ഷണം, ആഹാരത്തിൽ ഫലവർഗ്ഗങ്ങളുടേയും പച്ചക്കറികളുടെയും കുറവ്, ജംഗ്ഫുഡ് തുടങ്ങിയവ ദോഷം ചെയ്യും.
ഇത്തരം ഭക്ഷണരീതി, ചെറുപ്പത്തിൽ തന്നെ ശീലമാക്കിയാൽ ദഹനേന്ദ്രിയം ഉൾപ്പെടെയുള്ള മറ്റുപല അവയവങ്ങളിലും കാൻസർ പിടിപെടാം.
15) കാൻസറിനെ ആകർഷിക്കുന്ന ശാരീരിക പ്രത്യേകതകൾ എന്തെല്ലാം?
സ്തനാർബുദം, കുടൽ കാൻസർ തുടങ്ങിയവ അമിതഭാരവുമായി ബന്ധപ്പെട്ടതാൺ്. ആരോഗ്യകരമായ ശരീരഭാരം ആർത്തവവിരാമത്തിന് മുൻപും പിൻപും നിലനിർത്താൻ കഴിഞ്ഞാൽ സ്തനാർബുധത്തിനുള്ള സാധ്യത കുറയും. സാമൂഹ്യസാമ്പത്തിക രംഗത്തുണ്ടായ മാറ്റങ്ങൾ, വ്യവസായവൽക്കരണം, നഗരവൽക്കരണം, പാശ്ചാത്യ ജീവിതശൈലി, കൗമാരക്കാരുടെയും യുവാക്കളുടെയും ജീവിതമാറ്റങ്ങൾ, വ്യായാമക്കുറവ് തുടങ്ങി പല ഘടകങ്ങളും അമിതഭാരത്തിനും ദുർമേദസ്സിനും കാരണമാകുന്നു.
16)മദ്യം എങ്ങനെയാണ് കാരണമാകുന്നത് ?
അഞ്ച് ശതമാനം കാൻസറിന്റെയും കാരണം മദ്യമാണ്. അമിതമായുള്ള മദ്യപാനം മൂലം കരൾ, വായ്, തൊണ്ട, അന്നനാളം, ആമാശയം തുടങ്ങിയ അവയവങ്ങളിൽ കാൻസർ വരുവാനുള്ള സാധ്യത കൂടുന്നു. മദ്യപിക്കുന്നവർ, പുകയില ഉപയോഗിക്കുകയും തെറ്റായ ഭക്ഷണരീതി പിൻതുടരുകയും ചെയ്യുന്നവരാണെങ്കിൽ, പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകും. മദ്യം കഴിച്ച് കരൾ കാൻസർ വരണമെങ്കിൽ കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും മദ്യത്തിന് ചിലവാക്കിയിട്ടുണ്ടാകും.
17)ലിവർ സീറോസിസ് കാൻസറിന്റെ വകഭേദമാണോ ?
വകഭേദം അല്ല; എന്നാൽ സിറോസിസ് ബാധിച്ച കരളിൽ കാൻസർ വരുന്നത് സാധാരണയാണ്. മദ്യപിക്കണമെന്നില്ല, സീറോസിസ് വരുവാൻ. പലവിധത്തിലുള്ള രോഗാണുബാധകളും സിറോസിസിലേക്ക് നയിക്കാം.
18) പുകവലിക്കാത്ത സ്ത്രീകൾക്ക് ശ്വാസകോശാർബുദം വരുവോ ?
വരാം. സ്ത്രീകൾ ബീഡിയോ സിഗററ്റോ കത്തിച്ച് നേരിട്ട് വലിക്കണമെന്നില്ല അവരിൽ ശ്വാസകോശാർബുദം ഉണ്ടാകുവാൻ. നിഷ്ക്രിയ പുകയാണ് ഇവിടുത്തെ വില്ലൻ. മറ്റൊരാൾ വലിച്ച് പുറത്തേക്കു വിടുന്ന പുകയും നിഷ്ക്രിയ പുകവലിയും വില്ലനാണ്. ബീഡിയും സിഗററ്റും മറ്റും സിഗററ്റിനൊപ്പം തന്നെ നിഷ്ക്രിയ പുകവലിക്കുള്ള സാഹചര്യം ഉണ്ടാക്കുന്നു.
സ്ത്രീകളാണ് ഏറ്റവും കൂടുതൽ നിഷ്ക്രിയ പുകവലിക്ക് വിധേയമാകുന്നവർ. ഇന്ത്യയിലെ നാൽപത് ശതമാനം സ്ത്രീകൾ ഇക്കൂട്ടരാണ്.
പുകയിൽ മൂവായിരത്തോളം രാസവസ്തുക്കളും അറുപതോളം കാൻസർ പ്രേരിത വസ്തുക്കളും ഉണ്ടെന്ന് ഓർക്കണം. നേരിട്ടു പുകവലിക്കുന്ന വ്യക്തികളെപ്പോലെ തന്നെ, നിഷ്ക്രിയ പുകവലിക്കുന്ന സ്ത്രീകൾക്കും ശ്വാസകോശാർബുദം വരുവാനുള്ള സാധ്യത കൂടുതലാണ്.
19)ലൈംഗികബന്ധത്തിലൂടെ കാൻസർ പകരുവോ ?
ഇല്ല. അങ്ങനെ കാൻസർ പകർന്നതായി ഇതുവരെ കണ്ടിട്ടില്ല. കാൻസർ സാംക്രമികരോഗം അല്ലാത്തതിനാൽ പകരും എന്ന് ഭയക്കേണ്ട ആവശ്യമില്ല.
20) ലൈംഗികതയെക്കുറിച്ച് ചികിത്സ കഴിഞ്ഞ രോഗികളുടെ വീക്ഷണം എന്താണ് ?
ലൈംഗിക ഇടപെടലുകളിലുള്ള താൽപര്യക്കുറവ്, ചികിത്സ കഴിഞ്ഞ രോഗികളിൽ വളരെയധികം കാണാറുണ്ട്. ഇത് പലപ്പോഴും തെറ്റായ ധാരണകളുടെ ഫലമാണ്. അർബുദരോഗികൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് നല്ലതല്ല എന്നത് തെറ്റായ ധാരണയാണ്. സ്തനാർബുദവും, ഗർഭാശയകാൻസറും ബാധിച്ച വ്യക്തികളിൽ ഉണ്ടാകാവുന്ന അപകർഷതാബോധവും ലൈംഗികജീവിതത്തെ ബാധിക്കാം.
ശസ്ത്രക്രിയയെയോ, റേഡിയേഷനെയോ തുടർന്ന് അവയവത്തിലുണ്ടാകുന്ന മാറ്റങ്ങൾ, ലൈംഗികബന്ധത്തിൽ നിന്ന് ചിലരെ പിൻതിരിപ്പിക്കാം. രോഗം വന്ന സ്ത്രീകളുമായി ബന്ധപ്പെടുന്നത് തനിക്കും രോഗം വരുത്തുമോ എന്ന പുരുഷനുണ്ടാകാം. ഇങ്ങനെയുള്ള പ്രശ്നങ്ങൾ ചികിത്സിക്കുന്ന ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയും തുറന്ന ചർച്ചയ്ക്ക് വിധേയമാക്കുന്നതും നല്ലതാണ്.
സ്തനാർബുദം വർദ്ധിക്കാൻ പല ഘടകങ്ങളുണ്ട്.
വർദ്ധിച്ചു വരുന്ന ജനസംഖ്യ, കൂടി വരുന്ന ആയുർദൈർഘ്യം, കാൻസറിനെക്കുറിച്ചുള്ള അവബോധം, പലകാരണങ്ങളാൽ താമസിച്ചുള്ള വിവാഹവും ഗർഭധാരണവും, മുലയൂട്ടാത്ത അവസ്ഥ, ഭക്ഷണരീതിയിലുണ്ടായ മാറ്റങ്ങൾ, വ്യായാമക്കുറവ്, അമിതവണ്ണം തുടങ്ങി അനേകം ഘടകങ്ങൾ സ്തനാർബുദ ത്തിന് കാരണമാണ്.
21) ബ്രസ്റ്റ് കാൻസർ നേരത്തെ തിരിച്ചറിയുവാൻ കഴിയുമോ ?
കഴിയും. പല വിധത്തിലുള്ള പരിശോധനകൾ വേണം.
>സ്വയംപരിശോധന
പ്രായപൂർത്തിയായ യുവതികൾ സ്തനം എല്ലാ മാസവും പരിശോധനയ്ക്ക് വിധേയമാക്കണം. അങ്ങനെ കൃത്യമായി പരിശോധിച്ചാൽ സ്തനത്തിലുണ്ടാവുന്ന ഏതു മാറ്റങ്ങളും സ്ത്രീക്ക് നേരത്തെ മനസ്സിലാക്കുവാൻ സാധിക്കും. ആർത്തവം കഴിഞ്ഞിട്ടുള്ള ഒരാഴ്ചയ്ക്കകം പരിശോധിക്കുന്നതായിരിക്കും നല്ലത്. ആർത്തവവിരാമം വന്നവരും, ഗർഭപാത്രം നീക്കം ചെയ്യപ്പെട്ടവരും എല്ലാ മാസവും ഒരു പ്രത്യേക തീയതി സ്തനം പരിശോധിക്കണം. ചുരുക്കത്തിൽ നേരത്തെയുള്ള സ്തനാർബുദനിർണ്ണയം സ്ത്രീയുടെ കൈയിൽ തന്നെയാണ്. ലളിതവും ചിലവില്ലാത്തതും സ്വകാര്യതയെ ബാധിക്കാത്തതുമായ ഈ പരിശോധന എല്ലാ സ്ത്രീകളും പാലിക്കണം.
>ഡോക്ടർ നടത്തുന്ന സ്തന പരിശോധന
ഇരുപതിനും നാൽപതിനും ഇടയ്ക്കു പ്രായമുള്ളവർ രണ്ടു വർഷത്തിലൊരിക്കൽ കുടുംബഡോക്ടറെ കൊണ്ടു സ്തനം പരിശോധിപ്പിക്കണം. സ്തനാർബുധമുണ്ടാകാനുള്ള സാധ്യത അനുസരിച്ച് നാൽപത് വയസ്സിനു മുകളിലുള്ളവർ വർഷത്തിലൊരിക്കലെങ്കിലും ഇത്തരം പരിശോധനകൾ നടത്തണം.
മാമോഗ്രാഫി
പലവിധത്തിലുള്ള മാവോഗ്രാഫി ഉണ്ട്.
>എക്സ്‌റെ മാമോഗ്രാഫി
വീര്യം കുറഞ്ഞ എക്സ്‌റെ കിരണങ്ങൾ സ്തനത്തിൽ കൂടി കയറ്റി വിട്ടു കിട്ടുന്ന ചിത്രങ്ങൾ പരിശോധിച്ച് നേരത്തെ രോഗനിർണ്ണയം നടത്തുവാൻ കഴിയും. ഇത് പൊതുവെ നാൽപതുവയസ്സിന് മുകളിലുള്ള സ്ത്രീകൾക്കാണ് പ്രയോജനപ്പെടുന്നത്. നാൽപതിനു അൻപതിനുമിടയിൽ രണ്ട് വർഷത്തിലൊരിക്കലും, അൻപതു വയസ്സിനുശേഷം, വർഷത്തിലൊരിക്കലും ഈ പരിശോധന നടത്താം. എന്നാൽ അപകടസാധ്യത കൂടുതലുള്ള സ്ത്രീകൾ ഡോക്ടറുടെ ഉപദേശം തേടണം.
അൾട്രാസോണോഗ്രാഫി
ഈ പരിശോധനകൾക്ക് ശബ്ദവീചികൾ ഉപയോഗിക്കുന്നു. യുവതികളിലും നാൽപത് വയസ്സിനു താഴെയുള്ള സ്ത്രീകളിലും സ്തനപരിശോധയ്ക്ക് അൾട്രാസൗണ്ട് ആയിരിക്കും കൂടുതൽ അഭികാമ്യം.
>എം.ആർ.മാവോഗ്രാഫി ( ങഞ്ഞ ാംീഴൃമുവ്യ)
കാന്തവീചികൾ ഉപയോഗിച്ചുള്ള പരിശോധനയാണിത്. നമ്മുടെ നാട്ടിൽ ചുരുക്കമായേ ഈ പരിശോധനയ്ക്കു യോജ്യമായ എംആർഐ സ്കാനർ ലഭ്യമായിട്ടുള്ളൂ. കൂടാതെ ചിലവ് കൂടുതലാണുതാനും.
ഇങ്ങനെയുള്ള സ്കാനിങ് കൂടാതെ വളരെ നേരത്തെ തന്നെ “മ്യൂട്ടേഷൻ” വന്ന ഡി.എൻ.എ ശകലങ്ങൾ രക്തപരിശോധനയിൽക്കൂടി കണ്ടെത്തുവാൻ സാധിക്കുന്ന സാങ്കേതികവിദ്യ കണ്ടുപിടിച്ചതായി ‘ശയൻസ്’ മാസിക പറയുന്നു. ഈ പരിശോധനാരീതിയെ ‘ഇമിരലൃലെലസ’ എന്നാണ് വിളിക്കുന്നത്.
ജീൻ പരിശോധന വഴി മ്യൂട്ടേഷൻ വന്ന സ്തനാർബുദജീനുകളെ ( ആഞ്ഞഇഅ 1, ആഞ്ഞഇഅ2 )കണ്ടെത്തുവാൻ ഇന്ന് എളുപ്പമാണ്. പാരമ്പര്യമായി സ്തനാർബുദം വരാൻ സാധ്യതയുള്ളവർക്കും ഈ പരിശോധന നടത്താം.
22) ബ്രസ്റ്റ് ക്യാൻസർ ചികിത്സിച്ചു ഭേദമാക്കുവാൻ സാധിക്കുമോ ?
മറ്റ് ഏതു രോഗത്തെയും പോലെ നേരത്തെയുള്ള രോഗനിർണ്ണയവും കൃത്യമായ ശാസ്ത്രീയ ചികിത്സയും വളരെ പ്രധാനമാണ്. ആരംഭദശയിലുള്ള സ്തനാർബുദരോഗികളിൽ ഭൂരിപക്ഷം പേർക്കും പൂർണ്ണമായ രോഗവിമുക്തി എളുപ്പമാണ്. എന്നാൽ രോഗത്തിന്റെ ദശമുന്നോട്ടു പോവുകയോ, ശരിയായ ചികിത്സ ലഭിക്കാതാക്കുകയോ ചെയ്താൽ ചികിത്സയുടെ ഫലം കുറയും.
23) സ്തനങ്ങൾ നീക്കം ചെയ്യുന്നത് ഒരാളുടെ ലൈംഗിക ചോദനയെ നശിപ്പിക്കില്ലേ ?
ലൈംഗികതയെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും വീക്ഷണങ്ങളും വളരെ വ്യക്തിപരമാണല്ലോ. എങ്കിലും ലൈംഗികതയിൽ സ്തനത്തിനുള്ള പങ്ക് അവഗണിക്കുവാൻ സാധിക്കുകയില്ല. തന്റെ പങ്കാളിക്ക് തന്നോടുള്ള ഉത്ക്കണ്ഠ, ലൈംഗിക ചോദനയെ ഒരു പരിധി വരെ ബാധിക്കാം. എന്നാൽ സ്തനപുനർനിർമ്മാണം, ശാസ്ത്രീയമായ കൗൺസലിംഗ് തുടങ്ങിയ കാര്യങ്ങൾ ഈ പ്രശ്നത്തെ ഒരു പരിധിവരെ പരിഹരിക്കും.
24)കാൻസർ വന്ന ഒരാളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത്
ദോഷകരമാണോ ?
ഒരിക്കലും അല്ല. കാൻസർ പകരുന്ന രോഗമല്ലല്ലോ. അതിനാൽ ലൈംഗികബന്ധത്തെ ഒട്ടും ഭയക്കേണ്ട. മറിച്ച് ആരോഗ്യകരമായ ലൈംഗികബന്ധം സ്ത്രീപുരുഷബന്ധത്തെ കൂടുതൽ ഊഷ്മളമാക്കാൻ സഹായിക്കും.
25)എന്തെല്ലാം കാൻസർ ചികിത്സകൾ ഇന്നു ലഭ്യമാണ് ?
ശസ്ത്രക്രിയ, റേഡിയേഷൻ, മരുന്നു കൊണ്ടുള്ള ചികിത്സ, പ്രതിരോധം വർദ്ധിപ്പിക്കുന്ന ഇമ്യൂണോതെറപ്പി, ഹോർമോൺ ചികിത്സ, ജീൻ തെറപ്പി തുടങ്ങി ചികിത്സാരീതികൾ ഇന്നുണ്ട്. രോഗത്തിന്റെ സ്വഭാവവും മറ്റും കണക്കിലെടുത്ത് പല ചികിത്സാരീതികളും ഏകോപിപ്പിച്ചു പോകാറുണ്ട്. ചിലപ്പോൾ ചിലതരം കാൻസറുകൾക്ക് (ഉദാ: കോന്നിക്ക് വിഫോറേസിക്ക് ലൂക്കേയ)ചികിത്സ ഒന്നും നൽകാതെ, നിരീക്ഷണത്തിൽ മാത്രമായും നിർത്താറുണ്ട്. ഹീമോതെറപ്പി കൊണ്ടുണ്ടാകുന്ന പാഴ്ഫലങ്ങളെ പ്രതിരോധിക്കുവാൻ സാധിക്കും. ഓക്കാനം, ഛർദ്ദി, മരുന്നു കൊണ്ടുണ്ടാകുന്ന ചില പ്രതിപ്രവർത്തനങ്ങൾ മുതലായ പ്രശ്നങ്ങൾ പൂർണ്ണമായും പ്രതിരോധിക്കുവാൻ കഴിയും. രക്താണുക്കൾ കുറയുക, വായിലും മറ്റും ഉണ്ടാകുന്ന നീർവീഴ്ച, വയറിളക്കം തുടങ്ങിയ പാർശ്വഫലങ്ങളെ ചികിത്സിച്ചു ഭേദമാക്കുവാൻ സാധിക്കും.
26)ഓരോ വ്യക്തിക്കും പ്രത്യേക ചികിത്സ നിശ്ചയിക്കുവോ ?
തീർച്ചയായും അങ്ങനെയാണ് ചികിത്സ നിശ്ചയിക്കേണ്ടത്. ഓരോ രോഗിയുടെയും രോഗത്തിന് ഒരു ‘കൈയൊപ്പ് ‘ ഉണ്ടാകും. അപ്പോൾ ചികിത്സക്കും അതാവശ്യമാണ്.
ആരോഗ്യവുമായി ബന്ധപ്പെട്ടിട്ടുള്ള കോശത്തിന്റെ ഘടന, ജനതികമായ മാറ്റങ്ങൾ, രോഗത്തിന്റെ ദശ, രോഗിയുടെ പ്രായം, ഉയരം, ഭാരം തുടങ്ങി ഒട്ടനവധി ഘടകങ്ങൾ വിഭാഗങ്ങളായി പരിശോധിച്ചതിനുശേഷമേ ചികിത്സ നിശ്ചയിക്കൂ. ഒരു രോഗിക്ക് കിട്ടുന്ന ചികിത്സ ആയിരിക്കില്ല മറ്റൊരാൾക്ക്. കൂടാതെ, രോഗിയുടെ, രോഗത്തെക്കുറിച്ചും, ചികിത്സയെക്കുറിച്ചും, ജീവിതത്തെക്കുറിച്ചുള്ള വീക്ഷണങ്ങളും അർബുദരോഗ വിദഗ്ധർ കണക്കിലെടുക്കണം.
27) കാൻസർ രണ്ടാമതും വരുമോ? എന്തുകൊണ്ട് ?
ചിലപ്പോൾ രണ്ടാമതും വരാം. ഇതിനു പല കാരണങ്ങൾ ഉണ്ട്.
ആദ്യം തന്നെ രോഗിക്കു കിട്ടുന്ന ചികിത്സ പൂർണമാവാത്ത സാഹചര്യത്തിൽ, രോഗം രണ്ടാമതു വരുവാനുള്ള സാധ്യത കൂടുതലാണ്. ചില രോഗങ്ങൾക്ക് (ഉദാ: രക്താർബുദം) നീണ്ടകാല ചികിത്സ ആവശ്യമാണ്. എന്നാൽ പല കാരണങ്ങളാൽ ശാസ്ത്രീയമായി മുന്നോട്ടു പോകുവാൻ സാധിക്കാതെ വരുന്നതും ഒരു കാരണമാകുന്നു. ആദ്യചികിത്സയിൽ പരിപൂർണ്ണവിജയം നേടിയിട്ടുണ്ടാകും. പക്ഷേ ആ വ്യക്തി തെറ്റായ ജീവിതശൈലി വീണ്ടും തുടർന്നാൽ രോഗം തിരിച്ചുവരാം.
28)കാൻസർ ചികിത്സയിലെ വഴിത്തിരിവുകൾ എന്തെല്ലാം?
ജനിതകശാസ്ത്രത്തിലും, മോളിക്കുലാർ ബയോളജിയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗമനങ്ങൾ. കാൻസർ ചികിത്സാരംഗത്തെ വൻ കുതിപ്പാണ്.
കാൻസർ കോശങ്ങളെ മാത്രം കണ്ടെത്തി ഉന്മൂലനം ചെയ്യുവാൻ കഴിയുന്ന ചികിത്സാരീതിയാണ് ടാർജറ്റഡ് തെറപ്പി. ഈ ചികിത്സയിൽ സാധാരണ കോശങ്ങൾക്ക് യാതൊരു നാശവും വരുന്നില്ല എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. സ്തനാർബുദം, കുടൽ കാൻസർ, ലിഫോമ തുടങ്ങി. പല കാൻസറുകൾക്കും ഈ ചികിത്സാരീതി ഉപയോഗിക്കുന്നുണ്ട്. വൈകല്യം വന്ന കാൻസർ ജീനുകളെ മാറ്റി നല്ല ജീനുകൾ കോശങ്ങളിലേക്ക് നൽകുന്ന രീതിയാണ് ജീൻതെറപ്പി. ജീൻ ഏശിറ്റിംഗ് വഴിയും പ്രതിരോധശക്തി വർദ്ധിപ്പിക്കുവാൻ കഴിയുന്ന കോശങ്ങളുടെ പ്രവർത്തനത്തെ കൂടുതൽ മെച്ചപ്പെടുത്തിയും മറ്റും ഈ ചികിത്സാരീതി പ്രയോഗത്തിൽ വന്നിട്ടുണ്ട്.
ഇഅഞ്ഞഠ ഇലഹഹ ചികിത്സ ഇന്നു അമേരിക്കയിൽ തുടങ്ങി കഴിഞ്ഞു.
കൂടാതെ നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് മരുന്നുകൾ, കാൻസർ വാക്സിനുകൾ തുടങ്ങിയ ചികിത്സാരീതികളും ഈ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കും.
മരുന്നുകൾ കൊണ്ടുള്ള ചികിത്സയിൽ ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങൾ പോലെ, റേഡിയേഷൻ ചികിത്സാരംഗത്ത് വലിയ മുന്നേറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടം ആണ്. ഇത് എക്സറെ കിരണങ്ങൾക്കുപുറമെ ഇലക്ട്രോൺ, പ്രോട്ടോൺ ഉപയോഗിച്ചുള്ള പർട്ടിക്കുലേറ്റ് റേഡിയേഷനും കാൻസർ ചികിത്സക്കായി ഉപയോഗിക്കുന്നു.
സാധാരണകോശങ്ങളെയും ദശകളെയും ഒട്ടും ബാധിക്കാതെ കാൻസർ കോശങ്ങളെ മാത്രം ഇവയ്ക്ക് നശിപ്പിക്കുവാൻ കഴിയും. കൂടുതൽ അളവിൽ കാൻസർ കോശങ്ങളിൽ മാത്രം റേഡിയേഷൻ കൊടുക്കാൻ കഴിയുന്ന മറ്റൊരു ചികിത്സാരീതിയാണ് ബാക്കിതെറാപ്പി.അന്നനാളം, പ്രോസ്റ്റോറ്റ് ഗർഭാശയം തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകൾക്ക് ഈ ചികിത്സാരീതി നല്ലഫലം ചെയ്യുന്നു.
കോശങ്ങൾക്ക് പ്രതികരിക്കുവാൻ കഴിയുന്ന മരുന്നുകളും റേഡിയേഷനോടൊപ്പം കൊടുക്കുന്ന ചികിത്സാരീതിയായ കൺകറന്റ് ഹീമോറേഡിയേഷൻ ചികിത്സയും വളരെ പ്രയോജനപ്രദമാണ്.
കാൻസർ ചികിത്സയിൽ ശസ്ത്രക്രിയയ്ക്ക് ഗണ്യമായ സ്ഥാനമാണ്. ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ, റോബോട്ടിക് സർജറി തുടങ്ങിയ ആധുനിക ചികിത്സാരീതികൾ രോഗികൾക്ക് ബുദ്ധിമുട്ടാവില്ല.