കല്പം/അനുഭൂതി ശ്രീധരന്‍

ചെറുതാമൊഴുകാരം
നടുനിലവറക്കുണ്ട്
വളഞ്ഞുംകുനിഞ്ഞുമൊ-
ന്നിറങ്ങിനോക്കുന്നു ഞാന്‍…
പൊടിയും മാറാലയും
ചുറ്റിയിരിപ്പാണെത്ര
തലമുറയിലൂറി
പ്പടരും സര്‍ഗോന്മാദം

പൊടിഞ്ഞുതുടങ്ങിയ
താളിയോലകള്‍ മനോ-
മുകുരം ചിന്താധീന-
മൗനമാക്കുകയല്ലോ
ബോധോപബോധങ്ങളെ
തൊട്ടിലാട്ടിയനേര്
നാശാവശേഷത്തിലും
മിന്നുന്ന തൂവെണ്‍മുത്ത്
രസവിദ്യകള്‍ പാകം
പറഞ്ഞശതകോടി
പ്രതിഭാവിലാസത്താല്‍
പടര്‍ന്ന പെരുന്തേര്!!
സുഖമോ,സുഖിയോകേ-
ളമൃതോത്തരം ചെന്ന
സമചിത്തതകളില്‍
മേളിച്ച കൈപ്പറ്റുകള്‍‍
വചനംസത്യമായി
കരുതുന്നേരംതന്നെ
പറയാതര്‍ത്ഥഗര്‍ഭ
മൗനമാചരിച്ചവര്‍

പറയാനേറെയുണ്ട്
പാടലവര്‍ണ്ണം വാനില്‍
തെളിയുമാഷാഢത്തിന്‍
നിഴലുംവെളിച്ചവും!!
വളര്‍ന്ന ദീര്‍ഘാപാംഗന്‍
തേന്‍മാവ്,വനജ്യോത്സന
വളര്‍ന്ന തപോവന
വൃക്ഷങ്ങള്‍ മുനിവാടം
വളരും സുമശര
സന്ദഹ മധോമുഖ
നിഴലും വാചാലമാം
മന്ത്രബന്ധമാം കാവ്യം!!

വരുണന്‍,പര്‍ജ്ജന്യങ്ങള്‍
പടരും മണ്ഡൂകങ്ങ-
ളിളതാവിയമരു,
ത്തതിയുര്‍വ്വരങ്ങളും
സ്തുതികള്‍,യജ്ഞങ്ങളു-
ണ്ടുദയംപോലുംനവം
ഉഷസും,പൂഷാ,വഗ്നി
സലിലാകാശം കല്പം!!

              

You can share this post!