എഴുത്താണ്‌ എന്റെ രാഷ്ട്രീയം /സുധാകരന്‍ ചന്തവിള

ഇമ്പ്രെസ്സിയോ ഡോട്ട് കോമിനുവേണ്ടി എഡിറ്റർ എം. കെ .ഹരികുമാർ നടത്തിയ അഭിമുഖം.

സ്വദേശം തിരുവനന്തപുരത്ത് കഴക്കൂട്ടത്തിനടുത്ത് ചന്തവിള . നീതിന്യായ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോൾ ‘ഒരുമ’ മാസികയുടെയും പബ്ലിക്കേഷൻസിൻ്റെയും എഡിറ്റർ. നാലുപതിറ്റാണ്ടായി കവിതയെഴുതുന്നു. ജയിൽ വസന്തം ,തിരസ്കാരം ,സുധാകരൻ ചന്തവിളയുടെ കവിതകൾ (101 കവിതകൾ) വിറ്റഴിക്കപ്പെടുന്ന സ്ത്രീത്വം, തിരഞ്ഞെടുത്ത ലേഖനങ്ങൾ എന്നിവ കൃതികൾ

സുധാകരന്‍ ചന്തവിള

ഒരുമ മാസികയുടെ പത്രാധിപരെന്ന നിലയില്‍ താങ്കള്‍ക്ക് ധാരാളം അനുഭവങ്ങളുണ്ട്. ഇന്ന് സമാന്തരമാസികകള്‍ ഉള്ളതായി തോന്നുന്നുണ്ടോ?

സമാന്തരമാസികകള്‍ ആവശ്യമാണോ എന്നതാണ് നാം തിരിച്ചറിയേണ്ട വസ്തുത. ഒരു പത്രം/മാസിക ആരംഭിക്കുന്നത് ഒരു ആശയത്തെ ആവിഷ്കരിക്കാനാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്കും കേസരി ബാലകൃഷ്ണപിള്ളയ്ക്കും  കെ.സുകുമാരനും സഹോദരന്‍ അയ്യപ്പനും മിതവാദി കൃഷ്ണനും  എം.ഗോവിന്ദനുമെല്ലാം അവരവരുടെതായ പ്രത്യേകമായ ആശയങ്ങള്‍ സമൂഹത്തില്‍ എത്തിക്കാനുള്ള വഴിയായിട്ടാണ് പത്രം നടത്തുകയോ പത്രാധിപത്യം വഹിക്കുകയോ ചെയ്തത്.


സത്യസന്ധവും ആത്മാര്‍ത്ഥവുമായി ഒരു പത്രം നടത്തിക്കൊണ്ടുപോകുക എന്നത് എക്കാലത്തും ബുദ്ധുമുട്ടുള്ള കാര്യമാണ്. സമാന്തരം, സമാന്തരമല്ലാത്തത് എന്നുള്ളതെല്ലാം ചിലര്‍ ബോധപൂര്‍വ്വം കളം തിരിക്കുന്നതാണ്. ഒരു സമാന്തരപ്രസിദ്ധീകരണത്തിന്‍റെ നിര്‍വ്വചനം എന്താണ്? സമാന്തരമല്ലാത്തതിന്‍റെ നിര്‍വ്വചനം എന്താണ്? കൂടുതല്‍ പേജുകളില്‍ കൂടുതല്‍ പരസ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ബഹുവര്‍ണ്ണനിറങ്ങളില്‍ അച്ചടിക്കുന്നതാണോ മുഖ്യധാരാപത്രം. എങ്കില്‍ സമാന്തരങ്ങള്‍ അങ്ങനെയല്ല. സമാന്തരങ്ങള്‍ നടത്തുന്നവര്‍ വലിയ പണമില്ലാത്തവരോ സമൂഹത്തില്‍ വലിയ സ്വാധീനമില്ലാത്തവരോ ആണ്. എന്നാല്‍ അവര്‍ക്കാണ് പുതിയ ആശയങ്ങളും ആദര്‍ശങ്ങളും കൂടുതലുള്ളതെന്നു പറയാം. പില്‍ക്കാലത്ത് പ്രസിദ്ധരായിത്തീര്‍ന്ന പല എഴുത്തുകാരുടെയും രചനകള്‍ ആദ്യകാലത്ത് പ്രസിദ്ധീകരിച്ചിരുന്നത് ഈ സമാന്തരപ്രസിദ്ധീകരണങ്ങളാണ് എന്നോര്‍ക്കണം.
മുഖ്യധാരകളെന്നു പറയുന്ന പ്രസിദ്ധീകരണങ്ങളുടെ കുത്തകവല്‍ക്കരണത്തെയും ഏകപക്ഷീയസമീപനങ്ങളെയും ചോദ്യം ചെയ്യുക എന്ന ഉദ്ദേശ്യവും സമാന്തരപ്രസിദ്ധീകരണങ്ങളുടെ ആവിര്‍ഭാവത്തിന് കാരണമായിട്ടുണ്ട്. മുഖ്യധാരകളെ പരാജയപ്പെടുത്താമെന്ന മുന്‍വിധിയോടെയല്ലെങ്കിലും പ്രതികരണത്തിന്‍റെയും പ്രതിഷേധത്തിന്‍റെതുമായ സ്വാതന്ത്ര്യബോധം സമാന്തരപ്രസിദ്ധീകരണങ്ങളുടെ നടത്തിപ്പില്‍ ആവേശമായിത്തീരാറുണ്ട്. സമാന്തരങ്ങള്‍ പലപ്പോഴും നല്ല വായനക്കാരെ തേടിപ്പോവുകയാണ് ചെയ്യുന്നത്. അച്ചടിക്കുന്നതില്‍ അധികം കോപ്പിയും സൗജന്യമായി അയച്ചുകൊടുക്കപ്പെടുന്നു. മുഖ്യധാരകള്‍ കാശുകൊടുത്ത് വാങ്ങാന്‍ സാധിക്കാത്തവരുടെ മുമ്പില്‍ സമാന്തരപ്രസിദ്ധീകരണങ്ങള്‍ സൗജന്യമായി എത്തുന്നു. എന്നാല്‍ ഇങ്ങനെ എക്കാലവും സൗജന്യമായി ഇവ കൊടുത്തുകൊണ്ടിരിക്കുക സാധ്യമല്ല.
സമാന്തരപ്രസിദ്ധീകരണങ്ങള്‍ക്ക് വന്‍കിടക്കാരുടെ പരസ്യങ്ങള്‍ ലഭിക്കാറില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പരസ്യങ്ങള്‍പോലും യഥേഷ്ടം കിട്ടാറില്ല. പിന്നെ എങ്ങനെയാണ് ഇത്തരം പ്രസിദ്ധീകരണങ്ങള്‍ നിലനില്‍ക്കുക. എഴുത്തുകാരുടെയും സാംസ്കാരികപ്രവര്‍ത്തകരുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ ഉണ്ടെങ്കില്‍മാത്രമേ സമാന്തരപ്രസിദ്ധീകരണങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവൂ.
സമാന്തരപ്രസിദ്ധീകരണങ്ങള്‍ പലപ്പോഴും ഒരു സമരംപോലയോ ഒരു ഭ്രാന്തുപോലെയോ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. തീരെ നിവര്‍ത്തിയില്ലാതാകുമ്പോള്‍ മുടങ്ങിപ്പോകാറുണ്ടെങ്കിലും പ്രവര്‍ത്തിച്ചകാലമത്രയും അഭിമാനത്തോടെയാണ് പ്രവര്‍ത്തിച്ചതെന്ന് പറയാം. സാഹിത്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും ദിശമാറ്റിയെടുക്കുന്നതില്‍, പുതിയ സാഹിത്യപ്രസ്ഥാനങ്ങളെ അവതരിപ്പിക്കുന്നതില്‍, സാഹിത്യത്തെ യുവത്വത്തിന്‍റെ ആവേശമായി മാറ്റിയെടുക്കുന്നതിലെല്ലാം മുഖ്യധാരകളെക്കാള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നത് സമാന്തരപ്രസിദ്ധീകരണങ്ങള്‍ തന്നെയാണ്. അത്തരമൊരവസ്ഥയില്‍ സമാന്തരപ്രസിദ്ധീകരണങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്. പക്ഷേ ആ നിലയില്‍ പ്രസിദ്ധീകരിച്ചുമുന്നേറാനുള്ള പ്രസാധനസാഹചര്യമല്ല ഇവിടെ നിലനില്‍ക്കുന്നത്.

എന്താണ് സമാന്തരപ്രസിദ്ധീകരണങ്ങള്‍ നേരിടുന്ന വെല്ലുവിളി?

മുമ്പേ സൂചിപ്പിച്ച ചോദ്യത്തില്‍ ഇതിനുള്ള ഉത്തരം അടങ്ങിയിട്ടുണ്ട്. എങ്കിലും ചിലതുകൂടി പറയാം. പ്രധാനമായും സാമ്പത്തികം തന്നെയാണ്. വിപണണം അഥവാ മാര്‍ക്കറ്റിംഗ് രംഗത്ത് സമാന്തരങ്ങള്‍ പരാജയപ്പെടുന്നു എന്നതു ശരിയാണ്. അധികം ജീവനക്കാരെ നിയമിച്ച് നാനാഭാഗത്തുമായി പരസ്യ-വിപണന പ്രക്രിയ വിന്യസിക്കാനാവുന്നില്ല. ഗുണമേന്മ നിലനിര്‍ത്തുമ്പോള്‍ പരസ്യക്കാരുടെ താല്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാനും കഴിയില്ല. സമാന്തരപ്രസിദ്ധീകരണങ്ങള്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ആരുംതന്നെ അതിന്‍റെ നിലനില്പിന് ആവശ്യമായ ഫണ്ട് എങ്ങനെയുണ്ടാകുന്നു എന്ന് ചിന്തിക്കുന്നില്ല. സര്‍ക്കാരിനോ സാംസ്കാരികവിഭാഗത്തിനോ യാതൊരുവിധമായ താല്പര്യവും ഇക്കാര്യത്തില്‍ ഉണ്ടാകുന്നുമില്ല. എന്തായാലും തങ്ങളുടെ കയ്യിലുള്ള കാശ് തീര്‍ക്കാനായി ഒരാളും ഒരു പ്രസിദ്ധീകരണം നടത്താറില്ല, പ്രത്യേകിച്ചും സമാന്തരം.
ഇത്തരം പ്രസിദ്ധീകരണങ്ങള്‍ സൗജന്യമായി കിട്ടിയാലെ വായിക്കുകയുള്ളൂ എന്ന മാനസികാവസ്ഥ മാറണം. ഒരു സോപ്പുകമ്പനി നടത്തുന്ന ഒരാള്‍ അയാളുടെ സോപ്പ് സാമ്പിളായിട്ടുപോലും ആര്‍ക്കും സൗജന്യമായി നല്‍കുന്നില്ല. പിന്നെ പത്രമാസികകള്‍ മാത്രം സൗജന്യമായി ലഭിക്കണമെന്ന നിര്‍ബന്ധം എന്തിനാണ്? എഴുത്തുകാരില്‍ അധികം പേരും വലിയ ശമ്പളം വാങ്ങുന്നവരോ, വലിയ തുകയ്ക്കുള്ള പുരസ്കാരങ്ങള്‍ നേടിയെടുക്കുന്നവരോ ആണ്. ജ്ഞാനപീഠം കിട്ടിയവരുള്‍പ്പടെ ഇത്തരം സമാന്തരമാസികകള്‍ നിലനില്‍ക്കാനായി യാതൊന്നും ചെയ്യുന്നില്ല. എഴുത്തിന്‍റെ ആദ്യകാലത്ത് ഇവരെയെല്ലാം കൈപിടിച്ചുയര്‍ത്തിയത് ഇത്തരം പ്രസിദ്ധീകരണങ്ങളാണെന്ന വസ്തുത അവര്‍ എളുപ്പത്തില്‍ മറക്കുന്നു.

ഭൂരിപക്ഷം എഴുത്തുകാരും മാര്‍ക്കറ്റിലെ ബ്രാന്‍ഡ് മൂല്യത്തിന് പിന്നാലെ പോകുന്നതായി താങ്കള്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടോ?

സ്വന്തം കൃതികള്‍ യഥാര്‍ത്ഥ വായനക്കാരുടെ കൈകളില്‍ എത്തുന്നതിലുപരി മികച്ച ബ്രാന്‍ഡിന്‍റെ സംരക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്ന് ചിന്തിക്കുന്നവരല്ലേ കൂടുതല്‍?

പേരിനും പ്രശസ്തിക്കും വേണ്ടി മാത്രമാണ് ഇന്നത്തെ എഴുത്തുകാരില്‍ അധികംപേരും എഴുതുന്നത്. ഇവരില്‍ പലരും എഴുത്തിന്‍റെ മേഖലയില്‍ ജീവിക്കുന്നത് എഴുതാനുള്ള ജന്മസിദ്ധമായ കഴിവുള്ളതുകൊണ്ടല്ല. മറിച്ച് അതിനപ്പുറമുള്ള ചില ബന്ധങ്ങളും സ്വാധീനങ്ങളും കൊണ്ടാണ്.  ആര് വായിക്കുന്നു, വായിക്കുന്നില്ല എന്നതൊക്കെ നമ്മുടെ എഴുത്തുകാര്‍ ചിന്തിക്കുന്നില്ല. തന്‍റെ കൃതി മറ്റ് പലരുടെ കൃതികളെക്കാള്‍ ബ്രാന്‍ഡ് ചെയ്യപ്പെടുന്നുണ്ടോ എന്നതാണ് നോട്ടം. ഒരു കൃതി എഴുതിത്തുടങ്ങുന്നതിനുമുമ്പേ ആ കൃതിയുടെ റിവ്യു എഴുതുവാനുള്ള ആളെയും പ്രസിദ്ധീകരിക്കാനുള്ള പ്രസാധകനെയും പ്രശംസിച്ചെഴുതാനുള്ള നിരൂപകനെയും പുരസ്കാരദാതാവിനെയും കണ്ടെത്തുന്നു. പുസ്തകപ്രകാശനം പോലും കൂടുതല്‍ മൈലേജ് കിട്ടാവുന്ന തരത്തില്‍ ഏര്‍പ്പാടാക്കുന്നു. അധികാരം, രാഷ്ട്രീയം, സ്ഥാനമാനങ്ങള്‍ എന്നിവയൊക്കെ ഇത്തരം ബ്രാന്‍ഡ് തരംഗത്തില്‍ എത്തിപ്പിടിക്കാനാവുമെന്ന് എഴുത്തുകാര്‍ കരുതുന്നു.  ഒരു എഴുത്തുകാരന്‍/എഴുത്തുകാരി ഉണ്ടായിത്തീരാന്‍ പതിറ്റാണ്ടുകള്‍ ആവശ്യമില്ലാതെ വരുന്നു. ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളക്കുന്ന ശുക്രനക്ഷത്രമായി സാഹിത്യലോകത്തില്‍ അവര്‍ മിന്നിത്തിളങ്ങുന്നു. ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും പറയാം.

എഴുപതുകളില്‍ എഴുതി പേരെടുത്ത പലരും ഇപ്പോള്‍ സ്വന്തമായി ഒരു ചിന്താമണ്ഡലമില്ലാതെ ഇരുട്ടില്‍ തപ്പുകയാണെന്ന് ചിന്തിക്കുന്നുണ്ടോ?
എഴുപതുകള്‍ ആധുനികതയുടെ വസന്തകാലമായിരുന്നല്ലോ?

ആധുനികതയെന്നാല്‍ അരാജകമായ മാനസികാവസ്ഥ സൃഷ്ടിക്കലാണെന്ന് പല എഴുത്തുകാരും വിശ്വസിച്ചു. ആ വിശ്വാസത്തിനനുസരിച്ച് വായിക്കാനും ചിന്തിക്കാനും നമ്മുടെ വായനക്കാരും തയ്യാറായി. രാഷ്ട്രീയവിശ്വാസരാഹിത്യം, ജീവിതാവസ്ഥകളോടുള്ള നൈരാശ്യം ബാധിച്ച യുവത്വം, മദ്യവും മയക്കുമരുന്നുമെല്ലാം യഥേഷ്ടം ഉപയോഗിക്കുന്നതുവഴിയുള്ള അസ്തിത്വപ്രശ്നങ്ങള്‍ ഇതൊക്കെയായിരുന്നു ആധുനികതയുടെ മുഖമുദ്രകള്‍. യുവത്വത്തെ കൂടുതല്‍ വഴിതെറ്റിക്കുന്നതില്‍ തന്‍റെ കൃതികള്‍ ഒരു പരിധിവരെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഒരിക്കല്‍ എം.മുകുന്ദന്‍തന്നെ പറഞ്ഞിട്ടുണ്ടല്ലോ? മുകുന്ദന്‍ ഉള്‍പ്പെടെ ഇന്ന് ജീവിച്ചിരിപ്പുള്ളവര്‍ പലരും അക്കാലത്തെ സമീപനത്തില്‍ നിന്നും മാറപ്പെട്ടുവെങ്കിലും അവര്‍ക്ക് ജനവിശ്വാസമാര്‍ജ്ജിക്കുന്ന തരത്തില്‍ എഴുതാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്.

സമാന്തരമാസികകളോട് ആഭിമുഖ്യം പുലര്‍ ത്തിയവര്‍ ഇപ്പോള്‍ എസ്റ്റാബ്ലിഷ്മെന്‍റിന്‍റെ അംഗീകാരത്തിനായി ഉഴറുകയാണ്.  എഴുത്തച്ഛന്‍ പുരസ്കാരം നേടുന്നതോടെയാണ് പലരും പക്വത നേടുന്നതായി സ്വയം ഭാവിക്കുന്നത്. എന്തുപറയുന്നു?

ബുദ്ധിജീവികളെ എങ്ങനെ വിലയ്ക്കുവാങ്ങാം എന്ന പേരിലുള്ള പ്രൊഫ.എം.എന്‍.വിജയന്‍റെ ഒരു ലേഖനം ഓര്‍മ്മയില്‍ വരുന്നു. ഫാസിസ്റ്റുകള്‍ എഴുത്തുകാരെ എങ്ങനെയാണ് വശത്താക്കുന്നത് എന്നതിനെക്കുറിച്ചാണ് അദ്ദേഹം അതില്‍ പറയുന്നത്. ഫാസിസ്റ്റുകള്‍ മാത്രമല്ല എല്ലാത്തരത്തിലുള്ള അധികാരവര്‍ഗ്ഗങ്ങളും എഴുത്തുകാരെ വിലയ്ക്കെടുക്കുന്നത് എങ്ങനെയെന്ന് ചിന്തിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അധികാരത്തിന്‍റെ സ്ഥാപിതതാല്പര്യത്തിനനുസരിച്ച് എഴുത്തുകാരെ മാറ്റിത്തീര്‍ക്കുക എന്നത് അധികാരവര്‍ഗ്ഗത്തിന്‍റെ ആവശ്യമാണ്. കാരണം സമൂഹം രാഷ്ട്രീയക്കാരുടെതെന്നതിനെക്കാള്‍ എഴുത്തുകാരുടെ അഭിപ്രായങ്ങള്‍ക്ക് വിലകൊടുക്കുന്നുണ്ട്. മാത്രമല്ല എഴുത്തുകാരുടെ പുരസ്കാരദാഹത്തെക്കുറിച്ച് അധികാരവര്‍ഗ്ഗത്തിന് നല്ലവണ്ണം അറിയുകയും ചെയ്യാം. കൂടെ നിര്‍ ത്താനും എതിര്‍ത്തുപറയാതിരിക്കാനും വേണ്ടി വലിയ പുരസ്കാരങ്ങള്‍ എതിരാളികളായ എഴുത്തുകാര്‍ക്ക് നല്‍കി അവരെ ആദരിക്കുന്നു. അതോടുകൂടി അവരുടെ എതിര്‍പ്പുകളെല്ലാം കെട്ടടങ്ങുകയും അവര്‍ അധികാരത്തിന്‍റെ ചേരിയില്‍ അണിചേരുകയും ചെയ്യുന്നു. ഇങ്ങനെയുള്ള എഴുത്തുകാരെ അണിചേര്‍ക്കാനായി സാംസ്കാരികരംഗം കുത്തകപ്പാട്ടത്തിനെടുത്തിട്ടുള്ള ചില അധികാരദല്ലാളന്മാര്‍ അധികാരത്തിന്‍റെ കുട്ടിനുള്ളില്‍ സ്ഥിരവാസമാണ്. സ്വീഡിഷ് അക്കാഡമി നല്‍കിയ നോബേല്‍ പ്രൈസും ഫ്രാന്‍സിന്‍റെ ഉന്നത പുരസ്കാരമായ ‘ലീജിയന്‍ ഓഫ് ഓണറും തിരസ്കരിച്ച് സ്വന്തം നിലപാട് പ്രഖ്യാപിച്ച ‘സാര്‍ത്രിനെ പോലുള്ള എഴുത്തുകാര്‍ ഇപ്പോഴില്ല എന്ന് എല്ലാ അധികാരവര്‍ഗ്ഗത്തിനും അറിയാം.

വെബ് മാഗസീന്‍റെ ഈ കാലത്ത് മുഖ്യധാരാ മാഗസീനുകള്‍ പരസ്യത്തിനുവേണ്ടി വിലകുറഞ്ഞ രീതിയില്‍ പെരുമാറുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?

പരസ്യം, പണം, നിലനില്പ് എന്നിവ മാത്രമേ ഇന്ന് മുഖ്യധാരകള്‍ക്ക് വിഷയമായിട്ടുള്ളൂ. പണവും പരസ്യവും കിട്ടിയാല്‍ അവര്‍ ആരെക്കുറിച്ചും ഫീച്ചറും അഭിമുഖവും തയ്യാറാക്കി പ്രസിദ്ധീകരിക്കും. വലിയ തുകയ്ക്കുള്ള പരസ്യം കൊടുത്താല്‍ ഏതു കൊള്ളരുതാത്തവരെ കുറിച്ചും എന്തും എഴുതിപ്പിടിപ്പിക്കും. കുത്തകമാധ്യമത്തിന്‍റെ രീതികള്‍ക്കകത്തുനിന്ന് വീനീതരായി എഴുതാന്‍ തയ്യാറായിനില്‍ക്കുന്ന എഴുത്തുകാരും ഇന്ന് അനവധിയാണല്ലോ? എഴുത്തുകാരുടെ മതേതരവാദവും രാഷ്ട്രീയനിഷ്പക്ഷതയുമെല്ലാം വലിയ കള്ളത്തരങ്ങളാണ്.
ഗാന്ധിജിയെക്കുറിച്ച് പ്രത്യേക പതിപ്പിറക്കാന്‍ ഗാന്ധിഭക്തന്മാരില്‍നിന്നോ ഗാന്ധിയന്‍ പ്രസ്ഥാനക്കാരില്‍നിന്നോ പണമോ പരസ്യമോ വാങ്ങുന്നു. ശ്രീനാരായണഗുരുവിനെക്കുറിച്ച് പ്രത്യേകപതിപ്പിറക്കാന്‍ ഗുരുഭക്തരില്‍നിന്നോ ശ്രീനാരായണസംഘടനയില്‍ നിന്നോ പരസ്യം വാങ്ങി അതേ ലക്കത്തില്‍തന്നെ അച്ചടിക്കുന്നു. ഇതിനപ്പുറം ആരെക്കുറിച്ചും ആദരവോ ആരോടും വലിയ കടപ്പാടോ ഇവിടത്തെ മുഖ്യധാരാമാധ്യമങ്ങള്‍ക്കില്ല. സര്‍ക്കാരിന്‍റെ വലിയ തുകയ്ക്കുള്ള പരസ്യങ്ങള്‍ക്കുവേണ്ടി  സര്‍ക്കാരിന്‍റെ കൊള്ളരുതായ്മകള്‍ അവര്‍ കണ്ടില്ലാന്ന് നടിക്കുകയും ചെയ്യുന്നുണ്ട്.

താങ്കള്‍ പതിറ്റാണ്ടുകളായി എഴുതിയ കവിതകള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ചത് ഓര്‍ക്കുന്നു. സമകാലിക കവിതയെ എങ്ങനെ നോക്കിക്കാണുന്നു?

ഞാന്‍ കഴിഞ്ഞ 40 വര്‍ഷമായി കവിതയെഴുതുന്നു. ഇപ്പോഴും കവിതയോട് ആദരവും ഭയവുമാണ്. ഓരോ കവിത എഴുതിക്കഴിയുമ്പോഴും ഇനി എഴുതാനാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. എഴുതിയതുതന്നെ എഴുതാതിരിക്കണമെന്നും  സ്വയം അനുകരണം പാടില്ലായെന്നുമുള്ള ആഗ്രഹവും വിശ്വാസവും കൊണ്ടാകാം അങ്ങനെ തോന്നുന്നത്. എഴുതിയതില്‍ കുറേയേറെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുകയും അവയില്‍ കുറേയേറെ കവിതകള്‍ ചേര്‍ത്ത് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയുമുണ്ടായി.
മലയാളത്തിലെ സമകാലിക കവിത ഇന്ന് പലതരം ക്ലിക്കുകളിലൂടെ ശ്വാസംമുട്ടി കടന്നുപോകുകയാണ്. പാട്ടുകവികള്‍ ഒരുവശത്തും പാടാനറിയാത്തവര്‍ മറ്റൊരു വശത്തുമായി മുന്നേറുന്നു. ഒപ്പം ദളിത്, സ്ത്രീ, പരിസ്ഥിതിവാദപ്രസ്ഥാനങ്ങളും അവരുടെ പണി യഥേഷ്ടം ചെയ്യുന്നുണ്ട്. ചിലര്‍ കവിതയില്‍ സവര്‍ണ്ണചുവടുകള്‍ പതിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുമ്പോള്‍ മറ്റുചിലര്‍ ദളിതിസം അതിനെക്കാള്‍ ബോധപൂര്‍വ്വം കുത്തിനിറയ്ക്കാന്‍ ശ്രമിക്കുന്നു. ചുരുക്കത്തില്‍ ഇപ്പോള്‍ നമ്മുടെ കവിതയെ നിയന്ത്രിക്കുന്നത് വര്‍ണ്ണബോധമാണെന്നു കാണേണ്ടിയിരിക്കുന്നു.
ഇന്ന് കവികള്‍ ധാരാളമുണ്ട്. കവിതയെഴുത്ത് ഏറ്റവും എളുപ്പമുള്ള എഴുത്തുപണിയെന്ന് ധരിക്കുന്നതിനാലാവാം. കാവ്യാഭ്യാസമോ, ശിക്ഷണമോ, പ്രതിഭയോ ആവശ്യമില്ലെന്ന ധാരണ കാവ്യരംഗത്ത് നിലനില്‍ക്കുന്നു. കവികളും കവിതകളും ധാരാളം ഉണ്ടാകുന്നത് നല്ലതുതന്നെ. പക്ഷേ, ഇവയില്‍ ഏതെല്ലാം കവിതകള്‍ നിലനില്‍ക്കുമെന്നുള്ളത് ഇപ്പോള്‍ പറയാനാവില്ലല്ലോ. പെരുമഴയില്‍ ഒലിച്ചുപോകാത്തവ തിരിച്ചറിയണമെങ്കില്‍ മഴ മാറി കുറച്ചുകാലം കഴിയണമല്ലോ. എന്നാല്‍ ചില ഒറ്റപ്പെട്ട കവിതകള്‍ ഉണ്ടാകുന്നുണ്ടെന്ന സത്യം സമ്മതിച്ചേ കഴിയൂ. ആ കവിതകളുടെ കര്‍ത്താക്കളായ കവികള്‍ നിശ്ശബ്ദരും നിരുപദ്രവകാരികളുമാണ്. ഗിമ്മിക്കുകള്‍ കാട്ടി പ്രസിദ്ധീകരണങ്ങളെയും പൊതുവായനക്കാരെയും കൈയ്യിലെടുക്കുന്നവരുടെ കെട്ടുകാഴ്ചകളാണ് അവയില്‍ അധികവും. വിലകുറഞ്ഞ പ്രശസ്തി ക്കുവേണ്ടി സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിക്കുന്നവരും മതഭീകരവാദികള്‍ അജ്ഞാതഫോണ്‍വിളി വഴി ഭീഷണിപ്പെടുത്തി എന്നു പറഞ്ഞുകൊണ്ട് ഉഡായിപ്പുകളുണ്ടാക്കി മാധ്യമശ്രദ്ധ കിട്ടാന്‍വേണ്ടി പണിയെടുക്കുന്നവരും കൂട്ടത്തില്‍ ഇപ്പോള്‍ കൂടിവരുന്നു.

കവിത മറ്റ് സാഹിത്യരൂപങ്ങളെ അപേക്ഷിച്ച് ഇന്ന് സമൂഹത്തില്‍ കൂടുതല്‍ സ്വാധീനിക്കപ്പെടുന്നുണ്ടോ?

പ്രസക്തമാണ് ഈ ചോദ്യം. സാഹിത്യം മാത്രമല്ല ഇന്നത്തെ മുഖ്യ വിനോദോപാധി. ഒരു കവിതയോ കഥയോ വായിച്ചാല്‍ മാത്രമേ ആസ്വാദനത്തിനു വഴിയുള്ളൂ എന്ന അവസ്ഥ മാറപ്പെട്ടു. വീടുകളെല്ലാം തീയറ്ററുകളായി മാറപ്പെട്ട കാലമാണിത്. അതുപോലെ സാമൂഹ്യമാധ്യമങ്ങളിലൂടെ നിരന്തരം വളരുന്ന വായനാലോകം പരമ്പരാഗതമായ എഴുത്ത്-വായനാലോകങ്ങളെ മാറ്റിത്തീര്‍ത്തു.
ലോകകവിതയുടെ മാറ്റത്തിനനുസരിച്ച് നമ്മുടെ കവിതയും മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റത്തെ നാം കാണാതിരുന്നുകൂടാ. കവിത വായിച്ച് രസിക്കാമെന്നുകരുതി ആരുംതന്നെ ഇന്ന് ആട്ടക്കഥകളോ, അച്ചീചരിതങ്ങളോ വായിക്കുന്നില്ല. അവയൊക്കെ എഴുതപ്പെട്ടത് അവയുണ്ടായ കാലത്തിന്‍റെകൂടി ആവശ്യകതയായിരുന്നു. ഇന്നത്തെ സാഹിത്യം ഇന്നത്തെ ആവശ്യകതയ്ക്കനുസരിച്ചാണ് ഉണ്ടാകുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ കവിതകള്‍ വായിച്ചില്ലെങ്കിലും സമൂഹത്തിന് ഒന്നും സംഭവിക്കില്ല എന്ന സ്ഥിതി വന്നിട്ടുണ്ട്. പീടികത്തിണ്ണയിലിരുന്ന് ആശാന്‍റെയും ചങ്ങമ്പുഴയുടെയും കവിതകള്‍ വായിച്ചു രസിച്ച് ചര്‍ച്ചചെയ്തിരുന്ന കാലം കഴിഞ്ഞു. 

കവികളുടെ ബാഹുല്യം കവിതയുടെ ഗുണനിലവാരത്തെ ബാധിക്കുന്നുണ്ടോ?

എല്ലാവരും കവികളാകുന്ന കാലം ഉണ്ടാകട്ടെ. കവിതയെക്കുറിച്ചുള്ള അടിസ്ഥാനധാരണകളില്ലാതെയും കവിത അക്കാഡമിക്കായി മനസ്സിലാക്കിക്കൊണ്ടും കവിതകളെഴുതുന്നവരുണ്ട്. ജനങ്ങളെ വശത്താക്കാനുള്ള കവിത എഴുതാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. പാട്ടാണ് കവിത എന്ന വാദത്തിന് ഇത്തരക്കാര്‍ ഇന്നും ചൂട്ടുപിടിക്കുന്നുണ്ട്. മലയാളകവിതയില്‍ പാട്ടുപ്രസ്ഥാനവും പാട്ടുവഴിയുമുണ്ട് എന്നത് സമ്മതിക്കുന്നു. കൃഷ്ണഗാഥയും കിളിപ്പാട്ടും രാമകഥപ്പാട്ടും ജ്ഞാനപ്പാനയും കുചേലവൃത്തം വഞ്ചിപ്പാട്ടുമെല്ലാം പാട്ടുതന്നെ. എന്നാല്‍ അവയിലൊക്കെ പാട്ടിനോടൊപ്പം ഉത്തമസാഹിത്യവുമുണ്ട് എന്നു നാം ഓര്‍ക്കണം. ഇപ്പോള്‍ പാടി നടക്കുന്നവരുടെ കവിതകളില്‍ പാട്ട് മാത്രമേയുള്ളൂ. അത്തരം കവികളുടെ തൊണ്ടയ്ക്ക് പുണ്ണുപിടിച്ചാല്‍ നിന്നുപോകുന്നതാണ് അവരുടെ കവിതകള്‍ എന്ന് ഒരിക്കല്‍ കവി പഴവിള രമേശന്‍ പറഞ്ഞത് ശരിയാണ്. കടമ്മനിട്ടയും ചുള്ളിക്കാടും ഡി.വിനയചന്ദ്രനുമെല്ലാം കവിത ഉച്ചത്തില്‍- അലറിവിളിച്ച് ചൊല്ലിനടന്നവരാണ്. അവരുടെ കവിതകളില്‍ കവിതയ്ക്കാണ് പ്രാധാന്യം കൊടുത്തിരുന്നത്. പില്‍ക്കാലത്ത് അത് സാങ്കേതികത്വത്തിന്‍റെ ചുവടുപിടിച്ച് കൂടുതല്‍ സംഗീതാത്മകമാക്കിമാറ്റി. കവിതയുടെ അര്‍ത്ഥതലത്തെക്കാള്‍ സംഗീതതലം ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്ന ഉപാധിയാണെന്ന് ഇത്തരക്കാര്‍ക്ക് അറിയാം. സംഗീതത്തില്‍ കവിതയുടെ ഭാവാര്‍ത്ഥതലങ്ങള്‍ മറന്നുപോകാനിടയാകുന്നു.
ഒരു വശത്ത് ഇങ്ങനെയാണെങ്കില്‍ മറുവശം വിരസമായ ഗദ്യപ്രയോഗമാണ്. കാവ്യാത്മകമല്ലാത്ത ഗദ്യം വെറും പ്രസ്താവനകള്‍പോലെ നിരത്തിവച്ചാല്‍ അത് കവിതയാകുമോ? എന്നിട്ട് പുതുകവിത എന്ന പേരില്‍ ചില സ്വന്തം നിരൂപകര്‍ അവര്‍ക്കുചുറ്റും വട്ടമിട്ടു പറന്നുനടന്ന് അവരെ വാഴ്ത്തുന്നു. നമ്മുടെ ചമ്പുക്കളില്‍പോലും ഗദ്യം നല്ലവണ്ണം ഉപയോഗിച്ചിട്ടുണ്ട്. ഗദ്യപദ്യമിശ്രിതമായ സാഹിത്യശാഖയാണല്ലോ ചമ്പുക്കള്‍. അതിലെ ഗദ്യത്തിന് പദ്യംപോലെ താളാത്മകതയുമുണ്ട്.  നമ്മുടെ മാധ്യമങ്ങളൊക്കെത്തന്നെ ഇത്തരം വിരസകവിതകള്‍ക്കാണ് ഇന്ന് പ്രാധാന്യം കൊടുത്തുകാണുന്നത്. പുതുകവിതയെന്നാല്‍ വിരസകവിതയല്ല. ആധുനികതയുടെയും കാല്പനികതയുടെയും വക്താവായ കുമാരനാശാന്‍ പാശ്ചാത്യസാഹിത്യമുള്‍പ്പെടെ വശമാക്കിവന്നശേഷം എഴുതിയ ‘വീണപൂവ്’ സംസ്കൃതവൃത്തമായ ‘വസന്തതിലക’ത്തിലാണ് രചിച്ചതെന്ന വസ്തുത നാം മറക്കാതിരിക്കുക. വൃത്തത്തെയോ താളത്തെയോ കണ്ണടച്ച് എതിര്‍ത്ത് എഴുതിയതുകൊണ്ടുമാത്രം ഒരാള്‍ പുതുകവിയാകുന്നില്ല. ഏതൊരു കവിയിലും അയാളുടെ കാവ്യപാരമ്പര്യോര്‍ജ്ജം ഉണ്ടായിരിക്കും. പാരമ്പര്യത്തെ ധിക്കരിച്ച അയ്യപ്പപ്പണിക്കരിലും എന്‍.എന്‍.കക്കാടിലുമെല്ലാം അത്തരം പാരമ്പര്യത്തിന്‍റെ ഉത്തമാംശങ്ങള്‍ കാണാനാവും.

പത്രപ്രവര്‍ത്തനവും കവിതയും ജീവിതത്തില്‍ എങ്ങനെയാണ് സമരസപ്പെടുന്നത്?

പത്രപ്രവര്‍ത്തനം എഴുത്തുകാരുടെ ശ്മശാനമാണെന്നാണ് ഒ.വി.വിജയനും എം.പി.നാരായണപിള്ളയും പറഞ്ഞിട്ടുള്ളത്. പത്രപ്രവര്‍ത്തനം വഴി എന്ത് എഴുതാതിരിക്കണം എന്ന് എഴുത്തുകാരെ പ്രേരിപ്പിക്കുന്നു. അദ്ധ്യാപകര്‍ നല്ല വാക്കുകള്‍ പഠിപ്പിച്ചുതീര്‍ക്കുന്നതിനാല്‍ അവരില്‍ പലര്‍ക്കും  നല്ല കൃതികള്‍ എഴുതാനാകുന്നില്ല. അതുപോലെ പത്രപ്രവര്‍ത്തനം എഴുത്തുകാരെ ചില നിയന്ത്രണങ്ങളില്‍ കൊണ്ടെത്തിക്കുന്നു എന്നത് ശരിതന്നെയാണ്.
എന്നാല്‍ എഴുത്തിന് എഴുത്തിന്‍റെ വഴി,  പത്രപ്രവര്‍ത്തനത്തിന് അതിന്‍റെ വഴി എന്ന രീതിയില്‍ ചിന്തിച്ചാല്‍ സാരമില്ല. ഒ.വി.വിജയനും എം.പി.നാരായണപിള്ളയും എം.ടി.വാസുദേവന്‍നായരും പി.കെ.ബാലകൃഷ്ണനും കുട്ടികൃഷ്ണമാരാരും കേസരി ബാലകൃഷ്ണപിള്ളയുമെല്ലാം വലിയ കൃതികള്‍ എഴുതിയത് പത്രപ്രവര്‍ത്തകരായി ജീവിച്ചുകൊണ്ടുതന്നെയാണല്ലോ?
വാസ്തവത്തില്‍ എഴുത്തുകാരന് ഏതൊരുവിധ തൊഴിലും ആവശ്യമില്ലതന്നെ. എന്നാല്‍ സാഹിത്യം കൊണ്ടോ പ്രത്യേകിച്ച് കവിതകൊണ്ടോ ജീവിക്കാനാവില്ല. ജീവിക്കാന്‍ ഏതു തൊഴില്‍ ചെയ്താലും അത് എഴുത്തില്‍ ബാധിക്കാതിരിക്കുക. പത്രപ്രവര്‍ത്തനത്തില്‍ ധാരാളം എഴുത്തുകാരെയും അവരുടെ നിലവാരത്തെയും എഴുത്തിന്‍റെ ഗതിവിഗതികളെയും മനസ്സിലാക്കാനാവും. അതുകൊണ്ട് എഴുത്തുകാര്‍ക്ക് പത്രപ്രവര്‍ത്തനം ദോഷം എന്നതുപോലെ ഗുണവും ചെയ്യുന്നുണ്ട്.

കഴിഞ്ഞ അമ്പതു വര്‍ഷങ്ങള്‍ക്കിടയില്‍ താങ്കളുടെ വായന എങ്ങനെയാണ്? തിരുവനന്തപുരത്തെ വായനാക്കൂട്ടങ്ങള്‍, ചര്‍ച്ചകള്‍….യാത്രകള്‍ ..എങ്ങനെയാണ്…?

ഞാന്‍ വായന ഗൗരവമായി എടുത്തത് പ്രീഡിഗ്രി പരീക്ഷ എഴുതി ഫലം കാത്തുനിന്ന കാലത്താണ്. എണ്‍പതുകളിലെ രാഷ്ട്രീയ സാമൂഹികാന്തരീക്ഷം പൊതുവില്‍ ഇന്നത്തെ പോലെയായിരുന്നില്ല. വായനയ്ക്കും ചിന്തയ്ക്കും പുതുമകള്‍ തേടിയുള്ള അന്വേഷണങ്ങള്‍ക്കും ഏറെ പ്രത്യേകതയുള്ളതായിരുന്നു ആ കാലം. ടോള്‍സ്റ്റോയിയും മാക്സിംഗോര്‍ക്കിയും ദസ്തയോവിസ്കിയും കസാന്‍സാക്കിസും ഉള്‍പ്പെടെയുള്ളവരുടെ കൃതികള്‍ ആവേശത്തോടെ വായിച്ച കാലമാണത്. പിന്നീട് തിരുവനനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഉപരിപഠനകാലം വായനയുടെ വസന്തമായിരുന്നു. പാഠപുസ്തകങ്ങളെക്കാള്‍ വിജ്ഞാനത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരുകൂട്ടം അദ്ധ്യാപകര്‍, വിജ്ഞാനദാഹികളായ സഹപാഠികള്‍ ഇതൊക്കെ കൂടുതല്‍ വായിക്കാനും ചിന്തിക്കാനും അതുവഴി എഴുത്തില്‍ കൂടുതല്‍ ഇടപെടാനും ഇടയാക്കി.  യൂണിവേഴ്സിറ്റി ലൈബ്രറി, പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിലെ വായനാനുഭവങ്ങള്‍ വിലമതിക്കാനാവാത്തതാണ്.
വിദ്യാഭ്യാസാനന്തരമുള്ള പാരലല്‍കോളെജ് അദ്ധ്യാപകജീവിതം, സാഹിത്യ-സാംസ്കാരികപ്രവര്‍ത്തനം, സമ്മേളനങ്ങള്‍, ചര്‍ച്ചകള്‍, കവിയരങ്ങുകള്‍ ഒക്കെ വായനയും എഴുത്തും സജീവമാക്കിത്തീര്‍ത്തു. പിന്നീട് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി മാറിയപ്പോഴും വായനയും എഴുത്തും അതിജീവനത്തിന്‍റെ വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു.

ഒഴിവുസമയം കിട്ടുമ്പോള്‍ താങ്കള്‍ എഴുതാനാണോ വായിക്കാനാണോ ആവേശം കാണി ക്കുന്നത്.?

എഴുതാനായി മാത്രം ഞാന്‍ ഒരിക്കലും സമയം മാറ്റിവയ്ക്കാറില്ല. വായിക്കാനായി മാത്രമാണ് പ്രത്യേക സമയം കണ്ടെത്തുക. വായനയുടെ ഭാഗമായി എഴുത്തുസംഭവിക്കുകയാണ് ഉണ്ടാകുന്നത്. പാതിരയോളം തുടരുന്ന വായനയ്ക്ക് ഇപ്പോഴും വലിയ മുടക്കം സംഭവിച്ചിട്ടില്ല. ഒരുപക്ഷേ എന്‍റെ നാട്ടിലും വീട്ടിലും ഏറ്റവും കുറച്ചുനേരം ഉറങ്ങുന്നയാള്‍ ഞാനായിരിക്കും എന്നതില്‍ സംശയമില്ല. എഴുതാതിരുന്നാലും സാരമില്ല, വായിക്കാതിരിക്കുക സാധ്യമല്ല. ഞാന്‍ വര്‍ഷങ്ങളോളം ഒന്നും എഴുതാതിരുന്നിട്ടുണ്ട്. എന്നാല്‍ അപ്പോഴും ഞാന്‍ ജീവിച്ചത് വായിച്ചതുകൊണ്ടുമാത്രമാണ്. ഇപ്പോള്‍ വായനയില്‍ ഞാന്‍ വളരെ സെലക്ടീവാണ്. ഇഷ്ടമുള്ളതും ഉപയോഗമുള്ളതും മാത്രമേ വായിക്കാറുള്ളൂ.

താങ്കളുടെ ജീവിതത്തില്‍ തിരുവനന്തപുരത്തിന് വലിയ പ്രാധാന്യമുണ്ടാകുമല്ലോ? തലസ്ഥാനനഗരം എങ്ങനെയാണ് താങ്കളെ ഉള്‍ക്കൊണ്ടത്? കാര്യവട്ടം, കഴക്കൂട്ടം, ചന്തവിള, പാളയം, സ്റ്റാച്ച്യൂ, മ്യൂസിയം,പബ്ലിക് ലൈബ്രറി,വേളി, പേട്ട തുടങ്ങിയ സ്ഥലങ്ങള്‍ താങ്കളുടെ മനസ്സില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്.?

തിരുവനന്തപുരം ജില്ലക്കാരന്‍ എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചന്തവിള വാര്‍ഡിലെ സ്ഥിരതാമസക്കാരനാണ് ഞാന്‍. ജന്മംകൊണ്ടും കര്‍മ്മംകൊണ്ടും ഒരു തനി ചന്തവിളക്കാരന്‍. തിരുവനന്തപുരത്തു താമസിക്കുന്നവരില്‍ അധികംപേരും മറ്റുദേശങ്ങളില്‍നിന്ന് ഇവിടെ കുടിയേറിയവരാണ്. മറ്റ് ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരം പല തരത്തിലുള്ള ജീവിതസാഹചര്യങ്ങളുള്ള ജില്ലയാണ്. വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, ശാസ്ത്രസാങ്കേതിക, ആരോഗ്യമേഖലകളില്‍ ധാരാളം സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ചെറുതും വലുതുമായ വായനശാലകള്‍ മുതല്‍ കേരളത്തിലെ വലിയ വായനശാലയായ തിരുവനന്തപുരം സെന്‍ട്രല്‍ ലൈബ്രറി (പബ്ലിക് ലൈബ്രറി) വരെ ഇവിടെയുണ്ട്. മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ തന്‍റെ സാഹിത്യജീവിതത്തിന് ഏറെ പ്രയോജനപ്പെടുത്തിയ ലൈബ്രറിയാണത്. അതുപോലെ ചങ്ങമ്പുഴ തിരുവനന്തപുരത്തെ ഓണേഴ്സ് പഠനകാലത്ത് വായിച്ചുതള്ളിയ പുസ്തകക്കൂമ്പാരമുള്ള തിരുവനന്തപുരം പാളയത്തെ യൂണിവേഴ്സിറ്റി ലൈബ്രറി ഇന്നും ഏതൊരു കലാശാലാവിദ്യാര്‍ത്ഥിക്കും ആശ്രയകേന്ദ്രമാണ്. അത് കുറെയൊക്കെ അനുഭവിക്കാന്‍ അവസരം ലഭിച്ചയാളാണ് ഞാന്‍.
കാര്യവട്ടം, കഴക്കൂട്ടം, ചന്തവിള എന്നീ പ്രദേശങ്ങള്‍ ഇപ്പോള്‍ കേരളത്തിന്‍റെ വികസനഭൂപടത്തില്‍ സ്ഥാനം പിടിച്ചസ്ഥലങ്ങളാണ്. കഴക്കൂട്ടത്തുപിള്ളമാരുടെ ചരിത്രഭൂമിയായ കഴക്കൂട്ടവും സമീപപ്രദേശങ്ങളുമെല്ലാം ഇപ്പോള്‍ ശാസ്ത്രസാങ്കേതികതയുടെ മണ്ണായിമാറി. കേരളത്തിലെ ഏക സൈനികസ്കൂളും വ്യാവസായികപാര്‍ക്കായ കിന്‍ഫ്രയും മാജിക് പ്ലാനറ്റും ടെക്നോപാര്‍ക്കും ടെക്നോസിറ്റിയും ബയോളജിക്കല്‍ പാര്‍ക്കുമെല്ലാം എന്‍റെ നാടിന്‍റെ അഭിമാനകേന്ദ്രങ്ങളാണ്. അതുപോലെ ആധുനികകേരളത്തിന്‍റെ നവോത്ഥാനനായകനായ ശ്രീനാരായണഗുരുവിന്‍റെ ജന്മംകൊണ്ട് പവിത്രമായ ചെമ്പഴന്തിയും ഗുരുവിന്‍റെ പ്രിയശിഷ്യനും മലയാളകവിതയിലെ എക്കാലത്തെയും ആധുനികനായ മഹാകവിയുമായ കുമാരനാശാന്‍റെ വാസസ്ഥലമായ തോന്നയ്ക്കലും അവിടത്തെ ആശാന്‍ സ്മാരകവും എക്കാലത്തെയും വലിയ സാംസ്കാരിക ഉറവിടങ്ങള്‍ തന്നെ. അതുപോലെ കേരളസംസ്കാരത്തിന്‍റെ ചരിത്രത്തില്‍ ഒരിക്കലും മായ്ക്കാന്‍ കഴിയാത്ത പേരുകളായ മഹാത്മാ അയ്യങ്കാളിയും ചട്ടമ്പിസ്വാമിയും അയ്യാവൈകുണ്ഠസ്വാമിയുമെല്ലാം ഈ തലസ്ഥാനജില്ലയുടെ ശുക്രനക്ഷത്രങ്ങളാണ്. ഇവരുടെയൊക്കെ ഉന്മേഷകരമായ പ്രവര്‍ത്തനങ്ങളും സൃഷ്ടികളും എന്‍റെ വായനയെ, എഴുത്തിനെ വളര്‍ത്തിയെടുത്തിട്ടുണ്ട്. മനുഷ്യനെക്കുറിച്ചുള്ള വിശാലമായ സ്വാതന്ത്ര്യബോധവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതില്‍ ഈ മഹാന്മാര്‍ എന്നില്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല.
ഒരു ചന്തവിളക്കാരന്‍ എന്ന രീതിയില്‍ ഞാന്‍ അഭിമാനിക്കുന്നു. ചന്തവിള എന്നെയും ഞാന്‍ ചന്തവിളയെയും നല്ലപോലെ അറിയുന്നുണ്ട്. ഇവിടത്തെ മനുഷ്യരുടെ മതേതരമായ നന്മകള്‍ എടുത്തുപറയേണ്ടതുതന്നെ. എന്‍റെ കുട്ടിക്കാലത്ത് ജാതീയമായ ധാരാളം അസമത്വങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവെങ്കിലും കേരളത്തിന്‍റെ പൊതുവായ ഹ്യൂമനിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന ഫലമായി പില്‍ക്കാലത്ത് അതൊക്കെ മാറപ്പെട്ടു. ചന്തവിളക്ക് മാത്രമായി വളരെ വലിയ സാംസ്കാരിക പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലെങ്കിലും വളരെ മോശമായ സാംസ്കാരികത്വമൊന്നും ഇവിടെ ഇല്ലായെന്നത് തലയുയര്‍ത്തി പറയാനാകുന്ന സത്യമാണ്.

എഴുത്തുകാരോട് സാധാരണ ചോദിക്കുന്ന ചോദ്യമാണെങ്കിലും ചോദിക്കുന്നു-താങ്കളുടെ രാഷ്ട്രീയം എന്താണ്?

രാഷ്ട്രീയം എന്ന വാക്കിന് വലിയ അര്‍ത്ഥമുണ്ട്. രാഷ്ട്രീയം സര്‍വ്വവ്യാപിയാണ്. അഭിപ്രായമുള്ളവര്‍ക്കെല്ലാം രാഷ്ട്രീയമുണ്ട്. എന്നാല്‍ രാഷ്ട്രീയമുള്ളവര്‍ക്കെല്ലാം അഭിപ്രായമുണ്ടായിരിക്കണമെന്നില്ല. കവികള്‍ സ്വപ്നജീവികളാണെന്ന് പറയാറുണ്ട്. ആ സ്വപ്നത്തിന്‍റെ യാഥാര്‍ത്ഥ്യത്തിലേക്കാണ് രാഷ്ട്രീയം കടന്നുചെല്ലുന്നത്. എല്ലാത്തരം എഴുത്തും ഒരര്‍ത്ഥത്തില്‍ രാഷ്ട്രീയ എഴുത്താണ്. വാല്മീകിക്കും വ്യാസനും കാളിദാസനും ഷേക്സ്പീയര്‍ക്കും ഹോമറിനുമെല്ലാം രാഷ്ട്രീയമുണ്ടായിരുന്നു. കാളിദാസന്‍ പ്രകൃതിസ്നേഹത്തെക്കുറിച്ച് പറയുന്നതൊക്കെ ഒരുപക്ഷേ നാം ഇന്നു ചര്‍ച്ചചെയ്യുന്ന പരിസ്ഥിതിരാഷ്ട്രീയമാണ്. രാമായണത്തിലും മഹാഭാരതത്തിലുമുള്ള ഓരോ കഥാപാത്രങ്ങളെയും നമുക്ക് അക്കാലത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിച്ച് താരതമ്യം ചെയ്യാവുന്നതാണ്. വാസ്തവത്തില്‍ ശരിയായ രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നത് ഉല്‍കൃഷ്ടമായ സാഹിത്യകൃതികളാണെന്ന് കാണാം. അതുകൊണ്ടാണ് എഴുത്തുകാരെ ഭരണാധികാരികളും രാഷ്ട്രീയക്കാരും ഭയക്കുന്നത്.
എന്‍റെ രാഷ്ട്രീയം എന്‍റെ എഴുത്താണ്. അഥവാ എന്‍റെ എഴുത്തില്‍ എന്‍റെ രാഷ്ട്രീയമുണ്ട്. കക്ഷിരാഷ്ട്രീയബന്ധം ഒരുകാലത്ത് സജീവമായി എനിക്കുണ്ടായിരുന്നു. വിദ്യാര്‍ത്ഥിരാഷ്ട്രീയം മുതല്‍ കുറേക്കാലം ഇടതുപക്ഷരാഷ്ട്രീയപ്രസ്ഥാനത്തിന്‍റെ സജീവപ്രവര്‍ത്തകനായിരുന്നു. പിന്നീട് കക്ഷിരാഷ്ട്രീയ അംഗത്വവും പ്രവര്‍ത്തനവും ഉപേക്ഷിച്ചു. എന്നാല്‍ മനുഷ്യനെ ബാധിക്കുന്ന, മാനവികമായ നന്മകളെ സംബന്ധിക്കുന്ന ഏതു പ്രശ്നത്തിലും എന്‍റെ മനസ്സും ശിരസ്സും ഒപ്പമുണ്ടാകും. മതജാതിവര്‍ണ്ണവര്‍ഗ്ഗഭേദമില്ലാത്ത മനുഷ്യന്‍റെ ഉയര്‍ച്ചയ്ക്കായുള്ള ഏതു പ്രവര്‍ത്തനത്തിനും ഞാനുണ്ടാവും. അതിനര്‍ത്ഥം എന്നെ അത്തരം പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടുത്തുമെന്നല്ല. ഇപ്പോള്‍ എന്നെപ്പോലുള്ളവരെ ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനും ആവശ്യമില്ല. കാരണം ശരിയുടെ പക്ഷത്ത് മാത്രം നില്‍ക്കുന്ന രാഷ്ട്രീയം ആര്‍ക്കും വേണ്ടാത്തതാണ്.  ഓരോ പ്രസ്ഥാനത്തിനും അവരവരുടെ ചെയ്തികളെ വാഴ്ത്തുന്ന വിനീതരായ ദാസന്മാരെയാണ് ഇപ്പോള്‍ ആവശ്യം. അത്തരം ബുദ്ധിപരമായ അടിമത്തം അനുഭവിച്ചുകൊണ്ട് പ്രസ്ഥാനപക്ഷത്ത് നില്‍ക്കാന്‍ ഒരു യഥാര്‍ത്ഥ എഴുത്തുകാരനും സാധ്യമല്ല. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്‍റെ അദ്ധ്യക്ഷസ്ഥാനത്തുനിന്ന് മഹാകവി വൈലോപ്പിളളി മാറിനില്‍ക്കാന്‍ കാരണവും അതായിരിക്കാം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. കക്ഷിരാഷ്ട്രീയത്തിലെ ശരിയല്ല സാഹിത്യത്തിലെ ശരി. എന്നാല്‍ യോജിക്കാവുന്നിടത്തെല്ലാം യോജിക്കുന്ന ആശയപരമായ അടുപ്പം മാത്രമേ എഴുത്തുകാരന് പുലര്‍ത്താനാകുകയുള്ളൂ. അങ്ങനെ നില്‍ക്കുന്ന എഴുത്തുകാര്‍ക്ക് അവാര്‍ഡോ, അംഗീകാരങ്ങളോ ലഭിക്കില്ല. അത്തരം എഴുത്തുകാരുടെ ഉല്‍കൃഷ്ടമായ കൃതികള്‍ പോലും അധികാരരാഷ്ട്രീയക്കാര്‍ കാണുകയില്ല.

അവാര്‍ഡുകള്‍ എഴുത്തുകാരെ വളര്‍ത്തുകയാണോ?

അവാര്‍ഡുകള്‍ എഴുത്തുകാരനു ലഭിക്കുന്ന പാഥേയങ്ങളാണെന്ന് എം.ടി.വാസുദേവന്‍നായര്‍ പറഞ്ഞത് ശരിയാണ്. അത് കിട്ടുന്ന നേരത്തുള്ള പ്രശംസയും പ്രശസ്തിയും മാത്രമേയുള്ളൂ.  അവാര്‍ഡും കൃതിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഇപ്പോള്‍ ഒരു അവാര്‍ഡും കൃതിക്കു കൊടുക്കുന്നില്ല. എഴുത്തുകാരനാണ് കൊടുക്കുന്നത്. ഒരോ അവാര്‍ഡും ഓരോ പാക്കേജാണ്. അധികാരത്തിന്‍റെ അഞ്ചുവര്‍ഷങ്ങളില്‍ സ്വന്തക്കാര്‍ക്ക് കൊടുക്കുന്ന ഉപകാരസ്മരണകളാണവ.
ആദ്യത്തെ ഭാരതീയജ്ഞാനപീഠപുരസ്കാരം ലഭിച്ചത് നമ്മുടെ മഹാകവി ജി.ശങ്കരക്കുറുപ്പിനാണല്ലോ? അദ്ദേഹം ഇപ്പോള്‍ എറ്റവും കുറച്ച് വായിക്കപ്പെടുന്ന കവിത്രയാനന്തര കവിയാണ്. ഒരു ഉദാഹരണം പറഞ്ഞു എന്നേയുള്ളൂ. ഇതുപോലെ അവാര്‍ഡ് കിട്ടിയ എത്രയെത്ര കൃതികളും എഴുത്തുകാരുമാണ് കാലയവനികയ്ക്കുള്ളില്‍ വിസ്മൃതരായി തീര്‍ന്നത്? ഒരു കൃതിയുടെ വില്പനയെ അവാര്‍ഡ് സ്വാധീനിക്കുന്നുണ്ടെന്നുള്ളത് ശരിയാണ്.  അവാര്‍ഡുകള്‍ നിരസിച്ച എം.എന്‍.വിജയനും ബാലചന്ദ്രന്‍ ചുള്ളിക്കാടും അവാര്‍ഡുകള്‍ വാരിക്കൂട്ടിയവരെക്കാള്‍ ഇന്ന് വായിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

താങ്കള്‍ എന്തിന് എഴുതുന്നു എന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം?

ഒരാള്‍ എന്തിനാണ് ജീവിക്കുന്നത് എന്ന ചോദ്യത്തിന് എന്ത് ഉത്തരം പറയും? അതുപോലെ യാണ് എഴുത്തും.  എഴുത്ത് എന്‍റെ ജീവിതത്തിന്‍റെ ഭാഗമായിത്തീര്‍ന്നു. എഴുതാനും കൂടി വേണ്ടിയാണ് ഞാന്‍ ജനിച്ചതെന്ന് എനിക്ക് തോന്നുന്നു. എനിക്ക് കഴിയുന്നതേ എനിക്ക് ചെയ്യാനാവൂ. ക്രിക്കറ്റ് കളിക്കാന്‍ പറഞ്ഞാല്‍ അത് എന്നെക്കൊണ്ട് കഴിയാത്ത കാര്യമാണെന്ന് ഞാന്‍ പറയും.
ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന് നിരന്തരം ബോധ്യപ്പെടുത്തുകയാണ് എന്‍റെ എഴുത്ത്. എഴുതാതിരിക്കാന്‍ കഴിയാത്തതിനാല്‍ എഴുതുന്നു എന്ന് ചിലര്‍ പറയാറുണ്ട്. അതിലും വാസ്തവമുണ്ട്. ഒരു കവി താന്‍ ഉദ്ദേശിച്ച തരത്തില്‍ തന്നെത്തന്നെ ആവിഷ്ക്കരിക്കലാണ് അയാളുടെ കവിത എന്നു ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാകാം ഓരോ കവിയും കവിതയും വ്യത്യസ്ത്യമാകുന്നത്. സ്വന്തം സങ്കടങ്ങളെ തണുപ്പിക്കലാണ് എഴുത്ത്. എഴുതിക്കഴിയുമ്പോഴുള്ള അവസ്ഥ, പ്രസവാനന്തരം ഒരു മാതാവ് അനുഭവിക്കുന്ന ശാന്തതയും നിര്‍വൃതിയുമാണ്. അല്ലാതെ നാട് നന്നാക്കാനോ, ലോകത്തെ നന്നാക്കാനോ  വേണ്ടി ആരും എഴുതാറില്ല. അതിന് എഴുത്ത് വേണ്ടത്ര ഉപകരിക്കുകയുമില്ല. ഒരു ദുരന്തമുണ്ടാകുമ്പോള്‍ അവിടെ ഓടിയെത്തുന്നത് എഴുത്തുകാരനായിരിക്കില്ല. അയാളുടെ ദൗത്യം അതല്ല. എന്നാല്‍ അവിടെ ഓടിയെത്തി എന്നു കരുതി അയാള്‍ എഴുത്തുകാരന്‍ അല്ലാതെയാകുന്നുമില്ല. ലോകത്തിന്‍റെ സങ്കടങ്ങള്‍ എഴുതിയതുകൊണ്ടുമാത്രം പരിഹരിക്കപ്പെടില്ല.
ഉത്തമങ്ങളായ സാഹിത്യകൃതികള്‍ വഴി നല്ല വായനക്കാര്‍ എത്തിച്ചേരുന്ന അനുഭൂതിയുടെ വലിയ തലമുണ്ട്. അത് തികച്ചും അവാച്യവുമാണ്. വിജ്ഞാനം സമ്മാനിക്കുകയല്ല സര്‍ഗ്ഗാത്മകസാഹിത്യകൃതികള്‍ ചെയ്യുന്നത്. എന്നാല്‍ അനുഭവത്തിന്‍റെ പുതിയ ലോകങ്ങളിലേക്ക് വായനക്കാരെ അത് കൊണ്ടെത്തിക്കുന്നു. ഒപ്പം മനുഷ്യസ്വാതന്ത്ര്യം, സാഹോദര്യം, സമത്വം എന്നിവയെക്കുറിച്ചെല്ലാം നല്ല എഴുത്ത് വാഴ്ത്തിപ്പാടുന്നുണ്ട്.
എഴുത്തിന് ഒരു ഭരണഘടനയോ  ജനാധിപത്യബോധമോ ഇല്ല. എപ്പോള്‍ എഴുതണം ? എന്ത് എഴുതണം? എങ്ങനെ എഴുതണം? എന്നൊക്കെ ആത്യന്തികമായി തീരുമാനിക്കുന്നത് എഴുത്തുകാരന്‍ തന്നെയാണ്. അതിനാല്‍ ഞാന്‍ എഴുതുന്നത് എല്ലാ അര്‍ത്ഥത്തിലും എനിക്കുവേണ്ടിയാണ് എന്ന് പറയാന്‍ എനിക്ക് ഒരു പ്രയാസവുമില്ല.

“സുധാകരന്‍ ചന്തവിളയുടെ കവിതകളില്‍ വേദനിക്കുന്ന വര്‍ത്തമാനം നിറഞ്ഞുനില്‍ ക്കുന്നു”- എന്ന് പ്രൊഫ.എം.എന്‍.വിജയന്‍ താങ്കളുടെ കാവ്യസമാഹാരത്തിനെഴുതിയ അവതാരികയില്‍ പറയുന്നുണ്ടല്ലോ? എങ്ങനെയാണ് വിജയന്‍ മാഷുമായുള്ള അടുപ്പം?

ഇക്കാര്യം ഞാന്‍ പല സന്ദര്‍ഭത്തിലും പറഞ്ഞിട്ടുള്ളതാണ്. വിജയന്‍മാഷ് കേരളിയസമൂഹത്തിന്‍റെ ഉണര്‍ന്നിരിക്കുന്ന യുവത്വത്തിന്‍റെ നാവായിരുന്നു. നല്ല കലാലയാദ്ധ്യാപകനും നിരൂപകനും മാത്രമായിരുന്നില്ല മാഷ്. “മരിക്കുന്നതുവരെ ജീവിച്ചിരുന്ന വ്യക്തിത്വമാണ് ഇ.എം.എസ്സിന്‍റെതെന്ന്” വിജയന്‍ മാഷ് എഴുതിയിട്ടുണ്ട്. അതുതന്നെയാണ് വിജയന്‍മാഷും.  ജീവിക്കുന്ന ഓരോ നിമിഷവും ചിന്തിച്ചുകൊണ്ടിരുന്ന പ്രവാചകവ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളും പുസ്തകങ്ങളും എന്നെപ്പോലുള്ളവരെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്.  അദ്ദേഹത്തിനുശേഷം വലിയ പ്രഭാഷകരായി അവതരിച്ചവരൊക്കെ വിജയന്‍മാഷിനെ അനുകരിക്കുന്നതായി കാണാം. ഇത് അവരുടെ കുറ്റമല്ല, മാഷ് അത്രത്തോളം ആവേശത്തോടെ ചിന്തിക്കുന്ന മനസ്സില്‍ കയറിപ്പറ്റുന്ന ഒരു വലിയ സാംസ്കാരിക ശബ്ദമാണ്. ജീവിതത്തെ ബാധിക്കുന്ന സകലവിഷയങ്ങളെക്കുറിച്ചും മാഷ് പ്രതികരണാത്മകമായി പ്രസംഗിച്ചിട്ടുണ്ട്. അങ്ങനെ അദ്ദേഹം കേരളത്തിന്‍റെ മൊത്തം മാഷായി മാറുകയായിരുന്നു. സ്നേഹംകൊണ്ടും നന്മകൊണ്ടും ആശയങ്ങള്‍കൊണ്ടും സദാ പൂത്തുനിന്ന മാമരമായിരുന്നു അദ്ദേഹം.
വിജയന്‍മാഷ് എന്‍റെ ആദ്യകാവ്യസമാഹാരമായ ‘ജയില്‍വസന്ത’ത്തിന് അവതാരിക എഴുതി എന്നതുതന്നെ എന്നെ സംബന്ധിച്ചിടത്തോളം തികച്ചും അഭിമാനവും അത്ഭുതവുമാണ്. ജീവിതത്തിന്‍റെ വര്‍ത്തമാനപ്രശ്നങ്ങളോടുള്ള എന്‍റെ കവിതകളിലെ പ്രതിഷേധവും പ്രതിരോധവും മനസ്സിലാക്കിയിട്ടാവണം അദ്ദേഹം എന്‍റെ കവിതകളെക്കുറിച്ച് അങ്ങനെ പറഞ്ഞത്. അല്ലാതെ ഞാനും അദ്ദേഹവുമായി വ്യക്തിപരമായ വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍റെ  ക്ലാസ്സിലിരുന്ന് പഠിക്കാന്‍ കഴിയാത്തതില്‍ ഞാന്‍ ദുഃഖിച്ചിട്ടുണ്ട്. അത്രയ്ക്ക് അനുഭൂതിദായമായിരുന്നു അദ്ദേഹത്തിന്‍റെ കലാലയക്ലാസ്സുകള്‍ എന്ന് ഞാന്‍ വായിച്ചും കേട്ടും അറിഞ്ഞിട്ടുണ്ട്. ഓരോ വാക്കിലും ഓരോ വലിയചിന്തയുടെ തീപ്പന്തം ആവാഹിക്കുകയായിരുന്നു എം.എന്‍.വിജയന്‍ ചെയ്തത്. അദ്ദേഹത്തെ വേണ്ടുവോളം ഉപയോഗപ്പെടുത്തിയവരാണ് പുരോഗമനകലാസാഹിത്യപ്രസ്ഥാനക്കാര്‍. എന്നാല്‍ അദ്ദേഹത്തെ അവര്‍ വേണ്ടുവോളം ആദരിച്ചില്ല.

m k harikumar malayalam day special
home link

You can share this post!

One Reply to “എഴുത്താണ്‌ എന്റെ രാഷ്ട്രീയം /സുധാകരന്‍ ചന്തവിള”

  1. ഒരുമ പത്രാധിപർ സുധാകരൻ ചന്തവിളയുമായി നടത്തിയ അഭിമുഖം നന്നായി. മുഖ്യധാരയിൽ ഇതൊരു ഒത്തുകളി ഏർപ്പാടാണ്.നിലപാടുകളിലെ സമരസപ്പെടലിനനുസരിച്ച ചോദ്യങ്ങളും മറുപടികളും കൊണ്ട് വിരസമാണത്.
    സുധാകരൻ പറഞ്ഞതുപോലെ സത്യം പറയുന്നവരേയും നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുന്നവരേയും ഒരു രാഷ്ട്രീയക്കാർക്കും വേണ്ട എന്നത് 100 % സത്യമാണ്.
    ഈ ഒരു സ്വഭാവം മാധ്യമങ്ങൾക്കുമുണ്ട്. മുഖ്യധാരാ സാഹിത്യ പ്രസിദ്ധീകരണങ്ങൾ പോലും സങ്കുചിത താൽപ്പര്യങ്ങളുടെ ചട്ടക്കൂടിനുളളിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ഓരോ മാധ്യമത്തിൻ്റേയും സ്ഥാപിത താൽപ്പര്യങ്ങൾക്കനുസരിച്ച് അവർ അതിൻ്റെ ഉള്ളടക്കം ചിട്ടപ്പെടുത്തുന്നു. എഴുത്തിനേക്കാൾ എഴുത്തുകാരൻ എവിടെ നിൽക്കുന്നു എന്നതാണ് ചില മാധ്യമങ്ങളുടെ മാനദണ്ഡം തന്നെ.

Comments are closed.