എൻ്റെ റുബൈയത്തുകൾ

ഒമർഖയാമിൽ
തുളുമ്പിയ
റുബൈയത്തുകളുടെ
കടുത്ത ചുവപ്പേറിതുടുത്ത
മുന്തിരിച്ചാറു പോലെ
മാസ്മരികത തുളുമ്പിയ
നിമിഷങ്ങളുടെ ഊഷ്മളത
കണ്ണുകൾക്കുള്ളിൽ
ചേർത്ത് അടച്ചുവച്ച്
ലില്ലികൾ പൂത്തിറങ്ങിയ
താഴ്വരകൾക്കിടയിൽ
ശൈത്യം പകരുന്ന
സുഖശീതളിമയിൽ മനസ്സിൽ
തുളുമ്പിയിട്ടും
കടലാസ്സിൽ പകർത്താത്ത
കവിതയുടെ കാണാചിറകുകൾ
വീശി ഇരുണ്ട
മേഘകൂട്ടങ്ങൾക്കും മേലെ
ഞാൻ പറക്കുകയാണ്.
ആരോടും ഒന്നും പറയാതെ
പകുത്തു നൽകി അവയുടെ
സൗന്ദര്യം ചോർത്തി കളയാതെ
ആത്മാവിൽ കുറിച്ചിട്ട
എൻ്റെ മാത്രം
റുബൈയത്തുകൾ.
അത് കസ്തൂരി പോലെയും
മഴനേർത്തു പെയ്യും പോലെയും
നിലാവു തൂവി പടരും പോലെയും
കോടമഞ്ഞുയരും പോലെയും
അനുഭൂതികൾ മനസ്സിൽ പകർന്ന്
എൻ്റെ ആത്മാവിനെ
കൊല്ലുന്ന പോലെ.
ഭാരമില്ലാത്ത തൂവലുപോലെ
നീല ഗഗനത്തിൽ
എങ്ങേട്ടെന്നില്ലാതെ
പാറിപ്പറക്കുകയാണ്.

 

You can share this post!