ഞാൻ മരിക്കുമ്പോൾ എന്നോടൊപ്പം എന്റെ മൊബൈൽ ഫോണും ദഹിപ്പിച്ചേക്കുക
അല്ലെങ്കിൽ എന്റെ ഹൃദയത്തിന്റെ മറുപാതി എന്നെ നോക്കി കരയും ,’
ചിലപ്പോൾ എന്റെ അവലക്ഷണം പിടിച്ച കിടപ്പുകണ്ട് രംഗബോധമില്ലാതെ പൊട്ടിച്ചിരിക്കും
അതുമല്ലെങ്കിൽ, എന്നോടൊപ്പം ഉറങ്ങുകയും, ഉണരുകയും ചെയ്യുന്ന നീ ‘ഒരു യൂദാസിനെപ്പോലെ എന്നെ ഒറ്റിക്കൊടുക്കും
മറ്റുള്ളവർ എന്റെ ജീവിതത്തെ ഒരു തെറിവാക്കിന്റെ തമാശയായ് കണ്ട് ആർത്തുചിരിക്കും
നരകത്തിലുള്ള എന്റെ ആത്മാവ് നിന്നെ പ്രതി അസ്വസ്ഥമാകും
മരിക്കുമ്പോൾ മൊബൈൽ കൂടെ കരുതാത്ത ആത്മാവുകൾ, മോക്ഷം കിട്ടാതെ അലഞ്ഞു കൊണ്ടേയിരിക്കും
വീണ്ടും വീണ്ടും ജനിച്ച് അവർ മൊബൈലിന് അടിമകളായിക്കൊണ്ടേയിരിക്കും” ”
അതു കൊണ്ട് ദയവായി എന്നെ ദഹിപ്പിക്കുമ്പോൾ “സതി “യായി എന്റെ മൊബൈലിനേയും ദഹിപ്പിച്ചേക്കൂ” ”.