എന്നാണ് തിരക്ക് കുറയുന്നത് ?

പ്രിയനേ
എന്നാണ് തിരക്ക് കുറയുന്നത്
ഒന്നു കാണുവാൻപോലുംകഴിയുന്നില്ലല്ലോ
അവിടെയെപ്പോഴും
എന്തോരംഎന്തോരം ആളുകളാ

എത്ര കാലമായി
ഒരേ ഇരിപ്പിൽഞാൻകാത്തിരിക്കുന്നു
നദികൾ കരകവിഞ്ഞ്
നമ്മുടെ പാലംപോലുംകവർന്നെടുത്തുപോയ്‌

കല്യാണം കഴിക്കാം
എന്നുപറഞ്ഞിട്ട് വെറുതെ മോഹിപ്പിച്ചു
കറുത്തവൾ ആയതുകൊണ്ടുപറ്റില്ലെങ്കിൽ
തുറന്നുപറയണം
ഇനിയും കാത്തിരിക്കാൻ വയ്യാ

വരുംവരും
എന്നു പ്രതീക്ഷിച്ച്‌ ഒരുപാട് കാലം കാത്തിരുന്നു
പന്തളം അശ്വതിടാക്കീസിൽ നമ്മളൊരുമിച്ചുകണ്ട
‘നീലി’ക്കുയിൽ പോലെ ആകുമോ
ജീവിതമെന്നൊരു
പേടി ഊണിലുംഉറക്കത്തിലും

പുതിയ നിയമങ്ങളൊക്കെ അറിയുന്നില്ലല്ലെ
പലരും പരാതി കൊടുക്കാൻ
പറഞ്ഞുവെങ്കിലും
ഞാനായിട്ട് ഉപദ്രവിക്കുന്നില്ലെന്നുതീരുമാനിച്ചു

ഇനി വയ്യാ
കാത്തിരിക്കാൻ
ഞാനൊരുപാഴ്ജന്മംആകുമെന്ന്
അമ്മയിന്നലെ രാത്രിയിലുംകരഞ്ഞു.
കാട്ടിലേക്കുകണ്ണുനട്ടുകുറേനേരം ഞാനും

മാത്രമല്ല,
വയനാടൻ മലയിൽ നിന്നും
ഒരു ഡോക്ടർഎന്നെ കാണാൻവന്നിരുന്നു.
അയാൾക്ക് എന്നെ ഇഷ്ടപ്പെടുകയും ചെയ്തു
എന്റെഭൂമിയുടെ ശ്രീരാമൻ പട്ടയം
എത്രയും വേഗംതിരികെതരണം
അതു ജാമ്യമായികൊടുത്താൽ
പട്ടികവർഗ്ഗ വികസന കോർപ്പറേഷനിൽ നിന്നും
നാലുശതമാനം പലിശയ്ക്ക് വിവാഹ വായ്പ
കിട്ടുമെന്നുഅമ്മാവൻപറഞ്ഞു

അത് കൊണ്ട് ഞങ്ങളുടെ പട്ടയം
ഉടനെ സ്പീഡ് പോസ്റ്റിൽഅയച്ചു തരും
എന്ന പ്രതീക്ഷയോടെനിർത്തുന്നു

പൂർണ്ണ, പുഷ്കല
എന്നീവരെയും സത്യകനെയും
ചോദിച്ചതായി പറയണം.

സ്നേഹപൂർവ്വം
മഹിഷി

You can share this post!