എം.കെ.ഹരികുമാറിനെ ശ്രീനാരായണ സമൂഹം ആദരിച്ചു

റിപ്പാർട്ട് എൻ. രവി

ശാഖാ പ്രസിഡൻ്റ് ഡി.സാജു എം.കെ.ഹരികുമാറിനെ പൊന്നാടയണിയിക്കുന്നു

കൂത്താട്ടുകുളം :ശ്രീനാരായണഗുരു ‘മനുഷ്യൻ’ എന്ന് പ്രയോഗിച്ചത് സവിശേഷമായ അർത്ഥത്തിലാണെന്നും ആ ആശയം ഉൾക്കൊള്ളുമ്പോഴാണ് നമ്മൾ ഒരു ആധുനിക സാംസ്കാരികജീവിയാകുന്നതെന്നും  സാഹിത്യകാരനും  എഴുത്തുകാരനുമായ എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു.

കൂത്താട്ടുകുളം എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദ്വിദിന ബാലയോഗം പഠന ക്യാമ്പ് മംഗലത്തുതാഴം അദ്വൈതം ഓഡിറ്റോറ്റിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘അക്ഷരജാലകം’ എന്ന പ്രതിവാര പംക്തി എഴുതി 25 വർഷം പിന്നിട്ട എം.കെ.ഹരികുമാറിനെ ശാഖ  ആദരിച്ചു .അക്ഷരജാലകം ആരംഭിച്ചത് 1998 ഫെബ്രുവരിയിൽ  കേരളകൗമുദിയിലാണ്. പിന്നീട് കലാകൗമുദി ,കഥ മാസിക, പ്രസാധകൻ, മലയാളസമീക്ഷ ഓൺലൈൻ എന്നിവിടങ്ങളിൽ തുടർന്ന പംക്തി ഇപ്പോൾ മെട്രോവാർത്ത പത്രത്തിൽ തിങ്കളാഴ്ചകളിൽ പ്രസിദ്ധീകരിക്കുകയാണ്. 25 വർഷം തുടർച്ചയായി പ്രസിദ്ധീകരിച്ചുവരുന്ന ഒരു സാഹിത്യപംക്തി ഇപ്പോൾ നിലവിലില്ല. ശ്രീനാരായണഗുരുവിൻ്റെ ദർശനത്തെയും തത്ത്വചിന്തയെയും ആധാരമാക്കി ഹരികുമാർ എഴുതിയ ‘ശ്രീനാരായണായ'(1994) എന്ന നോവൽ ഈ രംഗത്ത് ഉന്നതമായ കൃതിയാണ്. ഹരികുമാർ ഗുരുദർശനത്തിലെ കാണാപൊരുളുകളെക്കുറിച്ച്  ‘ഗുരുദേവൻ’ (ആലുവ) മാസികയിൽ എഴുതി വരുന്ന പംക്തി (ഗുരുവും ആത്മാവിൻ്റെ രാഷ്ട്രീയവും) അഞ്ച് വർഷം പിന്നിട്ടിരിക്കുന്നു. 

ശാഖാ പ്രസിഡണ്ട് ഡി.സാജു ഹരികുമാറിനെ പൊന്നാടയണിയിച്ചു.  ശാഖ സെക്രട്ടറി പി.എം. തിലോത്തമ ഉപഹാരം സമ്മാനിച്ചു .യൂണിയൻ പ്രസിഡണ്ട് പി.ജി. ഗോപിനാഥ് ,യൂണിയൻ സെക്രട്ടറി സി.പി. സത്യൻ, സി.എ. തങ്കച്ചൻ, സി.പി.രാജശേഖരൻ ,ഡി.സാജു ,പി.എം.തിലോത്തമ ,ഷീലാ സാജു എന്നിവർ പ്രസംഗിച്ചു. 

ശാഖാ സെക്രട്ടറി പി.എം. തിലോത്തമ എം.കെ ഹരികുമാറിനു ഉപഹാരം സമ്മാനിക്കുന്നു

“മതമേതായാലും നന്നായാൽ മതി എന്നാണ് ഗുരു പറഞ്ഞത്. എന്തുകൊണ്ടാണ് മനുഷ്യൻ എന്ന്  പ്രത്യേകം പറഞ്ഞത്? ആ മനുഷ്യൻ ഇരുപതാം നൂറ്റാണ്ടിലെ പ്രബുദ്ധതയുടെ  പ്രതീകമായ ‘മനുഷ്യനാണ്’. സമൂഹത്തെ വെളിച്ചത്തിലേക്ക് നയിക്കാൻ കഴിവുള്ളവനാണ് ആ മനുഷ്യൻ .ഒരു ജാതി ,ഒരു മതം ,ഒരു ദൈവം മനുഷ്യന് എന്ന് പറയുമ്പോൾ അതാണ് പ്രസക്തനാകുന്നത്. 

നമ്മൾ ആ മനുഷ്യനിലേക്ക് യാത്ര ചെയ്യേണ്ടതുണ്ട്” – ഹരികുമാർ പറഞ്ഞു.

“ഒരു കരിയറിസ്റ്റാവുന്നത് നല്ലതായിരിക്കാം. എന്നാൽ അതിനപ്പുറവും ജീവിതമുണ്ട്. നാം ജീവിക്കുന്ന സമൂഹത്തിന്റെ അപര്യാപ്തതകളും സംഘർഷങ്ങളും ഉച്ചനീചത്വങ്ങളും കാണേണ്ടതുണ്ട്. അത് മാറ്റാൻ നാം എന്ത് ചെയ്തു എന്ന് ആലോചിക്കണം. ഒരു സർക്കാർ ഉദ്യോഗസ്ഥനായാൽ റിട്ടയറാകുന്നതുവരെ യാതൊരു അനീതിക്കെതിരെയും പ്രതിഷേധിക്കാനാവില്ല. എനിക്ക് അതിന് ഒട്ടും കഴിയുമായിരുന്നില്ല. അതുകൊണ്ട് ഒരു സർക്കാർ ജോലിക്കാരനാവരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ട് നീണ്ട എന്റെ സാഹിത്യജീവിതത്തിൽ എനിക്ക് ശരിയെന്ന് തോന്നിയതൊക്കെ ഞാനെഴുതി. ഇനിയും എഴുതാനുണ്ട്. എനിക്ക് അനീതിയെന്ന് തോന്നിയതിനെയെല്ലാം വിമർശിച്ചു. എൻ്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് ഞാൻ പ്രതികരിച്ചിട്ടുണ്ട് “-ഹരികുമാർ ചുണ്ടിക്കാട്ടി. 

“മലയാളസിനിമയിൽ നിന്ന് ശ്രീനാരായണഗുരുവിനെ തുടച്ചുനീക്കിയ അനീതി പരിഹരിക്കാൻ നിങ്ങൾ തന്നെ ചലച്ചിത്ര മേഖലയിലേക്ക് കടന്നുവരണം. ചലച്ചിത്രം നിർമ്മിക്കാൻ പഠിക്കണം. എന്നിട്ട് അറുപതുകളിലും എഴുപതുകളിലും ഈ നാട്ടിലെ അധ:സ്ഥിത ജനത എങ്ങനെയാണ് ജാതീയമായി അവഹേളിക്കപ്പെട്ടതെന്ന് കാണിച്ചുകൊടുക്കണം. ഗുരുവിൻ്റെ ചിത്രം വച്ച് മതനിരപേക്ഷമായി വിവാഹം കഴിക്കുന്നത് ചിത്രീകരിക്കണം. ഗുരുവിനു സിനിമയിൽ മാന്യമായ ഒരിടം നൽകണം. ഇത് വേറെ ആരും ചെയ്തു തരുമെന്ന് കരുതേണ്ട.  അടച്ചിട്ട മുറിയിലിരുന്ന് പ്രാർത്ഥിച്ചതുകൊണ്ട് മാത്രമായില്ല. അതിൻ്റെ പൊരുളുകൾ ഉൾക്കൊണ്ടു പ്രവർത്തിക്കേണ്ടതുണ്ട്.നിങ്ങൾ ഒരു സർഗാത്മക പ്രവൃത്തി ചെയ്യുമ്പോൾ അത് വ്യക്തിപരമായ ആവശ്യമായല്ല നിലകൊള്ളുന്നത് ; ഒരു സമൂഹത്തിൻ്റെ പ്രതിനിധാനമാവുകയാണ്. അങ്ങനെ സാമൂഹിക പ്രസക്തി അറിഞ്ഞുകൊണ്ടാണ് എഴുതേണ്ടത്. ഗുരുവിൻ്റെ ‘ദൈവദശകം’ പ്രാർത്ഥന ഒരു വിശുദ്ധമായ ദൈവത്തെ അന്വേഷിക്കുന്ന രചനയാണ് .സ്റ്റീൽ പോലെ വെട്ടിത്തിളങ്ങുന്ന ദൈവത്തെയാണ് ഗുരു തേടിയത്. മനുഷ്യൻ്റെ അധമമായ ആഗ്രഹങ്ങൾ കൊണ്ട് ദൈവത്തെ സമീപിക്കുമ്പോൾ ദൈവം ചീത്തയാവുകയാണ്. ദുരാഗ്രഹങ്ങൾക്കും തിന്മകൾക്കും കൂട്ടുനിൽക്കാൻ ദൈവത്തെ ശീലിപ്പിച്ചാൽ ആ ദൈവം ക്ളാവ് പിടിച്ച് നിറം കെട്ടു പോകും. ദൈവം എങ്ങനെയാണ് സ്റ്റീൽ പോലെ വെട്ടിത്തിളങ്ങാൻ ഇടയാകുന്നത് ?.അതിന് നമ്മുടെ  പ്രാർത്ഥന വിശുദ്ധമാകണം. നമ്മളിൽ നിറയുന്ന അനുകമ്പയും സ്നേഹവുമാണ് ദൈവത്തെ സൃഷ്ടിക്കാൻ സഹായിക്കുന്നത്.ആ സ്നേഹം സർവ്വവ്യാപിയാണ്. ഒരു പശുവിനെ സ്നേഹിച്ചാൽ അത് തിരിച്ചു സ്നേഹിക്കും. ഒരു പൂച്ചയെ സ്നേഹിച്ചാൽ അത് തിരിച്ചു സ്നേഹിക്കും. എന്തുകൊണ്ടാണ്? സ്നേഹം സർവ്വവ്യാപിയാണ്. ദൈവത്തെ സമീപിക്കാനും അതായിരിക്കണം നമ്മുടെ യോഗ്യത. ദൈവം എപ്പോഴും ശുദ്ധമായിരിക്കണം. അങ്ങനെ വരുമ്പോൾ ,ആ ദൈവം നമുക്ക് അനുകൂലമായ ഫലം തരും. നമ്മൾ സ്നേഹത്തിലും അനുകമ്പയിലും അടിയുറച്ച് നിൽക്കുമ്പോൾ നമ്മുടെ മനസ്സിന് ദൈവത്തിലേക്ക് നോക്കാനുള്ള ശക്തി കിട്ടും. ആ ശക്തിയാണ് പോസിറ്റീവ് എനർജി. അത് അനുകൂലഫലമുണ്ടാക്കുന്നു. അപ്പോഴാണ് ദൈവിക സാന്നിധ്യം നാമനുഭവിക്കുന്നത്. ദൈവത്തിനു ദൃശ്യമാകാൻ കഴിയില്ല .കാരണം,  ഗുരു ദൈവത്തെ ഒരു മൂർത്തിയായല്ല  അനുഭവിക്കുന്നത്. ഭൂതവും ഭാവിയും ദൈവമാണെന്ന് ഗുരു പറഞ്ഞതിലൂടെ അത് ദൃശ്യാനുഭവമല്ലെന്ന് വ്യക്തമാവുകയാണ്. ദൈവം ഭാവിയുടെ അദൃശ്യതയാണ് .അതുകൊണ്ട് അത് നമ്മുടെ മുമ്പിലില്ല. നമുക്ക് അതിലേക്ക് പ്രവേശിക്കാൻ മനസ്സിനെ ശുദ്ധീകരിച്ച് അനുകമ്പയും സ്നേഹവും നിറയ്ക്കുകയാണ് പോംവഴി. അപ്പോഴാണ് ഗുരു പറഞ്ഞ ആ മനുഷ്യനെ കാണാനാവുന്നത് ” – ഹരികുമാർ പറഞ്ഞു. 

You can share this post!