ദൈവത്തെ കളങ്കപ്പെടുത്താതിരിക്കുന്നതാണ് ശരിയായ പ്രാർത്ഥന: എം.കെ.ഹരികുമാർ

സഹോദര സൗധത്തിൽ എം.കെ.ഹരികുമാർ പ്രസംഗിക്കുന്നു

റിപ്പോർട്ട്: എൻ. രവി

കൊച്ചി: ദൈവത്തെ കളങ്കിതമാക്കാതെ നമ്മോടുകൂടെ കൊണ്ടുനടക്കാനുള്ള പ്രാർത്ഥനയാണ് പ്രധാനമെന്നും ‘ദൈവദശകം’ അതിനുള്ളതാണെന്നും വിമർശകനും കോളമിസ്റ്റും സാഹിത്യകാരനുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

എറണാകുളം സഹോദരൻ സൗധത്തിൽ ശ്രീനാരായണ സേവാസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദർശനോത്സവത്തിൽ ‘ദൈവദശകം – ദൈവത്തെ കണ്ടെത്തൽ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

“ദൈവമേ കാത്തുകൊൾകങ്ങു കൈവിടാതിന്നു ഞങ്ങളെ “

എന്ന് നമ്മൾ പ്രാർത്ഥിക്കുന്നു. എന്നാൽ നമ്മൾ പ്രാർത്ഥിച്ചാൽ അത് കേൾക്കാൻ ദൈവം എങ്ങനെ സന്നദ്ധമാകും? ദൈവവുമായി മുൻകൂർ കരാറൊന്നുമില്ലല്ലോ. ദൈവത്തിന് അത് എങ്ങനെ സ്വീകാര്യമാവും? കാരണം, നമ്മൾ ഗുരുവിന്റെ പാതയിൽ ,പ്രവൃത്തിയിൽ ശുദ്ധത കൈവരിച്ചു എന്ന് പറയാനൊക്കുമോ? ഗ്യരു അത് പ്രത്യേകം പറയുന്നുണ്ട്. മനുഷ്യൻ ഒരു പുതിയ കണ്ടെത്തലാണ്. മനുഷ്യൻ എന്ന് പലപ്പോഴും ഗുരു അഭിസംബോധന ചെയ്യുന്നത് നവമാനവനെ ഉദ്ദേശിച്ചാണ്. അനുകമ്പയും കാരുണ്യവുമില്ലാത്ത മനുഷ്യൻ എന്ന വലിയ അർത്ഥത്തിലേക്ക് നാം എത്തിച്ചേരുന്നില്ല. അനുകമ്പയില്ലാത്തവൻ നാറുന്ന ഉടൽ മാത്രമാണ്. അവൻ പ്രാർത്ഥിച്ചാൽ ശരിയായ ഫലമുണ്ടാകില്ല. ‘അനുകമ്പാദശക’ത്തിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട് :
“അരുളില്ലയതെങ്കിലസ്ഥി തോൽ
സിര നാറുന്നൊരുടമ്പു താനവൻ”

അതുകൊണ്ട് ഗുരുവിൻ്റെ ഒരു ജാതി എന്ന് പറയുന്നത് പുതിയ ഒരു പ്രാർത്ഥനാസമൂഹത്തിന്റെ പ്രതിനിധാനമാണ്. അവൻ ഹൃദയവിശുദ്ധിയിൽ, അനുകമ്പയിൽ, സ്നേഹത്തിൽ ലോകത്തിനു ദർശനമാണ്. അവനാണ് പ്രാർത്ഥിക്കുന്നത്. നമ്മെ കാത്തുകൊള്ളാൻ പറയുമ്പോൾ ദൈവത്തിന് ശുദ്ധി വേണം .നമ്മൾ പണം കൊടുത്തും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നിലനിർത്തിയിരിക്കുന്ന ദൈവം സ്വതന്ത്രനല്ല. ആ ദൈവം അഴിമതിയിൽ മുങ്ങുന്നത് നമ്മൾ സ്വാർത്ഥപ്രേരിതമായി പ്രാർഥിക്കുമ്പോഴാണ് .അന്യർക്ക് ദ്രോഹം ചെയ്തവരെ ഗുരു പരിഗണിക്കുന്നില്ല. ‘ആത്മോപദേശ ശതക’ത്തിൽ അത് പറഞ്ഞിട്ടുണ്ട്.

“പ്രിയമപരൻ്റെയതെൻപ്രിയം ,സ്വകീയ
പ്രിയമപരപ്രിയമിപ്രകാരമാകും “

അന്യരുടെ പ്രിയമാണ് നമ്മുടേത് എന്ന ചിന്തയുള്ളവർ പ്രാർത്ഥിക്കുമ്പോഴാണ് ദൈവം പ്രവർത്തിക്കുന്നത്. ദൈവം നമ്മുടെ തന്നെ ആത്മീയതയാണ്. അത് ഒരു നിരന്തര പ്രവൃത്തിയാണ് .അത് അദൃശ്യതയിലാണ് പ്രവർത്തിക്കുന്നത്. നമ്മൾ മറ്റുള്ളവരെ ദ്രോഹിച്ചശേഷം പ്രാർത്ഥിക്കാൻ ചെല്ലുമ്പോൾ ദൈവം അഴിമതിക്കാരനാവുന്നു .കാരണം, ദോഷപ്രവൃത്തികൾക്ക് ഒപ്പു വച്ചു കൊടുക്കേണ്ട ചുമതല ദൈവത്തിൽ വന്നുചേരുന്നു. അങ്ങനെ വരുമ്പോൾ ആ ദൈവത്തിൽ നിന്ന് നമുക്ക് ലഭിക്കുന്നത് തെറ്റായ പ്രവൃത്തികൾ ചെയ്യാനുള്ള പിന്തുണയായിരിക്കും. ഇത് അശുദ്ധമായ പ്രാർത്ഥനയാണ്. ദൈവത്തെ ചീത്തയാക്കാതിരിക്കാനാണ് ഗുരു ദൈവദശകം എഴുതിയത്. ദൈവത്തെ അത്യുന്നതങ്ങളിൽ മഹത്വപ്പെടുത്തുന്നതിനു നമ്മുടെ ശുദ്ധിയാണ് അനിവാര്യം -ഹരികുമാർ പറഞ്ഞു.

ദൈവം ഭൗതികവസ്തുവല്ല

ദൈവം നമ്മുടെ മുന്നിൽ വന്നിരിക്കുന്ന ഒരു ഭൗതിക വസ്തുവാണെന്ന ധാരണ തിരുത്താൻ സമയമായി. ദൈവത്തിന് അങ്ങനെ പ്രത്യക്ഷതയിലിരിക്കാൻ കഴിയില്ല. കാരണം ,ദൈവം പ്രവർത്തിക്കുകയാണ്. അത് നമ്മുടെ കണ്ണുകൾ കൊണ്ട് കാണുന്നതിനു അപ്പുറത്തുള്ള ലോകത്തിലാണുള്ളത്. അതെല്ലാം ഇന്ദ്രിയങ്ങളുടെ പരിധിക്കപ്പുറമാണ്. നമ്മുടെ പിന്നിൽ ദൈവമുണ്ട്. ആ ഭാഗം നമ്മൾ കാണുന്നില്ലല്ലോ. അജ്ഞാതവും അപ്രവചനീയവുമായതെല്ലാം ആ ലോകത്താണുള്ളത്. അതിലേക്ക് നമ്മൾ എത്തിച്ചേരുമോ ?അതിനാണ് പ്രാർത്ഥന. നമ്മുടെ മിനിമം യോഗ്യത ഒരു പ്രാർത്ഥന സ്വാർത്ഥതയോ തിന്മയോ ഇല്ലാതെ ഉൾക്കൊള്ളുന്നതിലാണ്. ദൈവം ചിന്താസന്താനമാണെന്ന് ഗുരു ‘സുബ്രഹ്മണ്യകീർത്തന’ത്തിൽ പറഞ്ഞിട്ടുണ്ട്. അതിന് സമാനമായി കുമാരനാശാൻ ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങുമീശൻ എന്ന് എഴുതിയത് ഓർക്കുക.അതിൻ്റെയർത്ഥം ദൈവം നമ്മുടെ മനസ്സിന്റെ ആകാശത്തിലെ ഒരു സൃഷ്ടിയാണെന്നാണ് .നമ്മളാണ് അത് സൃഷ്ടിച്ചത്. നമ്മുടെ ലോകത്താണ് അതുള്ളത്. ആ ദൈവത്തെ അറിയുക എന്നാൽ നമ്മെ അറിയുക എന്നാണർത്ഥം. അതിനുള്ളതാണ് ദൈവദശകം. ഗുരുവിന്റെ സ്വാതന്ത്ര്യസങ്കല്പം ദൈവദശകത്തിലുണ്ട്.മനുഷ്യൻ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കപ്പെടണമെങ്കിൽ അവൻ ആഗ്രഹിക്കണം. ഒരു ജനാധിപത്യ സമൂഹത്തിൽ ജനങ്ങൾ എല്ലാവരും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യൻ ദൈവശാസ്ത്രജ്ഞനായ നികോളൈ ബെർദ്യേവ് പറഞ്ഞത് ശ്രദ്ധേയമാണ്. സ്വതന്ത്രമാക്കാൻ വരുന്നവരെ ആളുകൾ തിരിച്ചറിയണമെന്നില്ല .ചങ്ങലകളെ സ്നേഹിക്കുന്നവരാണ് അധികവും. അതിൻ്റെ കാരണം ഇതാണ്: ചങ്ങലകളെ സ്നേഹിച്ചു കഴിഞ്ഞാൽ സ്വതന്ത്രമായ തീരുമാനമെടുക്കുന്നതിൽ നിന്ന് രക്ഷപ്പെടാം. അപ്പോൾ ഒന്നിന്റെയും ഉത്തരവാദിത്വം വേണ്ടല്ലോ.എന്നാൽ ഒരു ഗുരു പറയുന്നത് നമ്മൾ സ്വാതന്ത്ര്യത്തോടെ ദൈവത്തെ കാണണമെന്നാണ്. അതിനാണ് അരുവിപ്പുറത്ത് ശിവനെ പ്രതിഷ്ഠിച്ചത്. മനുഷ്യർക്ക് അവരുടെ ദൈവത്തെ മനസ്സിലാക്കാനുള്ള വഴിയാണത്. ദൈവത്തിൻ്റെ ചരട് കൊണ്ടാണ് നമ്മെ ബന്ധിച്ചിരിക്കുന്നത് .എന്താണ് ആ ചരട് ? സ്നേഹമാണത്. സ്നേഹിക്കുമ്പോഴാണ് നമുക്ക് മനുഷ്യൻ എന്ന പദത്തിൻ്റെ അർത്ഥം കിട്ടുന്നത്. ടോൾസ്റ്റോയ് ഒരു കഥയിൽ ചോദിച്ചു, എന്തുകൊണ്ടാണ് മനുഷ്യൻ ജീവിക്കുന്നതെന്ന്. അതിനുള്ള ഉത്തരവും അദ്ദേഹം നൽകി :സ്നേഹം കൊണ്ടാണ് നമ്മൾ ജീവിക്കുന്നത്. നമുക്ക് ആരെയെങ്കിലും സ്നേഹിക്കാതെ ജീവിക്കാനാകില്ല. അങ്ങനെയാണ് ജീവിതത്തിൽ അർത്ഥമുണ്ടാകുന്നത് – ഹരികുമാർ ചൂണ്ടിക്കാട്ടി.

പ്രൊഫ. ഗീതാ സുരാജ് ഗുരുവിൻ്റെ ഹോമമന്ത്രത്തെക്കുറിച്ച് ക്ളാസെടുക്കുന്നു. സേവാസംഘം സെക്രട്ടറി പി.പി.രാജൻ ,ധർമ്മചൈതന്യ സ്വാമി ,എം.കെ.ഹരികുമാർ എന്നിവർ സമീപം

ദൈവഗോത്രത്തിൽ എത്തിയോ ?

അടിമത്തത്തിൽ നിന്ന് ദൈവഗോത്രത്തിലേക്ക് സഞ്ചരിക്കുന്നതിന് നമ്മെ പ്രാപ്തമാക്കുകയാണ് ഗുരു ചെയ്തത്. എന്നാൽ നമ്മൾ ദൈവഗോത്രത്തിൽ എത്തിയോ? ഗുരുവിന്റെ ചിത്രം വെച്ചതുകൊണ്ടോ മണ്ഡപം പണിതത് കൊണ്ടോ മാത്രമായില്ല .നിത്യപ്രാർത്ഥന ഉണ്ടാവണം. ഞാൻ ആദ്യം വായിച്ച് കൃതി ദൈവദശകമാണ്. വീട്ടിൽ അമ്മ അത് ചൊല്ലുമായിരുന്നു. കുട്ടിക്കാലത്ത് തന്നെ ഞാനത് കേട്ടു. അത് എനിക്ക് സ്വതന്ത്രമാകാനുള്ള ഉപദേശമാണ് നൽകിയത്. സ്വതന്ത്രനായാലേ നമുക്ക് ദൈവത്തിനു നേർക്ക് നോക്കാനാവൂ.എന്നാൽ എവിടെയാണ് ദൈവമുള്ളത് ?സകല ചരാചരങ്ങളും സ്നേഹത്താൽ കോർത്തിട്ടിരിക്കുകയാണ്.

നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും

എന്ന് ഗുരു എഴുതുന്നത് മഹത്തായ ഒരു ദൈവഗോത്രത്തെ ഓർമിപ്പിക്കുന്നു. ഞാൻ ഒരു സൃഷ്ടിയാണ് .എനിക്ക് മാതാപിതാക്കളുണ്ടല്ലോ. ഞാൻ സ്രഷ്ടാവാണ്. ഞാൻ പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. അതെല്ലാം സൃഷ്ടികളാണ്. ആശയം സൃഷ്ടിയാണ് .എല്ലാ നിർമ്മിതികളും സൃഷ്ടിയാണ്. എന്നാൽ സൃഷ്ടിജാലമോ? സൃഷ്ടിരൂപങ്ങളുടെ മഹാശൃംഖലയാണത്. സ്നേഹിക്കുമ്പോഴാണ് നമ്മുടെ വസ്തുക്കൾ ജീവിക്കുന്നത്. നമ്മൾ ഉപയോഗിക്കുമ്പോൾ നമ്മുടെ സ്നേഹം പ്രകടമാകും. തുടച്ചു മിനക്കുമ്പോൾ വസ്തുക്കൾ ജീവിക്കുകയാണ്. എന്നാൽ ദിവസങ്ങളോ, മാസങ്ങളോ, വർഷങ്ങളോ നാം ഒരു വസ്തുവിനെ അവഗണിച്ചാൽ അത് ആത്മഹത്യ ചെയ്യും. വേറൊരു വഴി അതിനു മുന്നിലില്ല .ഒരു കാക്കയ്ക്ക് നിത്യവും വെള്ളം കൊടുത്താൽ അത് നിങ്ങളെ വിട്ടു പോകില്ല .അതിന് ആകെ അറിയാവുന്നത് സ്നേഹമാണ്. പിന്നീട് വെള്ളം കൊടുത്തില്ലെങ്കിലും അത് നമ്മെ ഉപേക്ഷിക്കുകയില്ല .എല്ലാ വസ്തുക്കളെയും സ്നേഹമെന്ന ചരട് കൊണ്ട് ദൈവം ബന്ധിച്ചിരിക്കുന്നു.ഈ തിരിച്ചറിവോടെ പ്രാർത്ഥിക്കുമ്പോൾ അതിൻ്റെ പരിണാമഫലങ്ങൾ നമ്മളിലേക്ക് തന്നെ തിരിച്ചു വരുന്നു. നമ്മൾ തീക്ഷ്ണമായി ആഗ്രഹിക്കുന്നതും സ്നേഹിക്കുന്നതും ഒരു ഫലമുണ്ടാക്കുന്നു. അത് അനുകൂല ഫലമാവുകയാണ്. അങ്ങനെയാണ് ദൈവത്തെ മഹത്വപ്പെടുത്തേണ്ടത് .സർഗാത്മക പ്രവർത്തനത്തിൽ ഈ ആഗ്രഹത്തിന് പ്രാധാന്യമുണ്ട് .അതിലൂടെ ദൈവം പ്രവർത്തിക്കാൻ തുടങ്ങുന്നു. നമ്മുടെ സദ്ചിന്തകളുടെ പരിണാമഫലമാണത്- ഹരികുമാർ പറഞ്ഞു.

മലയാളസിനിമയിൽ ശ്രീനാരായണഗുരുവിനു വിലക്കുള്ളതു പോലെ തോന്നുന്നതായി ഹരികുമാർ അറിയിച്ചു. എട്ടു പതിറ്റാണ്ടുകൾ പിന്നിട്ട മലയാളസിനിമയിൽ ഗുരുവിൻ്റെ ഒരു ഫോട്ടോ വൃത്തിയായി ഇതുവരെയും കാണിച്ചിട്ടില്ല. ഗുരു പൊതുമണ്ഡലത്തിൽ എന്തുകൊണ്ടാണ് അയിത്തം അനുഭവിക്കുന്നതെന്ന് ചിന്തിക്കേണ്ട ഘട്ടമാണിത്. ഗുരുവിന്റെ ഫോട്ടോ ഭാഗികമായി കാണിച്ചതുകൊണ്ടായില്ല. ഗുരുവിനു പൊതുധാരയിൽ ഇടമുണ്ടാകണം. ഗുരു സ്വതന്ത്രവും സത്യസന്ധവും ദയാപരവുമായ ഒരു സാംസ്കാരിക അനുഭവമാണ് -ഹരികുമാർ പറഞ്ഞു.

ശ്രീനാരായണ സേവാ സംഘം പ്രസിഡൻറ് അഡ്വ. എൻ.ഡി.പ്രേമചന്ദ്രൻൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഗ്രികൾച്ചർ പ്രിൻസിപ്പൽ സെക്രട്ടറി ബി .അശോക് ഉദ്ഘാടനം ചെയ്തു. എം.കെ. സാനു അനുഗ്രഹ പ്രഭാഷണം നടത്തി. സേവാസംഘം സെക്രട്ടറി പി.പി.രാജൻ സ്വാഗതം പറഞ്ഞു. ധർമ്മചൈതന്യസ്വാമി പ്രസംഗിച്ചു. ഡോ.എസ്.ഡി.സിംഗ്, പ്രൊഫ.പി.ആർ. വെങ്കട്ടരാമൻ, നാഷണൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടർ പ്രൊഫ. ജി. മോഹൻ ഗോപാൽ ,പിന്നോക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ പി.ആർ. ജോഷി ,പ്രൊഫ. ഗീതാ സുരാജ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.

You can share this post!