ഋതുസംക്രമം-43

 

തറവാട്ടിൽ നിന്നും മുത്തശ്ശിയെ കൂട്ടിക്കൊണ്ടു വരാൻ വിനുവിനെ ഏർപ്പാട് ചെയ്തു . മുത്തശ്ശന്റെ മരണശേഷം അയ്യപ്പനമ്മാവൻ എങ്ങും പോയില്ല . കാര്യങ്ങൾനോക്കി തറവാട്ടിൽ തന്നെ താമസിച്ചു . . കാർത്തിക വല്യമ്മയുടെ കാര്യങ്ങൾ വിനുവും നോക്കി നടത്തി. അതുകൊണ്ടു മുത്തശ്ശിക്ക് തന്റെ ഒപ്പം വന്നു നിൽക്കാൻ വിഷമമുണ്ടായില്ല .തന്റെ ബംഗ്ലാവ് കണ്ടിട്ടു മുത്തശ്ശി പറഞ്ഞു

ഇത്രയും വലിയ ബംഗ്ലാവില് അമ്മുവിനോടൊപ്പം താമസ്സിക്കാൻ കഴിയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല്യ . മുത്തശ്ശന് ഈ ഭാഗ്യോന്നും കിട്ടീല്ല്യ ല്ലോന്ന്ള്ള വിഷമം മാത്രേ ഇപ്പോഎനിക്കുള്ളൂ . ”

ശരിയാ മുത്തശ്ശി. മുത്തശ്ശനുണ്ടായിരുന്നുവെങ്കിൽ ഇപ്പോഴിവിടെ കൊണ്ട് വന്നു നല്ല ചികിത്സകൊടുക്കാമായിരുന്നു.” താൻ ഹതാശയായി പറഞ്ഞു .

മുത്തശിയുടെ വാത്സല്യം നുകർന്ന് സന്തോഷഭരിതമായ ദിനങ്ങൾ ഒഴുകി നീങ്ങിക്കൊണ്ടിരുന്നു .

ഒരു ഞായറാഴ്ച ആരതിയുടെ ഫോൺ കാൾ തന്നെ തേടിയെത്തി .

.ആരതിക്ക് പാലക്കാട്ടും നിധീഷിന് തൃശൂരും അസിസ്റ്റന്റ് കമ്മീഷണർമാരായി പോസ്റ്റിങ്ങ് ആയി എന്നവൾ അറിയിച്ചു . പതിവുപോലെ, ”എന്റെ ഈ ഉയർച്ചക്കെല്ലാം കാരണം പ്രിയേച്ചിയാണെന്ന് വികാരഭരിതയായി പറഞ്ഞ് അവൾ തന്നെ പുകഴ്ത്താനും മറന്നില്ല . നിധീഷിനെപ്പോലെ ആരതിയെ മനസ്സിലാക്കുന്ന നല്ല ഒരു ഫ്രണ്ടിനെ കിട്ടിയത് ആരതിയുടെ ഭാഗ്യമാണെന്നു താനും പറഞ്ഞു. അവർ തമ്മിലുള്ള വിവാഹം എത്രയുംപെട്ടെന്നു നടന്നു കാണാൻ താൻ ആഗ്രഹിക്കുന്നതായും അറിയിച്ചു .

അത് പ്രിയേച്ചിയും മനീഷ് സാറും കൂടി നടത്തിത്തന്നാൽ മതി . അതിനു മുമ്പ് പ്രിയേച്ചിയുടെയും മനുസാറിന്റെയും വിവാഹം നടന്നു കാണാനാണ് എനിക്ക് ആഗ്രഹംഅവൾ പറഞ്ഞു .

ഞങ്ങളുടെ വിവാഹം ഉടനെയൊന്നും നടക്കുമെന്ന് തോന്നുന്നില്ല . കാരണം ഉണ്ണിമായയുടെ വിവാഹം നടക്കാത്തത് കാരണം മനുവേട്ടന്റെ അമ്മ ഇതുവരെ അതിനായി സമ്മതം മൂളിയിട്ടില്ല . പക്ഷെ നിങ്ങൾ ഇരുവരുടെയും വിവാഹത്തെക്കുറിച്ച് ഞങ്ങൾ ഉടൻ തന്നെശിവൻ കുട്ടി അമ്മാവനുമായി ആലോചിക്കുന്നുണ്ട് .”താൻ പറഞ്ഞത് കേട്ട് ആരതി പറഞ്ഞുഎങ്കിൽ ചേച്ചിയുടെ ഇഷ്ടം ”.

അവൾക്കും ആ വിവാഹം ഉടൻ നടന്നുകാണുവാൻ ആഗ്രഹമുള്ളതായി തോന്നി .അവളുടെ ജീവിതം വീണ്ടും തളിരണിയുന്നതു കണ്ടു താൻ ആഹ്ലാദിച്ചു . എല്ലാ മംഗളങ്ങളും അവൾക്കുണ്ടാകട്ടെ എന്നു താൻ ആശിർവചിച്ചു .ഔദ്യോഗിക ജീവിതത്തിൽ ആരതിയുടെ സഹായം തനിക്കു ആവശ്യമായി വരുമെന്നറിയിച്ച് താൻ ഫോൺ വച്ചു

ഔദ്യോഗിക ജീവിതത്തിൽ ഗൗരവമായി ഏർപ്പെട്ടു കഴിഞ്ഞപ്പോഴാണ് ഐ എ എസ് നേടുന്നതിന് മുമ്പ് തന്റെ മനസ്സിൽ ഉടലെടുത്തിരുന്ന ചില ആശയങ്ങളെക്കുറിച്ച് ആലോചിച്ചത് . അതിനുള്ള പ്രയത്‌നങ്ങൾ തുടങ്ങുകയും ചെയ്തു . കുടുംബശ്രീ പോലെയുള്ള കൂട്ടായ്മകളെ അതിനായി ഉപയോഗപ്പെടുത്തുകയാണ് ആദ്യം ചെയ്തത് . കുടുംബശ്രീയുടെ തലപ്പത്തുള്ളവരെ വിളിച്ചു വരുത്തി കരാട്ടെയും കളരിയും പോലെയുള്ള അഭ്യാസ മുറകൾ സ്ത്രീകളെ അഭ്യസിപ്പിക്കുന്നതിനെപ്പറ്റിയാലോചിച്ചു . മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗഡ് അതിനായി ഉപയോഗപ്പെടുത്തി . പരിശീലനം സിദ്ധിച്ച ഒരധ്യാപകനെയും ഏർപ്പെടുത്തി . എന്നും രാവിലെ ഏതാനും സ്ത്രീകളും കൗമാരക്കാരായ ഏതാനുംകുട്ടികളും കരാട്ടെ ,കളരി പരിശീലനത്തിനായി അവിടെ എത്തിക്കൊണ്ടിരുന്നു . അതിനടുത്തു ഒഴിഞ്ഞു കിടന്നിരുന്ന ഒരു കെട്ടിടം വാടകക്കെടുത്ത് അവിടെ സ്ത്രീകളുടെ ക്ഷേമത്തിനായി ചില പദ്ധതികളും ഏർപ്പെടുത്തി . ഒരു പപ്പട നിർമാണ യുണിറ്റ്, ജാം ,കറിപ്പൊടികൾ, പിന്നെ ബൾബ് നിർമാണം, കുട നിർമാണം ,പേപ്പർ കവർ നിർമാണം ,തയ്യൽ , ഫ്ലവർ അറേഞ്ച് മെന്റ് , പച്ചക്കറി തോട്ടം എന്നിവയിൽ പരിശീലനവും തൊഴിലും നൽകി . ജീവിതത്തിൽ ഉദ്ദേശ്യലക്ഷ്യത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞപ്പോൾ തൻറെ ദിനങ്ങൾ കൂടുതൽഉത്സാഹഭരിതമായി . ഒരുദിനം ഓഫീസിലിരിക്കുമ്പോൾ പ്യൂൺ വന്നറിയിച്ചു .

മാഡത്തിനെക്കാണുവാൻ ഒരു പ്രായം ചെന്ന സ്ത്രീ വന്നിട്ടുണ്ട് . അവർക്കു മാഡത്തിനെ അറിയാമെന്നു പറയുന്നു ”.

അതാരായിരിക്കുമെന്നു താനത്ഭുതപ്പെട്ടു . എന്നാൽ പ്യൂണിനോടൊപ്പം മുറിയിലേക്ക് കടന്നു വന്ന അവശയായ വൃദ്ധയെ തനിക്കു മനസ്സിലായില്ല . അവർ ആരായിരിക്കുമെന്നു ഓർത്തുകൊണ്ടിരിക്കുമ്പോൾ ആ സ്ത്രീ തൻറെ കാലുകളിൽ വീണു പൊട്ടിക്കരയാൻ തുടങ്ങി .

കുഞ്ഞേ ,കുഞ്ഞിനെന്നെ ഓർമയുണ്ടാവുകയി ല്ലെന്നറിയാം ഒരിക്കൽപട്ടണത്തിൽ നിന്ന് തിരിച്ചുള്ള യാത്രയിൽ നമ്മൾ പരിചയപ്പെട്ടിയിട്ടുണ്ട് . എന്റെ പേര് മന്ദാകിനി ”.

പെട്ടെന്ന് തനിക്ക് ആ സ്ത്രീയെ ഓർമ വന്നു . ഒരിക്കൽ തറവാട്ടിലേക്കുള്ള യാത്രക്കിടയിൽ ബസ്സിൽ വച്ച് കണ്ട ആ കർഷക സ്ത്രീ മനസ്സിലേക്കോടിയെത്തി . ‘

കുഞ്ഞേ , കുഞ്ഞു അന്ന് പറഞ്ഞിരുന്നു .കളക്ടറായി ഈ നാട്ടിൽ വന്നാൽ കുഞ്ഞു ഞങ്ങളെപ്പോലുള്ള സ്ത്രീകൾക്ക് വേണ്ടി പലതും പ്രവർത്തിക്കുമെന്ന് . ഇന്നിപ്പോൾ ഞാൻ കുഞ്ഞിന്റെ കരുണക്കായി യാചിക്കുകയാണ് . എന്റെ മകൻ ബാങ്കിൽ നിന്ന് ലോണെടുത്ത പൈസ തിരിച്ചടക്കാൻ കഴിയാതെ ആത്മഹത്യ ചെയ്തു കുഞ്ഞേ . കർഷകയായ ഞാനും മകന്റെ ഭാര്യയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളും ഇന്ന് ജീവിക്കാൻ വഴികാണാതെ ഉഴലുകയാണ് .കുഞ്ഞു ഞങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം ഞങ്ങളുടെ വീട് ജപ്തി ഭീഷണിയിലാണ്. ഞങ്ങളെ അവിടെ നിന്നുമിറക്കി വിട്ടാൽ ഞങ്ങൾ എങ്ങോട്ടുപോകും കുഞ്ഞേ .പട്ടിണിയിലായ ഞങ്ങളുമിപ്പോൾ ആത്മഹത്യയുടെ വക്കിലാണ് കുഞ്ഞേ ” .തന്റെ പാദങ്ങൾ അവരുടെ കണ്ണീരിൽ കുതിർന്നു നനഞ്ഞു . താൻ അവരെ പിടിച്ചെഴുന്നേല്പിച്ചു കണ്ണുനീർ തുടച്ചു നീക്കി പറഞ്ഞു .

”’അമ്മ കരയരുത് .നമുക്കെല്ലാറ്റിനും പരിഹാരമുണ്ടാക്കാം ” . പിന്നെ അവരെ തന്റെ അരികിൽ പിടിച്ചിരുത്തി

അവരെക്കണ്ടപ്പോൾ ദിവസങ്ങളായി അവർ പട്ടിണിയിലാണെന്നു തോന്നി .പ്യൂണിനെ പറഞ്ഞയച്ച് ചായയും പലഹാരങ്ങളും വാങ്ങി നൽകി . അതോടെ അവർ സന്തോഷഭരിതയായി പറഞ്ഞു .

ഇപ്പോൾ എനിക്ക് ആത്മവിശ്വാസമുണ്ട് ഞങ്ങൾ രക്ഷപ്പെടുമെന്ന് . കുഞ്ഞിനെ പരിചയപ്പെട്ടത് എന്റെ ഭാഗ്യമാണ് . കുഞ്ഞ് ഞങ്ങളുടെ ദൈവമാണ് . ”

ആ സ്ത്രീയുടെ ആത്മ രോദനങ്ങൾ ഒരു കൊടുങ്കാറ്റായി എന്റെ ഹൃദയഭിത്തിയിൽ ആഞ്ഞടിച്ചു .താൻ നേരിട്ട് തന്നെ ഇടപെട്ടു ബാങ്കിന്റെ ജപ്തി നടപടികൾ മാറ്റി വയ്പ്പിക്കുകയും അവർക്കു വേണ്ടുന്ന സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്തു . അതോടെ ദൈവഹിതമനുസരിച്ച് ഒരു വലിയ കർത്തവ്യം നിറവേറ്റിയ ചാരിതാർഥ്യം തോന്നി .ഒരിക്കൽക്കൂടി മുത്തശ്ശന്റെ വാക്കുകൾ ഓർത്തു .”അന്യായമായ എന്തിനെയും നേരിടണം. പാവങ്ങളെ സഹായിക്കണം

അന്ന് സംതൃപ്തിയോടെ ഉറങ്ങാൻ കിടന്നപ്പോഴും ആ വാക്കുകൾ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു . അപ്പോൾ മുത്തശ്ശന്റെ തലോടൽ തന്നെ തഴുകി ഉറക്കുന്നതായി തോന്നി . .

വർഷങ്ങൾ അതിവേഗംമുന്നോട്ടു കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു . മാറി വരുന്ന ഋതുക്കൾക്കനുസരിച്ച് തന്റെ ശരീരത്തിലും മാറ്റങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി . ഇതിനിടയിൽ എത്രയെത്ര സ്ഥലങ്ങളിൽ തനിക്കു ജോലി ചെയ്യേണ്ടി വന്നുവെന്ന് ഓർത്തു നോക്കി . ഈരണ്ടു വർഷം കൂടുമ്പോൾ താൻ പല സ്ഥലങ്ങളിലേക്കും സ്ഥലം മാറ്റപ്പെട്ടു .പലപ്പോഴും അധികാരികളുമായി ഇടയേണ്ടി വന്നതാണ് അതിനു കാരണം . ഇതിനിടയിൽ ഒരേ രാഷ്ട്രീയപാർട്ടി തന്നെ അധികാരത്തിലേറുകയും ഒരേ ആൾ തന്നെ റവന്യു മന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു , സ്ത്രീ ലംബടനായ അയാളെക്കൊണ്ട് കുറച്ചൊന്നുമല്ല ശല്യമേൽക്കേണ്ടി വന്നിട്ടുള്ളത് .

നിങ്ങൾ ഇപ്പോഴും അവിവാഹിതയായി ഇരിക്കുന്നത് കൊണ്ട് തന്നെ നിങ്ങളുടെ സൗന്ദര്യം ഇപ്പോഴും ചോർന്നിട്ടില്ല .”എന്ന് പറഞ്ഞാണയാൾ ഒരു ഔദ്യോഗിക മീറ്റിങ്ങിനൊടുവിൽ തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ചത് .

മാത്രമല്ല പണ്ടത്തെ ഫ്യൂഡൽ വ്യവസ്ഥിതിയുടെയും ജാതിസ്പർദ്ധയുടെയും ആചാര്യനുമായിരുന്നു അയാൾ .അന്ന് അയാളുടെശാരീരികമായ ആക്രമണത്തെ ശക്തമായി എതിരിട്ടപ്പോൾ അയാൾ ചോദിക്കുന്നത് കേട്ടു .”ഒരു കീഴ്ജാതിക്കാരി യുവതിക്കെന്തിനാണ് ചാരിത്ര ശുദ്ധിയെന്ന്” .ആ വാക്കുകൾ മല്പിടുത്തതിനിടയിലും തന്നിലെ സ്ത്രീത്വത്തെ ഉണർത്തി .എവിടെ നിന്നോ കടന്നു വന്ന ആത്മധൈര്യം ഉപയോഗിച്ച് അയാളുടെ ചെകിട്ടത്തു തന്നെകൈകൊണ്ടു ആഞ്ഞു വീശി ഒന്ന് കൊടുത്തു . സ്തബ്ധനായ അയാളിൽ നിന്ന് ഒഴിഞ്ഞു മാറി വാതിൽക്കലേക്ക് ഓടുമ്പോൾ ആക്രോശിച്ചു .

ഞങ്ങളുടെ ആത്മാഭിമാനവും ശരീരവും നിന്നെപ്പോലുള്ളവർക്ക് അടിയറവക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണ് . ഈ ജോലി നഷ്ടപ്പെട്ടാലും തനിക്കു കീഴടങ്ങാൻ ഞാൻ തയ്യാറാവുകയില്ല ” .

പുലിയെപ്പോലെ ചീറ്റിക്കൊണ്ടു താനതു പറയുമ്പോൾ അയാൾ വർധിത കോപത്തോടെ തന്റെ നേരെ പാഞ്ഞടുത്തു . അപ്പോൾ ട്രെയ്നിങ്ങിനിടയിൽ പഠിച്ച കരാട്ടെ ഉപയോഗിച്ച് അയാളോടെതിരിട്ടു . അപ്പോഴാണ് വാച്ച് ആൻഡ് വാർഡിലെ ഉദ്യോഗസ്ഥൻ അങ്ങോട്ടുകടന്നുവന്നത് അയാളെ കണ്ടതോടുകൂടി ബലപ്രയോഗം ഉപേക്ഷിച്ച മന്ത്രി ഒന്നുമറിയാത്ത മട്ടിൽ നടന്നുപോയി . പൊട്ടിക്കരഞ്ഞ തന്നെ നോക്കി ആ വൃദ്ധൻ പറഞ്ഞു .

എനിക്കെല്ലാം മനസ്സിലായി കുഞ്ഞേ.എനിക്കറിയാം അയാളുടെ സ്വഭാവം . ഇതിനു മുൻപ് എത്ര പെണ്ണുങ്ങളെയാണെന്നോ അയാൾഭീഷണിപ്പെടുത്തി ദ്രോഹിച്ചിട്ടുള്ളത് .അപമാനം സഹിച്ചു ഒന്നും മിണ്ടാതെ അവരെല്ലാം സഹിച്ചു . നമ്മുടെ നാടിനു തന്നെ അപമാനമായ ഇയാളെപ്പോലുള്ളവരെ രാജ്യദ്രോഹികളായി മുദ്ര കുത്തി കഴുവിലേറ്റുകയാണ് വേണ്ടത് . പണ്ടത്തെ രാജഭരണകാലത്തെപ്പോലെ . എങ്കിലേ കുഞ്ഞിനെപ്പോലുള്ളവർ രക്ഷപ്പെടുകയുള്ളൂ

ആ വാക്കുകൾ കേട്ടതോടെ മനസിലുറച്ചു ഇയാളെ വെറുതെ വിടുകയില്ലെന്ന് .മന്ത്രിസഭക്ക് തന്നെ അപമാനമായ അയാളെ സമൂഹ വിചാരണക്ക് വിധേയനാക്കുമെന്ന് .

. ഏറെ മനസ്സിനെ ഉലച്ച ആ സംഭവം താനറിയാതെ തന്നെ പെട്ടെന്ന് വാർത്താപ്രാധാന്യമുള്ളതായിത്തീർന്നു.

വനിതാകമ്മീഷനിൽ താൻ നൽകിയ പരാതി അതിന്റെ ഗതിവേഗം കൂട്ടി

പത്രമാധ്യമങ്ങളും ടെലിവിഷനും കൊട്ടിഘോഷങ്ങൾ തുടർന്നതോടെ മനുവേട്ടൻ ധൈര്യം പകർന്നു കൂടെ നിന്നു . ഇതിനിടെറവന്യൂ മന്ത്രിയുടെ സിനിമാ തിയേറ്റർ സ്ഥിതി ചെയ്യുന്ന സ്ഥലം കയ്യേറ്റഭൂമിയാണെന്നും, അഴിമതിയിലൂടെ അയാൾ ധാരാളം പണം സമ്പാദിച്ചിട്ടുണ്ടെന്നും തനിക്കു തെളിയിക്കാൻ കഴിഞ്ഞു മറ്റു രാഷ്ട്രീയപ്പാർട്ടികളുടെ സമ്മർദം ഏറിയതോടെ മന്ത്രിസഭയിൽ നിന്നും റവന്യു മന്ത്രിയെ പുറത്താക്കാൻ തനിക്കു കഴിഞ്ഞു . അങ്ങനെ മന്ത്രി സഭയുടെ അപ്രീതിക്ക് താൻ പാത്രമാവുകയും സ്ഥലം മാറ്റങ്ങൾ നിത്യസംഭവമാവുകയും ചെയ്തു .

ഈ സംഭവ വികാസങ്ങൾക്കിടയിൽ തന്നെക്കുറിച്ച് അപവാദം പറഞ്ഞു പരത്താനും ആരൊക്കെയോ ശ്രമിച്ചുകൊണ്ടിരുന്നു .എങ്കിലും ഒരിക്കൽ പോലും മനഃസാന്നിദ്ധ്യം കൈവിടാതിരിക്കാൻ അച്ഛന്റേയും, മുത്തശ്ശന്റെയും, മനുവേട്ടന്റെയും ഉപദേശങ്ങൾ സഹായിച്ചു. അപവാദങ്ങൾകേട്ട്മറ്റൊരു വിവാഹത്തിന് അമ്മ മനുവേട്ടനെ കൂടുതൽ നിർബന്ധിക്കാൻ തുടങ്ങിയതോടെ ഞങ്ങൾ പ്രതിസന്ധിയിലായി . ഉണ്ണിമായയുടെ വിവാഹവും അവരുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായി നിലനിന്നു . മാറി വന്ന ഋതുക്കൾക്കിടയിൽ താനുമായി ബന്ധപ്പെട്ടവർക്കിടയിലും മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരുന്നു . ഇതിനിടയിൽ പഠിക്കാൻ മിടുക്കിയായ ഉണ്ണിമായ എംഡി പഠനം പൂർത്തിയാക്കുകയും പാലക്കാട് ഒരു ഹോസ്പിറ്റലിൽ ഡോക്ടറായി പ്രാക്ടീസ് തുടങ്ങുകയും ചെയ്തു . എൽ എൽ എം പാസ്സായ വിനു അഡ്വക്കേറ്റായിപാലക്കാട്ടു തന്നെ വക്കീലായി പ്രാക്ടീസ് ആരംഭിച്ചു . വളരെ പെട്ടെന്ന് തന്നെ ഒരു നല്ല വക്കീലെന്ന പേര് അവൻ സമ്പാദിച്ചെടുക്കുകയും ചെയ്തു . സി എ കഴിഞ്ഞ രഞ്ജിനി ഇംഗ്ലണ്ടിലേക്കു യാത്രയായി . അവിടെ ഒരു കമ്പനിയിൽ അവൾക്ക് ജോലി ലഭിച്ചു .തന്റെ സ്ഥലംമാറ്റങ്ങൾ കൂടി വന്നതോടെ മുത്തശ്ശി തറവാട്ടിലേക്ക് മടങ്ങിപ്പോയിരുന്നു . പ്രായം ഏറി വരുന്നതനുസരിച്ച് മുത്തശ്ശിയുടെ അവശതയും കൂടിവന്നു . ഒടുവിൽ ശയ്യാവലംബിതയായിത്തീർന്നു . ഓർമകൾ മരവിച്ചു തുടങ്ങിയ മുത്തശ്ശി ഒരു മരപ്പാവ കണക്കെ പലപ്പോഴും ചലനമറ്റിരുന്നു . കാർത്തിക വല്യമ്മ ഒരു നിഴലായി മുത്തശിയുടെ കൂടെ നിന്നു . മുത്തശ്ശിയെ കാണുമ്പോൾ തന്നിൽ ദുഃഖം അലകടലായി പെയ്തിറങ്ങി . പഴയ കാലങ്ങളിലേക്കു മടങ്ങിപ്പോകാൻ മനസ് വെമ്പി . നാട്ടിൽ ചെല്ലുമ്പോഴൊക്കെ മനുവേട്ടനെ കാണാൻ താൻ ശ്രമിച്ചിരുന്നു കാലം നേരിയ വെള്ളിവരകൾ തീർത്തു തുടങ്ങിയ ആ മുഖം കാണുമ്പോൾ പലപ്പോഴും കുറ്റബോധം ഒരു കിനാവള്ളി പോലെ തന്നെ വരിഞ്ഞു മുറുക്കി . താൻ കാരണം മനുവേട്ടനും അവിവാഹിതനായി കഴിയേണ്ടിവരുന്നുവല്ലോ . മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ചു സുഖമായി ജീവിക്കാൻ താൻ നിർബന്ധിച്ചു നോക്കി . മനുവേട്ടനും തിരിച്ച് തന്നോടത് തന്നെ പറഞ്ഞു .അപ്പോഴാണ് ഒരിക്കലും വേർപിരിയാനാവാത്ത രണ്ടാത്മാക്കളായി തങ്ങളൊട്ടിച്ചേർന്നു കഴിഞ്ഞുവെന്ന് സ്വയമറിയുന്നത് . മറ്റൊരു വിവാഹം സങ്കൽപ്പിക്കാൻ പോലും തങ്ങൾക്കാവുമായിരുന്നില്ല . യുഗങ്ങളോളം തപസ്സു ചെയ്യേണ്ടി വന്നാലും താൻ മറ്റൊരാളുടെ ഭാര്യയാവുകയില്ലെന്ന് സ്വയമുറപ്പിച്ചിരുന്നു . മനുവേട്ടനും തന്നെയല്ലാതെ മറ്റൊരാളെ ഭാര്യക്കുകയില്ലെന്നും ഉറപ്പിച്ചിരുന്നു

കാലം ഒരു കോമാളിയെപ്പോലെ മുന്നോട്ടു കുതിച്ചു പാഞ്ഞു . പാലക്കാട് കളക്ടറായി തിരിച്ചെത്തിയ നാളുകളിലൊന്നിലായിരുന്നു അത് .രഞ്ജിനിക്കു ഒരു നല്ല വിവാഹാലോചന വന്നതായി അമ്മ തന്നെ അറിയിച്ചു . അവൾക്കു മുപ്പത് വയസ്സായത്രേ . തന്നെക്കാൾ അഞ്ചു വയസ്സിനിളപ്പമുണ്ടവൾക്ക് . ഇത്രയും കാലം ഇഷ്ടമുള്ള ഒരു വരനെത്തേടി നടക്കുകയായിരുന്നു അവൾ . ഇപ്പോൾ യുകെയിൽ അവൾക്കിഷ്ടപ്പെട്ട ഒരു മലയാളിപ്പയ്യനെ വരനായി അവൾ കണ്ടെത്തിയിരിക്കുന്നു . അത് നടത്തിക്കൊടുക്കുവാൻ പോവുകയാണെന്നും അമ്മ പറഞ്ഞു . അതെത്രയും പെട്ടെന്ന് നടന്നുകാണണമെന്നാണ് തന്റെയും ആഗ്രഹമെന്നും താൻ മറുപടി നൽകി . ഒടുവിൽ അവളുടെ അഭിലാഷമനുസരിച്ചു യുകെയിൽ വച്ച് ആ വിവാഹം നടന്നു . അച്ഛനുമമ്മയും ഗൾഫിൽ നിന്നും യുകെയിലേക്കു പോയി ആ വിവാഹത്തിൽ പങ്കുകൊണ്ടു . ഔദ്യോഗിക ചുമതലയുള്ളതു കൊണ്ട് തനിക്കു വരാൻ കഴിയുകയില്ലെന്ന് താനറിയിച്ചിരുന്നു . .

ഒരു ദിനം ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനിടയിലാണ് ആ ഫോൺ വന്നത്

You can share this post!

Donate Now

For several years I have been spending much amount of time and money each month to move IMPRESSIO and other sites in good level. It is a free and ad-free literature site. No staff and no revenue. It is a passion. If it is valuable to you, please consider aiding its work with a donation. It will help me to enlarge the categories and content. You can donate monthly or anytime in any amount.

AC details :
M.k.Harikumar
Federal Bank, koothattukulam
Account number
11530100071573
Ifs FDRL0001006