തിരക്കുള്ള നഗരവീഥി
മെട്രോയിൽ വന്നിറങ്ങുന്നവരുടെയും
കയറാനുള്ളവരുടെയും നിലയ്ക്കാത്ത പ്രവാഹം…
വാഹനങ്ങളെ വകഞ്ഞുമാറ്റി
വഴിയാത്രക്കാരുടെ പരക്കംപാച്ചിൽ
ചിരപരിചിതരും അപരിചിതരും
മുഖാമുഖം നോക്കാതെ
മുന്നോട്ട്…. മുന്നോട്ട്….
തൊട്ടടുത്താ പാതയോരത്ത്
ദുർഗ്ഗന്ധം വമിച്ചൊഴുകുമോട
മാലിന്യങ്ങളുടെയരികുപറ്റി
വരിവരിയായി നീങ്ങുമുറുമ്പുകൾ…
നഗര കോലാഹലങ്ങളിലെ
നിശ്ശബ്ദ സാന്നിദ്ധ്യമെങ്കിലും
മുഖത്തോട് മുഖം ചേർത്ത്
അവരെന്തൊക്കെയോ പറയുന്നുണ്ട്…
“ഓരോരുത്തരുമെല്ലാവരോടും
എല്ലാവരുമോരോരുത്തരോടും…”
മറ്റാരും കേൾക്കാതെ
അവരെന്താവാം കാതിലോതുന്നത് ?
തിക്കിത്തിരക്കിപ്പായുമാ
മനുഷ്യപാദങ്ങൾക്കടിയിൽ
പെട്ടുപോകരുതെന്നാണോ
അതോ,
മെട്രോപാലത്തിനും
ഫ്ലാറ്റ് മാലിന്യങ്ങൾക്കുമിടയ്ക്കുളെളാരു
മൂന്നാംലോക സൃഷ്ടിയെപ്പറ്റിയാണോ ?