ഈ സമയവും കടന്നു പോകും

 

‘ഈ സമയവും
കടന്നു പോകും,
മറ്റൊരു സമയത്തിന്റെ
കടവിൽ
അരയന്നങ്ങൾ നീന്തുന്ന
പുഴ’ നിറഞ്ഞൊഴുകുന്നത്
നോക്കി നാമിരിക്കും

സായാഹ്ന സൂര്യന്റെ
മഞ്ഞ വെളിച്ചം
നമുക്കായെന്തോ
തെങ്ങോലകളിൽ
വച്ച് മടങ്ങിപ്പോകും

ചിറകു കുരുത്ത
കുരുവികളായി നാം
ഓലത്തുമ്പത്ത്
ഊഞ്ഞാലാടും

ആകാശത്തെ
വെള്ളവിരിപ്പിട്ട
പഞ്ഞിക്കിടക്കയിൽ
കെട്ടിപ്പിടിച്ചുറങ്ങും

പെരുകുന്ന വൈറസ്സിന്റെ
പേടിയിൽനഗരമൊട്ടാകെ
ആശുപത്രിയിലേക്ക്
ഓടുന്ന ദുസ്വപ്നം കണ്ട്
ഞെട്ടിയുണരും
പരസ്പരം തൊടാതെ
കഴിഞ്ഞ അക്കാലം
ഓർമ്മകളിൽ പനിക്കും

ഇരുട്ട് തട്ടിമറച്ചെത്തുന്ന
ചുവന്ന സൂര്യൻ
പുതിയ പനിനീർപ്പൂക്കൾ
നമുക്ക് സമ്മാനിക്കും
പറിച്ചെടുക്കാതെ
നാമതിന്റെ മണമാസ്വദിക്കും

 

ശ്രീല.വി.വി.

You can share this post!