ഈ ഏകാന്തമാം കടൽതീരത്ത് !

അസ്തമയസൂര്യന്റെ ഓരത്ത്
നിന്നൊരു നിലാപൊട്ട്,
നിൻ വഴിത്താരകളിൽ നിന്നൊഴിഞ്ഞൊഴിഞ്ഞ്
മുഖം മറച്ചു മൂടുപടമിട്ടു
മാറി നിൽക്കുന്നിതാ…
ഈ ഏകാന്തമാം കടൽതീരത്ത് !

അടരും കണ്ണികൾക്കിടയിൽ ഒരു കവിത പോലും
എഴുതാൻ മറന്നു പോയ്
പൂർണസ്വരൂപനേ …
ഒരു മഹാമേരുപോൽ നീയിങ്ങനെ നിൽക്കുമ്പോൾ ഞാനെഴുതുവതെങ്ങിനെ …?

വേരുകൾ പടർത്തി പന്തലിച്ചു നിൽക്കും മഹാവൃക്ഷശാഖിയായ്;
കവിതതൻ തീരത്ത് പൊട്ടിയ വളപ്പൊട്ടു പോലെ തകർന്ന് തകർന്ന് … …
പുതുകവിതകളുടെ സാംഗത്യമറിയാതെ ,
തിരസ്കാരതീക്ഷ്ണങ്ങളിൽ കണ്ണീരുണങ്ങാപ്പാടത്തെ യൊറ്റക്കൊറ്റിയായ്!
……………………………….

അകലെ നടുക്കടലിൽ ഒരു പായ് വഞ്ചി …
അരണ്ട നീലവെളിച്ചത്തിലതിലൊരു ബാർ …. ചുറ്റിനും തേവുവള്ളക്കാർ…. കടൽ നിറയ്ക്കുന്നു ഉപ്പു ചേരും നിറമുള്ള ചഷകങ്ങൾ….

ഓർമ്മയിലൊരു നിറമില്ലാത്ത വോഡ്ക
നീ നീട്ടുമ്പോൾ … ഒരു പുകയ്ക്കു നിർബന്ധിക്കുമ്പോൾ …. ഓർക്കുക നിന്നെ നിറയ്ക്കുവാൻ ഇതിലും വലിയ സമ്മതമെനിക്കറിയില്ലല്ലോ …..

എങ്കിലും അനാഥമായൊരു മഹാസമുദ്രത്തിൽ നീയിങ്ങനെ കറുപ്പും ചുവപ്പുമായ്
വന്ന്; രാത്രികവിതകൾ ചമയ്ക്കുമ്പോൾ സുഖദനർത്തനം ചെയ്ത മുഖത്തിരുത്തലുകൾ മറന്ന്; ഒഴുകിപ്പരന്നൊരു കാട്ടുതേൻമധുരത്തിൽ ,
കാണാതെ പോയൊരു വെളുത്ത തൂവാലയിൽ സൂര്യബിംബം പോലൊരു ചുവന്ന പൊട്ടിന്നടയാളങ്ങൾ തേടി ,
കാലങ്ങൾ നീറി നീറി നിന്റെയോർമ്മയിൽ ….

ടെലിപ്പതിയെന്നൊന്നുണ്ടെങ്കിൽ
ഇക്ഷണം, ഞാനുമെന്റെ വിരഹവും വേദനയും നിന്റെ നെഞ്ചിൻ താളമിടിപ്പുകൾ തീർത്തു
മയങ്ങുന്നുണ്ടാകും!

പ്രണയസാഫല്യങ്ങൾ ,അടുപ്പമിടിപ്പുകൾ, അകൽച്ചക്കാഴ്ചകൾ .വെറുപ്പിന്റെ തീനാമ്പുകൾക്കുള്ളിൽ കൊരുക്കും ഹൃദയ പ്രവാഹങ്ങൾ . ….. എല്ലാം…. എല്ലാം … ഇന്നും നിനക്കു മാത്രം പ്രിയനേ …..

You can share this post!