മാറ്റിവെയ്ക്കപ്പെട്ട ചിലയിഷ്ടങ്ങൾ
ഭ്രാന്തിൻ്റെ അറ്റങ്ങളിൽ പൂക്കുമ്പോൾ
സ്വയം കുരുക്കാനെടുത്ത
ചങ്ങലക്കുരുക്കിൻ കിലുക്കങ്ങൾ
നിന്നിലവസാനിക്കുന്നുവോ ?
ഉന്മാദത്തിൻ രാവുകളിൽ
ചിന്തകളുറഞ്ഞ് മുടിയഴിച്ച്
നിലാവിൻ കൈ പിടിച്ചുലാത്തുമ്പോൾ
സ്വയം തളയ്ക്കാനെടുത്ത
ആണികളുടെ മൂർച്ചകൾ
നിന്നിലവസാനിക്കുന്നുവോ ?
അനുവാദത്തിനു മുതിരാതെ
ഓർമ്മകളിൽ കുളിച്ചു കയറുമ്പോൾ
മനസ്സിൽ വിടർന്ന നീർപ്പൂവിൻ
സുഗന്ധങ്ങൾ
നിന്നിലവസാനിക്കുന്നുവോ ?
ഒരു വാക്കിൽ ഒരു നോക്കിൽ
ആയിരം സൗരവീചികൾ
ഒന്നിച്ചുണരുമ്പോൾ
ഭൗമ മണ്ഡലങ്ങളിലെ താരപ്രഭകൾ
നിന്നിലവസാനിക്കുന്നുവോ?
മാറ്റിവെയ്ക്കപ്പെട്ട ചിലയിഷ്ടങ്ങൾ
ഭ്രാന്തിൻ്റെയറ്റങ്ങളിൽ മുറുകുമ്പോൾ
ചിന്താശകലങ്ങളിലെ കൈയ്യൊപ്പുകളും
നിന്നിലവസാനിക്കുന്നുവോ?
എന്നിലറിയാത്തൊരവസാനമായി
പിന്നിൽ പതിഞ്ഞ സ്വപ്നമായി
വഴികളിലും വസന്തങ്ങളിലും
അനന്തമായടയാളപ്പെടാൻ
ഒരു വാക്കിനെ ഞാൻ
നിന്നിലേയ്ക്കെറിയട്ടെ…?
M K ONAPPATHIPP