ഒരിക്കലും മറക്കാത്ത ചില അമുല്യ്സ്മരണകൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും. അപൂർവ്വത്തിൽ അപൂർവമായി ഉണ്ടാകുന്ന ചില അനശ്വരനിമിഷങ്ങൾ.. അതു നാം നമ്മുടെ ജീവിതത്തിന്റെ പുസ്തക താളുകൾക്കിടയിൽ ഒരു മയിൽ പീലി പോലെ വെയിലും കാറ്റും മഴയും കൊള്ളാതെ സൂക്ഷിച്ചു വയ്ക്കുകയും ഇടയ്ക്കിടക്ക് എടുത്ത് ഓമനിക്കുകയും ചെയ്യും.
ഡൽഹിയിലെ മുപ്പതു വർഷത്തെ ജീവിതം.. എത്ര എത്ര അനുഭവങ്ങൾ.. എത്ര എത്ര സൗഹൃദങ്ങൾ.. പിടിഐയിൽ ശശികുമാറിനോടും സഖറിയയോടുമൊപ്പമുള്ള ഔദ്യോഗികജീവിതം.. മണ്ടിഹൗസിലെ കലാസാംസ്കാരിക മേളകൾ, നാടകമാമാങ്കങ്ങൾ..കേരള ക്ലബിൽ ഇടമറുകിന്റെ നേതൃത്വത്തിൽ നടന്നുവന്ന വാരാന്ത്യചർച്ചകൾ.. എല്ലാം ഒരു തിരശ്ശീലയിലെന്നപോലെ മനസിലൂടെ പലപ്പോഴും കടന്നു വരും. അക്കൂട്ടത്തിൽ ഒരനുഭവം ഇവിടെ കുറിക്കട്ടെ…
ഒരു വെള്ളിയാഴ്ച വൈകുന്നേരം ഇടമറുകിന്റെ വിളി വന്നു.
രാജശേഖര, ഇന്നത്തെ ചർച്ചയിൽ വിജയൻ വരുന്നുണ്ട്, മിസ്സ് ആക്കരുത്,
വരുമോ?? ഞാൻ സംശയത്തോടെ ചോദിച്ചു..അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾ..??
ഇല്ല.. ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.. വരും..വീണ്ടും
ഇതിഹാസവും ധർമ്മ പുരാണവും ഗുരുസാഗരവും ഒക്കെ ചർച്ചയിൽ വരും . വരാതിരിക്കരുത്..
‘ഇല്ല സർ ഞാൻ അവിടെ ഉണ്ടാകും.’ , കൃത്യം ആറു മണിക്ക് ഞാൻ ക്ലബിന്റെ മുന്നിൽ എത്തി. താഴെ പലരും നിൽപുണ്ട്. പ്രമുഖരും പ്രഗത്ഭരുമായ പല പ്രതിഭകളും സഖാക്കളും അക്കൂട്ടത്തിൽ ഉണ്ട്. വിജയൻ വരുമെന്നും വരില്ല എന്നുമുള്ള തരത്തിൽ പക്ഷം തിരിഞ്ഞുള്ള സംസാരവും അദ്ദേഹം എത്തിയാൽ എങ്ങനെ ആ ഇടുങ്ങിയ കോവേണി കയറ്റി മുകളിൽ എത്തിയ്ക്കും എന്ന ചർച്ചയും അവിടെ നടക്കുന്നു..
അൽപസമയം കഴിഞ്ഞപ്പോൾ ഒരു വെള്ളകാർ വന്നു നിന്നു. ഡ്രൈവർ വന്നു പിന്നിലെ ഡോർ തുറന്നു. ഖസാക്കിന്റെ മഹാഇതിഹാസകാരനായ സാക്ഷാൽ ഒ വി വിജയൻ.. രോഗം കാർന്നു തിന്ന് അസ്ഥികൾ മാത്രമായി കരിഞ്ഞുണങ്ങിയ ഒരു മനുഷ്യരൂപം.. കുഴിഞ്ഞു താണ കണ്ണുകൾക്കു താഴെയായി ആ ഊശാൻ താടി, ആ എല്ലിൻകൂടിനു മുകളിൽ വെള്ള ജുബ്ബയും മുണ്ടും അയഞ്ഞു തൂങ്ങി കിടന്നു.. കാറിന്റെ ഡോർ തുറന്നു തന്നെ കിടന്നു.. ആളുകൾ കാറിനു ചുറ്റും കൂടി അടക്കം പറഞ്ഞു നിന്നതല്ലാതെ, പരസഹായമില്ലാതെ അനങ്ങാൻ പോലും കഴിയാത്ത ആ മാന്യദേഹത്തെ കൈ പിടിച്ച് ഒന്നിറക്കാൻ പോലും ആരും മുന്നോട്ടു വന്നു കണ്ടില്ല.. അതിന്റെ കാരണം ഇന്നും എനിക്ക് ശരിക്കും മനസിലായിട്ടില്ല.. അത്ര വലിയ ഒരു മഹാവ്യാധി ആയിരുന്നുവോ അദ്ദേഹത്തിന്, പലപ്പോഴും ഞാൻ ആ ചോദ്യം എന്നോടു തന്നെ ചോദിച്ചിട്ടുണ്ട്. എനിക്കു പിന്നിടു രണ്ടാമത് ഒന്നു ചിന്തിക്കേണ്ടി വന്നില്ല. ഞാൻ മെല്ലെ കാറിനടൂത്തേക്കു നീങ്ങി. ഒരു കുഞ്ഞിനെയെന്ന പോലെ അദ്ദേഹത്തെ ഇരുകൈകൾ കൊണ്ടും കോരിയെടുത്ത് നെഞ്ചോടടുക്കിപ്പിടിച്ച് ഞാൻ ക്ലബിന്റെ പടികൾ കയറാൻ തുടങ്ങി.. ഒരു നിർവികാരഭാവത്തിൽ ശോഭയറ്റ കണ്ണുകളാൽ എന്റെ മുഖത്തു തന്നെ നോക്കി ഒരു പക്ഷികുഞ്ഞിനെപോലെ അദ്ദേഹം എന്റെ നെഞ്ചോടു ഒട്ടികിടന്നു. ഞാൻ പടികൾ കയറികൊണ്ടേയിരുന്നു… എന്റെ ഇടംനെഞ്ചിൽ മൃദുവായ ഒരു ഹൃദയതാളം ഞാൻ അറിയുന്നുണ്ടായിരുന്നു.. വളരെ നനുത്ത ഒരു ഹൃദയസ്വനം….. അത് ഒരനുഭൂതിയായി എന്നെ വലയം ചെയ്തു.. അതിൽ ലയിച്ചു ഞാൻ മുകളിലെത്തി..വിശിഷ്ട അതിഥിയെ ഇരിപ്പിടത്തിൽ ഇരുത്തി..കരഘോഷങ്ങൾ ഉയർന്നു.. അതിനിടയിലൂടെ കോണിപ്പടികളിറങ്ങി ഞാൻ താഴെയെത്തി..നേരെ ശിവാജി സ്റ്റേഡിയത്തിലേക്ക് നടന്നു.. ആദ്യം കിട്ടിയ വണ്ടിയിൽ കയറി വീട്ടിലേക്കു തിരിച്ചു.. എന്റെ വലതു കൈപ്പടം ഇടംനെഞ്ചിൽ ഹൃദയത്തിന് മുകളിൽ അമങ്ങിയിരുന്നു.. അതിനുള്ളിൽ ഇരുന്ന് ഒരു പക്ഷികുഞ്ഞു കുറുകുന്നുണ്ടായിരുന്നു..ഞാൻ ഒരനുഭൂതിയിലായിരുന്നു.. അസുലഭമായ ഒരനുഭൂതിയിൽ…yes in a bliss…great bliss..
home page