ഓർമ്മശക്തി വർദ്ധിപ്പിക്കാനുള്ള പത്ത് സൂത്രങ്ങൾ എന്ന ടൈറ്റിലിനു താഴെ അക്കമിട്ടെഴുതിയ പത്ത് കാര്യങ്ങൾ നീണ്ടു പരന്നു കിടക്കുന്നു. ഓരോ അക്കത്തിനു താഴെയും നൂറുകണക്കിനു നിർദ്ദേശങ്ങളാണ് ഉള്ളത്. പെൻഷനേഴ്സ് ഗ്രൂപ്പിൽ മാധവൻ മാഷ് ഇട്ട ലിങ്കാണ്..
” നട്ടുകളും ബോൾട്ടുകളും തേഞ്ഞുപോവാതിരിക്കാൻ ഇടക്കിത്തിരി എണ്ണയിട്ടു കൊടുക്കാൻ ശ്രദ്ധിക്കൂ എല്ലാവരും “
എന്ന അടിക്കുറിപ്പു കണ്ടിട്ടാണ് ഓപ്പൺ ചെയ്തത്. പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടേയിരിക്കുക . അതാണ് ഒന്നാമത്തെ തലക്കെട്ട്. ഡിക്ഷണറിയിലെ പുതിയ വാക്കുകൾ പഠിക്കുന്നതിനെ പറ്റിയാണ് ആദ്യ പാരഗ്രാഫ് .സ്ക്രോൾ ചെയ്തു താഴേക്കു പോകണം. മാഞ്ഞു പോകുന്ന പഴയ വാക്കുകളെ എങ്ങനെ തിരിച്ചുപിടിക്കാം എന്ന ഭാഗമാണ് കാണേണ്ടത്..
നിർദ്ദേശങ്ങളുടെ എണ്ണം ചുരുക്കി കാര്യമാത്ര പ്രസക്തമാക്കി ഇട്ടു കൂടെ എന്ന കമൻ്റ് റിവ്യൂ വിൽ നൽകണമെന്ന് കരുതിയിരുന്നു. പിന്നീടത് മറന്നു പോയി. ഇനിയത് ചെയ്തിട്ടു തന്നെ ബാക്കി കാര്യം. ശേഖരൻ മാഷ് കണ്ണടയൂരി ഒന്നു കൂടി തുടച്ച് മൂക്കിൽ വെച്ചു. റിവ്യൂ ബോക്സിൽ വിരലമർത്തി. ആദ്യത്തെ കള്ളിയിൽ ഇ മെയിൽ ഐഡിയുടെ ചോദ്യം വന്നു. കീപാഡിൽ വിരലുകൾ പരുങ്ങി നിൽക്കുന്നു. മൂന്ന് സന്ദർഭങ്ങളിലായി ഉണ്ടാക്കിയ മൂന്ന് ഐ ഡി കളുണ്ട്. തമ്മിൽ സാമ്യം തോന്നാത്ത മൂന്ന് പാസ്വേഡുകളും. ആവശ്യമുള്ളപ്പോൾ എല്ലാം വിരലിൻ തുമ്പത്തെത്താറുണ്ട്. പക്ഷെ ഈയിടെയായി ചില അക്കങ്ങൾ, പേരുകൾ ,മുഖങ്ങൾ തുടങ്ങിയവ പിടി തരാതെ മറഞ്ഞുകളിക്കുകയാണ്. എല്ലാം എഴുതി വെച്ചിട്ടുണ്ട്.. മാഷ് മേശ വലിപ്പു തുറന്ന് ഡയറി തപ്പാൻ തുടങ്ങി.
“ഏട്ടാ… ഒന്നു വരൂ … ഒന്നു വരൂട്ടോ ‘,
ഇന്ദിരയുടെ നനുത്ത ശബ്ദം.
.” ഏട്ടാ,.വരൂ ..”
മാഷ് എഴുന്നേറ്റ് അകത്തെ മുറിയുടെ വാതിൽക്കലെത്തിയതും വിളികളുടെ തനിയാവർത്തനങ്ങൾ ഉയരാൻ തുടങ്ങിയിരുന്നു.
“ഏട്ടാ, ഏട്ടാ. ഒന്നു വരൂ.”
ഇന്ദിര കട്ടിലിൽ എഴുന്നേറ്റിരിപ്പാണ് . കയ്യിലെന്തോ മുറുകെ പിടിച്ചിട്ടുണ്ട്. മുഖം വലിഞ്ഞു മുറുകിയിരിക്കുന്നു.
“എന്താ, ഇന്ദൂട്ടിക്കു വേണ്ടത് ? ഇതെന്താ കയ്യില് ഒരൂട്ടം ണ്ടല്ലോ.”
ഇന്ദിരയുടെ മുഖം തെളിഞ്ഞില്ല.
“ഏട്ടാ, ഇത് ൻ്റെ കമ്മലും താലീം ആണ്. സൂക്ഷിച്ച് വെച്ചോളൂട്ടോ. ആള്ക്കാര് പെരടെ ചുറ്റും നടക്കുണുണ്ട്. കണ്ടോ തുറിച്ച് നോക്കണ്. ആദ്യം മതിലിലേർന്നു. ഇപ്പ ദാ “
മാഷ് ഭാര്യയെ ചേർത്തു പിടിച്ചു. ജനലിലൂടെ നോക്കി. അവൾ നട്ടുനനച്ചു വളർത്തിയ രാജമല്ലിപ്പൂക്കൾ അഴികൾക്കപ്പുറം മുഖമുയർത്തുന്നു. മുഖത്തേക്കു വീണു കിടക്കുന്ന മുടിയൊതുക്കി വെച്ച് അരുമയോടെ ആ
നെറ്റിയിൽ ചുംബിച്ചു. അവൾ മുഖം തിരിച്ചു. ചുമലിൽ ചാഞ്ഞിരിക്കുന്ന അവളുടെ മുതുകിൽ തലോടി ഇരുന്നു. കൈ കുത്തിയപ്പോൾ വിരലിൽ ബെഡിലെ നനവു വന്നു തൊട്ടു .
” ശാന്തേ, വന്നോളൂ.. ടീച്ചറ് പറ്റിച്ചൂ തോന്നുണു. വിരീം ഡ്രസ്സും മാറ്റിക്കോളൂ.. “
വാതിൽക്കൽ ചിരിയോടെ പ്രത്യക്ഷപ്പെട്ട മുഖം പറഞ്ഞു.
” ൻ്റെ മാഷെ, ഞാന് ജമീലല്ലെ .. ഇങ്ങള് ൻ്റെ പേര് മാറ്റല്ലീ .. “
അബദ്ധം പറ്റിയ പുഞ്ചിരിയോടെ മാഷ് എഴുന്നേറ്റു.
“എന്താന്നറിയില്ല മോളെ.. നാവ് പെഴക്കുണൂ. പേരെന്തായാലും ഒക്കേം ഞങ്ങടെ മക്കളെന്നല്ലേ.”‘
ജമീല കൈ നെഞ്ചിൽ ചേർത്തു.
” പടച്ചോനേ ,ഒന്നിൻ്റെ ഉള്ളിലെങ്കിലും വെട്ടം കെടാതെ നോക്കണേ.”
” ഏട്ടാ. കുട്ടി ഒറങ്ങ്യോ നോക്കൂ. ഇങ്ങട് തരൂ എണ്ണ തേപ്പിക്കട്ടെ ഞാന്..”
പിറകിൽ താരാട്ടിൻ്റെ നനുത്ത ഈണം.. സ്ഥലകാലങ്ങളും സമയവും ഒളിച്ചു കളിക്കുന്ന ഇടനാഴിയിലെ തണുപ്പിലൂടെ മാഷ് നടന്നു. മുന്നിലെ വൃത്തങ്ങൾ ചെറുതായി വരുന്നു. മാഷ് വിരലുയർത്തി അന്തരീക്ഷത്തിൽ ഒരു വട്ടം വരച്ചു. കേന്ദ്രം എന്താക്കണമെന്ന ചിന്തയിൽ ഒരു നിമിഷം നിന്നു. കേന്ദ്രവും വൃത്തവും ഒന്നാക്കുന്ന തിയറികളാണ് അടുത്ത തവണ ഗൂഗിളിൽ തെരയേണ്ടത് എന്നുറപ്പിച്ചു. മറന്നു പോകാതിരിക്കണമെങ്കിൽ ഡയറിയിൽ കുറിച്ചു വെക്കണം. മാഷ് വീണ്ടും ഡയറി തപ്പാൻ തുടങ്ങി.
മേശയുടെ മുകളിൽ വെച്ചിട്ടുള്ള ഗുളികപ്പാത്രം മുന്നിലേക്കുരുണ്ടു വന്നു. വെളുപ്പിൻ്റെ കുഞ്ഞുവട്ടങ്ങൾ മാഷെ നോക്കിച്ചിരിച്ചു.
കുപ്പി കയ്യിലെടുത്ത് സ്നേഹപൂർവ്വം തലോടി മാഷ് മന്ത്രിച്ചു.
” ആയില്ല .. കുറച്ചു സമയം കൂടി. കേന്ദ്രത്തിലേക്ക് വൃത്തം എത്താൻ കുറച്ചു സമയം കൂടി ഉണ്ട്. “