തൊടിയിൽ നിൽക്കുന്നുണ്ടൊരാഞ്ഞിലിമരമതിൽ
നിറയെ വിളഞ്ഞുള്ള പഴങ്ങൾ കിടക്കുന്നു
എന്തൊരു തലയെടുപ്പാണിന്നാ മരത്തിന്
എന്തൊരു ചന്തം ജന്മ സാഫല്യം കൈവന്നപോൽ
ഉൾക്കനം കൂടുമ്പോളങ്ങാകാശം മുട്ടും ചിലർ
ആഞ്ഞിലിപ്പഴം തൂങ്ങും കൊമ്പെന്നാൽ താഴേയ്ക്കല്ലോ
ആരെയും കൊതിപ്പിക്കും പഴങ്ങളണ്ണാൻ വന്നു
തിന്നുന്നു വായിൽ കപ്പലോടിക്കാൻ പരുവമായ്
മുന്തിരി പുളിക്കുമെന്നുള്ളൊരു വചനമെൻ
നിസ്സഹായതയ്ക്കൊരു മറയായ് കുടചൂടി
സ്കൂളിലും കോളേജിലും പഠിച്ച വിദ്യയൊന്നും
മരത്തിൽ കേറാനായിട്ടു തകുന്നില്ലാ സത്യം
ചെറുപ്പകാലത്തച്ഛൻ പറിച്ച പഴങ്ങൾ തൻ
രുചിയല്ലാതിന്നൊന്നും നാവിലില്ലല്ലോ നൂനം
അന്നച്ഛൻ മരത്തിന്റെ കൊമ്പിന്മേൽ കേറ്റിവച്ച
തത്രയും കൊണ്ടു ഞാനും തൃപ്തനായ് തീർന്നുപോയി
മക്കൾ തന്നിഛയ്ക്കൊത്തു വളർന്നെൻ മനോഗതം
വായിച്ച ഭാര്യ നീളൻ തോട്ടിയുമായിട്ടെത്തി
പണ്ടച്ഛൻ പറിച്ചിട്ട പഴങ്ങൾ പൊട്ടാതെല്ലാം കൊട്ടയിൽ പിടിച്ചതും ബുദ്ധിയിലുദിച്ചപ്പോൾ
ആനിക്കാക്കുരുവറുത്തി ന്നൊന്നു കഴിക്കണം
മക്കളും തിന്നിട്ടില്ല ഭാര്യയ്ക്കും ലഹരിയായ്
പിന്നൊട്ടും താമസിച്ചില്ലാഞ്ഞിലിപ്പഴം തൊണ്ടു
പൊളിച്ചു തിന്നും കൊണ്ടാ ബാല്യകാലത്തേയ്ക്കോടി