ആനവാൽ/കണ്ണനാർ

അരുതു കുഞ്ഞേ അരുത് !
വീരനാകുവാൻ ശൂരനാകുവാൻ
എന്റെ പേടിവാൽ കെട്ടിയ മോതിരമണിയരുത് നീ!

കുഞ്ഞേ കുരുന്നേ നോക്കുക ,
കാടു പൂക്കാത്തൊരെൻ കണ്ണൂകൾ
കാട്ടാറൊഴുകാത്തൊരെൻ കാതുകൾ
ചങ്ങലവീണു തഴമ്പിച്ച
ഉടലിൽ തുടിക്കുമുയിരും വരണ്ടു കരിഞ്ഞിതല്ലോ?
പക്ഷികൾതൻ നാവനക്കമില്ല
കാറ്റിന്റെ ചിറകിളക്കമില്ല
പൊട്ടിയൊലിക്കുന്നതെൻ
കാമനകളെന്നാരുമറിയുന്നതേയില്ല

ചരിഞ്ഞപോൽ നിശ്ചലൻ നിശ്ശബ്ദൻ !

തുണയാമിണയും
ഇണയാട്ടവും
നിഴലും നിലാവും നിർഝരിയുമില്ലാത്ത
കളഭകൂബേരൻ.

വടി പറയുമ്പോലെ………
തോട്ടി പറയുമ്പോലെ…..
അനങ്ങണം, നടക്കണം, ,
നിൽക്കണം, കൂനിയണം തുമ്പിയൊതുക്കി പിടിക്കണം ;

ഉണരാനുണ്ടുറങ്ങാനുണ്ടു
കൂളിക്കാനുണ്ടു നേരം; തീറ്റയ്ക്കും.

പാപ്പാനെന്നധികാരിക്കു പേര്!

ഇരയിമ്മന്റെ
തുടിക്കും മിടിപ്പേ
നീയും പേടിയുടെ അടിമച്ചിഹ്നമാകരുത്

കണ്ണനാർ

You can share this post!