അഹല്യ / മധു പത്മാലയം
പുരുവംശജാതൻ
പഞ്ചാശ്വരാജൻ്റെ
പുത്രിയായ്പ്പാരിൽ
പിറന്നവൾ ഞാൻ
കൊട്ടാരമേതോ
കളിപ്പന്തലിലാടും
തൊട്ടിലായ്ക്കണ്ടു
വളർന്നവൾ ഞാൻ
ക്ഷത്രിയരാജകുമാ-
രിയാമെന്നിലെ
ക്ഷത്രവീര്യത്തിനെ
ചിത്രകൂടങ്ങൾതൻ
കാമാഗ്നിയാളിപ്പട –
ർത്തും ഹവിസ്സായി
ദാനമായർപ്പിത –
യായവൾ ഞാൻ
ഭിക്ഷയാചിച്ചന്നു
വന്ന മഹാമുനി
ഭിക്ഷയായ്ച്ചോദിച്ചു
വാങ്ങിയെന്നെ.
താപസ ശ്രേഷ്ഠനാം
ഗൗതമദേവൻ്റെ
താപവും കാമവും
ഏറ്റുവാങ്ങാൻ
എന്നെയാപ്പാദത്തി –
ലർപ്പിച്ചു, ജീവിതം
ധന്യതയാർന്ന
പിതാവ്, പക്ഷെ
ഓർത്തുകാണില്ലേതു
സ്ത്രീയുടെജന്മവും
സാർത്ഥകമാകുവാൻ
താപസൻ്റെ
ജീവിതമെന്തെന്നറി-
യാത്ത ശ്രേഷ്ടത-
ക്കാവില്ലയെന്ന
പരമസത്യം.
കൊട്ടാരവുംതോഴിമാ-
രെയും വിട്ടുഞാൻ
കാട്ടിലേയാശ്രമ –
വാടിതന്നിൽ
കാട്ടുപൂവായൊരു കാ-
മാർത്തനാം വണ്ടിൻ
കാമപരാഗണം
സ്വീകരിച്ച്
കാലം കഴിക്കവേ
കണ്ടുഞാനെന്നിലെ
ലോലവികാരം
മെനഞ്ഞ രൂപം.
ഇന്ദ്രനെന്നോ, വെറും
മർത്യനെന്നോനി –
ങ്ങൾക്കിന്ദ്രിയമോതി-
ത്തരുന്ന പോലെ
എന്തുംവിളിക്കാമെന്നു-
ള്ളിലെപ്പെണ്ണിൻ്റെ
ചന്തം കവർന്നൊരാ –
പൗരഷത്തെ.

പൂങ്കോഴി കൂവിയാൽ
നേരംപുലർന്നെന്ന
സങ്കൾപ്പമോടെ
മിഴി തുറന്ന്
രാത്രിയിൽ യാന്ത്രിക-
മായിണചേർന്നതൻ
ഗാത്രം ജലത്താൽ
വിശുദ്ധമാക്കാൻ
ആറിൻ്റെയാഴത്തി –
ലൂളിയിട്ടീടവേ
ആറുണർന്നീലെ –
ന്നറിഞ്ഞ നേരം
ആശ്രമത്തിൽ തിരി –
ച്ചെത്തിയതാപസൻ
സംശയിച്ചത്രേയെൻ
പാതിവ്രത്യം.
പൂങ്കോഴിയായിക്കര –
ഞ്ഞെതെൻജാരൻ്റെ
പങ്കിലമായ
വികാരമത്രെ.
ശ്രേഷ്ടനാം മാമുനി
തന്നുടെ ദിവ്യമാം
ദൃഷ്ടിയിലാരംഗം
കണ്ടുവത്രെ.
ശാപാസ്ത്രനാംമുനി-
യുഗ്രകോപത്തോടെ
ശാപോദകം തളി-
ച്ചെൻ്റെ ജന്മം
കല്ലായിമാറാൻ ശപി –
ച്ചുവെന്നും, പിന്നെ
കല്യാണരൂപൻ
ശ്രീരാമചന്ദ്രൻ
ത്രേതായുഗത്തിൽവരു-
മന്നുഞാൻ വീണ്ടും
ചേതോഹരാംഗി –
യായ് മാറുമെന്നും…
എന്നൊക്കെയെന്തൊ-
ക്കെയെത്രയോ
പാട്ടുകൾ
എന്നെക്കുറിച്ചു
കവികൾ പാടി..

കല്ലായിമാറാൻ മന-
സ്സില്ല, ഞാൻ സ്വയം
കല്ലാക്കിമാറ്റിയെ-
ന്നന്തരംഗം.
ആ ശിലതൊട്ടുതലോ-
ടിയുണർത്തുവാൻ
ആശ്വസിപ്പിക്കു-
വാനാണൊരുത്തൻ
എത്തുന്നനാൾവരെ-
ക്കല്ലായിരിക്കുമെൻ
ചിത്തവും ഞാനു-
മെൻമോഹങ്ങളും

You can share this post!